'ചുരുളി' എന്നിലുണ്ടാക്കിയ ചുരുളിച്ചുരുള്‍ ബോധങ്ങള്‍- ഡോ. പി കെ ശശിധരന്‍

ചുരുളി സിനിമ കണ്ടു, ഗംഭീരം, ആധുനിക ലോകത്തിൽ പ്രത്യേകിച്ച് നമ്മുടെ രാജ്യത്ത് നടക്കുന്ന തെറ്റായ പല പ്രവണതകളിലേക്കും സിനിമ വിരൽ ചൂണ്ടുന്നതായി എനിക്കനുഭവപ്പെട്ടു. നാം ഓരോരുത്തരും ഓരോ ചുരുളിയിൽ അകപ്പെട്ടുകഴിഞ്ഞു, അതിനപ്പുറത്തെ കാര്യവും ലോകവും ആരും മനസ്സിലാക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല. ഓരോ ചുരുളിയിലും ഓരോ നീതിശാസ്ത്രമാണ്. അവിടത്തെ നീതി എന്തോ അത് അവിടെ നടപ്പാക്കുന്നു, പുറംലോകം അതിനെ എങ്ങനെ നോക്കിക്കാകാണും, അവർ എന്ത് ചിന്തിക്കും എന്നതിനെ സംബന്ധിച്ചൊന്നും യാതൊരു വിചാരവും ആരും വെച്ചുപുലർത്തുന്നതായി തോന്നുന്നില്ല. 

ആരോഗ്യമേഖലയിലെ ചുരുളികള്‍

എണ്ണമറ്റ ചുരുളികളാണ് ആരോഗ്യമേഖലയിലുള്ളത്. പരമ്പരാഗത ചികിത്സാ രീതികളില്‍ നിന്നാണ് ആധുനിക വൈദ്യശാസ്ത്രം (മോഡേൺ മെഡിസിൻ) ഉരുത്തിരിഞ്ഞുവന്നത്. കൈകൊള്ളേണ്ടതിനെ കൈകൊണ്ടും തള്ളേണ്ടതിനെ തള്ളിയും വിവിധ സരണികളെ    ഏകോപിപ്പിച്ചുകൊണ്ടുമാണ് അത് വികാസം പ്രാപിച്ചത്. എന്നാൽ ഈ അടിസ്ഥാന വസ്തുത  വേണ്ടരീതിയില്‍ ഉള്‍ക്കൊള്ളാതെ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളെയും ആധുനിക വൈദ്യശാസ്ത്രത്തെയും സമാന്തരമായി വളരാന്‍ വിടുകയാണ് ഇന്ത്യ ചെയ്തത്. ഇക്കാര്യത്തില്‍ സമഗ്രമായ ഒരു നയം രൂപീകരിക്കാന്‍ പോലും ശ്രമമുണ്ടായില്ല എന്നത് ഖേദകരമാണ്. നമ്മുടെ തനത് ചികിത്സാ രീതിയായ ആയുർവ്വേദം മാത്രമായിരുന്നുവെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള പരിഹാരം എളുപ്പമായിരുന്നു. എന്നാല്‍ ഗര്‍ഭഗൃഹമായ സാമുവല്‍ ഹനിമാന്‍റെ നാട്ടിലടക്കം ഉപേക്ഷിക്കപ്പെട്ട ഹോമിയോപ്പതിക്കുപോലും ഇവിടെ യൂണിവേഴ്സിറ്റികളും അനുബന്ധ സംവിധാനങ്ങളും യഥേഷ്ടം പ്രവര്‍ത്തിക്കുകയാണ്. അരങ്ങത്ത് സകലരും തമ്മിലുള്ള കശപിശയും അടിപിടിയും മാത്രം. അതിനിടയില്‍ അനാഥമാകുന്നത് സാമൂഹികാരോഗ്യമാണ്.

പാശ്ചാത്യ രാജ്യങ്ങധികവും ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങൾ (social determinants of Health) ഒരുക്കിയിട്ടുള്ളതിനാല്‍ രോഗാതുരത നമ്മേക്കാൾ കുറവാണ്. അതുകൊണ്ടുതന്നെ കുറേക്കാലത്തെക്കെങ്കിലും അവിടങ്ങളിൽ ചികിത്സാ സംവിധാനങ്ങൾക്കു നിലനിൽക്കാനാവും. എന്നാല്‍ അവിടെയും ഉപഭോഗ സംസ്കാരത്തിന്റെയും സ്വാർത്ഥതയുടെയും ഫലമായി രോഗാതുരത വർധിക്കുക തന്നെയാണ്.

നാം രോഗങ്ങളെ കൃഷി ചെയ്യുകയാണ് 

നമ്മുടെ രാജ്യത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. സാമൂഹികാരോഗ്യം അല്ലെങ്കിൽ പൊതുജനാരോഗ്യം  അപ്പാടെ അവഗണിച്ചുകൊണ്ട് രോഗങ്ങളെ കൃഷി ചെയ്യുന്ന, രോഗങ്ങളുടെ ലോക തലസ്ഥാനമായി ഇന്ത്യ മാറിക്കഴിഞ്ഞു!. ഏതു രോഗമെടുത്താലും നാം ഒന്നാം സ്ഥാനത്താണ്. ജനോപകാരപ്രദമാകേണ്ടിയിരുന്ന മോഡേൺ മെഡിസിൻ ഇവിടെ തീർത്തും തെറ്റായ ദിശയിലാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അവിടെ ചുരുളികളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഓരോ അവയവത്തിന്റെ പേരിലും ഓരോ ചുരുളികളാണ് ഇപ്പോൾ, ഹൃദ്രോഗ വിദഗ്‌ദരുടെ, കണ്ണിന്റെ, എല്ലിന്റെ, പല്ലിന്റെ, മൂക്കിന്റെ, തൊണ്ടയുടെ, തലയുടെ, ഞരമ്പിന്റെ, വയറിന്റെ, കിഡ്നിയുടെ, ശ്വാസകോശത്തിന്റെ, അങ്ങനെയങ്ങനെ ചുരുളികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.

സ്പെഷ്യാലിറ്റിയ്ക്കകത്ത് വീണ്ടും സ്പെഷ്യാലിറ്റി ചുരുളികൾ

ഓരോ അവയവത്തിനും ഒരു ചുരുളി എന്ന നിലയില്‍ നിന്നും ഒന്നിലധികം ചുരുളികള്‍ എന്ന നിലയിലേക്ക് മാറുകയാണ്. കണ്ണിന്റെയുള്ളിൽ തന്നെ പലതരം ചുരുളികൾ പുതുതലമുറ ഡോക്ടർമാർ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. കുടുംബ ഡോക്ടർമാർ ഇല്ലാതായി എന്ന് മാത്രമല്ല അത് എന്താണെന്നു പോലും ആർക്കും അറിയാതായി. ഇതിനിടയിൽ പലതരം വ്യാജ ചികിത്സാകരുണ്ടാക്കുന്ന ചുരുളികള്‍ വേറെയുമുണ്ട്. ഒന്നിന് പിറകെയൊന്ന് എന്ന നിലയില്‍ കുരുക്കഴിയ്ക്കാനാവാത്ത ചുരുളികൾ പൊന്തി വന്നുകൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ ജാതിമത ചുരുളികൾ

ആരോഗ്യം വിട്ട് രാഷ്ട്രീയത്തിലേക്ക് വന്നാല്‍ അവിടെ ചുരുളിച്ചുഴികളാണ്. എത്ര വിധം  പാര്‍ട്ടികളാണ്‌.! മതത്തിന്റെ പേരിൽ ഒന്ന്, അതിനുള്ളിൽ ജാതിയുടെ പേരിൽ വേറൊന്ന്, പലതരം നിഗൂഢ താല്പര്യങ്ങൾ സംരക്ഷിക്കാന്‍ പലതരം ചുരുളികൾ ഓരോ വിഭാഗത്തിന്റെയും ഉള്ളിൽ തന്നെ രൂപപ്പെടുത്തിയെടുക്കുകയാണ്. മൃഗജന്മത്തേക്കാൾ മോശമായ മനുഷ്യജന്മങ്ങൾ എന്ന് വിശേഷിപ്പിക്കേണ്ടിവരും. ഒരാൾ കൊല്ലപ്പെട്ടാൽ കൊന്നവർ അനിവാര്യമായും ക്രിമിനലുകളാണെന്നും, അവരുടെ പൂർവ്വബന്ധങ്ങൾ ഒട്ടും നോക്കാൻ പാടില്ലെന്നും  ഇവിടെ ആരും ചിന്തിക്കുന്നില്ല. ഇതിൽ  ഓരോ ചുരുളിയും, കയറിക്കൂടിയവര്‍ക്കാര്‍ക്കും രക്ഷപെടാന്‍ കഴിയാത്ത വലിയ ചുരുളികളായി രൂപാന്തരം പ്രാപിക്കുമ്പോൾ, ഭരണകൂടവും ജനങ്ങളും ഒന്നും ചെയ്യാനാവാതെ നോക്കി നില്കുന്നു! 

എവിടെയാണ് പരിഹാരം? 

വളർന്നു വരുന്ന ഓരോ കുഞ്ഞിനേയും, കൗമാരപ്രായക്കാരെയും, മനുഷ്യത്വമുള്ള വ്യക്തികളാക്കുക എന്നതുമാത്രമാണ് പരിഹാരം. തന്റെ ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ തന്റെയും പ്രശ്നങ്ങളാണെന്നു തിരിച്ചറിയുന്നവരാണ് മനുഷ്യത്വമുള്ളവർ. സിനിമയിൽ കണ്ട ചുരുളിയിൽ പോലും, മനുഷ്യത്വം പുറത്തുള്ള ചുരുളികളിലുള്ളതിനേക്കാൾ കൂടുതല്‍ ഉള്ളതായി തോന്നി. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മനുഷ്യത്വമുള്ള വ്യക്തികളെ വാർത്തെടുത്തെ തീരു. കുഞ്ഞുനാള്‍ മുതല്‍ നാം കുട്ടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മാനവികതയില്‍ ഊന്നിയ ജീവിത മൂല്യങ്ങളും സാമൂഹ്യവത്കരണത്തിലൂന്നിയ വികാസവും അവരില്‍ ഉറപ്പുവര്‍ത്തണം. അതിന് ആദ്യം വേണ്ടത് ഏറ്റവുമധികം കഴിവും സര്‍ഗ്ഗശേഷിയുമുള്ളവരെ പ്രൈമറി സ്കൂൾ അധ്യാപകരാക്കുക എന്നതാണ്. സമൂഹത്തിലെ ഏറ്റവും അംഗീകാരവും ശമ്പളവുമുള്ള ജോലിക്കാർ അവരാവണം. അതുപോലെത്തന്നെ ഏതാണ്ട് 80 ശതമാനത്തോളം ഡോക്ടർമാരെ കുടുംബ ഡോക്ടർമാരായി വാര്‍ത്തെടുക്കണം. അതിനായി പ്രത്യേക പരിശീലനം ലഭ്യമാക്കണം. ഡോക്ടർമാരുടെ ഇടയിൽ ഏറ്റവും കൂടുതൽ അംഗീകാരവും സ്വീകാര്യതയും ശമ്പളവും അവർക്കായിരിക്കണം. ഈ രീതി ലോകത്ത് പല രാജ്യങ്ങളിലും ഇപ്പോള്‍ തന്നെ നിലവിലുണ്ട് എന്ന് മനസ്സിലാക്കണം. കുടുംബ ഡോക്ടർമാർ നിർദ്ദേശിക്കാതെ ആരും ആശുപത്രി കളിൽ എത്തിപ്പെടരുത്. നല്ല കുടുംബ ഡോക്ടർമാരും പ്രൈമറി അധ്യാപകരും അവരുടെ ജോലിയുടെ പ്രത്യേകതകൾ കൊണ്ട്, കുടുംബങ്ങളുടെയും വ്യക്തികളുടെയും സുഹൃത്ത്, വഴികാട്ടി, ചിന്തകര്‍ എന്ന നിലയിലേക്ക് വളര്‍ന്നു വരണം. അപ്പോഴാണ്‌ സാമൂഹികതയിലൂന്നിയ, മനുഷ്യത്വപരമായ മൂല്യങ്ങള്‍ പരിപോഷിപ്പിക്കപ്പെടുകയുള്ളൂ. അങ്ങിനെ മാത്രമേ സമൂഹത്തിലെ ദുഷ്പ്രവണതകൾ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. നേരത്തെ മുതല്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാറുള്ള ഇത്തരം ചിന്തകള്‍ക്ക് വേരുപിടിപ്പിക്കാന്‍ 'ചുരുളി' ക്ക് സാധിച്ചു. അത് തന്നെയാണ് ആ സിനിമ എന്നിലുണ്ടാക്കിയ ചലനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Dr. P. K. Sasidharan

Recent Posts

Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 4 days ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 5 days ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 1 week ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More