ബെന്യാമിന്റെ ആടിനെ പട്ടിയാക്കരുത് - ഗഫൂര്‍ അറക്കല്‍

പതിനാലാം വയസ്സിൽ വയറിന് മേജര്‍ ശാസ്ത്രക്രിയ ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണം കാത്ത് കിടന്നവനാണ് ഞാൻ. സ്റ്റിച്ചുകളുടെ എണ്ണം പതിനെട്ട്. പനി കടുത്തു.104 ഡിഗ്രി എത്തിയപ്പോൾ രണ്ടാം ദിവസം ഡോക്ടർ ദേഹത്ത് പഞ്ഞി വെച്ച് ഐസിന്റെ കഷ്ണമിട്ടു. വെള്ളം കുടിക്കാന്‍ പാടില്ല, കുടിച്ചാൽ മുറിവ് പഴുക്കുമെന്ന് ഡോക്ടർ. രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോൾ ഭയങ്കരദാഹം.  എന്റെ ചുണ്ടുകൾ വരണ്ടുണങ്ങി. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി കിടന്നകിടപ്പില്‍ ഞാൻ ഐസിന്റെ  ഒരു കഷണമെടുത്ത് വായിലിട്ടു. നേഴ്സ് എന്‍റെ തൊണ്ട അമർത്തിപ്പിടിച്ച് അത് പുറത്തെടുത്തു. ഐസ് മോഷ്ടിക്കുന്നത് തടയാനായി പിന്നീട് രാപകൽ രണ്ടുപേരെനിക്ക് കാവലിരുന്നു. ശാസ്ത്രക്രിയക്ക് ശേഷം എട്ടാം ദിവസമാണ് ആദ്യമായി ഒരു സ്പൂൺ വെള്ളം എന്റെ വായിൽ ഒഴിച്ചുതരുന്നത്. ആ അമൃത് പകർന്ന തൊണ്ടയിലെ നീറ്റൽ ഇപ്പോഴും ഓർമയുണ്ട്. ജലത്തോട് അതിരറ്റ സ്നേഹം തോന്നിയത് അന്നാണ്. നമുക്ക് കാണാവുന്ന, ചലിക്കുന്ന ഏക അചേതന വസ്തുവാണ് ജലം എന്നത് എത്ര ശരി!

ഞാന്‍ പറഞ്ഞു വരുന്നത് ഇതാണ്. ജലത്തെ കുറിച്ച് മുകളില്‍ പറഞ്ഞ അനുഭവം ഞാൻ എവിടെയെങ്കിലും എഴുതിയാൽ അത് മക്കയിലേക്കുള്ള പാതയിൽ നിന്നോ, ആടുജീവിതത്തിൽ നിന്നോ കോപ്പിയടിച്ചതാണെന്ന് പറയുമോ ? എം ബി രാജേഷിനെ പിന്തുണച്ചതിന്റെ പേരിൽ സാഹിത്യകാരൻ ബെന്യാമിൻ കോപ്പിയടിച്ചു എന്ന് പറയുന്ന ചില ഉദാര ജനാധിപത്യവാദികളോട് ഒന്നേ പറയാനുള്ളു. അപവാദം പ്രചരിപ്പിക്കുന്ന സംഘി സ്വഭാവം കാണിക്കരുത്. 'മക്കയിലേക്കുള്ള പാത' ഒരു യാത്രാവിവരണത്തിനുമപ്പുറം ഇസ്ലാമിക സംസ്കാരവും യൂറോപ്യൻ സംസ്ക്കാരവും തമ്മിലുള്ള ഒരു താരതമ്യ പഠനമാണ്. അതിനിടയ്ക്ക് അസദിനും സുഹൃത്തിനും മരുഭൂമിയിൽ വെച്ച് വഴി തെറ്റിയപ്പോഴുള്ള ഒരു അനുഭവമാണ് 'ആട് ജീവിത'ത്തിലും ആവർത്തിച്ചത്. അത് മാത്രമാണ് സാമ്യം. അപ്പോഴാണ് സലീം കുമാറിനെ പോലെ മുദ്ര ശ്രദ്ധിക്കണമെന്നും പറഞ്ഞ് ചില പീഡോ ഫൈലുകൾ വരുന്നത്.

 എനിക്ക് കുടിനീര് ഒരു അനുഭവമായതിനാൽ തന്നെ മരുഭൂമിയിൽ വെച്ച് അത്തരമനുഭവമുണ്ടായതൊക്കെ എന്നെ കൊളുത്തിവലിച്ചിട്ടുണ്ട്. മക്കയിലേക്കുള്ള പാത വരുന്നത് 1954-ൽ ആണ്. അതിനും മുമ്പ് 1922-ൽ സെവൻ പില്ലേഴ്സ് ഓഫ് വിസ്ഡം (ലോറൻസ് ഓഫ് അറേബ്യ എന്ന പേരിൽ ആ അനുഭവങ്ങൾ സിനിമയായിട്ടുണ്ട്) വന്നിട്ടുണ്ട്. 1951-ൽ ഫ്രാങ്ക് ഹോപ്പ്കിൻസിന്റെ സൗദി മരുഭൂമിയിലെ അനുഭവം ഹിഡാൽഗോ ( ഇത് ഒരു പന്തയക്കുതിരയുടെ പേരാണ് ) എന്ന പേരിൽ പുസ്തകമായിട്ടുണ്ട്. അതും സിനിമയായി. 'ബ്രിഡ്ജ് ഓവർ ദി റിവർ ക്വായി' (1952-ലെ അനുഭവക്കുറിപ്പുകൾ ) എന്ന ഡേവിഡ് ലീനിന്റെ വിഖ്യാത സിനിമയിലും മരുഭൂമിയിൽപ്പെട്ട് ദാഹജലം കിട്ടാതെ അലയുന്ന സീനുണ്ട്. എന്തിനധികം ചൈനയിൽ നിന്നും 2500 വർഷങ്ങള്‍ക്ക് മുമ്പ് ഗോബി മരുഭൂമി താണ്ടി ബുദ്ധമതത്തെ കുറിച്ച് പഠിക്കാൻ ഇന്ത്യയിലേക്ക് വന്ന ഹ്യുയാൻസാങ് വെള്ളം കിട്ടാതെ ബോധം കെട്ട് വീഴുകയും ഭാഗ്യവശാൽ ആ വഴി വന്ന സാർത്ഥവാഹക സംഘം അയാളെ രക്ഷപ്പെടുത്തുകയും ഒരു തുണികൊണ്ട് ചുണ്ടുനനച്ച് കൊടുക്കുകയും ചെയ്തത് ഹ്യൂയാൻസാങ് തന്നെ തന്റെ യാത്രാവിവരണത്തിൽ എഴുതിയിട്ടുണ്ട്. 

നമ്മുടെ പ്രണയാനുഭവം മുതൽ മരണാനുഭവം വരെ വ്യത്യസ്തമായേക്കാം. എന്നാൽ മരുഭൂമിയിൽ വെള്ളം കിട്ടാതാവുന്ന അനുഭവങ്ങള്‍ക്കൊക്കെ സമാനതകള്‍ ഉണ്ടായിരിക്കും. മിഥ്യാഭ്രമങ്ങളും പ്രാപിടിയൻമാരും വേട്ടയാടുന്ന ഒരു പരിസരം അയാൾക്ക് ചുറ്റും ഉയർന്നു വരും. അവിടെ അന്തർദാഹം, കാമാതുരത എന്നൊന്നും അതിന് അർത്ഥം കിട്ടില്ല. കാരണം ദാഹജലം ഏറ്റവും  അടിസ്ഥാനപരമായ ഒരാവശ്യമാണ്. ജലം ജീവന്‍റെ ഉറവിടവും. പ്രപഞ്ചത്തിൽ ജീവൻ രൂപപ്പെടാൻ കാരണമായ ഒന്ന്. എത്ര ജന്മമാണ് ജലത്തിൽ കഴിഞ്ഞെതെന്ന് അത്ഭുതപ്പെട്ടത് പൂന്താനമാണ്. അത് അനുഭവിച്ചവർക്കേ ആവിഷ്ക്കരിക്കാനാവൂ. ദയവ് ചെയ്ത് സ്വയം പരിഹാസ്യരാവരുത്. ഇത് ചർച്ചയാക്കണ്ട കാര്യമില്ല. പക്ഷേ പല ബുദ്ധിജീവികളും ലൈക്കടിച്ചത് കണ്ടതുകൊണ്ട് മാത്രമുള്ള പ്രതികരണമാണ്.

Contact the author

Recent Posts

Criticism

ഒലീവ് മരത്തണലിലിരുന്നു വായിക്കുമ്പോള്‍- ഡോ ഇന്ദിരാ ബാലചന്ദ്രൻ

More
More
Mehajoob S.V 2 years ago
Criticism

ലീഡര്‍ കെ കരുണാകരന്‍ തഴയപ്പെട്ടുതുടങ്ങിയത് എങ്ങനെയാണ്?- എസ് വി മെഹജൂബ്

More
More
Dr. Anil K. M. 2 years ago
Criticism

ബാല്യകാലസഖി: കരുണയുടെ പാഠങ്ങള്‍ - പ്രൊഫ. അനില്‍ ചേലേമ്പ്ര

More
More
P P Shanavas 2 years ago
Criticism

ക്ഷേമ കെ തോമസിന്റെ കാവ്യജീവിതത്തെ വിലയിരുത്തുമ്പോൾ - പി പി ഷാനവാസ്‌

More
More
Gafoor Arakal 3 years ago
Criticism

മഞ്ഞയുടെ ഉന്‍മാദത്തിനിടെ ഉറഞ്ഞുകൂടുന്ന ചുവപ്പാണ് 'പിഗ്മെന്‍റ്'- ഗഫൂര്‍ അറയ്ക്കല്‍

More
More
Nadeem Noushad 3 years ago
Criticism

ഉമ്പായി: ഗസലില്‍ വസന്തം തീര്‍ത്ത ഒരാള്‍ - നദീം നൗഷാദ്

More
More