ബാല്യകാലസഖി: കരുണയുടെ പാഠങ്ങള്‍ - പ്രൊഫ. അനില്‍ ചേലേമ്പ്ര

മനുഷ്യനും ദൈവവും തമ്മിലുള്ള വ്യത്യാസമെന്താണ്? ഈ ചോദ്യത്തിന്  ബഷീറിന് ഒറ്റ ഉത്തരമേയുള്ളു. ദൈവം കരുണാമയനാണ്. പ്രപഞ്ചമാകെ ദൈവം ചൊരിയുന്ന  കൃപയുടെ വെളിച്ചവും ചൂടും നിറഞ്ഞിരിക്കുന്നു. എന്നാല്‍ മനുഷ്യനില്‍ കരുണയുടെ ആഴക്കടലുകള്‍ ഇരമ്പുന്നുണ്ടെങ്കിലും അതിന് പുറത്തുവരാനോ പ്രവര്‍ത്തിക്കാനോ കഴിയുന്നില്ല. അപൂര്‍വ്വം ചില മനുഷ്യരില്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ നാം കരുണയുടെ മിന്നലാട്ടങ്ങള്‍ കാണുുള്ളു. കരുണ അടിച്ചമര്‍ത്തപ്പെട്ട ജീവല്‍ ശരീരങ്ങളാണ് മനുഷ്യന്‍റേത്. അടിച്ചമര്‍ത്തപ്പെടുന്ന ഈ കരുണയുടെ വീര്‍പ്പുമുട്ടല്‍ പലപ്പോഴും ഹിംസാത്മകമായാണ് പുറത്തുവരിക.  അതുകൊണ്ടുതന്നെ ഹിംസാത്മകമായി പ്രവര്‍ത്തിക്കുന്ന ബഷീറിന്റെ കഥാപാത്രങ്ങളോട് നമുക്ക് സഹതാപമേ തോന്നുകയുള്ളു. ക്രൂരതകൊണ്ട് നമ്മുടെ വെറുപ്പ് സമ്പാദിക്കുന്ന വില്ലന്മാരെ നാം ബഷീറിന്റെ കഥാപ്രപഞ്ചത്തില്‍ കാണാറില്ല.

ബാല്യകാല സഖിയില്‍ ഒരു പക്ഷെ ഏറ്റവും ക്രൂരനായ ഒരു കഥാപാത്രം മജീദിന്റെ ബാപ്പയാണ്. എന്നാല്‍ അദ്ദേഹം നോവിലിലെ ഒരു വില്ലനല്ല. സുഹറയെ സ്‌കൂളിലയച്ച് പഠിപ്പിക്കാന്‍ സഹായിക്കണമെന്ന് മജീദിന്റെ ഉമ്മ ബാപ്പയോട് പറയുമ്പോള്‍ അത് കഴിയില്ലെ് ബാപ്പ തറപ്പിച്ചുപറയുന്നു. എന്നാല്‍ അതിന് ന്യായമായി പറയുന്നത്,'ആ സൊഹ്‌റാ നല്ല പെണ്ണാ, മിടുക്കത്തിയാ. എന്നാലും അവളെ ഞമ്മളു പടിപ്പിക്കണോങ്കി അറുവത്തിയെണ്ണത്തിനേം പടിപ്പിക്കണം! അതിനുമാത്രം മൊതല് ഞമ്മക്ക് ഒണ്ടോടീ?' എന്നാണ്. 

സുഹ്‌റയെ പഠിപ്പിക്കേണ്ട എന്നല്ല മജീദിന്റെ ബാപ്പ പറയുന്നത്.  കുടുംബത്തിലെ മുഴുവന്‍ അഗതികളെയും സഹായിക്കാന്‍ കഴിയാത്തതുകൊണ്ട് ഒരാളോട് മാത്രമായി കരുണ കാണിക്കുതെങ്ങിനെയെന്നാണ് ബാപ്പ ചോദിക്കുന്നത്.  മാത്രമല്ല തന്റെ കയ്യിലുള്ള സമ്പത്ത് സ്ഥായിയല്ല എന്നും ആ മുന്‍കോപിയായ പിതാവിനറിയാം. കരുണ നിറഞ്ഞുകവിയുന്ന മനസ്സിനുടമകളാണ് മനുഷ്യരായ നാമെല്ലാവരും. എന്നാല്‍ അസ്ഥിരവും, അസന്തുലിതവുമായ ആധാരങ്ങള്‍ മനുഷ്യാസ്തിത്വത്തെ അഗാധമായി മുറിവേല്‍പ്പിക്കുന്നു. മുറിവേറ്റ അസ്തിത്വമാണ് മനുഷ്യനിലെ കരുണയെ അസാധുവാക്കുന്നത്. അതുകൊണ്ടുതന്നെയാണ് മനുഷ്യന്‍ ദൈവമാകാത്തതും.

മനുഷ്യാസ്തിത്വവും കരുണയുടെ ദമനവും 

മനുഷ്യസത്തയുടെ പൂര്‍ണ്ണമായ വികാസത്തെ തടയുന്നതാണ് മനുഷ്യരുടെ അസ്തിത്വം. മനുഷ്യാസ്തിത്വവും മനുഷ്യസത്തയും തമ്മിലുള്ള ഈ നിരന്തര സംഘര്‍ഷത്തിന്റെ ഫലം കരുണയുടെ ദമനമത്രേ. എന്നാല്‍ അപൂര്‍വ്വം ചില നിമിഷങ്ങളില്‍ മനുഷ്യന്റെ ജീവല്‍ശരീരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട കരുണ പുറത്തേക്ക് തലനീട്ടുകതന്നെ ചെയ്യും. അത്തരം വേളകളില്‍ ലോകം കീഴ്‌മേല്‍ മറയുന്നതായും അത്ഭൂതങ്ങള്‍ സംഭവിക്കുന്നതായും നമുക്ക് അനുഭവവേദ്യമാകും.

മാര്‍ക്കം ചെയ്ത് കിടക്കുന്ന മജീദിന്റെ മുറിവേറ്റ ശരീരം എങ്ങിനെയാണ് ഇഴഞ്ഞും കിതച്ചും കാത് കുത്ത് നടക്കുന്ന സുഹ്‌റയുടെ വീട്ടിലെത്തിയത്?  അത് അത്ഭുതമാണ്. കരുണ സൃഷ്ടിക്കുന്ന അത്ഭുതം. മജീദിന്റെ ശാരീരികാവസ്ഥ ബഷീര്‍ അവതരിപ്പിക്കുന്നതിങ്ങനെയാണ്:

'ഇന്റെ കാതുകുത്താ!'

മജീദ് ഒന്നും പറയാതെ മന്ദഹസിച്ചു. അത് അവളിലും പകര്‍ന്നു. മജീദ് ആ ഭംഗിയുളള ചെവികളില്‍ നോക്കി. കാതുകുത്ത് !  ഒരാചാരമാണ്.  കാത് നിരത്തി കുനുകുനാ കുത്തിത്തുളയ്ക്കുമ്പോള്‍ വേദനക്കില്ലേ?  മജീദ് അല്‍ഭുതപ്പെട്ടു.

അവന്‍ പറഞ്ഞു.

'അറിയാമ്പാടില്ല ; വന്ന് നോക്ക്'

അവന്‍ ഓടിപ്പോയി.

മജീദിന് പോകണമെന്ന് തോന്നി.  കിടന്നിടത്തുനിന്ന് എഴുല്‍ന്നേക്കാന്‍ വയ്യ. എങ്കിലും ഒട്ടുകഴിഞ്ഞ് ആരും കാണാതെ തക്കത്തിന് മജീദ് എണീറ്റു, സംഭ്രമം! അമ്മിപ്പിള്ളയുടെ ഘനം! ആയിരം വ്രണങ്ങളുടെ വേദന... എല്ലാംകൂടി ഹൃദയത്തില്‍നിന്ന് ഘനമായി തൂങ്ങിക്കിടക്കുതുപോലെ...  കവച്ച് കവച്ച് ആരും കാണാതെ മജീദ് സൂത്രത്തില്‍ വെളിയില്‍ ഇറങ്ങി.  വെള്ളമില്ലാത്ത തോട്ടിലൂടെ നിരങ്ങി നിരങ്ങി പറമ്പില്‍ കയറി സുഹ്‌റയുടെ വീട്ടില്‍ ചെുന്നു.' (പുറം, 138-39).

വേദനിക്കുന്ന മജീദിന്റെ ശരീരത്തെ സുഹ്‌റയുടെ സമീപത്തേക്ക് എത്തിക്കുതെന്താണ്? 'കരുണ' എന്ന അല്‍ഭുതശക്തിയാണത്.  മജീദ് സുഹ്‌റയോട് ചോദിക്കുന്ന ഒറ്റചോദ്യമേയുള്ളു. വേദനിച്ചോ? എന്ന്.

മജീദ് സുഹ്‌റയോട് ചോദിച്ചു.  'ഈ കാതുകുത്ത് എന്തിന്'?

'അറിയാന്മേല'

'അദികം നൊന്തോ?'

സുഹ്‌റ വേദനയോടെ മന്ദഹസിച്ചു.

'ഉമ്മിണിശ്ശേ' ! (പുറം, 139)

വേദനിക്കുന്ന ഒരു ശരീരം മറ്റൊരു വേദനിക്കുന്ന ശരീരത്തിനടുത്തേക്ക് ഇഴഞ്ഞെത്തുത് ദമിതമായ കരുണയുടെ ഊര്‍ജ്ജംകൊണ്ടാണ്. എല്ലാ ദുരിതങ്ങള്‍ക്കിടയിലും മനുഷ്യനിലുള്ള നന്മയിലും ശുഭാപ്തിയിലും വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം കാരുണ്യത്തിന്റെ ആഴമേറിയ ഖനികള്‍ മനുഷ്യാത്മാവിലുണ്ട് എന്ന സങ്കല്‍പ്പമാണ്. ആ സങ്കല്‍പ്പത്തെയാണ് ബഷീര്‍ ഊതിക്കാച്ചുന്നത്. ഈ വിശ്വാസത്തിന്റെ തിരത്തിളക്കം നമ്മെ ബോധിപ്പിക്കുന്ന ഒരു രംഗം ബാല്യകാലസഖിയിലുണ്ട്. അത് ആ നോവലിലെ ആദ്യം ചുംബന രംഗമാണ്.  മജീദിന്റെ കാലില്‍ 'വിഷക്കല്ല്' കാച്ചി.  അവന്‍ കിടപ്പിലായി. കാലിന്റെ അടിഭാഗം പഴുത്ത് വീര്‍ത്തിരുന്നു. അവന്‍ കട്ടിലില്‍ കിടന്ന് വേദനകൊണ്ട് പുളഞ്ഞു.

'അവിടെ എപ്പോഴും ആള്‍കൂട്ടമാണ്. സുഖക്കേട് അറിയാന്‍ വരുന്നവരുടെ ബഹളം ഒഴിഞ്ഞ അപൂര്‍വ്വാവസരങ്ങളില്‍ സുഹ്‌റാ മുറിയില്‍ കയറി മജീദിന്റെ കാല്‍ക്കല്‍ചെന്ന് പഴുത്ത സ്ഥലത്ത് ഊതിക്കൊണ്ടിരിക്കും. പഴുത്ത വലിയ മഞ്ഞ പേരയ്ക്കാപോലെ കാലിനുള്ളില്‍ മുഴച്ചുവീര്‍ത്തു നില്‍ക്കുകയാണ്. അതിന്റെ വേദന മജീദിന് സഹിക്കാന്‍ കഴിഞ്ഞില്ല. 

'സുഹ്‌റാ ഞാന്‍ മരിച്ചുപോകും?' മജീദ് സങ്കടത്തോടെ പറഞ്ഞു. അതിന് എന്താണ് ചെയ്യേണ്ടത്?  അവള്‍ക്ക് രൂപമുണ്ടായില്ല.  കരച്ചില്‍ വന്നു.  അവര്‍ മജീദിന്റെ വലതുകാലടി കവിളില്‍ ചേര്‍ത്തുപിടിച്ചു.

ഉള്ളംകാലില്‍ ഗാഡമായി ഒു ചുംബിച്ചു.

ആദ്യത്തെ ചുംബനം !

അവള്‍ എഴുന്നേറ്റ് ചെന്ന്, ചൂടുപിടിച്ച നെറ്റിയില്‍ തടവിക്കൊണ്ട് മജീദിന്റെ മുഖത്തേക്ക് കുനിഞ്ഞു.

അവളുടെ മുടിക്കെട്ടഴിഞ്ഞ് മജീദിന്റെ നെഞ്ചില്‍ വിതറി വീണു... അവളുടെ നിശ്വാസം അവന്റെ മുഖത്ത് സ്പര്‍ശിച്ചു.  അവളുടെ ആകെയുള്ള മണം! ഒരു വൈദ്യുതശക്തി നാഡിഞരമ്പുകളെ വിറപ്പിച്ചുകൊണ്ടിരുന്നു... കാന്തത്താല്‍ ആകര്‍ഷിക്കപ്പെട്ടതുപോലെ മജീദിന്റെ മുഖം ഉയര്‍ന്നു. കൈകള്‍ രണ്ടും അവളുടെ കഴുത്തിനെ വലയം ചെയ്തു. അവളെ അവന്‍ നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തി.  അവളെ അവനിലേക്ക് ആവാഹിച്ചു.

'സുഹ്‌റാ !'

'ഹെന്റെ !'

സുഹ്‌റായുടെ ചുവന്ന  ചുണ്ടുകള്‍ മജീദിന്റെ ചുണ്ടില്‍ അമര്‍ന്നു. ജീവിതാരംഭത്തോടെ ഉള്ളതെങ്കിലും അത് ആദ്യമായി ഉണര്‍ന്ന വികാരങ്ങളോടെ അവര്‍ അന്യോന്യം ഒട്ടിച്ചേര്‍ന്നു... ആയിരമായിരം ചുംബനങ്ങള്‍ അര്‍പ്പിച്ചു. കണ്ണുകള്‍, നെറ്റി, കവിള്‍ത്തടങ്ങള്‍, കഴുത്ത്, നെഞ്ച്... ആകെ വിറച്ചു. സുഖകരമായ ഒരു ആലസ്യവും, പുതുതായി ഒരു ആശ്വാസവും. എന്തോ സംഭവിച്ചു! എന്താണത് ?

'കുരു പൊട്ടി! 'മന്ദഹാസത്തോടെ, ദിവ്യമായ സംഗീതംപോലെ സുഹ്‌റ മന്ത്രിച്ചു.

ബാല്യകാലസഖിയിലെ ആദ്യചുംബനം ലിബിഡോയില്‍ നിന്നല്ല 

അടിച്ചമര്‍ത്തപ്പെട്ട ലിബിഡോയല്ല, അടിച്ചമര്‍ത്തപ്പെട്ട കരുണയാണ് ഇവിടെ ആദ്യചുംബനമായി ആവിഷ്‌കരിക്കപ്പെടുന്നത്.  സംസ്‌കാരത്തിനകത്ത് നാം നിര്‍മ്മിച്ചെടുത്ത കര്‍തൃത്വങ്ങളുടെ സങ്കീര്‍ണ്ണായ ശ്രേണീവത്ക്കരണം മനുഷ്യനിലെ കരുണയെ അസാധ്യമാക്കുന്നതായി ബഷീര്‍ തിരിച്ചറിയുന്നു.  ഈ കരുണ സാധ്യമാകുന്ന ഒരു ഭാവിയിലേക്കാണ് മനുഷ്യസമുദായത്തിന് വികസിക്കാനുള്ളത്.  എന്നാല്‍ കഠിനയാതനകളിലൂടെ മാത്രമേ അത്തരമൊരു ഭാവി നമുക്ക് സ്വന്തമാക്കാനാകൂ. എല്ലാ രോഗങ്ങളെയും കരുണ ശമിപ്പിക്കുന്നു. രോഗപീഡയില്‍നിന്ന് മുക്തമാകുതോടെ മനുഷ്യന്‍ അമരത്വം നേടുന്നു. കരുണയുടെ ഈ അത്ഭുതവിദ്യയാണ് ബാല്യകാലസഖിയിലെ ആദ്യചുംബനരംഗത്തില്‍ നാം അനുഭവിക്കുത്.  ഒരുപക്ഷെ മനുഷ്യശരീരത്തിലെ ഏറ്റവും അസ്പൃശ്യമായ ഭാഗമാണ് കാല്‍പ്പാദം. വിരാട് പുരുഷന്റെ കാല്‍പ്പാദത്തില്‍നിന്നുവരാണ് പാദജര്‍.  അവരാണ് ജാതിവ്യവസ്ഥയിലെ അസ്പൃശ്യര്‍. എന്നാല്‍ മജീദിന്റെ കാല്‍വെള്ളയിലാണ് സുഹ്‌റാ ചുംബിക്കുത്.  ഇതൊരു കീഴ്‌മേല്‍ മറിച്ചിലാണ്. മനുഷ്യശരീരത്തെക്കുറിച്ചുള്ള ഒരു പ്രതിപാഠം അത് ഉദ്പാദിപ്പിക്കുുണ്ട്.  ഈ പ്രതിപാഠം നവോത്ഥാനത്തിന്റെ യുക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം പ്രതിപാഠങ്ങളേയും യുക്തിയേയും വികസിപ്പിച്ചുകൊണ്ടുമാത്രമേ കരുണയുടെ പൂര്‍ണ്ണമായ വികാസം സാധ്യമാകൂ.

 കരുണ ആശാനിലും ബഷീറിലും 

മജീദിന്റെ 'ആണത്തം' തുളുമ്പുന്ന പ്രകടശരീരത്തോടല്ല, എല്ലാ ശക്തിയും ചോര്‍ന്നുപോയി, നിരാലംബനായി 'മരിക്കാന്‍ പോവുന്നു എന്ന് തോന്നിപ്പിക്കുന്ന ജീവല്‍ശരീരത്തെയാണ് സുഹ്‌റ ആദ്യമായി കരുണയോടെ / പ്രേമത്തോടെ സ്പര്‍ശിക്കുന്നത്. ഈ അനുഭവം മലയാളിക്ക് പുതുമയുള്ളതല്ല. ബഷീറിനും മുന്‍പേ ഇങ്ങനെ പ്രണയത്തിന് ഒരു തലമുണ്ടെന്ന് നമ്മെ ബോധിപ്പിച്ചത് കുമാരനാശാനാണ്.

'രക്തമെല്ലാം ഒഴുകിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകള്‍

രിക്തമായി; പ്രാണപാശമറുമാറായി;

അക്കിടപ്പിലുമവളാ യുവമുനിയെ വീക്ഷിപ്പാന്‍

പൊക്കിടുന്നു തല, രാഗവൈഭവം കണ്ടോ!'

മജീദിന്റെ 'കുരു പൊട്ടിയതുപോലുള്ള ഒരത്ഭുതം. സന്ധിബന്ധങ്ങളെല്ലാം അറ്റ് ചുടലക്കാട്ടില്‍ക്കിടക്കുന്ന  വാസവദത്തയെക്കാണാന്‍ ഉപഗുപ്തന്‍ എത്തുകയാണ്. അവളില്‍ ജീവന്റെ ഒരു കണം മാത്രമേ ബാക്കിയുള്ളു. പ്രാണന്റെ ഒരംശം അവളെ വിട്ടുപോകാഞ്ഞതെന്തുകൊണ്ടെ് നാം അല്‍ഭുതപ്പെട്ടേക്കാം.  തന്റെ സുഗന്ധത്തിന്റെ അവസാന കണിക അര്‍പ്പിക്കാനായി പൂവ് കാറ്റിനെകാത്തിരിക്കുന്നതുപോലെയുള്ള ഒരനുഭവമാണത്.  ഈ പ്രപഞ്ചരഹസ്യം ആര്‍ക്കാണറിയുക?  എന്ന് കവി ചോദിക്കുന്നു. കണ്‍പോളകള്‍ വരണ്ട്, വിളര്‍ത്തുകിടക്കുന്ന വാസവദത്തയുടെ കണ്ണുകളിലേക്ക് എവിടെനിന്നാണ് രക്തരേഖകള്‍ ചാടിവീണത് എന്ന് ആശാന്‍ ചോദിക്കുന്നു.  ഉപഗുപ്തന്റെ കൈത്തലം വാസവദത്തയുടെ നെറ്റിയില്‍ ചേര്‍ക്കുമ്പോഴുണ്ടാകുന്ന അത്ഭുതകരമായ മാറ്റത്തെ ആശാന്‍ ഇങ്ങനെയാണ് അടയാളപ്പെടുത്തുത്.

'എന്നലിഞ്ഞവന്‍ കരതാരവള്‍തന്‍ പൂവല്‍നെറ്റിമേ 

ലൊന്നു ചേര്‍ക്കുന്നങ്ങവള്‍ക്ക് ചീര്‍ക്കുന്നു രോമം, 

ഖിന്നമുഖിയാമവള്‍ തന്‍ കെടുന്ന സംജ്ഞ വിരലാ

ലുന്നയിച്ച ദീപംപോലൊന്നുജ്ജ്വലിക്കുു.'

വാസവദത്തയുടെ ശരീരത്തിലുണ്ടായ ഇതേ മാറ്റമാണ് മജീദിന്റെ ശരീരത്തിലുമുണ്ടായത്. ഈ മാറ്റങ്ങളെ ശരീരശാസ്ത്രംകൊണ്ട് വിശദീകരിക്കാനാവില്ല. കാരണം ഇവിടെ അനുഭവത്തിന്റെ യുക്തി 'കാര്യ-കാരണ' ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തെളിഞ്ഞുനില്‍ക്കുന്നില്ല.  ഇത്തരം അനുഭവങ്ങളെ നാം സാമാന്യമായി പ്രാതിഭാസികമായാണ് വിശദീകരിക്കാറുള്ളത്. ദക്കാര്‍ത്തിയന്‍ ശരീരത്തില്‍നിന്ന് പ്രാതിഭാസിക ശരീരത്തിലേക്കുള്ള ചുവടുമാറ്റം ഇവിടെ പ്രകടമാണ്.  പ്രാതിഭാസിക ശരീരത്തെയാണ് നാം ജീവല്‍ശരീരം എന്നുവിളിക്കുത്. പ്രാതിഭാസിക ശരീരത്തെ വിശദീകരിച്ച മെര്‍ലോപോണ്ടിയുടെ ചില നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്.

മനുഷ്യശരീരം-ദെക്കാര്‍ത്തും മെര്‍ലോപോണ്ടിയും 

മനുഷ്യശരീരം അവര്‍ക്കുചുറ്റുമുള്ള വസ്തുക്കളെ അറിയുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയാണെന്നും വിഷയവും വിഷയിയായ ശരീരവും തമ്മില്‍ വസ്തുനിഷ്ഠമായ ഒരകലം നിലനില്‍ക്കുന്നു എന്നുമാണ് ദെക്കാര്‍ത്ത് വിശദീകരിക്കാന്‍ ശ്രമിച്ചത്.   അതായത് പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അനുഭവത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ച് മനുഷ്യമനസ്സ് ജ്ഞാനമുല്‍പ്പാദിപ്പിക്കുന്നു എന്നാണ് ദെക്കാര്‍ത്തിന്റെ സങ്കല്‍പ്പം. ശരീരം അറിവിനുള്ള മാധ്യമവും മനസ്സ് അറിവിന്റെ പരമാധികാരിയുമാണെന്ന  ദ്വന്ദ്വവീക്ഷണമാണ് 17-ാം നൂറ്റാണ്ടില്‍ ദെക്കാര്‍ത്ത് അവതരിപ്പിച്ചത്. എന്നാല്‍ ഈ വിഷയി-വിഷയ അന്തരം ശരീരത്തെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്നില്ല എന്നും ഓരോ ജീവല്‍ശരീരവും ചുറ്റുമുള്ള ശരീരങ്ങളോട് പ്രതികരിക്കുമ്പോള്‍ എല്ലാ അറിവിനുമപ്പുറത്ത് ചില അര്‍ത്ഥങ്ങള്‍ ജനിപ്പിക്കുന്നുണ്ടെന്നാണ് മെര്‍ലോപോണ്ടി പറയുത്. മെര്‍ലോപോണ്ടി തന്റെ ആശയം വികസിപ്പിക്കുന്നതിന് സാര്‍ത്രെയെ ഉദ്ധരിക്കുന്നുണ്ട്. 'Being and Nothingness' എന്ന കൃതിയില്‍ വസ്തുക്കള്‍ എങ്ങിനെയാണ് സ്വന്തം ഉണ്മയെ വെളിപ്പെടുത്തുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്.  ഒരു ചെറുനാരങ്ങയെ ദൃഷ്ടാന്തമായെടുത്തുകൊണ്ടാണ് സാര്‍ത്ര്  ഇത് വിശദീകരിക്കുന്നത്.

വസ്തുക്കളുടെ നിറവും മണവും ബാഹ്യപ്രകൃതിയും ശരീരവുമായി വിനിമയത്തിലേര്‍പ്പെടുകയും അര്‍ത്ഥം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഈ അര്‍ത്ഥത്തെ വിശദീകരിക്കാന്‍ ദക്കാര്‍ത്തിന്റെ 'മൃത ശരീര' സങ്കല്‍പ്പത്തിന് കഴിയില്ല. വസ്തുക്കളുടെ ബാഹ്യപ്രകൃതം ഓരോ ഇന്ദ്രിയത്തില്‍ നിന്നും തിരിച്ചറിയാന്‍ കഴിയുംവിധം വേറിട്ടല്ല നിലനില്‍ക്കുന്നത്.  ഒരനുഭവം മറ്റൊന്നിലൂടെ പ്രവര്‍ത്തിക്കുകയും അവയുടെ പ്രതിപ്രവര്‍ത്തനത്തിലൂടെ അര്‍ത്ഥോല്‍പ്പാദനം നടക്കുകയും ചെയ്യുന്നു. ഈ അര്‍ത്ഥത്തെ പിടിച്ചെടുക്കാന്‍ മനുഷ്യന്റെ സൗന്ദര്യബോധത്തിന് മാത്രമേ കഴിയൂ. സെസ്സാന്‍ എന്ന ചിത്രകാരനെ ഉദ്ധരിച്ച് മെര്‍ലോപോണ്ടി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.   

വസ്തുക്കള്‍ക്ക് ചുറ്റും പരന്നിരിക്കുന്ന അര്‍ത്ഥത്തിന്റെ പ്രകാശവലയത്തെ സൗന്ദര്യബോധത്തിലൂടെ പിടിച്ചെടുക്കാന്‍ കഴിയുമ്പോഴാണ് ബഷീര്‍ അത്ഭുതപരതന്ത്രനാകുന്നത്.  സുഹ്‌റയുടെ ചുംബനംകൊണ്ട് മജീദിന്റെ കാല്‍വെള്ളയിലെ കുരു പൊട്ടുമെന്ന് കണ്ടെത്താന്‍, സൗന്ദര്യത്തെ ദര്‍ശിക്കാന്‍ കഴിയുന്ന ഒരു ഭിഷഗ്വരനുമാത്രമേ കഴിയൂ. ഇവിടെ സുഹ്‌റയുടേയും മജീദിന്‍റേയും ശരീരങ്ങള്‍ ചലിക്കുന്നത് മനസ്സിന്റെ നിയന്ത്രണത്തിലൂടെയല്ല. ആ ശരീരങ്ങള്‍ സ്വയം സംസാരിക്കുകയാണ്. 

ജീവല്‍ ശരീരത്തിന്റെ പരമമായ ചോദനയാണ് കരുണ. എന്നാല്‍ കരുണയെ നിരന്തരമായി നിഷേധിക്കുകയാണ് അധികാരവ്യവസ്ഥ ചെയ്യുന്നത്. ഇതിനെതിരെയാണ് ബഷീര്‍ കലഹിച്ചുകൊണ്ടിരിക്കുന്നത്. ശരീരങ്ങളുടെ ആണ്‍ /പെണ്‍ വിഭജനം മനുഷ്യനില്‍ അനാദിയായി പ്രവര്‍ത്തിക്കുന്ന കാരുണ്യത്തിന്റെ ഉറവകളെ വെട്ടിയകറ്റിയിരിക്കുന്നു. അതുകൊണ്ടാണ് ആണ്‍ /പെണ്‍ വിഭജനത്തെ ബഷീര്‍ കൂടെക്കൂടെ പ്രശ്‌നവല്‍ക്കരിക്കുന്നത്.

മനുഷ്യശരീരത്തെ യന്ത്രമായിക്കാണുന്ന  പ്രപഞ്ചബോധമാണ് ഹിംസ - ടെറി ഈഗ്ള്‍ടണ്‍ 

മാവിന്‍ ചോട്ടില്‍ നടന്ന തര്‍ക്കത്തിനിടയില്‍ മജീദ് കോക്രി കാണിച്ച് സുഹ്‌റയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അവള്‍ ഭയക്കുിന്നില്ലെന്ന് മാത്രമല്ല.  അതിനെയവള്‍ നിസ്സാരവല്‍ക്കരിക്കുന്നുമുണ്ട്. ഇത് മജീദിന്റെ പൗരുഷത്തെ ഉണര്‍ത്തുന്നു.

'മജീദ് സ്തംഭിച്ചു നിന്നുപോയി. ഒരു നുറുങ്ങ് പെണ്ണ്, വീട്‌തോറും നടന്ന് അടയ്ക്കാവാങ്ങി ചാക്കില്‍ ചുമുന്നുകൊണ്ടുവന്ന് വില്‍ക്കുന്ന, വെറും ഒരടയ്ക്കാക്കച്ചവടക്കാരന്റെ മകള്‍. അവള്‍ എന്തുകൊണ്ട് പണക്കാരനായ തടിക്കച്ചവടക്കാരന്റെ മകനെ ഭയപ്പെടുന്നില്ല?  പെണ്ണ് ഏത് നിലയിലും ആണിനെ പേടിക്കേണ്ടതല്ലേ?' എന്നാല്‍ ഈ 'ആണ്‍ ശരീരം'കൊണ്ട് മജീദിന് ജീവിതത്തില്‍ ഒന്നും നേടാനാവുന്നില്ല. അവന് ഏറ്റവും പ്രിയപ്പെട്ട 'പെണ്‍ശരീര'ത്തെപ്പോലും. കരുണയുടെ സ്പര്‍ശമില്ലാത്തതും യാന്ത്രികമായി ചലിക്കുന്നതുമായ ശരീരമാണ് ഹിംസാത്മകമായ ശരീരം.  ശരീരങ്ങളെ ആണ്‍ /പെണ്‍ എന്നൊ സ്പൃശ്യം/ അസ്പൃശ്യം എന്നൊ ആഢ്യം / മ്ലേഛം എന്നൊ തിരിക്കുമ്പോള്‍, ആ ശരീരങ്ങള്‍ ഹിംസാത്മകശരീരങ്ങളായിത്തീരുകയാണ് ചെയ്യുന്നത്. ഈ ഹിംസാത്മക ശരീരത്തെ ശരീരത്തിന്റെ ജൈവരൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനാണ് ബഷീറിന്റെ ആഖ്യാനങ്ങള്‍ ശ്രമിക്കുത്.  ഹിംസ എന്നാലെന്ത് എന്ന  ചോദ്യത്തിന് ടെറി മനുഷ്യശരീരത്തെ യന്ത്രമായിക്കാണുന്ന  പ്രപഞ്ചബോധമാണ് ഹിംസ എന്ന് ടെറി ഈഗ്ള്‍ടണ്‍ പറയുന്നു. 

വില്യം ഗോള്‍ഡിങ്ങിന്റെ 'പിഞ്ചര്‍ മാര്‍ട്ടിന്‍' എ നോവലിലെ പ്രഥമരംഗം ഉദ്ധരിച്ചുകൊണ്ടാണ് ടെറി ഈഗിള്‍' 'On Evil' എന്ന തന്റെ പുസ്തകം ആരംഭിക്കുന്നത്. മാര്‍ട്ടിന്‍ എന്ന കഥാനായകന്‍ നടുക്കടലില്‍ മുങ്ങിത്താഴുമ്പോള്‍ 'ആരെങ്കിലും സഹായിക്കണേ' എന്ന് ഉറക്കെ വിളിച്ച് കരയുന്നതാണ് ആ രംഗം. അവിടെ നിന്ന് കഥ പുറകോട്ട് പോവുകയും നോവലിന്റെ അന്ത്യത്തില്‍ മാര്‍ട്ടിന്‍ മുങ്ങിമരിച്ചതായി നാം മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ആ സമയത്തും താന്‍ ജീവിക്കാന്‍ പോകുന്നു  എന്ന  വിശ്വാസമാണ് മാര്‍ട്ടിനില്‍ ഉണ്ടായിരുന്നതെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്.   

ബഷീര്‍ സംസാരിക്കുന്നത് ജീവല്‍ശരീരംകൊണ്ടാണ് 

ഈഗിള്‍ടണിന്റെ നോവല്‍ വ്യാഖ്യാനം മനുഷ്യസത്തയുടെ സാമൂഹികതയിലാണ് ഊന്നുന്നത്. സാമൂഹികതയാണ് ഒരാളുടെ ജീവിതത്തെയും മരണത്തെയും അടയാളപ്പെടുത്തുത്. 'ആത്മ'വിന്റെ ത്യാഗമാണ് സാമൂഹികതയുടെ ആധാരം. അതാണ് ജീവിതം. മറ്റൊരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ മരണത്തിന്റെ റിഹേഴ്‌സല്‍.  മജീദിന്റെയും സുഹ്‌റയുടേയും ജീവിതം മരണത്തിന്റെ റിഹേഴ്‌സല്‍ ആയിരുന്നു. ജീവിച്ചിരിക്കുന്ന ഓരോ നിമിഷത്തിലും അവര്‍ അവരുടെ 'ആത്മ'ത്തെ ത്യജിക്കുകയും 'ശരീരനഷ്ടം' സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്തു. യാന്ത്രികമായ ശരീരം അഥവാ ഹിംസാത്മകമായ ശരീരം വ്യക്തിശരീരമാണ്. അതിന് സാമൂഹികതയില്ല. എന്നാല്‍ കരുണയുടെ ഉറവയുള്ള ശരീരം ജിവല്‍ശരീരമാണ്. അത് സാമൂഹിക ശരീരമാകുതോടൊപ്പം തന്നെ വികലശരീരവുമാണ്. മജീദിന്റെ കുരുവന്ന് പഴുത്തകാലും മുറിച്ചു മാറ്റപ്പെട്ട കാലും വികലശരീരങ്ങളാണ്. എന്നാല്‍ കരുണയുടെ വസന്തമാണ് ഈ ശരീരങ്ങളെ സുഗന്ധപൂരിതമാക്കുന്നത്.  സുഹ്‌റയുടെ തുളഞ്ഞ കാതും രോഗാതുരമായ ശരീരവും ഇതേ സൗന്ദര്യാത്മകയുക്തിയിലാണ് നോവലില്‍ കടന്നുവരുന്നത്.

ശരീരത്തിന്റെ ഈ ബദല്‍ ഭാഷയാണ് ബാല്യകലസഖിയെ നമ്മുടെ കാലത്ത് ശ്രദ്ധേയമാക്കുന്നത്. യന്ത്രശരീരത്തിന് പകരം ജീവല്‍ശരീരംകൊണ്ട് സംസാരിക്കുന്ന  ബഷീറിന്റെ ആഖ്യാനപ്രപഞ്ചം കമ്പോളത്തിന്റെ സമകാലദര്‍ശനത്തെ അട്ടിമറിക്കുന്നുണ്ട്. മനുഷ്യബന്ധങ്ങള്‍ക്കാധാരം ലൈംഗികതയല്ല എന്നും കരുണയാണെന്നും  ബഷീര്‍ കണ്ടെത്തുന്നു. ബഷീറിന്റെ ഈ ദര്‍ശനം ഖുര്‍ആനില്‍ നിന്നും സൂഫിസത്തില്‍ നിന്നും ഒഴുകിവരുന്നതാണ്. കരുണയെക്കുറിച്ച് ആശാന് ഉള്‍ക്കാഴ്ച്ചകിട്ടിയത് ബുദ്ധനില്‍ നിന്നാണ്. മതങ്ങളെ സൗന്ദര്യാത്മകമായി സമീപിക്കുമ്പോള്‍ അത് ദാര്‍ശനികമായ ഏകത്വത്തിലേക്ക് നയിക്കുന്നു. ഇന്ത്യക്ക് ലോകത്തിന് നല്‍കാനുള്ള മഹത്തായ സന്ദേശം ഇതുതന്നെയാണ്.  ബഷീര്‍ വലിയ എഴുത്തുകാരനാകുന്നതും അതുകൊണ്ടുതന്നെ. 

Contact the author

Dr. Anil K. M.

Recent Posts

Criticism

ഒലീവ് മരത്തണലിലിരുന്നു വായിക്കുമ്പോള്‍- ഡോ ഇന്ദിരാ ബാലചന്ദ്രൻ

More
More
Mehajoob S.V 2 years ago
Criticism

ലീഡര്‍ കെ കരുണാകരന്‍ തഴയപ്പെട്ടുതുടങ്ങിയത് എങ്ങനെയാണ്?- എസ് വി മെഹജൂബ്

More
More
P P Shanavas 2 years ago
Criticism

ക്ഷേമ കെ തോമസിന്റെ കാവ്യജീവിതത്തെ വിലയിരുത്തുമ്പോൾ - പി പി ഷാനവാസ്‌

More
More
Gafoor Arakal 3 years ago
Criticism

ബെന്യാമിന്റെ ആടിനെ പട്ടിയാക്കരുത് - ഗഫൂര്‍ അറക്കല്‍

More
More
Gafoor Arakal 3 years ago
Criticism

മഞ്ഞയുടെ ഉന്‍മാദത്തിനിടെ ഉറഞ്ഞുകൂടുന്ന ചുവപ്പാണ് 'പിഗ്മെന്‍റ്'- ഗഫൂര്‍ അറയ്ക്കല്‍

More
More
Nadeem Noushad 3 years ago
Criticism

ഉമ്പായി: ഗസലില്‍ വസന്തം തീര്‍ത്ത ഒരാള്‍ - നദീം നൗഷാദ്

More
More