ക്ഷേമ കെ തോമസിന്റെ കാവ്യജീവിതത്തെ വിലയിരുത്തുമ്പോൾ - പി പി ഷാനവാസ്‌

കവിതയുടെ സസ്യശാസ്ത്ര പുസ്തകം

തത്വചിന്താപരമാണ് ക്ഷേമയുടെ കവിതകൾ. കാഴ്ച്ചപ്രധാനമായ നമ്മുടെ സംവേദന ശീലങ്ങളിൽ നിന്ന് അകലം പാലിക്കുക വഴിയാണ് ക്ഷേമയുടെ കവിതയ്ക്ക് ഈ പ്രതീതി ലഭിക്കുന്നത്. അത് രൂപത്തേക്കാൾ വചനത്തോട് ചേർന്നുനിൽക്കുന്നുവെ ന്നുപറയാം. വാക്കുകൾക്ക്‌ അർത്ഥനഷ്ടം വരുന്നു എന്ന് തോന്നുമ്പോൾ, അവ മൗനത്തിൽ ചെന്ന് വിലയിക്കുകയും ചെയ്യുന്നു. വില്യം ബ്ലെയ്ക്കിന്റെയും ആറ്റൂർ രവിവർമ്മയുടേയും ആറ്റിക്കുറുക്കിയ കവിതകളാണ് തന്റെ കവിതയുടെ രൂപം പണിയുന്നതെന്ന് കവി പറയുന്നു. കവിതയുടെ പ്രമേയ പരിസരം 'യഥാതഥ'മായിത്തീരുന്നതിൽ ആ കാവ്യപാരമ്പര്യങ്ങളും ക്ഷേമയെ സഹായിക്കുന്നുണ്ടെന്നു തീർച്ച. അതുകൊണ്ടുതന്നെ വാചാലമായ മൗനങ്ങളും അർത്ഥഗർഭമായ പ്രിസിഷനും ക്ഷേമയുടെ കവിതകളെ സ്വകീയമാക്കുന്നു.

കെട്ടുകാഴ്ചകളെ ആഘോഷിക്കുന്ന നമ്മുടെ പോസ്റ്റ്മോഡേൺ കുത്തൊഴുക്കിൽ നിന്ന് ക്ഷേമ കരചേർന്നുനിൽക്കുന്നു. ഫോട്ടോഗ്രഫിക് കാഴ്ച്ചയിൽ തുടർജീവിതം കണ്ടെത്തുന്ന, ആത്മനഷ്ടം വന്ന നമ്മുടെ ജീവിതത്തോട്, പഴയതെന്ന് തോന്നിയേക്കാവുന്ന മൂല്യസങ്കല്പങ്ങളുടെ ഉള്ളുറപ്പുകൊണ്ട് ക്ഷേമയുടെ കവിത പ്രതികരിക്കുന്നു. ഇങ്ങിനെ തന്റെ ഉൾവലിവുകളെ അകലം പാലിക്കാനുള്ള അടവും തന്ത്രവുമായി പരിണമിപ്പിക്കുന്നു. 'ജീവിതാഘോഷത്തോടുള്ള' ഈ അകന്നുനിൽക്കൽ ക്ഷേമയുടെ കവിതയിൽ ഒരു സാക്ഷീഭാവം കൊണ്ടുവരുന്നു. അങ്ങിനെയാണ് അത് തത്വചിന്താപരമാകുന്നത്. ജീവിതം ഒരു കെട്ടുകാഴ്ച്ചയായിത്തീരുകയും ആഴമില്ലായ്മ ജീവിത വ്യവഹാരങ്ങളുടെ ഭരണമേറ്റെടുക്കുകയും ചെയ്യുമ്പോൾ, സൂക്ഷ്മമായ ഒരു വിഷാദാത്മകതകൊണ്ട് അതിനെ ഭാവവൽക്കരിക്കുന്നു. അങ്ങിനെ അത് നമ്മുടെ കാലത്തിന്റെ ഹൈക്കുവായിത്തീരുന്നു.

നമ്മുടെ ആധുനികത എന്നാൽ 

സമകാലത്തോടുള്ള ഈ പ്രതിഷേധചിന്ത പാരമ്പര്യത്തിന്റെ ഏതെങ്കിലും ജീർണതകളെ പുണരുന്നതിനോ, ഭൂതകാലക്കുളിരിൽ സ്വയം മുങ്ങി മരിക്കാനോ അല്ല കവിതയെ പ്രേരിപ്പിക്കുന്നത്, മറിച്ച് മലയാളത്തിന്റെ കാവ്യപാരമ്പര്യത്തിന്റെ ശരിയായ ആധുനികതയിൽ നിന്ന് അന്നം കണ്ടെത്താനാണ്. ഇവിടെ ആധുനികത എന്നു പറയുമ്പോൾ ഏതുതരം ആധുനികത എന്ന് നിർണ്ണയിക്കുന്നത് പ്രസക്തമാണ്. കാരണം മലയാളത്തിന്റെ ആധുനികത എന്ന് പലപ്പോഴും വ്യവഹരിക്കപ്പെടുന്നത് എഴുപതുകളിലോ എൺപതുകൾക്കാദ്യമോ വികസിച്ചുവന്ന ഒരു പുനരുജ്ജീവന ആധുനികതയെയാണ്, അഗമ്യമായതിനെ ആഘോഷിച്ച ഒരു കൊളോണിയൽ അവശിഷ്ട ആധുനികതയെയാണ്. പദ്യത്തിൽ അതു കടന്നുവന്നത് കൂടുതൽ തെറ്റിദ്ധാരണ പരത്തിക്കൊണ്ടാണ്. ഗദ്യത്തിൽ കാവിയെ അത് ലജ്ജയില്ലാതെ ആഘോഷിച്ചപ്പോൾ പദ്യത്തിൽ അത് ചുവപ്പുപുതച്ചു. ഇങ്ങിനെ ചുവപ്പും കാവിയും തരാതരം ഉടുപ്പുമാറ്റിയുണ്ടായ ഒരു കൊളോണിയൽ അനുകരണ ആധുനികതയാണ് പിൽക്കാലത്തെ നമ്മുടെ ഭാഷാ ഭാവുകത്വത്തെയാകെ നിർണ്ണയിച്ചത് എന്നുപറയുമ്പോൾ പലരുടെയും നെറ്റി ചുളിയും.

ഭൂപരിഷ്കരണ നടപടികൾക്കുശേഷം സാമ്പത്തിക പ്രസക്തി നഷ്ടപ്പെട്ട ഒരു മധ്യവർഗത്തിന്റെ ഭാവുകത്വമായിരുന്നു അതെന്ന് കലാനിരൂപകൻ ആർ നന്ദകുമാർ നിരീക്ഷിച്ചിട്ടുണ്ട്. കെ ജി ശങ്കരപിള്ളയുടെ വാസ്തുനിർമിതികളും സച്ചിദാനന്ദന്റെ വൈകാരികത്തള്ളിച്ചകളും ചുള്ളിക്കാടിന്റെ ഭാഷാലീലകളും നിറഞ്ഞാടി ആനുകാലികങ്ങളുടെ സ്ഥലരാശി മുഴുവൻ അപഹരിച്ച കാലം. സമാന്തരങ്ങള്‍ തേടിയുള്ള ജഡിലതകളുടെ വിന്യാസം. ഇത്തരം ഒരു ആനുകാലികതയിൽ സ്വന്തം ഇടം കണ്ടെത്തുക എന്നത് സ്വകീയമായ രചനകൾക്ക് പ്രയാസമായിരുന്നു.

ചുവപ്പിന്റെയും കാവിയുടേയും ഈ വേഷപ്പകർച്ചകൾക്കിടയിൽ, എ അയ്യപ്പനും വി എം ഗിരിജയ്ക്കുമെല്ലാം നിരൂപക ദൃഷ്ടിയിലും ആനുകാലിക എഡിറ്റർമാരുടെ വലകണ്ണിയിലും പെടാൻ പാടുപെടേണ്ടിവന്നു. അവർ സ്വന്തം കാവ്യജീവിതത്തെ അടയാളപ്പെടുത്താൻ ഒരുതരത്തിലുള്ള ആത്‌മാഹുതിയെ വരിച്ചു. അത്രകണ്ട് മധ്യവർഗ സവർണ്ണ ഭാഷയുടെ വ്യാകരണവും വൈകാരികതയുമാണ് ഇടതുവലതു ഭേദമില്ലാതെ മലയാളം പല നിലയിൽ കൊണ്ടാടിയത്. കുഞ്ഞിരാമൻ നായരുടെ 'കവിയുടെ കാൽപാടുകളുടെ' ഭാഷാ ഭാവുകത്വത്തിന് കുട്ടികൃഷ്ണ മാരാരുടെ വ്യാകരണയുക്തി ലഭിച്ച കാലത്തോട് പ്രതിരോധിച്ചു എന്ന് സ്വയം കരുതിവശായ എഴുത്തുകാരായിരുന്നു ഇതിന്റെ സ്രാഷ്ടാക്കൾ. ഒരു സവിശേഷ 'ദേശീയതാ ഭാവന'യിൽ നിലയുറപ്പിച്ചുകൊണ്ട് ചരിത്രവും മിത്തും കൂട്ടികുഴച്ചു ബിരിയാണി വിളമ്പിയ ആധുനികതയെയാണ് ഇടതുപക്ഷ വിമർശമായി നാം കൊണ്ടാടിയത്. മുകുന്ദൻ മുതൽ ആനന്ദ് വരെയും ഈ പകിടകൾ തന്നെയാണ് കളിച്ചത് എന്ന് (കുപ്രസിദ്ധരായ നമ്മുടെ ദില്ലി എഴുത്തുകാർ) ഇന്നത്തെ ഹിന്ദുത്വ നിറപ്പകർച്ചകളുടെ പശ്ചാത്തലത്തിലുള്ള പുനർവായനകൾ വ്യക്തമാക്കിയേക്കും. ടി കെ രാമചന്ദ്രന്റെ തത്വചിന്താ ഭാരങ്ങളിലും സച്ചിദാനന്ദന്റെ ഋതുക്കൾ പിടിച്ചെടുത്ത്‌ എപ്പോഴും ഒളിവിടങ്ങൾ കണ്ടെത്തിയ മെയ്വഴക്കങ്ങളിലും കെ ജി ശങ്കരപ്പിള്ളയുടെ കണ്ണടക്കാഴ്ചകളിലും എഴുത്തിന്റെയും ജീവിതത്തിന്റെയും യഥാർത്ഥ നിയാമകങ്ങൾ എപ്പോഴും ആവിഷ്കാരം സാധ്യമാകാതെ വിതുമ്പി. ഈ നാളുകളിലാണ് തങ്ങൾക്കുമുണ്ട് ഒരു കാവ്യജീവിതം എന്ന് പതിഞ്ഞ സ്വരത്തിൽ ക്ഷേമയും രാമനും വീരാൻകുട്ടിയും അൻവറും സുരേഷും അനിതാ തമ്പിയും പറഞ്ഞു തുടങ്ങിയത്. ആധുനികതയുടെ പല നിറങ്ങളിൽ പൂത്ത, വിവർത്തന കവിതാചോരണത്തിന്റെ ഗുൽമോഹർ മരങ്ങൾക്കിടയിൽ,  തങ്ങളുടെ കവിതയുടെ ഔഷധ സസ്യങ്ങളുമായി അവർ, പാതയോരത്ത് പതറിപ്പോവാതെ സൂര്യവെളിച്ചം കണ്ടെത്തി. തങ്ങളെത്തന്നെ അത്താണികളാക്കി, വീരവാദങ്ങളോ പോർവിളികളോ നടത്താതെ, അന്തർമുഖരായി നിന്ന്, സ്വയം കണ്ടത്തുവാനുള്ള ഭവശാസ്‌ത്രത്തിന്റെ കാവ്യജീവിതവുമായി അവർ അതിജീവനം കൊണ്ടു. എന്നാൽ എല്ലാം വിഴുങ്ങുന്ന കഥകളിക്കോലങ്ങളോട് പ്രതികരിച്ചു മുന്നേറാൻ ഈ കവികൾക്ക് പ്രയാസമായിരുന്നു. കാരണം മേൽക്കോയ്മാ നാട്യം പുലർത്തിയ സാഹിത്യ പ്രസിദ്ധീകരങ്ങളുടെ വ്യവസായ മൂലധനത്തിലോ, 'മലയാള നാട്' മുതലുള്ള സമാന്തര വിപ്ലവ വായാടിത്തങ്ങളിലോ സ്വന്തം ഭാവുകത്വ പരിസരങ്ങളെ അവർക്ക് കണ്ടത്താൻ കഴിഞ്ഞില്ല. പണ്ഡിതഭാരത്താൽ ആന്ധ്യം ബാധിച്ച നിരൂപകർക്ക്  അവരെ തിരിച്ചറിയാനും  കഴിഞ്ഞില്ല.

സമാന ഹൃദയാ നിനക്കായ് കേഴുന്നേൻ..

ഈ പാരിതോവസ്ഥകളിലാണ് ക്ഷേമ കെ തോമസിനെപ്പോലുള്ള ഒരു കവി ആർജ്ജവം മാത്രം മൂലധനമാക്കി നിലനിന്നുപോന്നത്. "സമാന ഹൃദയാ നിനക്കായ്‌ കേഴുന്നേൻ" എന്ന പ്രാർത്ഥനയോടെ, വേറിട്ട ഒരു വേപഥുവായി ക്ഷേമയുടെ കവിത മാറുന്ന സാമൂഹ്യപരിസരമാണ് നാം ചർച്ച ചെയ്തത്. വാക്കുകളുടെ പ്രളയജലത്തിൽ ദൃശ്യത്തിന്റെ പ്രതിരോധം തീർത്ത അയ്യപ്പന്റെ വാസ്തുനിർമിതികൾ ഹൈവേയിൽ മുഖംപൊത്തി വീണ സന്ദർഭങ്ങളോട് പോരാടികൊണ്ടാണ്, ക്ഷേമയെപ്പോലുള്ളവർ സ്വന്തം കൊതുമ്പുവള്ളത്തെ മുങ്ങിത്താവാതെ മുന്നോട്ട് കൊണ്ടുപോയത്.

'വാക്കുകളിൽ നിന്ന് പുറത്താക്കപ്പെട്ടവർ', 'ഓർമകളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടവർ', 'ശബ്ദത്തിൽ നിന്നും കാഴ്ച്ചകളിൽ നിന്നും പുറത്താക്കപ്പെട്ടവർ' എന്നിങ്ങനെ പലവിധത്തില്‍ ജീവിതത്തിൽ നിന്നുതന്നെ പുറത്തക്കപ്പെട്ടവരായി സ്വയം തങ്ങളുടെ അസ്തിത്വത്തെ പൊയ്കയിൽ അപ്പച്ചന്റെ നിലവിളിയായി കണ്ടെത്തുന്ന കാവ്യശീലുമായി കടന്നെത്തുകയായിരുന്നു അവൾ. 'ഭൂമിയിൽ ഇങ്ങിനെയും ചിലരുണ്ട്, എവിടെയും അടയാളപ്പെടുത്താനാകാതെ ഭൂപടത്തിൽ നിന്നും പുറത്താക്കപ്പെട്ടവർ' എന്ന് ആ തിരിച്ചറിവിനെ കവിത പിന്നെയും ഒരിടത്ത് പ്രഖ്യാപിക്കുന്നു.'ഒഴുക്കിൽ നിന്ന് പിന്തള്ളപ്പെട്ടതിനാൽ നദിയെന്നോ, ഉയരങ്ങളിലെത്താനാവാത്തതിനാൽ മലയെന്നോ, അലകൾ ഇല്ലാത്തതിനാൽ കടലെന്നോ അടയാളപ്പെടുത്താനാവാത്തവർ.' 'മരിക്കാനാവാത്തതിനാൽ ജീവിക്കപ്പെട്ടവർ.' ഇങ്ങനെ തങ്ങളുടേത് നിഷ്കാസിതരുടെ ബൈബിളിൽ നിന്നുള്ള ഏടുകൾ ആണെന്നുമുള്ള ഉള്ളറിവ് ഈ തലമുറയിലെ കവികളെ ആത്മബോധത്തിലേക്ക് നയിക്കുന്നുണ്ട്. അന്ധരുടേയും ഊമകളുടേയും മുടന്തരുടേയും കോങ്കണ്ണിയുടേയും ബിബ്ലിക്കൽ ഭൂമിശാസ്ത്രം, ലൂയിസ് ബുനുവലിന്റെ 'നാസറിൻ' എന്ന സിനിമയിലെന്നവണ്ണം, ക്ഷേമ കവിതയുടെ ഭൂമിക തീർക്കുന്നു എന്നുപറയാം. തന്റെ തന്മയെ അതിശയോക്തിയോ ആവേശമോ ഇല്ലാതെ ക്ഷേമ ഇവിടെ ശരിയായി കണ്ടെത്തുന്നു.

"മനസ്സിനെ കണ്ണുകൾകൊണ്ട് വിവർത്തനം ചെയ്യാനാകാതെ പരാജയപ്പെട്ട ഒരുവളെ നിങ്ങൾ കോങ്കണ്ണി എന്നു വിളിക്കരുത് " എന്ന് കവി പറയുന്നത് ഈ ഭൂമികയിൽ നിന്നാണ്. "അവൾ ഉൾക്കാഴ്ച്ച നഷ്ടപ്പെട്ടവരുടെ പരാജയപ്പെട്ട ചരിത്രത്തെ തിരുത്തിയെഴുതുകയാണ്" എന്ന് നമ്മുടെ പോസ്റ്റ്‌മോഡേണിസം ആഘോഷിക്കുന്ന ആഴമില്ലായ്മയെ കവി വിമർശിക്കുന്നു. "അവൾ അടിയൊഴുക്കിൽപ്പെട്ട ചങ്ങാടങ്ങളെ കരയ്ക്കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്" എന്ന് ഉൾക്കാഴ്ചയുടെ ശൈവത്തെ കണ്ടെത്തുന്നു. "ഉഷ്ണജല പ്രവാഹങ്ങളെ വഴിതിരിച്ചു വിടുന്ന" ഹെർകുലിയൻ ദൗത്യത്തെ, അല്ലെങ്കിൽ ഭഗീരഥന്റെ പ്രയത്നത്തെ കവി ആവശ്യപ്പെടുന്നു. ഈ ബിബ്ലിക്കൽ ഭൂമിശാസ്ത്രം 'ഊമയിലും മുടന്തനിലും കുരുടനിലും' ആവർത്തിച്ചു വരുന്നുണ്ട്. "ഭാഷയില്ലാത്തവന്റെ സംവേദനം വിരലറുത്ത് നൽകിയവന്റെ അമ്പെയ്ത്താണ്" എന്ന് തിരസ്‌കൃതരുടെ ഈ കടന്നുവരവ് കവിത വീണ്ടും വീണ്ടും അടയാളപ്പെടുത്തുന്നു.

ഹാരപ്പൻ മൂകഭൂമിക 

ഇങ്ങനെ ലിപി നഷ്ടപ്പെട്ടു വിശദീകരിക്കാൻ കഴിയാതെ പോകുന്ന നമ്മുടെ 'ഹാരപ്പൻ മൂകഭൂമികയെപ്പറ്റി 'എഴുതപ്പെടാത്ത ലിപികളിലും' ക്ഷേമ ആലേഖനം ചെയ്യുന്നു. "എന്നെ വെളിപ്പെടുത്താനുള്ള അക്ഷരങ്ങൾക്കായി മരണത്തോളം പിടഞ്ഞുകൊണ്ട് "എന്ന് ഈ വിവരവിനിമയ കാലത്ത്, തന്നെ വെളിപ്പെടുത്താൻ പാടുപെടുന്ന കവിയുടെ പ്രകാശന പ്രതിസന്ധിയെക്കുറിച്ച് നമുക്ക് അത്ഭുതം തോന്നാം."നിനക്കെഴുതാനുള്ള ലിപികൾക്കായി പ്രപഞ്ചം മുഴുവൻ ഞാൻ അലഞ്ഞു ഒടുങ്ങി' എന്ന പ്രണയ വിമ്മിഷ്ടം എപ്പോഴും ക്ഷേമയുടെ കൂടെപ്പിറപ്പായിരുന്നു. ആത്മപീഡനത്തോളമെത്തുന്നുണ്ട് അത് പലപ്പോഴും."ദേഹമാസകലം പൊള്ളിച്ചിട്ടും ഞാനാ ലിപി കണ്ടെത്തിയില്ല" എന്നവര്‍  വിലപിക്കുന്നു."ഹിമസൂചികളെ കോശങ്ങൾ തോറുമെരിച്ചിട്ടും സൂര്യതാപത്തിലുരുകിത്തീർന്നിട്ടും എനിക്കു മുമ്പിലത് വെളിപ്പെട്ടതേയില്ല" എന്ന് അവൾ രാത്രിയിൽ ഉണർന്നിരുന്ന് ആ വെളിപാടിനായി പ്രാർത്ഥനാ നിരതയാകുന്നു. ഒടുവിൽ സൂര്യോദയത്തോടൊത്ത് അവൾ അത് കണ്ടെത്തുന്നു. "എന്നിൽ തന്നെയുള്ള ആഴങ്ങളിൽ ഓരോ നിമിഷവും നിന്നിലേക്കുള്ള വഴിയിൽ രക്തമിറ്റിച്ചുകൊണ്ട്" എന്ന് തന്റെ ദർശനത്തെ പങ്കുവെയ്ക്കുന്നു. സ്വന്തം പന്ഥാവുകളുടേയും വിശ്വാസവഴികളുടേയും സൗമ്യവും എന്നാൽ തീക്ഷ്ണവും അതേസമയം ലുബ്ധവുമായ പ്രകാശന പ്രകടനങ്ങൾ, ഇവിടെ സ്വന്തം അസ്തിത്വത്തിന്റെ രഹസ്യമായി ക്ഷേമ കണ്ടെത്തുകയാണ്. അസ്തിത്വത്തെക്കുറിച്ചുള്ള ഈ കാവ്യജ്ഞാനമാണ്, പാശ്ചാത്യ ഫെമിനിസ്റ്റ് ആലോചനകളിൽ നിന്ന് ക്ഷേമയുടെ ചിന്തയെ വേറിട്ടു സ്വകീയമാക്കുന്നത്. 

"നിന്നിലൂടെ ഞാൻ അലഞ്ഞു ഞാൻ എന്നിലേക്കുള്ള വഴി മറന്നിരിക്കുന്നു"എന്ന പ്രണയാനുഭവത്തിൽ, അവൾ തന്നിൽ മുഴച്ചു നിൽക്കുന്ന 'ഞാൻ' എന്ന ഔദ്ധത്യത്തിൽ നിന്ന് പുറത്തുകടക്കുന്നു. "നിഷേധിക്കപ്പെട്ട വഴികളിലൂടെ, ഞാൻ മഴയായ് പെയ്തൊഴുകി, മുൾവേലികളാലടച്ച കവാടങ്ങളിൽ ഇളംകാറ്റായി നൂഴ്ന്നിറങ്ങി," അവൾ തന്നിലെ യഥാർത്ഥ 'ഞാനി'ന്റെ സർവ്വവ്യാപിത്വത്തെ ഇങ്ങിനെ കണ്ടുമുട്ടുന്നു. ഈ ആത്മബോധം ആർജിക്കുക അത്ര ലളിതമാണെന്നു കരുതരുത്. "ലളിതവൽക്കരിക്കപ്പെട്ട ചോദ്യങ്ങളാൽ ഉത്തരങ്ങളെ മെരുക്കുന്നതുപോലെ കെട്ടുപിണയുന്ന വഴികളെ ഞാനെന്റെ സ്വന്തമാക്കുന്നു."ലളിതമെന്നു തോന്നുന്ന ഈ ഉള്ളുറപ്പിലെത്തിച്ചേരാൻ അത്മായനത്തിന്റെ കാൽവരി കടന്നെത്തണം എന്ന അനുഭവമാണ് കവി പങ്കിടുന്നത്. "എത്ര നടന്നിട്ടും തീരാത്ത വഴികളായി, നിബിഡമായ ഓർമത്തെരുവുകളായി, നിശബ്ദ നിമിഷങ്ങളുടെ മുൾവഴികളായി, സ്വപ്നങ്ങളുടെ ഊടുവഴികളായി." തന്നിലെ തന്നെ അറിയാൻ അലഞ്ഞ ആ ജീവിതധ്യാനത്തെ സുവ്യക്തമായി, ലളിതമായി, ആചാരവെടികളോ അലങ്കാരത്തൊങ്ങലുകളോ ഇല്ലാതെ, കാവ്യബിംബങ്ങളുടെ ചോരണമോ, വാചാലതയോ തൊട്ടു തീണ്ടാതെ,  ആറ്റിക്കുറുക്കിയ വാക്കുകളിൽ നമ്മോട് പങ്കുവെയ്ക്കുന്നു. "എന്നിലൂടെയലഞ്ഞലഞ്ഞു ഞാൻ നിന്നിലേക്കുള്ള വഴി കണ്ടെത്തിയിരിക്കുന്നു" എന്ന തത്വമസി കവി പാടുന്നു.

ദൃശ്യം പേമഴ പെയ്യുമ്പോൾ 

ദൃശ്യത്തേക്കാൾ വാക്കിനാണ് ഇവിടെ പ്രാധാന്യം. കാഴ്ച്ചയുടെ മായാവിലാസങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ധീരത 'വചനം' അവൾക്ക് നൽകുന്നു. നോട്ടങ്ങളുടേയും കാഴ്ച്ചപ്പെരുക്കങ്ങളുടേയും സമകാലത്ത് അതിനോടുള്ള പ്രതിരോധമാകുന്നുണ്ട് പലനിലയിൽ ക്ഷേമയുടെ കവിത. ക്യാമറക്കാഴ്ചകളായി മാറുന്ന ജീവിതത്തോട് കണക്കു തീർത്തുകൊണ്ടുള്ള 'ക്യാമറ' എന്ന കവിത, കാഴ്ചയുടെ യുഗത്തോട്, മറ്റൊരു സൂക്ഷ്മാനുഭവലോകം ഉണ്ടെന്ന് പറയുന്നതാണ്. "എനിക്കും നിനക്കുമിടയിലെ ദൂരം ഒരു ക്യാമറയുടേതാണ് " എന്ന് വാക്കുകൾക്ക് അർത്ഥം നഷ്ടപ്പെട്ടു കാഴ്ച്ചപ്പണ്ടമായിത്തീർന്ന ലോകത്തോട് ക്ഷേമ തുറന്നു പ്രഖ്യാപിക്കുന്നുണ്ട്. ശരിയായ കാഴ്ചയുടെ പരിപ്രേക്ഷ്യങ്ങൾ നിനക്ക് ക്യാമറ നഷ്ടപ്പെടുത്തു എന്ന് കവിത ഉപദേശിക്കുന്നു. ക്യാമറ പകർത്തുന്ന ഇമേജിൽ അറിയാതെ പതിയുന്ന ഇടങ്ങളിലേക്കാണ് കവിയുടെ കാഴ്ച്ച തെന്നി നീങ്ങുന്നത്. "സുന്ദരിയായ വെള്ളപ്രാവിന്റെ ഛായാപടത്തിൽ പതിഞ്ഞ കഴുത്തിലെ ചോരയടയാളം" കണ്ട് അവൾ ഞെട്ടുന്നു. "വെണ്മഞ്ഞിന്റെ ധവളിമയിൽ കറുത്ത വിള്ളൽ." "പഹാഡി പെൺകുട്ടികളുടെ ഛായാപടം" കാണുമ്പോൾ, "പെൺചോരയിൽ ചുവന്ന ആ പത്രത്താൾ" കവിയുടെ ഓർമ കവരുന്നു. "റോഡോഡെഡ്രോണുകളുടെ മനോഹാരിതയിൽ നുഴഞ്ഞിറങ്ങുന്ന പുഴുവിനെയും" "കുത്തിയൊഴുകുന്ന നദിയുടെ ഗാംഭീര്യത്തിൽ പകർത്താതെ പോയ ഒഴുകിവരുന്ന ശവങ്ങളേയും" അവൾ കാണുന്നു. "ക്യാമറയുടെ ചിതറിയ വെളിച്ചത്തിനും നിഴലുകൾക്കുമിടയിൽ നഷ്ടപ്പെട്ട പ്രതിബിംബങ്ങൾ ഞാൻ സ്വന്തമാക്കട്ടെ" എന്ന് ആ കുരിശിനെ ധീരതയോടെ വരിക്കുന്നു. സ്വപ്നത്തിനും യാഥാർഥ്യത്തിനുമിടയിലെ ദൂരമാണ് നമ്മുടെ കാലത്തെ സംവേദന നഷ്ടത്തിന്റെ മൂലകാരണമെന്ന് കവി കണ്ടത്തുന്നു. അങ്ങിനെ ഈ കവിത കാഴ്ചപ്പെരുക്കങ്ങളിൽ മുങ്ങി മരിച്ച നമ്മുടെ വിവരവിനിമയ സെൽഫ്‌ഡം ലോകത്തെ വിചാരണ ചെയ്യുന്നു.

നമ്മുടെ കാലത്തെ, ഒരിക്കലും പിൻവാങ്ങാനാകാത്തവിധം പിടിമുറുക്കിയ ക്യാമറക്കാഴ്ചയുടെ ഈ ഫന്റാസ്മിക് ലോകം പല കവിതയിലും ക്ഷേമ ശസ്ത്രക്രിയക്കു വിധേയമാക്കുന്നുണ്ട്. വിഷുക്കണി കാണാൻ അമ്മ കണ്ണുപൊത്തി കൊണ്ടുപോകുന്ന കുട്ടി, വിരൽപ്പഴുതിലൂടെ  കാണുന്ന പുറംലോകത്തെക്കുറിച്ചുള്ള വൈലോപ്പിള്ളിക്കവിതയുടെ യുക്തിപോലെ, കാഴ്ച്ചപ്പുറത്തെ സൂക്ഷ്മലോകത്തിലേക്ക് ക്ഷേമയുടെ കവിത എപ്പോഴും കണ്ണയക്കുന്നു.

കണ്ണാടിയിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ 

"കണ്ണാടിയിൽ നിന്ന് താൻ അപ്രത്യക്ഷമായ നിമിഷത്തെപ്പറ്റി" കവിത മന്ത്രിക്കുമ്പോൾ അതിന് കൂടുതൽ ഗഹനമായ ധ്വനികളുണ്ട്. കണ്ണാടിയിൽ ആത്മസ്വരൂപം കാണുന്ന ആദ്യാനുഭവങ്ങളെ, സ്വത്വ,തന്മകളുടെ രൂപീകരണ ഘട്ടങ്ങളെ, ലകാനിയൻ മന:ശാസ്ത്രം വിശകലനം ചെയ്യുന്നത് ഇവിടെ പ്രസക്തമാകുന്നു. അഹത്തിന്റെ രൂപീകരണ ഘട്ടങ്ങൾ പിന്നിട്ട്, പിന്നൊരു കാലത്ത് തന്നിൽനിന്ന് ആ 'ഞാൻ' നഷ്ടമായി, ഏറെ ചെല്ലുമ്പോൾ യാഥാർത്ഥ്യത്തിന്റെ സ്വരൂപമായ മറ്റൊരു 'ഞാനി'നെ കണ്ടുമുട്ടുന്ന ബോധോദയ ഘട്ടങ്ങൾ ക്ഷേമയുടെ കവിതകൾ അനാദൃശ്യമായ ലാഘവത്തോടെ ചിത്രീകരിക്കുന്നുണ്ട്. "കണ്ണാടിയിൽനിന്ന് അപ്രത്യക്ഷമായ നിമിഷത്തിലാണ് " ഞെട്ടലോടെ തന്റെ പ്രതിരൂപത്തെ തിരഞ്ഞത്.. കവി ഇവിടെ തന്റെ ആത്‌മന്വേഷണ യാത്രക്ക് തുടക്കമിടുന്നു. തുടർന്ന് രൂപാന്തരം കൈക്കൊള്ളുന്ന കാഫ്കാകാലത്തിലേക്ക് പ്രവേശിക്കുന്നു. "താൻ ചതഞ്ഞ ഈച്ചയായി മാറിയതായും, കിടപ്പുമുറിയിൽ ചിറകുകൾ നഷ്ടപ്പെട്ട ഈയാംപാറ്റയായി മാറിയതായും, രാക്കിനാവിൽ ഞെട്ടിയുണർന്ന് അലറാൻ ഒരുങ്ങിയപ്പോൾ ശബ്ദം നഷ്ടപ്പെട്ടതായും" അവൾ അറിയുന്നു. അവളുടെ നിത്യജീവിതം പലനിലയിൽ ഒരു മെറ്റമോർഫോസിസിന് വിധേയമായതായി കാണുന്നു. "രൂപവും ശബ്ദവും നഷ്ടപ്പെട്ട് പുഴുവായി രൂപാന്തരപ്പെട്ടപ്പോൾ ഇലകൾക്കിടയിൽ അഭയം തേടി" എന്ന് കവിത അവസാനിക്കുമ്പോൾ, തന്റെ സ്വത്വ നഷ്ടത്തിന് ഒരു മേതിലിയൻ പ്രകൃതി സ്വാന്തനമാകും എന്ന തിരിച്ചറിവുമായി അവൾ പുനർജനിക്കുന്നു. ഇല്ലത്തെ പീഡനപർവ്വങ്ങളിൽ അവിടുത്തെ പ്രകൃതി ജീവിതമാക്കുന്ന അന്തർജ്ജനങ്ങളുടെ പൂർവകാലങ്ങളെപ്പറ്റി ദേവകി നിലയങ്ങോട് ആഖ്യാനം ചെയ്തത് ഓർമിപ്പിക്കുന്നുണ്ട് ക്ഷേമയുടെ ഈ കവിത. നമ്മുടെ സ്ത്രീ അനുഭവങ്ങൾക്ക് പ്രകൃതി ഒരു ഔഷധമായിത്തീരുന്ന 'സീതാകാവ്യം" തന്നെയാണ് ക്ഷേമയുടെ കവിതകളും. അധികാരം പുരുഷന്റേതായി ഭവിക്കുമ്പോൾ സ്ത്രീ ഭൂമിയുടെ പിളർപ്പിൽ അപ്രത്യക്ഷമാകുന്ന സീതാരഹസ്യം ക്ഷേമയുടെ കവിത സ്വകീയമായ നിലയിൽ പറഞ്ഞുവെയ്ക്കുന്നു. ഇത്തരം അനുഭവങ്ങൾ സർറിയലിസ്റ്റ ആയ ഇമേജറി തീർക്കുന്ന സന്ദർഭവുമുണ്ട്. അസംബന്ധ നാടക സങ്കേതമായി അത് 'ഏലിയറ്റ് പ്രകൃതി' തീർക്കുന്ന നിമിഷങ്ങൾ. "പൊള്ളുന്ന മദ്ധ്യാഹ്നത്തിന്റെ മൗനവേളയിൽ കാണാതായ പെൺകുട്ടിയെപ്പറ്റിയുള്ള" കവിത ഉദാഹരണം."പാതിവെന്ത വാക്കും വാടിയ പൂക്കളും മുറിയിലുപേക്ഷിച്ച്"അവൾ പോകുന്നു. "മുലപ്പാലിന്റെ മധുരത്തിൽ നിന്ന് വന്യാസക്തിയിലേക്കുള്ള" കൂടുമാറ്റം. "തുഴയില്ലാത്ത തോണിയിൽ അവളെ കണ്ടവരുണ്ടോ" എന്ന് ബിംബം തീർക്കുന്നു. "പുഴയുടെ പൊട്ടിച്ചിരി, മേഘങ്ങൾ പോൽ അലസ നടനം, ഋതുക്കളുടെ ഭാവങ്ങൾ" എന്ന് ആ രൂപാന്തരങ്ങളെ വരച്ചിടുന്നു. "കാടിറങ്ങിയ വേട്ടനായ്ക്കൾകിടയിലോ കാമച്ചുഴിയുടെ തീക്കണ്ണുകൾക്കിടയ്‌ക്കോ അവളെ കണ്ടവരുണ്ടോ" എന്ന് കവി കാലത്തിന്റെ കഥ പറയുന്നു. 

ഇപ്രകാരം തന്നെ, ചിട്ടപ്പെടുത്തലുകളോട് മറ്റുവിധത്തിൽ കലഹിക്കുന്ന സന്ദർഭങ്ങളുമുണ്ട്. അശ്രദ്ധ എന്ന കവിത ഈ വഴിയിൽ ശ്രദ്ധേയമാണ്. നിങ്ങൾ അശ്രദ്ധ എന്ന് പേരിടുന്നത് യഥാർത്ഥത്തിൽ ചിട്ടപ്പെടുത്തിവെച്ച ജീവിതത്തിൽ ജൈവികത തേടുന്ന മനസ്സിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്ന് കവി നമ്മെ പഠിപ്പിക്കുന്നു. "ഒരു നിമിഷത്തിന്നലസവേഗത്തെ അശ്രദ്ധയെന്നു നാം വെറുതെ പേരിട്ടു." ഇങ്ങിനെ ശീതീകരിക്കപ്പെട്ട ശീലങ്ങളുടെ ഒസിഡി രോഗാവസ്ഥയിൽ നിന്ന് ചിതറിത്തെറിച്ചു പോകുന്ന നിമിഷങ്ങളാണ് കവി സ്നേഹവായ്പായും മാനുഷികതയുടെ സൂചകങ്ങളായും കണ്ടുമുട്ടുന്നത്. "തിരകൾ തീരത്തെയങ്ങിനെ പുണർന്നു പോവുന്നതശ്രദ്ധയാലാകാം. നനുത്ത വേരിന്റെ കുരുന്നു കൈകളാൽ ജലഞരമ്പിനെ ഉണർത്തിടുന്നതുമശ്രദ്ധയാലാകാം" എന്നിങ്ങനെ അശ്രദ്ധ, അക്ഷരത്തെറ്റ്, അബ്നോർമൽ എന്ന് പേരിട്ടു വിളിക്കുന്നതാണ് ജൈവമായ ജീവിത നിമിഷങ്ങൾ എന്ന് കവി തിരിച്ചറിയുന്നു. "ജലനിബിഡതയ്ക്കിടയിലിളവെയിൽ ഒളിഞ്ഞു വന്നെത്തി പതിയെ ഭൂമിയെ തഴുകിടുന്നതശ്രദ്ധയാലാകാം" എന്ന് നഷ്ടമാകുന്ന നമ്മുടെ ജൈവജീവിതം കവി വരയ്ക്കുന്നു. "നമുക്കിടയിലെ അശ്രദ്ധയെ നമ്മൾ പ്രണയമെന്നല്ലേ വിളിച്ചതിത്ര നാൾ" എന്ന് പ്രണയത്തിന്റെ മണ്മറഞ്ഞ ഒരു രസതന്ത്രത്തെ ഇവിടെ പുനരാവഹിക്കുന്നു, മാറിയ കാലം മറ്റൊരു രീതിയിലാണ് സ്ത്രീ പുരുഷ ബന്ധത്തെ ആഘോഷിക്കുന്നത് എന്ന നിലയിൽ...

ജീവിതത്തിന്റെ ഹൃദയഹാരിയായ നിമിഷങ്ങളൊക്കെ കുടുംബം, പണിസ്ഥലങ്ങൾ, ഇലട്രിക്ട്രോണിൿ-സൈബർ പ്രതലങ്ങൾ തുടങ്ങിയവ കയ്യടക്കിയ കാലത്തിന്റെ അൽഗൊരിതം എത്രമാത്രം ജീവിത വിരുദ്ധമെന്ന് ക്ഷേമയുടെ കവിതകൾ നമ്മെ ആവർത്തിച്ചോർമിപ്പിക്കുന്നു. 'വൃത്തി' എന്ന കവിതയിലും ആധുനികത ഒരു ഒസിഡി മനോഗതിയായി അധഃപതിച്ചതിനെക്കുറിച്ചാണ് പറയുന്നത്. ആധുനികതയുടെ ഈ അടുക്കും ചിട്ടയും മനോരോഗത്തോളമെത്തുന്ന സ്ഥിതി, ജീവിതം ഒരു പട്ടാളച്ചിട്ടയായിത്തീർന്ന അനുഭവം,  ക്ഷേമ കാവ്യ ഭംഗിയോടെ പകർത്തുന്നു. "വരിയോ നിരയോ തെറ്റാതെ അടുക്കിയടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ അടുക്കപ്പെടലിനാൽ ശ്വാസം മുട്ടുന്നുണ്ടാവും" എന്ന നമ്മുടെ മധ്യവർഗ ഷോകേസ് ജീവിതത്തെ പരിഹസിക്കുന്നു. "എയർകണ്ടീഷൻ മുറികളിൽ അലക്കിത്തേച്ചു വിമ്മിഷ്ടപ്പെട്ടിരിക്കുന്ന വസ്ത്രങ്ങൾ വിയർപ്പു ഗന്ധമേറ്റുണങ്ങാൻ തുടിക്കുന്നുണ്ടാകണം." "ഗ്രാനേറ്റുകളുടെ ഉടൽത്തിളക്കത്തിൽ മതിഭ്രമിച്ചു പോയ അടുക്കള, ചുളി വീഴാത്ത കിടക്ക വിരികൾ, തെളിഞ്ഞു മിന്നുന്ന ചുവരുകളും മേൽക്കൂരകളും" എല്ലാം ഇങ്ങനെ അതിന്റെ ജൈവ ജീവിതത്തിനായി വെമ്പുന്നു. കേരളീയരുടെ സമകാലത്ത് പെരുകുന്ന  ആർക്കിടെക്ച്വറൽ സ്വകാര്യതയും ശുദ്ധാശുദ്ധ ഭൂതകാലവും തീർത്ത ഈ മനോരോഗാവസ്ഥയെ കവിത ശരിക്കും കളിയാക്കുന്നു. "വൃത്തിയുടെ കൊടും തടവറയിലാക്കപ്പെട്ട മിണ്ടാപ്രാണികളേ ഒന്നു കാതോർക്കണേ" എന്ന് കവിത പരിഹസിക്കുന്നു. ഇപ്രകാരം വൃത്തിയുടെയും വെടിപ്പിന്റെയും മധ്യവർഗ ശുദ്ധാശുദ്ധങ്ങളുടെ ജാതിപ്രോക്തമായ മനോരോഗ നിലയോട് ക്ഷേമയുടെ കവിതകൾ പല നിലയിൽ കലഹിക്കുന്നുണ്ട്. മലയാളത്തിനോട് അയ്യപ്പൻ കവിത കലഹിച്ച പോലെ. 'അപകടം പിണഞ്ഞു ചോരയിൽ പതിഞ്ഞുകിടക്കുന്നവന്റെ കീശയിൽ നിന്ന് വീണു കിടക്കുന്ന അഞ്ചുറുപ്പികാ നോട്ടിൽ കണ്ണു വെയ്ക്കുന്ന' ആ പെർവെർടഡ് ആയ കാഴ്ച്ചയോട് ക്ഷേമയുടെ കവിതയും പ്രതിഷേധിക്കുന്നു. 

കവിതയുടെ ഹസ്തദീക്ഷ 

ബിരുദത്തിനു പഠിക്കുമ്പോൾ ഇടറിയ കാൽവെയ്പുകളുമായി കാമ്പസ് സന്ദർശിച്ച മലയാളത്തിലെ കവിതയുടെ ആ ചിത്രപ്പണിക്കാരന്റെ ഹസ്തദീക്ഷ ലഭിച്ചിട്ടുണ്ട് ക്ഷേമയ്ക്ക്. അങ്ങിനെ കുറഞ്ഞ വാക്കുകൾകൊണ്ട് കാവ്യശില്പം ഉണ്ടാക്കുന്ന വിദ്യ അവളും വശത്താക്കിയിട്ടുണ്ട്. ആറ്റൂരും ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ക്ഷേമയുടെ കവിതയുടെ ഭാവുകത്വവും പ്രമേയ പരിസരവും നിശ്ചയിച്ചിരുന്ന കാലമുണ്ടായിട്ടുണ്ട്. എന്നാൽ അവൾ അവരുടെ ഭാഷാ ലീലാപരതയ്‌ക്ക്‌ വഴങ്ങിക്കൊടുത്തിട്ടില്ല. കുറച്ചു കൂടി പിറകോട്ടുനടന്ന് വൈലോപ്പിള്ളിയുടേയും ഇടശ്ശേരിയുടേയും മറ്റും ആധുനികതയിലാണ് ക്ഷേമ തന്റെ കാവ്യയുക്തി കണ്ടെത്തിയത്.

കെ ടി മത്തായിയുടെ ചിത്രങ്ങൾ പോലെ നമ്മുടെ അജൈവ ജീവിതത്തിൽ പച്ചപ്പിന്റെ തുരുത്തെവിടെ എന്ന് കണ്ടെത്താനുള്ള എളിയ ശ്രമങ്ങളാണ് അവളുടെ കാവ്യജീവിതം. തന്റെ അശ്രദ്ധയുടെയും സ്വപ്‍നാടനത്തിന്റെയും മൗഢ്യത്തിന്റെയും നിഷ്കപടതയുടേയും മനസ്സിലാകായ്മകളുടേയും ജീവിതാടിത്തറകളെ അവൾ ശരിയായി തിരിച്ചറിയുന്നുണ്ട്. "രണ്ടാം വയസ്സിൽ നാവുവഴങ്ങാതെ സംസാരം പിഴച്ചു.  മൂന്നാം വയസ്സിൽ കാൽ വഴങ്ങാതെ അക്ഷരം പിഴച്ചു. എട്ടാം വയസ്സിൽ മെയ് വഴങ്ങാതെ നൃത്തം പിഴച്ചു" എന്ന് വഴങ്ങാതെ നിൽക്കുന്ന തന്റെ സ്വകീയതയെ ക്ഷേമ അവതരിപ്പിക്കുന്നു.

പക്വതയും ശില്പഭംഗിയും ഒത്തിണങ്ങിയ കവിതകൾ ഇനിയുമുണ്ട് ഈ ശേഖരത്തിൽ. വാചാലമാകാതെ വാക്കുകളുടെ പ്രിസിഷനിൽ ജീവിത സത്യങ്ങളുടെ വിഷാദ രാഗങ്ങൾ മീട്ടുന്നവയാണ് അവ. 'കീശ' അത്തരത്തിൽ കുറ്റമറ്റ കവിതയാണ്. "അഞ്ചാം വയസ്സിൽ മുഷിഞ്ഞ യൂണിഫോം കീശയിൽ കണ്ട മഞ്ചാടിക്കുരുവും കുപ്പിവളയും. ഓമനമുഖമോർത്ത് അലക്കുകല്ലിലൊരു നിമിഷമിരുന്നുപോയി" എന്ന് കവിത ഫ്‌ളാഷ്ബാക്കിന്റെ സങ്കേതം ഉപയോഗിക്കുന്നു. "പതിനഞ്ചാം വയസ്സിൽ മുഖക്കുരു കൂമ്പിയ മുഖം. ഇരുപതുകാരന്റെ കവിതയും വിപ്ലവവും." "കത്തുന്ന കണ്ണുള്ള താടിക്കാരന്റെ മുഖം" ഒരു ക്ലോസപ്പ് ഷോട്ടിലെന്നോണം കവി കാണിച്ചു തരുന്നു. ഒടുവിൽ പ്രാരാബ്ധങ്ങളുടെ കടക്കെണിയായി ഒടുങ്ങുന്ന മലയാളിയുടെ മധ്യവർഗ 'മാർക്സിയൻ' ജീവിതം കവിത നിസംഗതയോടെ വരച്ചുകാട്ടുന്നു.

സ്വന്തം കവിത എന്താണെന്ന ഒസ്യത്ത് പറയുന്നുണ്ട് 'ഒസ്യത്ത്' എന്ന കവിത. തന്റെ കവിത തന്റെ ജീവിതത്തിന്റെ ഒസ്യത്ത് തന്നെയെന്നും താൻ സ്വയം നഗ്നമാക്കും പോലെ ലജ്‌ജാവിവശയായാണ് ഓരോ ചമൽക്കാരവും  രചിക്കുന്നതെന്നും' സത്യത്തിന്റെ ആ മൺചെരാത് കവി കൊളുത്തിവെക്കുന്നു. "കവിതകൾ അയാൾക്ക് കൈമാറുമ്പോൾ അവളേറെ പരിഭ്രാന്തയായിരുന്നു, സ്വയം നഗ്നയാക്കപ്പെട്ടെന്നവണ്ണം ഉരുകിയൊലിക്കും പോലെ" എന്ന് ക്ഷേമയുടെ തലമുറ സ്വാംശീകരിച്ച വിക്ടോറിയൻ സദാചാരം ഒരു നിലയിൽ ഇവിടെ കാവ്യശീല് കൈക്കൊള്ളുന്നു. തന്റെ കവിത രക്തത്തിൽ തൊട്ടെഴുതിയതാണ് എന്നവൾ രേഖപ്പെടുത്തുന്നു."അവളുടെ ഉയിരളവും മനമളവും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട് "എന്നവൾ മൗനസമ്മതം നടത്തുന്നു. "ഇതുവരെ അവൾ മാത്രമാസ്വദിച്ച ആത്മാവിന്റെ നിറങ്ങൾ, അവൾക്കായി മാത്രം നട്ടു വളർത്തിയ ഉൾക്കാടിന്റെ പച്ചപ്പുകൾ, ഒരിക്കലും വെളിച്ചം കാണാനരുതാത്ത മയിൽപ്പീലി രഹസ്യങ്ങൾ" എന്നിങ്ങനെ സ്വന്തം സ്വകാര്യതയെത്തന്നെയാണ് കവിതയിലൂടെ തുറന്നിടുന്നത്. ഫ്രോയിഡിയൻ ഭാഷയിൽ തന്റെ സെക്സ്ഷ്വാലിറ്റിയെ തന്നെയാണ് ക്ഷേമ ഇവിടെ കാവ്യമാക്കി രാസമാറ്റം നടത്തുന്നത്.

വിശകലനത്തിൽ അർത്ഥനഷ്ടം വരും എന്ന ഭയത്താൽ ഗഹനമായ ജീവിത സത്യങ്ങളെ തത്വചിന്താവൽക്കരിക്കുന്ന വീടു വിൽക്കുമ്പോൾ, ആരാച്ചാരിണി, എലികൾക്ക് ആര് മണികെട്ടും, തീവണ്ടിയെക്കുറിച്ച് ചിലത്, ചരിത്രവും സസ്യശാസ്ത്രവും, മൂടൽമഞ്ഞിൽ, സെല്ലുലാർ ജയിൽ, ആത്‍മഹത്യ - റിയാലിറ്റി ഷോ, ധനുഷ്‌കോടി, സാക്ഷിമൊഴി, അവർ, കാണാത്ത ചങ്ങാതിക്ക്‌, ഘടികാരങ്ങൾ അറിയാത്തത്, ഗോമുഖം, ഡോഡിത്താൻ വിവാഹിത, ചിലന്തി തുടങ്ങിയ കവിതകൾ അനുവാചകരുടെ ആസ്വാദനത്തിനു വിടുന്നു.

ഒട്ടും വാചാലമാകാതെ വർത്തമാനത്തിന്റെ തത്വചിന്ത കൊത്തുന്ന ക്ഷേമയുടെ കവിതകളെക്കുറിച്ച് ഇനിയും വിശകലനപരമായ വാചാലത കൈക്കൊള്ളുന്നത് ഒരു പക്ഷേ നീതിയായിരിക്കില്ല. കാരണം ഈ കവിതകൾ മൗനത്തിന്റെ നിലവിളികളാണ്. ധ്യാന നിമിഷങ്ങളുടേതാണ്. കുറുക്കിവെച്ച ഔഷധക്കൂട്ടുപോലെയാണ്. കോങ്കണ്ണിക്കും കുരുടനും മുടന്തനും കള്ളനും കാണാത്ത ചങ്ങാതിക്കും സാക്ഷിമൊഴി പറയുന്ന ബിബ്ലിക്കൽ ഭൂമികയാണ്. "ജീവന്റെ ഈ വൃക്ഷത്തിൽ നിന്നും തിരിച്ചറിവിന്റെ കനി ഭക്ഷിച്ചു മനുഷ്യരെ പോലെയാകണമേ" എന്ന് പൗരോഹിത്യത്തെ വെല്ലുവിളിക്കുന്നതാണ്. "മരണപ്പെട്ട പ്രണയങ്ങൾ ഹൃദയത്തിന്റെ സെമിത്തേരിയിൽ അടക്കപ്പെടുമ്പോൾ ഒരു പിടി മുള്ളുകൾ വേദനകളുടെ ഞായറുകൾക്ക്" സമർപ്പിക്കുന്നവയാണ്. "അടിമകളുടെ ചോര ചിന്തിയ, അധികാര മോഹികളുടെ കാൽപ്പാടുകൾ വീണ, പ്രണയിനികളുടെ കണ്ണീരിൽ കുതിർന്ന, ചിതലരിച്ച കാലങ്ങൾ വീണുറങ്ങുന്ന, ഭരണാധികാരികളുടെ തലയോടുകൾ ചിതറിയ, ചോരയുടെ മണമുള്ള ചരിത്ര പുസ്തകത്തിനു" പകരം "സസ്യശാസ്ത്രം" തെരഞ്ഞെടുത്തതാണ്. മനുഷ്യരുടെ ലോകത്ത് നിന്ന് മരങ്ങളുടേയും സസ്യങ്ങളുടേയും ലോകത്തിൽ ജീവിതം കണ്ടെത്തിയ സുഗതകുമാരിക്കൂറുള്ള കവിതാപുസ്തകമാണ്. "ഇല ഞരമ്പുകളുടെ മൗനത്തിലേക്ക്, സസ്യകോശങ്ങളുടെ ജീവനിലേക്ക്‌, മഷിത്തണ്ടുകളുടെ ധവളിമയിലേക്ക്, ഇലമുളച്ചികളുടെ സ്ത്രൈണതയിലേക്ക്," അത് കൂടുവിട്ട് കൂടുമാറുന്നു. പുരുഷന്റെ ചരിത്രത്തിൽ നിന്ന് പ്രകൃതിയുടെ നൈസർഗികതയിലേക്കും പച്ചപ്പിലേക്കും അപ്രത്യക്ഷയായ സീത ഭൂമിയുടെ പിളർപ്പിൽ ആണ്ടിറങ്ങുമ്പോൾ വിള്ളലുകളിൽ നിന്ന് ഒസ്യത്തായി നൽകിയ 'കവിതയുടെ ഇലമുളച്ചികൾ.' തീർച്ചയായും കവിയ്ക്ക് അഭിമാനിക്കാം കവിയായി പിറപ്പു ലഭിച്ചതിന്....ശുഭം.

Contact the author

P P Shanavas

Recent Posts

Criticism

ഒലീവ് മരത്തണലിലിരുന്നു വായിക്കുമ്പോള്‍- ഡോ ഇന്ദിരാ ബാലചന്ദ്രൻ

More
More
Mehajoob S.V 2 years ago
Criticism

ലീഡര്‍ കെ കരുണാകരന്‍ തഴയപ്പെട്ടുതുടങ്ങിയത് എങ്ങനെയാണ്?- എസ് വി മെഹജൂബ്

More
More
Dr. Anil K. M. 2 years ago
Criticism

ബാല്യകാലസഖി: കരുണയുടെ പാഠങ്ങള്‍ - പ്രൊഫ. അനില്‍ ചേലേമ്പ്ര

More
More
Gafoor Arakal 3 years ago
Criticism

ബെന്യാമിന്റെ ആടിനെ പട്ടിയാക്കരുത് - ഗഫൂര്‍ അറക്കല്‍

More
More
Gafoor Arakal 3 years ago
Criticism

മഞ്ഞയുടെ ഉന്‍മാദത്തിനിടെ ഉറഞ്ഞുകൂടുന്ന ചുവപ്പാണ് 'പിഗ്മെന്‍റ്'- ഗഫൂര്‍ അറയ്ക്കല്‍

More
More
Nadeem Noushad 3 years ago
Criticism

ഉമ്പായി: ഗസലില്‍ വസന്തം തീര്‍ത്ത ഒരാള്‍ - നദീം നൗഷാദ്

More
More