ഉമ്പായി: ഗസലില്‍ വസന്തം തീര്‍ത്ത ഒരാള്‍ - നദീം നൗഷാദ്

ഉറുദു ഗസലുകളുടെ ആരാധകരാണ് കൊച്ചിയിലെയും മലബാറിലെയും സംഗീത പ്രേമികള്‍. ബീഗം അക്തര്‍, മെഹദി  ഹസ്സന്‍, ജഗ്ജിത് സിംഗ് എന്നിവരുടെ ഗസലുകള്‍ പാടുന്ന സംഗീത സദസ്സുകള്‍  ഇവിടങ്ങളില്‍ ഉണ്ട്. നാല്‍പ്പതുകളില്‍ തുടങ്ങി എണ്‍പതുകള്‍ വരെ  സജീവമായ സംഗീത ക്ലബ്ബുകള്‍ ഈ ഗസലുകളെ കൂടുതല്‍ പരിപോഷിപ്പിച്ചു. ഏതാണ്ട് ഇതേ കാലത്ത് തന്നെയാണ് ഉര്‍ദു ഗസലുകളെ പോലെ മലയാളം  ഗസലുകളും അവതരിപ്പിക്കണം എന്ന ചിന്ത ചില ഗായകരില്‍ നിന്നുണ്ടായത്. മലബാറില്‍ നജ്മല്‍ബാബു, സത്യജിത് എന്നിവര്‍ അതിനെ പറ്റി ചിന്തിച്ചു തുടങ്ങിയപ്പോള്‍ കൊച്ചിയില്‍ ഉമ്പായിയും തൃശൂരില്‍ ഫിലിപ്പ് ഫ്രാന്‍സിസും അതേ രീതിയില്‍ ചിന്തിച്ചു. എന്നാല്‍  ഉമ്പായിക്ക് മാത്രമാണ് അതിനെ ഗൌരവമായി മുന്നോട്ടു കൊണ്ടുപോവാനും അത് യാഥാര്‍ത്യമാക്കാനും കഴിഞ്ഞത്.  

ചലച്ചിത്ര ഗാനങ്ങള്‍ ഗസല്‍ രൂപത്തില്‍ പാടിക്കൊണ്ട് തുടക്കമിട്ടത് എം. എസ്.  ബാബുരാജ് ആയിരുന്നു. തന്‍റെ  സിനിമാഗാനങ്ങള്‍ അദ്ദേഹം  സ്വകാര്യ മെഹ്ഫിലുകളില്‍ പാടി. പ്രാണസഖി, കണ്ണീരും സ്വപ്നങ്ങളും, അനുരാഗ നാടകത്തില്‍, സുറുമ എഴുതിയ മിഴികളേ, ഇന്നലെ മയങ്ങുമ്പോള്‍  തുടങ്ങിയ പാട്ടുകള്‍ പാടി അദ്ദേഹം മലയാള ഗസലുകളുടെ  സാധ്യതകളെ തുറന്നു വിട്ടു.  ജനങ്ങളുടെ ഇടയിലിരുന്ന് പാടിയത് കൊണ്ട് അവരുടെ അഭിരുചി അറിയാനും തന്‍റെ പാട്ടുകള്‍ അവര്‍ സ്വീകരിക്കുന്നുണ്ടോ എന്നറിയാനും അദ്ദേഹത്തിന്  സാധിച്ചു. ബാബുരാജിനു ശേഷം നജ്മല്‍ ബാബുവിലൂടെയും സത്യജിതിലൂടെയും അത് തുടര്‍ന്നു. സത്യജിതായിരുന്നു അതില്‍ കൂടുതല്‍ മുഴുകിയിരുന്നത്. തന്‍റെ പിതാവ് കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടിയ 'മായരുതേ വനരാധേ'.., നീയെന്തറിയുന്നു നീലതാരമേ, പാടൂ പുല്ലാങ്കുഴലേ എന്നീ പാട്ടുകള്‍ സത്യജിത് ഗസല്‍ രൂപത്തില്‍ അവതരിപ്പിച്ചു. പാട്ടില്‍ മനോധര്‍മ്മം പ്രയോഗിക്കുന്നതില്‍ സത്യജിത്ത് അസാമാന്യ കഴിവ് പ്രകടിപ്പിച്ചു. ഒരു പാട്ട് തന്നെ പല രീതിയില്‍ പാടി അത് തന്‍റെതാക്കി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത്പോലെ തന്നെയായിരുന്നു നജ്മല്‍ ബാബുവും. സത്യജിത് മലബാറില്‍ ഒതുങ്ങി നിന്നപ്പോള്‍ നജ്മല്‍ ബാബു കേരളത്തില്‍ എല്ലായിടത്തും ഗള്‍ഫിലും പരിപാടികള്‍ നടത്തി.

കൊച്ചിയില്‍ പാട്ടിനെ ജനകീയമാക്കിയത് സംഗീത പ്രേമികള്‍  സ്നേഹത്തോടെ ഭായ് എന്ന് വിളിക്കുന്ന മെഹബൂബായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഉമ്പായിയും. തബലിസ്റ്റ് ആയിരുന്ന ഉമ്പായിയോട് മുംബൈയില്‍ പോയി തബല പഠിക്കണമെന്ന് പറഞ്ഞത് മെഹബൂബാണ്. മകന്‍ സംഗീതവുമായി നടക്കുന്നതില്‍ താല്പര്യമില്ലായിരുന്ന ഉമ്പായിയുടെ പിതാവ് മകന്‍  മുംബൈയില്‍ പോയി ജോലി ചെയ്തു ജീവിക്കട്ടെ എന്ന് കരുതി അവിടെയുള്ള തന്‍റെ ബന്ധുവിന്‍റെ അടുത്തേക്ക് അയച്ചു. പക്ഷെ മുംബൈയില്‍ എത്തിയ ഉമ്പായിക്ക് തന്‍റെ ഉള്ളിലുള്ള  സംഗീതത്തെ ഉപേക്ഷിക്കാനായില്ല. ഹിന്ദി സിനിമാ ഗാനങ്ങള്‍ പാടി ചെറിയ സദസ്സുകളെ അദ്ദേഹം കയ്യിലെടുത്തു. കൂടാതെ മുനവറലി ഖാന്‍ന്‍റെ കീഴില്‍  ഏഴ് വര്‍ഷം സംഗീതവും  പഠിച്ചു. അലച്ചിലിന്‍റെയും  കഷ്ട്പ്പാടുകളുടെയും നാളുകള്‍ക്ക് വിരാമമിട്ട്  കൊച്ചിയില്‍ തിരിച്ചെത്തിയപ്പോള്‍  ഉമ്പായിയുടെ  സ്വരത്തിന് പക്വത കൈവന്നിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അബാദ് പ്ലാസയില്‍  പാട്ടുകാരനായി.  

ഒരിക്കല്‍ ഡല്‍ഹിയില്‍ എം പി മാര്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ പാടാന്‍ അവസരം ലഭിച്ചു. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ അദ്ദേഹത്തോട് മലയാളം പാട്ടുകള്‍ പാടാന്‍ ആവശ്യപ്പെട്ടു. പരിപാടിക്ക്  ശേഷം എം. പി. മാരായ എം. എ. ബേബിയും  കെ. വി. തോമസും മലയാളം കവിതകള്‍  ഗസലുകളാക്കി അവതരിപ്പിച്ചുകൂടെ  എന്ന് ചോദിച്ചു. ഇത് നല്ല ആശയമാണെന്ന് ഉമ്പായിക്ക് തോന്നി. മുമ്പ് ഇതേക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും അന്നുമുതല്‍  മലയാളം ഗസല്‍ എന്ന ആശയത്തെ അദ്ദേഹം ഗൌരവപരമായി സമീപിക്കാന്‍ തുടങ്ങി. പിന്നെ കവിതകള്‍ കിട്ടാന്‍  വേണ്ടിയുള്ള ശ്രമമായി. പക്ഷെ അറിയപ്പെടുന്ന കവികളാരും അധികം അറിയപ്പെടാത്ത  ഗായകന്  കവിതകള്‍ കൊടുക്കാന്‍ തയ്യാറായില്ല. ഉമ്പായി പാടുന്ന ഹോട്ടലിലെ ജോലിക്കാരന്‍  കവിയായ വേണു വി. ദേശത്തെ പരിചയമുണ്ടായിരുന്നു. വേണു വി. ദേശം ഉമ്പായിക്ക്  വേണ്ടി എഴുതാന്‍ തയ്യാറായി. അങ്ങനെ 'പ്രണാമം' എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം ഇറങ്ങി. അത് പുറത്തുവരുമ്പോള്‍  ഒരു പാട് ചോദ്യങ്ങളും സംശയങ്ങളും അദ്ദേഹം നേരിട്ടിരുന്നു. ഉര്‍ദുവിനെ പോലെ സംഗീതത്തിന് എളുപ്പം വഴങ്ങുന്ന  ഭാഷയല്ല മലയാളം. ഉച്ചാരണത്തില്‍ ഉറുദുവിന്‍റെ  സൌന്ദര്യവും മലയാളത്തിനില്ല. മുമ്പ് ഗസലുകള്‍ വന്ന ചരിത്രവും ഇല്ല. സംസ്കൃത പദങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്ന  മലയാളം പാട്ടില്‍ ഗ്രാമീണ പദങ്ങളുടെ ലാളിത്യവും സൌന്ദര്യവും കൊണ്ടുവന്നത് പി. ഭാസ്കരന്‍ ആയിരുന്നു. അത്കൊ ണ്ട് അദ്ദേഹം എഴുതിയ പാട്ടുകളാണ് ഗസലുകള്‍ ആയി പാടാന്‍ എല്ലാവരും തിരഞ്ഞെടുത്തിരുന്നത്. ഉമ്പായി പാടി തുടങ്ങിയതും പി ഭാസ്കരന്‍റെ ഗാനങ്ങള്‍ തന്നെ. ഒരു പുഷ്പം  മാത്രം, ഇന്നലെ മയങ്ങുമ്പോള്‍, സുറുമ എഴുതിയ മിഴികളേ  എന്നിവ  അദ്ദേഹം തന്‍റെതായ രീതിയില്‍ ആലപിച്ചു.   

പ്രണാമം വിജയിക്കുമൊ എന്ന ആശങ്ക മിക്കവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആല്‍ബം  നല്ല അഭിപ്രായം നേടി. 'എത്ര സുധാമയമായിരുന്നാ ഗാനം', 'തേടിയലഞ്ഞു ഞാന്‍ തേങ്ങലോടെ',ഘനസാന്ദ്രമീ രാത്രി പാടുന്നു, ഒരുനോക്കു കാണുവാനായി  എന്നീ ഗാനങ്ങള്‍ മികച്ചു നിന്നു.  പിന്നീട് വന്നത് യൂസഫലി കേച്ചേരി എഴുതിയ ഗസല്‍ മാലയാണ്. അതോടെ മലയാള ഗസല്‍ വേരുപിടിച്ചു തുടങ്ങി.  അതിലെ  പാട്ടുകള്‍ ആസ്വാദകര്‍ തേടിപ്പിടിച്ച് കേട്ടു. 'വീണ്ടും പാടാം സഖി നിനക്കായ്‌ വിരഹഗാനം ഞാന്‍', 'അര്‍ദ്ധനിശയില്‍ സൂര്യനെ പോലെ', 'സുനയനേ സുമുഖീ', 'നിലാവേ കണ്ടുവോ നീ' എന്നിവ ആസ്വാദകര്‍ വളരെ വേഗം ഇഷട്ടപ്പെട്ടു. എന്നാല്‍ പാട്ടുകള്‍ കൂടുതല്‍  ജനകീയമായി വരാന്‍ വീണ്ടും കുറച്ച് വര്‍ഷങ്ങളെടുത്തു. വളരെ സാവധാനമായിരുന്നു മലയാളം ഗസലിനോടുള്ള  പ്രിയം വര്‍ധിച്ചു വന്നത്. മലയാളിക്ക് തീരെ പരിചിതമായിരുന്നില്ല ഈ ഗാനരൂപം എന്നതായിരുന്നു കാരണം.  ഇതായിരുന്നു  ഉമ്പായി നേരിട്ട പ്രധാന  വെല്ലുവിളിയും. മാത്രമല്ല യേശുദാസ് പാടിയ സിനിമാ പാട്ടുകള്‍ മാത്രമാണ് സംഗീതം എന്ന് വിശ്വസിച്ചിരുന്ന ഭൂരിഭാഗം മലയാളികളെ ആ  ശീലത്തില്‍ നിന്ന് മാറ്റിയെടുക്കുക എളുപ്പമായിരുന്നില്ല. വളരെ കുറച്ച് സന്ദര്‍ഭങ്ങളില്‍  ഒഴികെ മലയാളത്തിലെ സിനിമാ പാട്ടുകളില്‍ ശബ്ദവൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍  സംഗീത സംവിധായകര്‍ തയ്യാറായിരുന്നില്ല. അതായിരുന്നു  യേശുദാസ്ന്‍റെ ശബ്ദത്തിന് മലയാളികള്‍ അടിമപ്പെടാന്‍ അതും കാരണമായി. 

യൂസഫലി കേച്ചേരി,  ഒ .എന്‍. വി, സച്ചിദാനന്ദന്‍, വേണു വി ദേശം എന്നിവരുടെ കവിതകളാണ് ഉമ്പായി ഗസലുകളാക്കി അവതരിപ്പിച്ചത്. ഇവരുടെ കവിതകള്‍ എല്ലാം യഥാര്‍ത്ഥത്തില്‍ ഗസലുകളായിരുന്നോ അതിന്‍റെ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന തര്‍ക്കം നിലനില്‍ക്കുന്നു. ഏതായാലും  ഉമ്പായി ഈ കവിതകള്‍ക്ക് പുതിയ ഭാവതലം നല്‍കി. അദ്ദേഹത്തിന്‍റെ ആലാപനമാണ് അതിനെയെല്ലാം ഗസലുകളാക്കി മാറ്റിയതെന്ന് പറയാം. അല്ലാതിരുന്നെങ്കില്‍ അവ വെറും കവിതകളായി മാത്രം നിലനില്‍ക്കുമായിരുന്നു. മലയാളത്തില്‍ ഗസല്‍ അവതരിപ്പിച്ച് വിജയിപ്പിച്ചു എന്നതാണ് സംഗീത രംഗത്ത് ഉമ്പായിയുടെ സംഭാവന. ഉമ്പായ് വെട്ടിതെളിയിച്ച ഈ വഴിയിലൂടെയാണ് പിന്നീടുള്ള ഗായകര്‍ സഞ്ചരിച്ചത്.

ഗസലുകള്‍ പാടി ഫലിപ്പിക്കുക പൊതുവേ പ്രയാസകരമാണ്; മലയാളം  ഗസലുകളുടെ കാര്യം അതീവ ദുഷ്കരവും. പ്രിയപെട്ടവരോട് സംസാരിക്കുക എന്നാണ് ഗസല്‍ എന്ന പദത്തിന് അര്‍ഥം. അപ്പോള്‍ ആലാപനത്തിലും അത് കൊണ്ടുവരണം. വരികളുടെ അര്‍ഥം അറിഞ്ഞ് ഭാവം ഉള്‍ക്കൊണ്ട്‌ മനോധര്‍മ്മം പ്രയോഗിച്ചു പാടാന്‍ കഴിയണം. മധുരമായ സ്വരവും  സ്വന്തമായ ശൈലിയും മനോധര്‍മം പ്രയോഗിക്കാനുള്ള അപാരമായ വൈദഗ്ദ്യവും ഉമ്പായിക്ക് ഉണ്ടായിരുന്നു. ബാബുരാജിന്‍റെയും  മറ്റും സിനിമാ ഗാനങ്ങള്‍ ഗസലുകളായി അവതരിപ്പിച്ച അനുഭവും അദ്ദേഹത്തിന് മുതല്‍കൂട്ടായി. ചിട്ടവട്ടങ്ങളില്‍  ഒതുങ്ങി നില്‍ക്കുന്ന ചലച്ചിത്ര ഗാനങ്ങള്‍  മാത്രം കേട്ടു ശീലിച്ച മലയാളിയെ ഗസല്‍ കേള്‍വി ശീലത്തിലേക്ക് കൊണ്ട് വരാന്‍  ഉമ്പായിക്ക് കഴിഞ്ഞു. സിനിമയില്‍ പാടുകയോ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി ഇരിക്കുകയോ ചെയ്യാതെ തന്‍റെ സംഗീതത്തെ ഗൌരവമായി സമീപിച്ചു എന്നതാണ് അദ്ദേഹത്തെ മറ്റു ഗായകരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. ഉമ്പായി തുടക്കം കുറിച്ച മലയാള ഗസല്‍ പുതിയ തലമുറയിലെ ഗായകര്‍ കൂടുതല്‍ കരുത്തോടെ ഇപ്പോഴും  മുന്നോട്ടു പോവുന്നു.

Contact the author

Nadeem Noushad

Recent Posts

Criticism

ഒലീവ് മരത്തണലിലിരുന്നു വായിക്കുമ്പോള്‍- ഡോ ഇന്ദിരാ ബാലചന്ദ്രൻ

More
More
Mehajoob S.V 2 years ago
Criticism

ലീഡര്‍ കെ കരുണാകരന്‍ തഴയപ്പെട്ടുതുടങ്ങിയത് എങ്ങനെയാണ്?- എസ് വി മെഹജൂബ്

More
More
Dr. Anil K. M. 2 years ago
Criticism

ബാല്യകാലസഖി: കരുണയുടെ പാഠങ്ങള്‍ - പ്രൊഫ. അനില്‍ ചേലേമ്പ്ര

More
More
P P Shanavas 2 years ago
Criticism

ക്ഷേമ കെ തോമസിന്റെ കാവ്യജീവിതത്തെ വിലയിരുത്തുമ്പോൾ - പി പി ഷാനവാസ്‌

More
More
Gafoor Arakal 3 years ago
Criticism

ബെന്യാമിന്റെ ആടിനെ പട്ടിയാക്കരുത് - ഗഫൂര്‍ അറക്കല്‍

More
More
Gafoor Arakal 3 years ago
Criticism

മഞ്ഞയുടെ ഉന്‍മാദത്തിനിടെ ഉറഞ്ഞുകൂടുന്ന ചുവപ്പാണ് 'പിഗ്മെന്‍റ്'- ഗഫൂര്‍ അറയ്ക്കല്‍

More
More