മഞ്ഞയുടെ ഉന്‍മാദത്തിനിടെ ഉറഞ്ഞുകൂടുന്ന ചുവപ്പാണ് 'പിഗ്മെന്‍റ്'- ഗഫൂര്‍ അറയ്ക്കല്‍

ഒരേ ദിവസം ജനിച്ച രണ്ട് സ്ത്രീകളുടെ കഥയാണ് ഈ നോവലിൽ എന്ന് കെ. ആർ മീര പറഞ്ഞപ്പോൾ 'പിഗ്മെന്‍റ് ' ഒരു ലെസ്ബിയൻ നോവലാണോ എന്ന ഒരു വിചാരം മിന്നലുപോലെ കടന്നുപോയി. ആദ്യ അധ്യായം വായിച്ചപ്പോൾ 1999 ൽ പുറത്തിറങ്ങിയ വിശ്വവിഖ്യാതമായ ഇറാനിയൻ സിനിമയായ 'ടൂ വിമൻ' ഒർമ്മവന്നു. അതിൽ ഒരു സിവിൽ എഞ്ചിനിയറായ ഫെമിനിസ്റ്റും റോയ എന്ന കുടുംബിനിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണുള്ളത്. എന്നാൽ പിഗ്മെന്റ് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ദലിത് യുവതിയായ കാദംബരി എന്ന ആർട്ടിസ്റ്റും ആബിദ എന്ന വീട്ടമ്മയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിന്റെ ഉള്ളറകളാണ് നോവലിന്റെ ഇതിവൃത്തം. വാസ്തവത്തിൽ ഇത് രണ്ടും ഒരു സ്ത്രീ തന്നെയാണ്. ഒരു സ്ത്രീയെ അറിഞ്ഞാൽ എല്ലാ സ്ത്രീകളേയും അറിഞ്ഞു എന്ന സാമാന്യവൽക്കരണമല്ല ഞാൻ  ഉദ്ദേശിക്കുന്നത്. മറിച്ച്  സ്ത്രീകള്‍ എന്നനിലയിൽ മട്ടാഞ്ചേരിയിലെ ആർട്ടിസ്റ്റും കിനാലൂർ എസ്റ്റേറ്റിലെ ഒരു തറവാട്ടിൽ കുടുങ്ങിപ്പോയ ആബിദയും ഒരു പോലെ  അവമതിക്കപ്പെടുന്നു.

പ്രഥമ സി.എൻ കരുണാകരൻ അവാർഡും ലളിത കലാ അക്കാദമി അവാർഡും നേടിയിട്ടുള്ള അശാന്തൻ എന്ന ദലിത് ആർട്ടിസ്റ്റിന് കൊച്ചി ദർബാർ ഹാൾ തുറന്നുകൊടുക്കാതിരുന്നതും അദ്ദേഹത്തിന്റെ മൃതദേഹത്തോട് പോലും അനാദരവ് കാണിച്ചതുമായ സ്ഥലം തന്നെയാണ് കൊച്ചിയെന്ന മലയാളികളുടെ മെട്രോനഗരം. അവിടെ കാദംബരി ഒരു സ്വത്വപ്രശ്നവും നേരിടുന്നില്ല എന്നത് ഒരു അതിശയോക്തിയായി തോന്നാമെങ്കിലും ആ കഥാപാത്രം പൊരുതുന്നതും കിതക്കുന്നതും നമുക്ക് അനുഭവഭേദ്യമാവുന്നുണ്ട്.

ഷബ്ന വളരെ സാമർത്ഥ്യത്തോടെ, തഴക്കംവന്ന എഴുത്തുകാരിയെപ്പോലെ പരുക്കൻ യാഥാർത്ഥ്യങ്ങൾ പറയുമ്പോൾ ഭാഷയിലെ ആലങ്കാരികതകളൊക്കെ ഉപേക്ഷിക്കുകയും പ്രകൃതിയിലെയും സ്ത്രീ ശരീരത്തിലെയും മായാജാലങ്ങൾ വിവരിക്കുമ്പോൾ ആലങ്കാരികതയുടെ ചിറകുകൾ കടമെടുക്കുകയും ചെയ്യുന്നു.

ആബിദയുടെ പിതാവിന്റെ കുടിയാനാണ് കാദംബരിയുടെ പിതാവായ രാജൻ. അവർ തമ്മിലുള്ള ബന്ധം തകഴിയുടെ കയറിലെ ജന്മികുടിയാൻ ബന്ധം പോലെ സൗഹൃദപരമാണ്. കയറിൽ ഉദ്യോഗസ്ഥരാണ് സംഘർഷമുണ്ടാക്കുന്നത് എങ്കിൽ പിഗ്മെന്റിൽ കൃഷി നഷ്ടമാണ് എന്ന് കണ്ടെത്തുന്ന പുതുതലമുറയാണ് വില്ലൻമാർ. കീടനാശിനിയും രാസവളവും അന്തകവിത്തും അകത്താക്കുന്ന മലയാളിക്ക് വയലുകളേക്കാൾ ആവശ്യം ആശുപത്രികളും ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുമാണെന്ന് പുതിയ തലമുറ തിരിച്ചറിയുന്നു. സങ്കീർണ്ണമായ കച്ചവടതന്ത്രങ്ങൾ ലളിതയുക്തിയുടെ കൃഷിയെ വിഴുങ്ങുന്നു. അതോടെ കുടിയാനായ രാജൻ മനോവിഭ്രാന്തിയിലകപ്പെട്ട് മനസ്സിൽ കൃഷിചെയ്യാൻ തുടങ്ങുന്നു.

കിനാലൂർ എസ്റ്റേറ്റിലെ ഏകവിള (റബ്ബർ) സമ്പ്രദായം എങ്ങനെയാണ് പ്രകൃതിയെ നശിപ്പിച്ചത് എന്ന് ഷബ്ന തന്റെ നോവലില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രകൃതിയും സ്ത്രീയും ഒന്നാണ് എന്ന മതാത്മകമായ ഫ്യൂഡൽ കാൽപ്പനികതയെ പുനരുദ്ധരിക്കാനുള്ള ശ്രമമല്ല ഈ നോവലിൽ പ്രകടമാക്കുന്നത്. മറിച്ച് പ്രകൃതിയിലുണ്ടാവുന്ന മാറ്റം മനുഷ്യനടക്കമുള്ള എല്ലാ പ്രാണികളേയും ബാധിക്കുന്നതെങ്ങനെ എന്ന് വരച്ചിടാനാണ്. അതുകൊണ്ടാണ് കൃഷിയിടത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട രാജന് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്.

പിഗ്മെന്റ് എന്നാൽ നിറമാണ്. അതിനാൽ ഈ നോവലിന്റെ നിറമെന്താണ് എന്ന് ഓരോ വായനക്കാരനും അറിയാതെ അന്വേഷിച്ചുപോകും. നോവലിൽ കാദംബരി ബാക്കിവെക്കുന്നത് ഉൻമാദം നിറഞ്ഞ 'ഭ്രാന്തിന്റെ മഞ്ഞ' ആണെങ്കിലും വാസ്തവത്തിൽ ഇതിൽ നിറയെ ചുവപ്പാണ്. ആർത്തവ രക്തത്തിന്റെ, പ്രസവത്തിന്റെ, മരണത്തിന്റെ കട്ടച്ചുവപ്പ്. അതുകൊണ്ടുതന്നെ പുസ്തകം അടച്ചുവെച്ചാലും മനസ്സ് പിന്നെയും ജീവൻ കൊതിച്ച് തുടിച്ചുകൊണ്ടേയിരിക്കും. ഭ്രാന്ത് പിടിച്ച ഒരു മഞ്ഞനിറം നമുക്ക് ചുറ്റും പിച്ചവെച്ചുതുടങ്ങും. മഞ്ഞയുടെ ഉന്‍മാദത്തിനിടെ ഉറഞ്ഞുകൂടി യാഥാര്‍ത്ഥ്യമായിത്തീരുന്ന ചുവപ്പാണ് നോവലിന്റെ സ്ഥായിനിറമെന്ന് ഒടുക്കം വായനക്കാരന്‍ തിരിച്ചറിയും.

Contact the author

Recent Posts

Criticism

ഒലീവ് മരത്തണലിലിരുന്നു വായിക്കുമ്പോള്‍- ഡോ ഇന്ദിരാ ബാലചന്ദ്രൻ

More
More
Mehajoob S.V 2 years ago
Criticism

ലീഡര്‍ കെ കരുണാകരന്‍ തഴയപ്പെട്ടുതുടങ്ങിയത് എങ്ങനെയാണ്?- എസ് വി മെഹജൂബ്

More
More
Dr. Anil K. M. 2 years ago
Criticism

ബാല്യകാലസഖി: കരുണയുടെ പാഠങ്ങള്‍ - പ്രൊഫ. അനില്‍ ചേലേമ്പ്ര

More
More
P P Shanavas 2 years ago
Criticism

ക്ഷേമ കെ തോമസിന്റെ കാവ്യജീവിതത്തെ വിലയിരുത്തുമ്പോൾ - പി പി ഷാനവാസ്‌

More
More
Gafoor Arakal 2 years ago
Criticism

ബെന്യാമിന്റെ ആടിനെ പട്ടിയാക്കരുത് - ഗഫൂര്‍ അറക്കല്‍

More
More
Nadeem Noushad 3 years ago
Criticism

ഉമ്പായി: ഗസലില്‍ വസന്തം തീര്‍ത്ത ഒരാള്‍ - നദീം നൗഷാദ്

More
More