'മനുഷ്യർ അപ്പംകൊണ്ടുതന്നെയാണ് ജീവിക്കുന്നത്'- ആം ആദ്മിക്ക് അതറിയാമായിരുന്നു

മനുഷ്യര്‍ അപ്പം കൊണ്ടുതന്നെയാണ് ജീവിക്കുന്നത് എന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം കുറേവര്‍ഷങ്ങള്‍ക്കു ശേഷം നമ്മോട് വിളിച്ചു പറഞ്ഞിരിക്കുന്നു. പലപ്പോഴായി രാജ്യത്തിന്‍റെ പലഭാഗങ്ങളും നിരന്തരം ഇങ്ങനെ പറയുന്നുണ്ടെങ്കിലും നമ്മുടെ ബധിര കര്‍ണ്ണങ്ങളെ പ്രകമ്പനം കൊള്ളിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിരിക്കുന്നു.

ജനങ്ങളുടെ ഗോത്ര സാമുദായികതകളുടെ സര്‍ഗ്ഗാത്മതകളെ  ഊറ്റിക്കളഞ്ഞ്, വര്‍ഗ്ഗീയ വിഷം കുത്തിവെച്ചു സൃഷ്ടിച്ചെടുത്ത അധികാരത്തിന്‍റെ കോട്ടകളെ പ്രകമ്പനം കൊള്ളിക്കാന്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ സംസാരിച്ചാല്‍ മതി എന്ന് മേല്‍ സൂചിപ്പിച്ച ആശയത്തിന്‍റെ വിജയമാണ് ഒരു പരിധിവരെ ഡല്‍ഹിയില്‍ നാം കാണുന്നത്.

ജനാധിപത്യത്തിന്റെ ആരും കാണാത്ത ഇരുണ്ട മൂലകളിൽ, പതിറ്റാണ്ടുകൾ നീണ്ട ക്ഷമയോടെ ഒളിച്ചു പാർത്ത് അടവെച്ചു വിരിഞ്ഞാണവർ ജനായത്ത ഭരണക്രമത്തെത്തന്നെ തങ്ങളുടെ കാൽക്കീഴിലേക്ക് കൊണ്ടുവന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായല്ല ആം ആദ്മി പാര്‍ട്ടിയുടെ ഇപ്പോഴത്തെ വിജയത്തെ താരതമ്യപ്പെടുത്തേണ്ടത്. മറിച്ച്, തൊട്ടു മുന്‍പ് നടന്ന പാര്‍ലമെമെന്‍റ് തെരഞ്ഞെടുപ്പിനോടാണ്. രണ്ടു തെരഞ്ഞെടുപ്പിലും നേര്‍ക്കുനേര്‍ നിന്നത് മോദിയും കേജ്‌രിവാളും തന്നെയായിരുന്നു. പാര്‍ലമെന്‍റില്‍ 7-ല്‍ 7-ഉം ബിജെപി നേടി. അതേ കക്ഷികളാണ്  ചെറിയൊരിടവേളക്ക് ശേഷം നിയമസഭയിലേക്ക് നേര്‍ക്കുനേര്‍ വന്നത്. നേതാക്കളെല്ലാം പഴയവര്‍ തന്നെ.

മനുഷ്യർ അപ്പം കൊണ്ടേയല്ല ജീവിക്കുന്നത് എന്ന് ജനാധിപത്യത്തിന്റെ മേലങ്കിയിട്ട ലോകത്തിലെ എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കും അറിയാമായിരുന്നു. ജനാധിപത്യത്തിന്റെ ആരും കാണാത്ത ഇരുണ്ട മൂലകളിൽ, പതിറ്റാണ്ടുകൾ നീണ്ട ക്ഷമയോടെ ഒളിച്ചു പാർത്ത് അടവെച്ചു വിരിഞ്ഞാണവർ ജനായത്ത ഭരണക്രമത്തെത്തന്നെ തങ്ങളുടെ കാൽക്കീഴിലേക്ക് കൊണ്ടുവന്നത്. ഇന്നത് പഠിക്കാൻ ഇന്ത്യയെപ്പോലെ കുറ്റമറ്റ മറ്റൊരുദാഹരണമില്ല.

ചരിത്രത്തിൽ ആഴത്തിൽ വേരുകളുള്ള പല തരത്തിലുള്ള സാമുദായികതകളെ, അതിന്റെ നിർദ്ദോഷം കഴുകിക്കളഞ്ഞ്, ചിലതിനെ കൂട്ടിച്ചേർത്ത് മറ്റു ചിലതിനെ അപരവൽക്കരിച്ച്, അക്രമോൽസുകമായ പുതിയ വിഭാഗീയത സൃഷ്ടിച്ച് ഭൂരിപക്ഷമുണ്ടാക്കുകയാണത് ചെയ്യുന്നത്.

ഇങ്ങനെ വ്യത്യാസങ്ങളും സംസ്കാരത്തിലെ തനിമകളും ഇല്ലാതാക്കി കൂട്ടിച്ചേർത്തടുക്കുന്ന സമുദായങ്ങളുടെ സമാഹാരത്തെയാണവർ ദേശീയതയുടെ കാവൽക്കാരായ 'നമ്മൾ' ആയവതരിപ്പിക്കുന്നത്. അന്യവൽക്കരിച്ച് മാറ്റി നിർത്തിയ സമുദായങ്ങളെ 'അവർ ' ആയി ശത്രുപക്ഷത്ത് പ്രതിഷ്ഠാപനം ചെയ്യും. ഈ 'അവർ ' - 'നമ്മൾ ' ദ്വന്തം ആഴത്തിൽ സൃഷ്ടിച്ചെടുക്കലാണ് പിന്നത്തെ അജണ്ട. ഈ അജണ്ടയുടെ പൂർത്തികരണമാണ് നേരത്തെ സൂചിപ്പിച്ചത് പോലെ പതിറ്റാണ്ടുകളുടെ ക്ഷമാപൂർവ്വമായ പ്രവർത്തനത്തിലൂടെയും ആസൂത്രണത്തിലൂടെയും ഇന്ത്യയിൽ സംഘപരിവാർ സാധിച്ചെടുത്തത്.

ഭരണത്തിലേറാനും ഭരണകൂടമായി നിലനിൽക്കാനും ഈ 'അവർ' - 'നമ്മൾ' ദ്വന്തത്തെ ശക്തമായി പ്രതിപ്രവർത്തിപ്പിച്ചു കൊണ്ടേയിരിക്കുക മാത്രമാണ് അവർക്ക് മുന്നിലെ ഏക വഴി. അതുകൊണ്ടാണ് ഭരണത്തിലേറാൻ രാമജന്മഭൂമിയും, കലാപങ്ങളും ആയുധമാക്കിയ സംഘപരിവാർ ശക്തികൾ ഭരണം നിലനിർത്താൻ പാക് വിരുദ്ധ മുദ്രാവാക്യങ്ങളും പൗരത്വ ബില്ലുമൊക്കെയായി രംഗത്തുവരുന്നത്. ഈ നമ്മൾ × അവർ കളിയിലെ പോര് മുറുകുന്നതിനനുസരിച്ച് തങ്ങളുടെ ഭരണകൂടത്തിന്റെ ഈടും ഉറപ്പും കൂടുമെന്ന് തന്നെയാണ് ഇന്നത്തെ ഇന്ത്യൻ ഭരണ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

ഈ കണക്കുകൂട്ടൽ തെറ്റിക്കുന്നിടത്താണ്, ഒന്നുകൂടി ഊന്നിപ്പറഞ്ഞാൽ തെറ്റിക്കുന്നിടത്ത് മാത്രമാണ് ഇന്ത്യൻ ജനതയുടെ വിമോചനം കുടികൊള്ളുന്നത്. ഇതിനുള്ള ഏകവഴി 'മനുഷ്യർ അപ്പംകൊണ്ടു തന്നെയാണ് ജീവിക്കുന്നത് എന്ന് ഇന്ത്യയിലെ മനുഷ്യരായ മനഷ്യരെയാകെ ഓർമ്മപ്പെടുത്തുകയെന്നതുതന്നെയാണ്. 

ഇതിനായി തൊഴിൽ, സാമ്പത്തിക മേഖലകളിലെ എക്കാലത്തെയും വലിയ പ്രതിസന്ധികളെയും കൂപ്പുകുത്തലുകളെയും കുറിച്ച് ജനങ്ങളോട് പറയണം. മനുഷ്യരെപ്പോലെ ആത്മാഭിമാനത്തോടെയല്ല നാം ജീവിക്കുന്നത് എന്ന് താന്താങ്ങളുടെ ദൈനംദിന ജീവിത പങ്കപ്പാടുകൾ വിശദീകരിച്ചുകൊണ്ട് ബോധ്യപ്പെടുത്തണം. സർവ്വോപരി ജനങ്ങൾ ചർച്ചചെയ്യണം എന്ന് കേന്ദ്രം ഭരിക്കുന്നവർ ആഗ്രഹിച്ചു പടച്ചുവിടുന്ന അജണ്ടകളിൽ നിന്ന് മാറി സഞ്ചരിക്കാനും ജനാധിപത്യ ക്രമത്തിന്റെ സംസ്ഥാപനത്തിനായി സ്വന്തം അജണ്ടങ്ങളും ചർച്ചകളും സൃഷ്ടിക്കാനും സാധിക്കണം. അതിനുള്ള  ജാഗ്രതയും ശേഷിയും രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് എത്രത്തോളമുണ്ട് എന്നതിൽ തന്നെയാണ് ഇന്ത്യൻ ജനതയുടെയും ജനാധിപത്യത്തിൻെറയും ഭാവി.

രാമജന്മഭൂമിയില്‍ നിന്നൊക്കെ വിട്ട്  പൌരത്വത്തിന്‍റെ  കൂടുതല്‍ നിറമുള്ള മേച്ചില്‍ പുറങ്ങളില്‍ വിഹരിച്ചു നിന്ന കേന്ദ്ര ഭരണക്കാരോട് അത്രയൊന്നും പകിട്ടില്ലാതെ വൈദ്യുതി ബില്ലിനെക്കുറിച്ചും അരിവിലയെ കുറിച്ചും മനുഷ്യന്‍റെ മറ്റു നിരവധി അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചും സംസാരിച്ച അരവിന്ദ് കേജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഉപരി മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകള്‍  പോലും മുഖവിലക്ക്  എടുത്തിരിക്കുന്നു എന്നത് വലിയ സൂചനയാണ്. ഈ സൂചനയില്‍ നിന്ന് ഈ കാലത്തിന്‍റെ ചുമരെഴുത്ത് വായിക്കാന്‍ രാജ്യത്തെ ജാനാധിപത്യ, മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. ചുവരെഴുത്ത് മറ്റൊന്നുമല്ല, നമ്മുടെ കുറിപ്പിന്‍റെ തലവാചകം തന്നെയാണത്  'മനുഷ്യര്‍ അപ്പം കൊണ്ടുതന്നെയാണ് ജീവിക്കുന്നത് '.


Contact the author

Recent Posts

National Desk 20 hours ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 2 weeks ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 3 weeks ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

More
More
Web Desk 2 months ago
Editorial

നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

More
More
Mehajoob S.V 2 months ago
Editorial

പങ്കാളിത്ത പെന്‍ഷന്‍: പിണറായിയെ ഞെട്ടിച്ച് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗലും- എസ് വി മെഹജൂബ്

More
More
Web Desk 2 months ago
Editorial

ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറില്ല- നദിയ മൊയ്തു

More
More