അരവിന്ദ് കേജ്‌രിവാള്‍: ബ്യുറോക്രാറ്റില്‍നിന്ന് രാഷ്ട്രീയക്കാരനിലേക്ക്

ഉയര്‍ന്ന ഉദ്യോഗത്തില്‍നിന്ന് രാഷ്ട്രീയത്തില്‍ എത്തിച്ചേരുന്നത് പൊതുവില്‍ ഒരു വ്യത്യസ്ത അനുഭവമല്ല. രണ്ടും അധികാരത്തിന്‍റെ വ്യത്യസ്ത സ്വഭാവങ്ങള്‍ പുലര്‍ത്തുന്ന മേഖലകള്‍ തന്നെ. അവസാരാര്‍ഥികളുടെ കലയായി രാഷ്ട്രീയരംഗം മാറുമ്പോള്‍ കൂടുതല്‍ അധികാരവും പദവിയും മോഹിച്ചെത്തുന്നവര്‍ പലപ്പോഴും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരെ വെട്ടിച്ച് മുകളിലേക്ക് കയറിപ്പോയതിന്‍റെ കഥകള്‍ എത്ര വേണമെങ്കിലുമുണ്ട് പറയാന്‍. എന്നാല്‍ അരവിന്ദ് കേജ്‌രിവാളില്‍ അങ്ങനെ ഒരു രാഷ്ട്രീയക്കരനെയല്ല ജനം നോക്കിക്കണ്ടത്.

രാജ്യം കടുത്ത വര്‍ഗ്ഗീയ ധ്രുവീകരണത്തിലേക്ക് കുതിച്ചുയര്‍ന്നതില്‍ സ്ഥിരത പുലര്‍ത്തിയ 1990 കളില്‍ പഴയ സോഷ്യലിസ്റ്റുകളെ ഒരു വേള ഓര്‍മ്മിപ്പിക്കും വിധം അഴിമതിക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് കേജ്‌രിവാള്‍ തലസ്ഥാന രാഷ്ട്രീയത്തില്‍ ഉദയം ചെയ്തത്. അപ്പത്തിനും വസ്ത്രത്തിനും അന്തിയുറങ്ങാന്‍ ഒരിടത്തിനുമായുള്ള രാഷ്ട്രീയത്തിന് ചെവികൊടുക്കാനാവാത്തവിധം, ഇന്ത്യന്‍ രാഷ്ട്രീയം അതിന്‍റെ പക്വത കൈവെടിഞ്ഞ വേളയിലാണ് തികച്ചും വ്യത്യസ്തമായ യാഥാര്‍ത്ഥ്യത്തിന്‍റെ രഷട്രീയവുമായി അരവിന്ദ് കേജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആകെ ചലനം സൃഷ്ടിച്ചുകൊണ്ട് ഡല്‍ഹി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. പഞ്ചാബ്‌ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക ശക്തിയാവാനും കേജ്‌രിവാള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന് കഴിഞ്ഞു എന്നതിനെ ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കുന്ന കാര്യമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

1968 ഓഗസ്റ്റ്‌ 16-ന് ഹരിയാനയിലെ ഹിസാറില്‍ ഒരു മാര്‍വാടി കുടുംബത്തിലാണ് അരവിന്ദ് കേജ്‌രിവാള്‍ ജനിച്ചത്. ഗോബിന്ദ്റാന്‍ കേജ്‌രിവാളിന്‍റെയും ഗീതാദേവിയുടെയും മകന്‍ പഠനത്തില്‍ മിടുക്കനായിരുന്നു. ഖരക്പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അരവിന്ദ്, ടാറ്റാ സ്റ്റീല്‍സില്‍ അല്പകാലം ജോലിചെയ്തെങ്കിലും സിവില്‍ സര്‍വ്വീസ് പരീക്ഷാ  പഠനത്തിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു.

സിവില്‍ സര്‍വ്വീസിലൂടെ ഉദ്യോഗതലത്തിലെത്തിയ അരവിന്ദ് കേജ്‌രിവാള്‍ 2006-ല്‍ ആദായ നികുതി വകുപ്പ് ജോയിന്‍റ സെക്രെട്ടറി സ്ഥാനം രാജിവെച്ചാണ് അഴിമതിക്കെതിരെ സാമൂഹ്യ - രാഷ്ട്രീയ സമരങ്ങളില്‍  സജീവമാകുന്നത്. ഡല്‍ഹി കേന്ദ്രമാക്കി 'പരിവര്‍ത്തന്‍ കൂട്ടായ്മ'യുമായി രംഗത്ത് വന്ന അരവിന്ദ് കെജ്‌രിവാള്‍ ദൃശ്യ - മാധ്യമ പ്രവര്‍ത്തകനായ മനീഷ് സിസോദിയയുമായി ചേര്‍ന്ന് അതിനെ ഒരു എന്‍.ജി.ഒ ആക്കി മാറ്റി. 2006-ല്‍ വിവരാവകാശത്തെ കുറിച്ച് പോതു ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ ബോധവല്‍ക്കരണം നടത്തി. അരുണാ റോയിയോടൊപ്പമാണ് ഈ രംഗത്തുണ്ടായിരുന്നത്. തുടര്‍ന്ന് ജന്‍ ലോക്പാല്‍ ബില്‍ പസ്സക്കണമെന്നാവശ്യപ്പെട്ട് ഉയര്‍ന്നുവന്ന അണ്ണാ ഹസാരെയുടെ സമരത്തില്‍ അദ്ദേഹത്തിന്‍റെ വലം കയ്യായി പ്രവര്‍ത്തിച്ചതോടെയാണ് ദേശീയ തലത്തില്‍ അരവിന്ദ് കേജ്‌രിവാള്‍ ശ്രദ്ധിക്കപ്പെട്ടത്.

വികാരങ്ങളുടെ തേരിലേറി സഞ്ചരിച്ചവര്‍ക്കുള്ള ചുട്ട മറുപടിയായി മാറുകയാണ് 2020-ലെ തെരഞ്ഞെടുപ്പു വിജയം.

2012 സെപ്തംബറില്‍ ആം ആദ്മി പാര്‍ട്ടി രൂപികരിച്ചുകൊണ്ട് തെരഞ്ഞെടുപ്പു രംഗത്തെത്തിയ അരവിന്ദ് കേജ്‌രിവാള്‍ 2013 ലെ നിയമസഭാ  തെരഞ്ഞെടുപ്പില്‍ 25864 വോട്ടിന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തി. പാര്‍ട്ടി 70-ല്‍ 27 സീറ്റുകളും നേടി. 2013 ഡിസംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ ആദ്യവട്ടം മുഖ്യമന്ത്രിയായെങ്കിലും ലോക്പാല്‍ബില്‍ നടപ്പാക്കാനായില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്ന് രാജി വെക്കുകയായിരുന്നു .

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിലും പ്രതീകാത്മകമായ പ്രവര്‍ത്തനങ്ങള്‍ കേജ്രിവാളിന്‍റെ നേതൃത്വത്തില്‍ നടന്നു. വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരായ തെരഞ്ഞെടുപ്പു  മത്സരം രാജ്യത്താകെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനമാകെ പ്രഖ്യാപിത രാഷ്ട്രീയ കക്ഷികള്‍ക്കെതിരായ പ്രസ്ഥാനമാക്കി മാറ്റിയ അരവിന്ദ് കേജ്‌രിവാള്‍ വൈകാരികമായി ജനങ്ങളെ ഇളക്കിമറിക്കാന്‍ ജനകീയ പ്രശ്നങ്ങള്‍ തന്നെയാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്.

വികാരങ്ങളുടെ തേരിലേറി സഞ്ചരിച്ചവര്‍ക്കുള്ള ചുട്ട മറുപടിയായി മാറുകയാണ് 2020-ലെ തെരഞ്ഞെടുപ്പു വിജയം. 2015-ല്‍ 70-ല്‍ 67 സീറ്റും നേടി അധികാരത്തില്‍ വന്ന അരവിന്ദ് കേജ്‌രിവാള്‍, ബിജെപി-യുടെ ഈ അപ്രമാദിത്വ കാലത്തും തന്‍റെ കൊടി ‘അതുക്ക് മേലെ’ ഉയര്‍ത്തിപ്പറപ്പിച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലാ എന്ന ശക്തമായ സൂചനയാണ് നല്‍കുന്നത്.

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More