മുംബൈ: എന്‍സിപി പിളര്‍ത്തി പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായതിനുപിന്നാലെ ബിജെപിക്കെതിരെ പരിഹാസവുമായി ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. രാഷ്ട്രീയത്തിലെ സീരിയല്‍ കില്ലറും സീരിയല്‍ റേപ്പിസ്റ്റുമാണ് ബിജെപിയെന്ന് സഞ്ജയ് റാവത്ത് പരിഹസിച്ചു. സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി അവര്‍ മറ്റുളള രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തുകയും യഥാര്‍ത്ഥ പാര്‍ട്ടികളുടെ ഉടമസ്ഥാവകാശം ലഭിക്കാനായി പിരിഞ്ഞുപോയ വിഭാഗങ്ങളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'ബിജെപി രാഷ്ട്രീയത്തിലെ സീരിയല്‍ കില്ലറും സീരിയല്‍ റേപ്പിസ്റ്റുമാണ്. ഇവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന രീതി ഒന്നുതന്നെയാണ്. അവരുടെ ആവശ്യങ്ങള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തുന്നു. പിന്നീട് യഥാര്‍ത്ഥ പാര്‍ട്ടിയാണെന്ന് അവകാശവാദമുന്നയിച്ച് പിളര്‍ന്ന വിഭാഗത്തോടൊപ്പം എത്തുന്നു. ഇത് പതിവ് രീതിയായിക്കഴിഞ്ഞു'- സഞ്ജയ് റാവത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഞായറാഴ്ച്ചയാണ് അജിത് പവാറും ഒന്‍പത് എംഎല്‍എമാരും ശിവസേന-ബിജെപി സഖ്യസര്ക്കാരിനൊപ്പം ചേര്‍ന്നത്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ബിജെപിയും ശിവസേന ഷിന്‍ഡെ വിഭാഗവും ചേര്‍ന്ന് എന്‍സിപിയെയും കോണ്‍ഗ്രസിനെയും തകര്‍ക്കുകയാണെന്നും അത് ഒരിക്കലും അവര്‍ക്ക് ഗുണംചെയ്യില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒരുമിച്ചുനിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.