ഇഡിപ്പേടിയാണ് യൂത്ത് ലീഗിനെ നയിക്കുന്നത് - കെ ടി ജലീല്‍

യൂത്ത് ലീഗ് നേതാക്കൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമായേ മതിയാകൂവെന്ന് കെ ടി ജലീല്‍ എം എല്‍ എ. യൂത്ത് ലീഗ് നേതാക്കളുടെ ഫണ്ട് തിരിമറി ഇ.ഡിയുടെ റഡാറിൽ പതിഞ്ഞതാണ് യൂത്ത് ലീഗിനെ നിശബ്ദമാക്കിയത്. അതിന് മറുപടി പറയാതെ പോക്സോ കേസിലെ പ്രതിയുടെ ചെലവിൽ ഞാൻ വിദേശയാത്ര നടത്തി എന്ന പച്ചക്കള്ളം തട്ടിവിടുകയാണ് യൂത്ത് ലീഗ് നേതാവ് ചെയ്തത്. ഐസ്ക്രീം കേസിലെ പ്രതിയുടെ ചെലവിൽ ലീഗിലുണ്ടായിരുന്ന കാലത്ത് വിദേശ യാത്ര നടത്താത്ത ആളാണ് ഞാൻ. ഒരു സാമ്പത്തിക ആനുകൂല്യവും അദ്ദേഹത്തിൽ നിന്ന് പറ്റിയിട്ടുമില്ല. എന്നിട്ടാണോ ഇപ്പോൾ പോക്സോ കേസിലെ പ്രതിയുടെ ചെലവിൽ ഊര് ചുറ്റുന്നതെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഐസ്ക്രീം പാർലർ കേസിലെ പ്രതിയുടെ ചെലവിൽ ലീഗിലായ കാലത്ത് ഉലകം ചുറ്റിയിട്ടില്ല! എന്നിട്ടല്ലേ പോക്സോ കേസിലെ പ്രതിയുടെ ചെലവിലുള്ള വിദേശയാത്ര..

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ വിശിഷ്യാ മുസ്ലിങ്ങൾ അങ്ങേയറ്റം ഭയപ്പാടിലാണ്  ജീവിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് നടന്ന പുൽവാമ ഭീകരാക്രമണത്തിൻ്റെ അന്തർനാടകം വെളിപ്പെടുത്തി മുൻ ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മലിക് നടത്തിയ വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചു. ജയ്പൂർ സ്ഫോടന കേസിൽ നാലാളുകൾക്കെതിരെ കീഴ്കോടതി തൂക്കു കയർ വിധിച്ചതിനെ  രാജസ്ഥാൻ ഹൈക്കോടതി റദ്ദാക്കുകയും യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തിയ പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത അസാധാരണ സംഭവം അരങ്ങേറി. പോലീസ് കാവലിൽ യു.പിയിൽ നിന്നുള്ള മുൻ എം.പി അതീഖ് അഹമ്മദിൻ്റെയും സഹോദരൻ അഷ്റഫ് അഹമ്മദിൻ്റെയും നടുറോട്ടിലെ അരുകൊല. രാമനവമി ആഘോഷത്തിൻ്റെ മറവിൽ പള്ളികൾക്ക് നേരെ നടന്ന നിഷ്ഠൂര അക്രമങ്ങൾ. അതേ തുടർന്നുണ്ടായ രണ്ട് കൊലപാതങ്ങൾ. ഒരു മാസത്തിനുള്ളിൽ പശുവിൻ്റെ പേരിൽ നസീം, നാസർ, ജുനൈദ്, പാഷ എന്നീ നാല് പേർ കൊല്ലപ്പെട്ട ഭീതിത സാഹചര്യം. കർണ്ണാടകയിൽ 4% മുസ്ലിം സംവരണം എടുത്തുകളഞ്ഞ ഞെട്ടിപ്പിക്കുന്ന സംഭവം. 

ഇതിനെതിരെയൊന്നും ഒരക്ഷരം പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോട് DYFl ഉൾപ്പടെ പല യുവജന സംഘടനകളും വിവിധ രൂപത്തിൽ അവരുടെ വികാരം പ്രകടിപ്പിച്ചു. ഒരു പ്രസ്താവന പോലും യൂത്ത്ലീഗിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഈ കുറ്റകരമായ നിസ്സംഗതക്കെതിരെ വലിയ അമർഷമാണ് യൂത്ത് ലീഗ് പ്രവർത്തകരിൽ പോലും ഉണ്ടായത്. എന്നിട്ടും "ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ" എന്ന മട്ടിൽ യൂത്ത് ലീഗ് മൗനം തുടർന്നത് സംശയങ്ങൾക്ക് ഇടവരുത്തിയത് സ്വാഭാവികം. ഇ.ഡിപ്പേടിയാണ് യൂത്ത് ലീഗിനെ നയിക്കുന്നതെന്ന സംശയം ബലപ്പെട്ടു.

യൂത്ത് ലീഗ് നേതാക്കളുടെ ഫണ്ട് തിരിമറി ഇ.ഡിയുടെ റഡാറിൽ പതിഞ്ഞതാണ് യൂത്ത് ലീഗിനെ നിശബ്ദമാക്കിയതെന്ന് ഞാൻ ആരോപിച്ചു. അതിന് മറുപടി പറയാതെ പോക്സോ കേസിലെ പ്രതിയുടെ ചെലവിൽ ഞാൻ വിദേശയാത്ര നടത്തി എന്ന പച്ചക്കള്ളം തട്ടിവിടുകയാണ് യൂത്ത് ലീഗ് നേതാവ് ചെയ്തത്! സാക്ഷാൽ ഐസ്ക്രീം കേസിലെ പ്രതിയുടെ ചെലവിൽ ലീഗിലുണ്ടായിരുന്ന കാലത്ത് വിദേശ യാത്ര നടത്താത്ത ആളാണ് ഞാൻ. ഒരു സാമ്പത്തിക ആനുകൂല്യവും അദ്ദേഹത്തിൽ നിന്ന് പറ്റിയിട്ടുമില്ല. എന്നിട്ടാണോ ഇപ്പോൾ പോക്സോ കേസിലെ പ്രതിയുടെ ചെലവിൽ ഊര് ചുറ്റുന്നത്? അവനവനെ പോലെയാണ് മറ്റുള്ളവരും എന്ന് ധരിക്കരുത്. പഴയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുടെ സാമ്പത്തിക കാര്യങ്ങളിലെ അച്ചടക്കം പുതിയ ജനറൽ സെക്രട്ടറിക്ക് അറിയില്ലെങ്കിൽ അന്നത്തെ ലീഗ് നേതാക്കളോട് ചോദിച്ചാൽ നന്നാകും. അടുത്ത പ്രവാശ്യം ഇ.ഡി വിളിപ്പിക്കുമ്പോൾ  ഇ.ഡിയോട് ചോദിച്ചാലും മതിയാകും.

പിന്നെ ലോകായുക്തയുടെ വിധി! അത് വിലക്ക് വാങ്ങിയ വിധിയാണെന്ന് ആർക്കാണറിയാത്തത്? എനിക്കൊരു നോട്ടീസ് പോലുമയക്കാതെ 14 ദിവസം കൊണ്ട് വാദം കേട്ട് പരാതി ഫയലിൽ സ്വീകരിച്ച് പ്രകാശ വേഗതയിൽ ഏകപക്ഷീയമായി പുറപ്പെടുവിച്ച വിധിയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ രൂക്ഷ വിമർശനങ്ങളോട് ലോകായുക്ത ഒരക്ഷരം ഈ നിമിഷം വരെ പ്രതികരിക്കാത്തത് ഞാൻ പറയുന്നതിൽ സത്യമുള്ളത് കൊണ്ട് മാത്രമാണ്. അരിയാഹാരം കഴിക്കുന്നവർക്കെല്ലാം ആ കുപ്രസിദ്ധ വിധിയുടെ നിജസ്ഥിതി ബോദ്ധ്യമായിട്ടുണ്ടാകും. 

യോഗ്യതയില്ലാത്ത ബന്ധു എന്ന് യൂത്ത് ലീഗും ലോകായുക്തയും പറഞ്ഞ വ്യക്തി ഇപ്പോൾ ജോലി ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേന്ദ്ര സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ "ബാങ്ക് ഓഫ് ബറോഡയുടെ" ഒരു പ്രധാന പട്ടണത്തിലെ ചീഫ് മാനേജരായിട്ടാണ്. കേന്ദ്ര ഗവൺമെൻ്റിന് കീഴിലുള്ള ദേശസാൽകൃത ബാങ്കിൽ ചീഫ് മാനേജരാകാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് ലോകായുക്തയും യൂത്ത് ലീഗും ചോദിച്ചറിഞ്ഞ് മനസ്സിലാക്കിയാൽ ഭാവിയിലെങ്കിലും അവർക്ക് ഗുണം ചെയ്യും.

ഇനി കാര്യത്തിലേക്ക് വരാം. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഞാൻ ഉന്നയിച്ച ചോദ്യങ്ങളോടല്ല പ്രതികരിച്ചത്. അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നല്ലല്ലോ ഉത്തരം. പൊതു സമൂഹത്തിൻ്റെ താഴേ പറയുന്ന സംശയങ്ങൾക്ക് മറുപടി കിട്ടിയേ പറ്റൂ.

1) കത്വ, ഉന്നോവ ഇരകളുടെ കുടുംബങ്ങൾക്ക് കൊടുക്കാൻ വെള്ളിയാഴ്ച ദിവസം പള്ളികളിൽ നിന്ന്  പിരിഞ്ഞ് കിട്ടിയ 39.91 ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നോ? ഉണ്ടെങ്കിൽ എന്നാണ്?

2) എത്ര രൂപയാണ് ഇരകളുടെ കുടുംബത്തിന് ഇക്കാലമത്രയുമായി കൊടുത്തത്? എന്ന് ആര് എവിടെ വെച്ചാണ് സംഖ്യ കൈമാറിയത്? പണമായാണോ ചെക്കായാണോ സഹായം കൊടുത്തത്?

3) ഇരകളുടെ നിയമ സഹായമെന്ന നിലയിൽ ഏത് വക്കീലിന് എത്ര രൂപയാണ് നൽകിയത്? പണം കൈമാറിയത് ബാങ്ക് മുഖേനയാണോ? തിയ്യതി പറയാമോ?

4) പഞ്ചാബ് നാഷണൽ ബാങ്കിലെ ഒരു കോടിയിലധികം വരുന്ന സംഖ്യയും വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പള്ളികളിൽ നിന്ന് പിരിഞ്ഞ് കിട്ടിയ 39.91 ലക്ഷവുമല്ലാതെ മറ്റേതെങ്കിലും വഴിയിൽ കത്വ, ഉന്നാവോ ഫണ്ടിലേക്ക് പണം വന്നിട്ടുണ്ടോ?

5) കത്വ-ഉന്നാവോ പെൺകുട്ടികൾക്കായി പിരിച്ച പണത്തിൽ ഇനി എത്ര ബാക്കിയുണ്ട്? അഥവാ അത് വകമാറ്റി ചെലവഴിച്ചിട്ടുണ്ടെങ്കിൽ എന്തിൻ്റെ ചെലവിലേക്കാണ്?

6) യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് സ്ഥിര വരുമാനമുള്ള വല്ല ജോലിയും ഉണ്ടോ? ഉണ്ടെങ്കിൽ എന്താണ്?

7) സ്ഥിരമായി "സ്വന്തം ചെലവിൽ"  വിദേശയാത്ര നടത്താൻ മാത്രമുള്ള സാമ്പത്തിക ശേഷിയുള്ള ആളാണെങ്കിൽ അതിൻ്റെ ഉറവിടം വ്യക്തമാക്കാമോ? കൂലിയും വേലയുമില്ലാത്ത യൂത്ത് ലീഗ് സെക്രട്ടറിക്ക് എങ്ങിനെയാണ് ഒരു മണിമാളിക പണിയാൻ പണം കിട്ടിയത്? പറയത്തക്ക വരുമാനമില്ലാതെ "സ്വന്തം ചെലവിൽ" പണിതതാണോ പുതിയ ആർഭാട വീട്? (ഞാനും സ്വന്തമായി വീടു പണിതത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ്. ഒരു ലീഗ് പ്രവർത്തകൻ്റെ പത്ത് പൈസയുടെ ഔദാര്യമോ യൂത്ത് ലീഗിൻ്റെ കയ്യിലിരിപ്പ് ഫണ്ടോ ഞാൻ പറ്റിയിട്ടില്ല)

9) കത്വ, ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറിനെയും യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയേയും ഇ.ഡി വിളിപ്പിച്ചിരുന്നോ? 

10) കത്വ, ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ യൂത്ത്ലീഗ് നേതാക്കൾക്കെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിട്ടുണ്ടോ? 

11) കത്വ ഫണ്ടിലെ അപാകത ചൂണ്ടിക്കാട്ടിയല്ലേ ലീഗ് അഖിലേന്ത്യാ കമ്മിറ്റി, യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ സുബൈറിൻ്റെ രാജിക്കത്ത് നിർബന്ധപൂർവ്വം വാങ്ങിയത്?

12) കത്വ ഫണ്ട് ദുർവിനിയോഗത്തിലെ യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പങ്ക് പുറത്തു പറയുമെന്ന് സുബൈർ ഭീഷണി മുഴക്കിയപ്പോഴല്ലേ സുബൈറിനെ മുസ്ലിംലീഗിൻ്റെ അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളായി പ്രമോട്ട് ചെയ്ത് നിയമിച്ചത്?

ഗുജറാത്ത്, സുനാമി ഫണ്ടുകളുടെ പിരിവുമായും വിനിയോഗവുമായും ബന്ധപ്പെട്ട വിഷയം ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ചോദ്യം ചെയ്തതിനാണ് എനിക്കെതിരെ 2004 ൽ ഭ്രഷ്ട് കൽപ്പിച്ചത്. വിവിധ ആവശ്യങ്ങൾക്കായി ഫണ്ട് പിരിക്കുകയും അത് യഥാർത്ഥ ആവശ്യത്തിന് ചെലവിടാതെ മുക്കുകയും ചെയ്യുന്ന ഏർപ്പാട് തുടരുന്നെടത്തോളം പിരിവിന് നേതൃത്വം നൽകിയവരുടെ ആർഭാട ജീവിതവും വിദേശ യാത്രകളുടെ ഉറവിടവും താമസിക്കുന്ന മണിമാളികകളുടെ സാധുതയും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. അതിൽ കർവിച്ചിട്ട് കാര്യമില്ല. യൂത്ത് ലീഗ് നേതാക്കൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമായേ മതിയാകൂ. 

വീരവാദമൊന്നും മുഴക്കണ്ട. കള്ളപ്പണ ഇടപാടിൽ ED ചന്ദ്രിക പ്രസ്സ് സീൽ ചെയ്താൽ രക്ഷക്ക് ദേശാഭിമാനി പ്രസ്സേ ഉണ്ടാകൂ. വേണ്ടാത്തത് പുലമ്പി ആ സാദ്ധ്യതയുടെ കവാടം കൊട്ടിയടക്കണ്ട. തന്തക്കും തള്ളക്കും വിളിച്ചാൽ കേമനാകും എന്ന ധാരണ വേണ്ട. പണ്ട് സി.എച്ചിൻ്റെ തന്തക്ക് വിളിച്ചവർക്ക് അദ്ദേഹം നൽകിയ ഒരു മറുപടിയുണ്ട്. പഴമക്കാരോട് ചോദിച്ചാൽ പറഞ്ഞ് തരും. അതേ എനിക്കും അക്കാര്യത്തിൽ പറയാനുള്ളൂ.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More