അവസാനിക്കാത്ത പരിസ്ഥിതി പ്രക്ഷോഭങ്ങളുടെ നായകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു

ഡല്‍ഹി: വനനശീകരണത്തിനെതിരായ ചിപ്‌കോ മുന്നേറ്റത്തിന് തുടക്കമിട്ട പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. കൊവിഡ് ബാധിച്ച് ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉത്തരാഖണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26-നായിരുന്നു ചിപ്‌കോ മുന്നേറ്റത്തിന് സുന്ദര്‍ലാല്‍ ബഹുഗുണ തുടക്കമിട്ടത്. 1970-കളിൽ ചിപ്കോ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004-ന്റെ അവസാനം വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസം‌രക്ഷണത്തിനായി നീണ്ട വര്‍ഷങ്ങള്‍ അദ്ദേഹം പോരാടി. പിന്നീട്, ചിപ്കോ പ്രസ്ഥാനത്തില്‍ ജനങ്ങളുമായി ചേർന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകളുടെ നിര്‍മ്മാണം, അശാസ്ത്രീയമായ ഖനന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭപരിപാടികൾ ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയി. 198-ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. എന്നാല്‍ 2009-ല്‍ പത്മവിഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചു.

ചിപ്‌കൊ പ്രസ്ഥാനം

ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭ പ്രസ്ഥാനങ്ങളിൽ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് ചിപ്കോ. 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കരാറുകാരെ അനുവദിച്ച ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനതയും ഒത്തുചേർന്ന് നടത്തിയ അക്രമ രഹിത പ്രക്ഷോഭ പ്രസ്ഥാനമാണ് ഇത്. ചിപ്കോ എന്ന വാക്കിന്റെ അർത്ഥം 'ചേർന്ന് നിൽക്കൂ', 'ഒട്ടി നിൽക്കൂ' എന്നൊക്കെയാണ്‌. 1973 മാർച്ച് 26-ന് ഉത്തരാഖണ്ഡിലെ (അന്ന് ഉത്തർ പ്രദേശ്ന്റെ ഭാഗമായിരുന്ന ) ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തിന്‍റെ നാഴികക്കല്ലായത്. ചിപ്കോ പ്രസ്ഥാനം പരിസ്ഥിതിവാദത്തിന്‌ പൊതുവായി നൽകിയ സംഭാവനകളിലൊന്ന് 'ആവാസ വ്യവസ്ഥയാണ്‌ സ്ഥിരസമ്പത്ത്' (Ecology is Permenent  Economy) എന്ന മുദ്രാവാക്യമാണ്‌. ചിപ്കോ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് സുന്ദർലാൽ ബഹുഗുണ, ചണ്ഡി പ്രസാദ് ഭട്ട് എന്നിവർ ആയിരുന്നു. കർണാടകത്തിലെ 'അപ്പികോ മൂവ്മെന്‍റ് പോലെ ചിപ്കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി. 1987-ൽ ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം ലഭിക്കുകയുണ്ടായി.

തെഹ്രി അണക്കെട്ട് വിരുദ്ധപ്രക്ഷോഭം

തെഹ്‌രി അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭ പാതയിൽ ദശാബ്ദങ്ങളോളം നിലകൊണ്ട മനുഷ്യസ്നേഹിയായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ. ഗാന്ധിയുടെ അഹിംസയും സത്യാഗ്രഹ സമരപാതയും മാതൃകയായി സ്വീകരിച്ച അദ്ദേഹം നിരവധി തവണ പ്രതിഷേധ സൂചകമായി ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തി. 1995-ൽ, അണക്കെട്ടിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിന്റെ ഉറപ്പിന്മേലായിരുന്നു 45 ദിവസം നീണ്ട ബഹുഗുണയുടെ ഉപവാസ സമരം അവസാനിച്ചത്. അതിനു ശേഷം 74 ദിവസം നീണ്ട മറ്റൊരു ഉപവാസ സമരത്തിന് രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ  ബഹുഗുണ നേതൃത്വം നല്‍കി.

എച്ച്. ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കുമ്പോൾ അണക്കെട്ട് നിർമ്മാണ പദ്ധതി പുന:പരിശോധിക്കുമെന്ന് സുന്ദര്‍ലാല്‍ ബഹുഗുണക്ക് വ്യക്തിപരമായിത്തന്നെ ഉറപ്പ് നൽകിയിരുന്നു. എന്നിട്ടും, 2001-ൽ തെഹ്‌രി അണക്കെട്ടിന്റെ പണി പുന:രാരംഭിക്കുകയും 2001 ഏപ്രിൽ 20-ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ദശാബ്ദങ്ങളോളം സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. പിന്നീട് 2004 ൽ അണക്കെട്ടിന്റെ റിസർ‌വോയർ നിറയുകയും ബഹുഗുണയെ ഭഗീരഥിയുടെ അടുത്തുള്ള കൊട്ടി എന്ന ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. അവിടെ അദ്ദേഹം തന്റെ പരിസ്ഥിതി സം‌രക്ഷണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിന്നു. അവസാനമില്ലാത്ത ഈ ചെറുത്തുനില്‍പ്പ് തുടരുന്നതിനിടെ ദിവസങ്ങൾക്ക് മുന്‍പാണ് ബഹുഗുണയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതോടെ ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More