എന്‍റെ പെരുന്നാള്‍ പൈസാ ഇരട്ടിപ്പ് സ്ഥാപനം പൂട്ടിപ്പോയത് അങ്ങനെയാണ് - എ. പി. കെ. അബ്ദുള്‍ റഷീദ്

പെരുന്നാൾ എന്നാൽ ആൾക്കൂട്ടത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷമാണ്. ഈ കൊവിഡ് കാലത്ത് എപ്പോഴും വീട്ടിൽ ആൾക്കൂട്ടമായതുകൊണ്ട് എന്നും പെരുന്നാളാണ്! പള്ളിയിൽനിന്നുള്ള  തക്ബീർ അലയടിച്ചെത്തുന്നതാണ് ഏക വ്യത്യാസം.

ഉത്രാടപാച്ചിൽ പോലെ പെരുന്നാളിന്റെ തലേന്നാണ് ഞാൻ മുടി വെട്ടാനും ഡ്രസ് വാങ്ങാനും പോവുന്നത്. അന്ന് ബാർബർ ഷോപ്പിൽ വലിയൊരു ക്യു തന്നെ ഉണ്ടാകും. ടോക്കണ്‍  എടുത്തുവെച്ചവരൊക്കെ ഉണ്ടാകും. അഴകേട്ടന്റെ കത്രിക പെരുന്നാള്‍ രാവില്‍ പന്ത്രണ്ട് മണിവരെയെങ്കിലും ചില്‍ ചില്‍ ചിലയ്ക്കും. ഇന്ന കട്ട് എന്നൊന്നും ഇല്ല. മുടി ചെറുതാവും. അത്രതന്നെ! അതാണ് ഏക ഗ്യാരണ്ടി. പെരുന്നാളിന് മുടി വെട്ടണം. അത് കിതാബിലില്ലാത്ത ഫർള് ആണ്. പെരുന്നാൾ കുപ്പായവും അങ്ങനെത്തന്നെ. മടി കാരണം നീട്ടി നീട്ടിവെച്ച്, ഒടുക്കം കിട്ടുന്നത് വാങ്ങിപ്പോരും. നീണ്ട ഒരു മാസമുണ്ടായിട്ടും ഷോപ്പിങ് നടത്താത്തത്തിന് ഉമ്മയുടെ വഴക്ക്. ഇതൊക്കെ വര്‍ഷാവര്‍ഷം അരങ്ങേറുന്ന പതിവുപരിപാടികളാണ്. ഇതൊക്കെ ഇത്ര  പെട്ടന്ന് പോയകാല ഓർമകളായി മാറുമെന്ന് ഞാൻ കരുതിയതേയില്ല. 

മറ്റ് ആഘോഷങ്ങളെപ്പോലെ ഒരു മതേതര മുഖം ഇല്ലാത്തത് കാരണം പിറന്നാൾ ആശംസകള്‍ പോലെ പെരുന്നാൾ ആശംസകളും എക്‌സ്ക്ലൂസീവ് ആയി എന്റെ മൊബൈലിലേക്ക് വരും. ഞാൻ പഠിച്ച സ്ഥലത്തും ജോലി എടുക്കുന്ന സ്ഥലത്തും മുസ്ലീങ്ങൾ കുറവായതിനാല്‍ പെരുന്നാൾ ദിവസം ഞാൻ പ്രിവിലേജ്ഡ് ആശംസാ സ്വീകർത്താവാണ്. 

നോയ്മ്പ് കാലത്ത് നിഷ്ഠയോടെ ചെയ്യുന്ന കാര്യമാണ് നിസ്കാരം. പ്രത്യേകിച്ച് സുബ്ഹ് നിസ്കാരം. അത്താഴം കഴിക്കാൻ എഴുന്നേല്‍ക്കുന്നതുകൊണ്ടാണ് അത് കൃത്യമായി നിര്‍വ്വഹിച്ചുപോരുന്നത്. പെരുന്നാള്‍ ദിവസം  സുബ്ഹ് നിസ്കാരം സമയത്ത് നിര്‍വഹിക്കാന്‍ (ഖളാ ആവും) കഴിയാറില്ല. നിസ്‌കാര സമയം കഴിഞ്ഞ് 7 മണി ആകും ചിലപ്പോൾ എണീക്കാൻ. അതാണ് നോയ്മ്പ് കഴിഞ്ഞു എന്നതിന്റെ ലക്ഷണം! ചില പെരുന്നാള്‍ ദിനങ്ങളില്‍ 'പെരുന്നാൾ നിസ്കാര'ത്തിന് എല്ലാവരും കൈ കെട്ടുമ്പോഴാണ് ഞാന്‍ പള്ളിയിലെത്തുക. പരസ്പരം ആലിംഗനം ചെയ്യുക, ആശംസകൾ കൈമാറുക എന്നത് അന്നേ ദിവസം മാത്രം നടക്കുന്ന കാര്യമാണ്. എന്നെക്കാൾ നീളവും വണ്ണവും ഉള്ളവരുടെ അടുത്ത് പോകുന്നത് ഞാൻ പരമാവധി ഒഴിവാക്കും. ഇന്ന് എല്ലാവരേയും ഒഴിവാക്കേണ്ട സ്ഥിതിയാണല്ലോ! 

വൈകീട്ട്  ബീച്ച് കാണാൻ പോകുന്നതാണ് പെരുന്നാൾ ദിവസമുള്ള വലിയൊരു ചടങ്ങ്. ഇത് മുൻകൂട്ടി അറിയുന്ന ഉസ്താദ്മാര് ഖുതുബ കഴിഞ്ഞു ഒരു അറിയിപ്പ് പോലെ പറയും "ഇന്ന് ആരും കടപ്പുറത്ത് പോകരുത്, നിങ്ങളുടെ മുപ്പത് നോമ്പും ബാത്തിലാവും (പ്രയോജനപ്പെടാതെ), ഹറാമിന്റെ കാഴ്ചകൾ നമുക്ക് വേണ്ട". പക്ഷെ പെരുന്നാൾ ദിവസം വൈകുന്നേരം പുതിയങ്ങാടി കടപ്പുറത്ത് ആൾക്കാരുടെ ഒരു ഒഴുക്ക് തന്നെയാണ്. എനിക്ക് പോലും പ്ലസ് ടു പഠിക്കുമ്പോൾ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ കിട്ടുന്ന നല്ലൊരു അവസരമാണത്. യൂനിഫോം വേഷം മാറി, പുതിയ പെരുന്നാൾ ഡ്രസ് കാണിക്കുക/കാണുക എന്നത് കൂടി ആ പോക്കിനുപിറകിലുണ്ട്. കാമുകന്മാരുടെ ഒരു നീണ്ടനിരതന്നെ അന്ന് കടപ്പുറത്തുണ്ടാവും. ആ ദിവസം മഴയോ മറ്റോ പെയ്താൽ...അത് ഉസ്താദിന്റെ ദുആ (പ്രാര്‍ത്ഥന) ഒന്നുകൊണ്ട് മാത്രമായിരിക്കും എന്നാണ് തോന്നാറ്. കൊവിഡ്‌ മൂലമുള്ള പെരുന്നാള്‍ ജുമുഅ മുടക്കത്തില്‍ ഉസ്താദ്മാർക്ക്  തീർച്ചയായും സങ്കടം കാണും.

ഉമ്മ പറയാറുണ്ട്, 'പണ്ട് പെരുന്നാളിന് മാത്രമേ വീട്ടിൽ ബിരിയാണി വെക്കാറുള്ളൂ' എന്ന്. ഇന്നത് മാറി.  മാടായി വീട്ടിലെ സ്‌പെഷ്യൽ നെയ്‌പത്തിരിയും ബീഫും ആണ്. തേങ്ങയും പെരുംജീരകവും ഉള്ളിയുമൊക്കെയിട്ട് തയാറാക്കുന്ന ചൂടുള്ള നെയ്‌പത്തിരി നോമ്പെടുത്തതിന്റെ കൂലി പോലെ തോന്നും. പെരുന്നാളിന് ബന്ധുക്കളുടെ വീട്ടിൽ പോവാൻ കഴിയില്ല എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സങ്കടം. അവരെ കാണുന്നതിനേക്കാളും 'പെരുന്നാൾ പൈസ' ആയിരുന്നു മെയിൻ അജണ്ട. വീട്ടിലെ ഏറ്റവും ഇളയവനായതുകൊണ്ട് എനിക്ക് വരവ് നല്ലോണം ഉണ്ടായിരുന്നു!  ഗൾഫിലെ ആരേലും ആ സമയം നാട്ടിലുണ്ടെങ്കിൽ അവർ അധികം പൈസ തരും. ആ വീടുകളിലേക്ക് പോവാൻ കൂടുതൽ താല്പര്യമാണ്. മരുമക്കൾ വളര്‍ന്നുവരികയും ഞാൻ കുറച്ചു വലുതാവുകയും ചെയ്തതോടെ ഈ പരിപാടി നിന്നു. എനിക്ക് പിള്ളേരോട് അസൂയ തോന്നി. പെട്ടന്ന് എന്റെ ഇൻകം സോഴ്സ് നിന്നു. അക്കാലത്ത് മറ്റൊരു തന്ത്രം പ്രയോഗിച്ചു. മരുമക്കളില്‍ നിന്ന് രണ്ട് അഞ്ഞൂറിന്റെ നോട്ട് വാങ്ങി അഞ്ച്, പത്ത് രൂപയുടെ നോട്ടുകൾ പകരം നല്‍കി. അവരുടെ പൈസ ഇരട്ടിപ്പിച്ചു നല്‍കുന്നു എന്നാണ് വിശ്വസിപ്പിച്ചത്‌. ഇത്താത്തമാരൊന്നും അറിയാതെയായിരുന്നു ഈ പണമിരട്ടിപ്പിക്കൽ! അളിയന്മാരാണ് കയ്യോടെ പിടികൂടിയത്. അതൊടുകൂടി ആ വരുമാനവും നിലച്ചു. പെരുന്നാൾ പൈസ കൊടുക്കുന്ന ആളായി വളര്‍ന്നതോടെ കുഞ്ഞു പിള്ളേരുടെ വീരപുരുഷനായി ഞാന്‍ മാറി. 

ഉപ്പയുടെ പെരുന്നാൾ പൈസകൊടുപ്പാണ് രസം. പത്തിന്റെയും നൂറിന്റെയും പുതിയ നോട്ടുകൾ ബാങ്കിൽ നിന്ന് നേരത്തെത്തന്നെ മാറ്റി വാങ്ങും. പുതുമണം പിള്ളേർക്ക് ഇഷ്ടമാണ് എന്ന ലൈനാണ് ഉപ്പയുടേത്. ആ നോട്ടുകള്‍ പേഴ്സിന്റെ പ്രത്യേക അറയിൽ തന്നെ നമ്മൾ സൂക്ഷിക്കും. ഇടയ്ക്കെടുത്ത് മണപ്പിച്ചും നോക്കും. ആ പൈസ കൊണ്ട് സാധനം വാങ്ങുകയൊന്നുമില്ല. പെരുന്നാള്‍ തലേന്ന് എടിഎം ൽ നിന്ന് പുതിയ അഞ്ഞൂറു രൂപ കിട്ടിയപ്പോൾ ഉപ്പയെ ഓർമവന്നു.

പെരുന്നാൾ എന്നത് ടി വി ഓണാക്കാൻ കൂടിയുള്ള ദിവസമാണ്. റംസാനില്‍ സിനിമ കാണുന്നതും പാട്ട് കേൾക്കുന്നതും നിഷിദ്ധമായതുകൊണ്ട് ശവ്വാൽ മാസപിറവി, ഇതിനൊക്കെയുള്ള ഒരു വാതിൽ തുറക്കല്‍ കൂടിയാണ്. പെരുന്നാളിന്റെ ഭാവിയൊക്കെ ഇനി കൊവിഡിന്റെ കയ്യിലാണ്. ആയതുകൊണ്ട് നെയ്‌പത്തിരി തിന്നും ബിരിയാണി കഴിച്ചും ടി വി കണ്ടും ആശംസകൾ അയച്ചും വീട്ടിൽ തന്നെയിരിക്കാം. എല്ലാവർക്കും ഈദ് മുബാറക്.

Contact the author

P K Abdul Rasheed

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 4 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 4 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More