കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അലംഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര. കോമാളികളെ തെരഞ്ഞെടുത്താല്‍ പിന്നെ സര്‍ക്കസ് കാണുകയേ നിവൃത്തിയുളളു എന്നായിരുന്നു മഹുവയുടെ പരിഹാസം.
തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കുമെന്ന് ബിജെപി പറഞ്ഞു. അത് നടന്നു. ആശുപത്രികളില്‍ കിടക്കകളും ഓക്സിജനുമില്ല. ജീവന് രക്ഷിക്കാനുളള മരുന്ന് ബിജെപി നേതാക്കള്‍ പൂഴ്ത്തിവയ്ക്കുകയാണ്. കോമാളികളെ തെരഞ്ഞെടുക്കുക, സര്‍ക്കസ് പ്രതീക്ഷിക്കുക- മഹുവ ട്വീറ്റ് ചെയ്തു.
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 2263 പേരാണ്. ലോകത്ത് തന്നെ ഏറ്റവും വലിയ മരണനിരക്കാണ് ഇത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ അതിരൂക്ഷമായ പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലും നല്കാന് സാധിക്കാതെ ആശുപത്രികള്‍ രോഗികളെ മടക്കി അയക്കുകയാണ്. ഓക്സിജന്‍ ദൗര്‍ലഭ്യമാണ് ആശുപത്രികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.