മൂന്ന് റഫാല്‍ വിമാനങ്ങള്‍കൂടി ഇന്ത്യന്‍ മണ്ണിലെത്തി. ഫ്രാന്‍സില്‍ നിന്നും ബുധനാഴ്ച്ച രാത്രിയാണ് മൂന്ന് യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്.ജൂലെ 29 ന് ആദ്യഘട്ട റഫാല്‍ വിമാനങ്ങള്‍ അമ്പാല എയര്‍ബേസില്‍ എത്തിച്ചിരുന്നു. ആദ്യഘട്ടത്തില്‍ അഞ്ചും രണ്ടാം ഘട്ടത്തില്‍ മൂന്നും വിമാനങ്ങളാണ് എത്തിച്ചത്.
എല്ലാ മൂന്നു മാസങ്ങള്‍ക്കിടയിലും മൂന്നോ നാലോ റഫാല്‍ വിമാനങ്ങള്‍ എന്ന തോതില്‍ മുപ്പത്തിയാറ് റഫാല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങുന്നത്. ഈ വിമാനങ്ങളുടെ മൊത്തം വില അമ്പത്തിയൊമ്പതിനായിരം കോടി രൂപയാണ്. 2016 ലാണ് ഫ്രാന്‍സുമായി ഇന്ത്യ റഫാല്‍ കരാറില്‍ ഒപ്പുവച്ചത്. രണ്ടാം ഘട്ട റഫാല്‍ വിമാനങ്ങള്‍ ഗുജറാത്തിലെ ജാംനഗര്‍ എയര്‍ബേസിലാണ് എത്തിയത്. സെപ്റ്റംബര്‍ 10ന് അമ്പാല എയര്‍ബേസില്‍ ഔദ്യോഗിക സേവനത്തിനായി എത്തിച്ച വിമാനങ്ങള്‍ ഇപ്പോള്‍ ലഡാക്കിലാണ്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച നിര്‍മിച്ച ഇരട്ട എഞ്ചിനുളള റാഫേല്‍ യുദ്ധവിമാനങ്ങള്‍ ശത്രുപക്ഷത്തെ തുരത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും വളരെ വേഗത്തില്‍ ശത്രു പക്ഷത്ത് ആധിപത്യം സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ബഡൗറിയ പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ വളരെ വേഗത്തില്‍ പോരാടാന്‍ കഴിയുന്ന റഫാല്‍ പോര് വിമാനങ്ങള്‍ അംബാല ഹാഷിമാര എയര്‍ബേസുകളില്‍ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.