ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നു. 2016 ല്‍ ആണ് 58,000 കോടി രൂപ മുടക്കി 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യ ഫ്രാന്‍സുമായി കരാറില്‍ ഒപ്പുവെച്ചത്.
ആദ്യ ബാച്ചില്‍ അഞ്ച് വിമാനങ്ങള്‍ ഉള്‍പ്പെടുന്നു, ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരാണ് അവ പറത്തുന്നത്. ഫ്രാന്‍സിലെ ബാര്ഡോയ്ക്കടുത്തുള്ള മെറിഗ്നാക് എയര്‍ ബേസില്‍ നിന്ന് വിമാനം ഇന്നലെ പുറപ്പെട്ടു കഴിഞ്ഞു. 2019 ഒക്ടോബറില്‍ ഫ്രാന്‍സില്‍ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ലോറന്‍സ് പാര്‍ലിയും പങ്കെടുത്ത ചടങ്ങിലാണ് ആദ്യത്തെ യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.
ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി തിങ്കളാഴ്ച നടത്തിയ പ്രസ്താവന പ്രകാരം പത്ത് വിമാനങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം കൈമാറി. ഇതില്‍ അഞ്ചെണ്ണം ഇന്ത്യയിലേക്ക് അയച്ചു ബാക്കി അഞ്ച് പരിശീലന ദൗത്യങ്ങള്‍ക്കായി ഫ്രാന്‍സില്‍തന്നെ തുടരും. ആദ്യ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ബുധനാഴ്ച അംബാല എയര്‍ഫോഴ്സ് സ്റ്റേഷനില്‍ എത്തുമെന്നാണ് വിവരങ്ങള്‍. 7,000 കിലോമീറ്ററിനടുത്താണ് ജെറ്റുകള്‍ സഞ്ചരിക്കേണ്ടുന്ന ദൂരം, ഒരു ദിവസത്തിനകം ഇത്രയും ദൂരം സഞ്ചരിക്കാന്‍ കഴിയുമെങ്കിലും, ഇന്ധനം നിറയ്ക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റില്‍ ജെറ്റുകള്‍ നിര്‍ത്തുമെന്ന് ആസൂത്രണം ചെയ്തിട്ടുണ്ട്.