മഴയാർത്തു പെയ്യുന്ന ശനി രാത്രിയിൽ - ഷാജു. വി.വി

പൊന്നപ്പോ,

നിങ്ങളുടെ കിടപ്പറയിൽ വച്ച് ഹൃദയം നിലച്ചുപോകുന്ന

കാമുകനെക്കാൾ ഭാരമുള്ള

സമ്മിശ്ര വികാരനടുക്കം വേറെയില്ല.


സ്വാഭാവികമരണം

 ഒളിച്ചുവെക്കേണ്ടി വരുന്ന

സന്ദർഭമിതുപോലെ

മറ്റൊന്നില്ല.


മഴയാർത്തു പെയ്യുന്ന

ഒരു ശനി രാത്രിയായിരുന്നു അത്.


ഇരുട്ട്,

മലയാളി സദാചാര അപസർപ്പക നോട്ടത്തെ ചോർത്തിയടച്ച

വൈകിയ രാത്രിയിലാണവൻ

നനഞ്ഞു വിറച്ച്‌ കയറി വന്നത് .


ഞാനവന്റെ തല തുവർത്തുമ്പോഴവൻ

എന്റെ നെഞ്ചിലെ മിടിപ്പുകളെണ്ണി.


നിന്റെ ചിറാപുഞ്ചിയിൽ ഇങ്ങനെ

മഴയാർത്തു പെയ്യാറുണ്ടോയെന്ന്

കാതിൽ തീക്കാറ്റൂതിയപ്പോഴവൻ

എന്റെ കവിളിൻമേൽ,

നിന്റെ രക്തക്കുഴലുകളുടെ ഇരമ്പത്തിൽ എനിക്കെന്റെ

ചിറാപുഞ്ചിയെ വായിക്കാമെന്ന്

നാവു കൊണ്ട് 

സരസ്വതിയെ നൃത്തം ചെയ്യിച്ചു.


വളരെ വൈകി,

എന്റെ അമ്പത്തിമൂന്നാമത്തെ വയസ്സിൽ വയസ്സറിയിപ്പിച്ച,

ഓരോ രോമകൂപങ്ങളെയും

ജലസമൃദ്ധമാക്കുന്ന

ചിറാപുഞ്ചിയാണ് നീയെന്ന്

ഞാനവന്റെ നാവിൽ

എന്റെയാത്മാവിനെ

ആലേഖനം ചെയ്തു.


ആസ്സാമിൽ നിന്ന്

മലയാളത്തെ 

വെളിച്ചമുള്ളതാക്കാൻ വന്ന

ഇലക്ടീഷ്യനായിരുന്നു അവൻ.


ഞാനവനെ 

മകനും കാമുകനും

ജാരനുമിടയിൽ വഴുതലോടെ

നൃത്തം ചെയ്യുന്ന 

വിസ്മയമെന്നു വിളിച്ചു.


പ്രണയിക്കുമ്പോൾ

പലയിടങ്ങളും

പല കാലങ്ങളും

അനേകരും

അതീതരുമാകാൻ

മാന്ത്രിക വഴക്കമുള്ള

കാമുകനായിരുന്നു അവൻ.


ഞങ്ങൾ പെയ്തു തീരും മുമ്പ്

മഴ തോർന്നു.

അവനുറങ്ങുന്നതു നോക്കി നോക്കി

ഞാനുറക്കത്തിന്റെ

 പടവുകൾ ഇറങ്ങി.


പുലർച്ചെയെപ്പോഴോ

അവന്റെ നെഞ്ചിൽ ശയിച്ച

എന്റെ ശിരസ്സ് 

ഹിമം പോലുറഞ്ഞപ്പോൾ

ഞാൻ ഞെട്ടിയുണർന്നു.


അവൻ, മരണം

പ്രണയത്തെയൊഴിച്ച്

സർവ്വതിനെയും അപഹരിക്കുന്നുവെന്ന 

കാവ്യശകലം പോലെ

മരിച്ചു കിടന്നു.


പൊന്നപ്പോ,

നടുക്കമവന്റെ 

ഉടലിലേക്കൊഴുകിത്തീർന്നതും

ഞാൻ മലയാളി സ്ത്രീയായി.


മലയാളം ടീച്ചറായി.

ടെക്സാസിലെ മോന്റെയും

അയർലന്റിലെ മോളുടെയും

അമ്മയായി.


ചുവരിലെ പടത്തിൽ

ഗർവ്വിച്ചു നിൽക്കുന്ന

അവരുടെയപ്പന്റെ

പതിവ്രതയായി.


ഇടതുസംഘടനയിലെ

ഭാരവാഹിയായി.

തറവാട്ടിൽപ്പിറന്ന കുലീനനായർ വിധവയും

കുലസ്ത്രീയും

പ്രൗഢമധ്യവയസ്കയുമായി.


ഞാൻ ഞാനൊഴിച്ച്

എല്ലാമായി.


അവൻ എനിക്ക്

ഇതര സംസ്ഥാന

ജാരൻ മാത്രമായി.


ചാവണമെന്നു തോന്നി.

ചത്താൽ തെളിവിരട്ടിക്കുമല്ലോയെന്നോർത്ത്

അലറി വിളിച്ചു.


കോട്ടും ടൈയും ധരിച്ച,

കേരളത്തെയപ്പാടെ

ടെക്സാസിലേക്കാവാഹിച്ച

മകനെയോർത്ത് മൂത്രം മുട്ടി.


വിവരമറിഞ്ഞാൽ

ഐറിഷ് റിപ്പബ്ലിക്കിൽ നിന്ന്

ഒരിക്കലും തിരിച്ചു വരാനിടയില്ലാത്ത

മകളെയോർത്ത് പലതായി ചിതറി.


ആസാമി തൊഴിലാളിയും

മലയാളി വിധവയും തമ്മിലുള്ള

പ്രണയം മനസ്സിലാക്കാൻ മാത്രം

ദാസ് ക്യാപ്പിറ്റൽ തിരിഞ്ഞിട്ടില്ലാത്ത

സഖാക്കൾ മനസ്സിൽ വന്നപ്പോൾ

ഞെട്ടിവിറച്ചു.


മൂന്നുദിവസങ്ങൾ ഞാൻ

ഭയോൻമാദത്തിൽ

മുറിയിലുലാത്തി.

നേരെ നടന്നിരുന്നെങ്കിൽ

എനിക്കെന്നെ

 ധ്രുവത്തിലടക്കം ചെയ്യാമായിരുന്നു.


ചത്തു കിടക്കുന്ന അവനെ

ഇടയ്ക്കുമ്മ വച്ചു.

ഇടയ്ക്ക് പ്രാകി.


വൈകുന്തോറും ശവം

എല്ലാ കാൽപ്പനികതയെയും

റദ്ദ് ചെയ്ത് പുഴുത്തു നാറിത്തുടങ്ങുന്നു .


ചെമ്പക മരത്തിനു കീഴെ

കുഴിയെടുക്കുമ്പോൾ

അവന്റെയമ്മയുടെ കണ്ണീര്

എന്റെ കണ്ണിൽ നിന്നു പെയ്തു

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 1 year ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 1 year ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 1 year ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 1 year ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 1 year ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More