അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

കൊള്ളുന്ന അടികളെ 

ചെറുക്കുന്നവര്‍ക്കേ 

കൊള്ളാനിരിക്കുന്ന അടികളെ നേരിടാനാവൂ.

വന്ന വിപത്തിനെ നേരിടാത്തവര്‍

വരാനിരിക്കുന്ന 

വിപത്തിനെപ്പറ്റി ഭയപ്പെടുത്തരുത്.


കണ്‍മുന്നിലെ അനീതിക്കു നേരെ കണ്ണടയ്ക്കുന്നവര്‍ 

അയല്‍പക്കത്തെ പാതകങ്ങളെപ്പറ്റി പ്രസംഗിക്കരുത്.

വാളയാറില്‍ നീതി നല്‍കാത്തവര്‍

ഹത്രാസിനെപ്പറ്റി പുലമ്പരുത്.

അലനെയും താഹയെയും അകത്തിട്ടവര്‍

ഭീമ കൊറോഗോവെന്നു മിണ്ടരുത്.

സര്‍വ്വകലാശാലകളില്‍ 

ഹിന്ദുത്വ ദേശീയതയും വിചാരധാരയും

പഠിപ്പിക്കുന്നവര്‍

കേന്ദ്ര വിദ്യാഭ്യാസനയത്തെ പഴിച്ചിട്ടെന്ത്?


തുടരുന്ന ജാതിവിവേചനത്തെ 

പിന്തുണക്കുന്നവരും

ജാതിവാലില്‍ തൂങ്ങുന്നവരും 

ജയ് ഭീമിനു കയ്യടിക്കരുത്.

ദീപ പി മോഹനനെ തിരിച്ചറിയാത്തവര്‍

രോഹിത് വെമുലയെ വെറുതെ വിടണം.


കൊള്ളുന്ന അടികളെ ചെറുക്കുന്നവര്‍ക്കേ

കൊള്ളാനിരിക്കുന്ന അടികളെ നേരിടാനാവൂ.


ആരുടെ ഫാഷിസമാണ് വേണ്ടത്

എന്നതല്ല മുന്നിലുണ്ടാവേണ്ട വീപരീതം.

ഒരു ഫാഷിസവും വേണ്ടെന്നു പറയണം.

ജനാധിപത്യം ഫാഷിസത്തിനെതിരേ

എന്നതാവണം ഏക മുദ്രാവാക്യം.

ഫാഷിസം ഏതു കൊടി പിടിച്ചാലും

ഫാഷിസമാണ്.

പാവങ്ങളുടെ കൊടി പിടിച്ചെടുത്തുള്ള 

ഫാഷിസത്തോടു പൊറുക്കാനേയാവില്ല.

കോര്‍പറേറ്റ് തീവ്രവാദം കേരളത്തിലെ

'വിപ്ലവമൃദു ഹിന്ദുത്വ'ത്തെ 

പാലൂട്ടി വളര്‍ത്തുകയാണ്.


അവര്‍ ലോക്കപ്പ് കൊലകള്‍ നടത്തും

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തും

ഭീകരനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കും

സര്‍ക്കാര്‍ സംവിധാനങ്ങളെ

കുടുംബത്തിനും സ്വജനങ്ങള്‍ക്കും

പതിച്ചു നല്‍കും.

നിയമനങ്ങള്‍ പിന്‍വാതിലിലൂടെയാവും.

കൊലയാളികളെ ആദരിക്കും

ഇരകളുടെ കുടുംബങ്ങളെ അപമാനിക്കും.


സഞ്ചാരപാതകള്‍ ചുങ്കപ്പാതകളാക്കും

നീര്‍ത്തടങ്ങള്‍ നികത്തും

തീരജീവിതങ്ങളെ കടലില്‍നിന്നകറ്റും

മലയോര ജീവിതങ്ങളെ പാറലോബികള്‍ തുരക്കും

ആദിവാസികളെ കവചമാക്കി മരങ്ങളറുക്കും.

കൃഷിഭൂമികളെ നഗരമാഫിയകള്‍ വിഴുങ്ങും.


വിദേശ - സ്വദേശ കോര്‍പറേറ്റുകള്‍ക്ക്

ചുവപ്പു പരവതാനി വിരിക്കും.

സെക്രട്ടറിയേറ്റില്‍ ഓഫീസ്മുറി നല്‍കും.

ദേശീയപാതയും വിമാനത്താവളവും

തുറമുഖവും വാതക പൈപ് ലൈനും

അദാനിക്കു നല്‍കും

കള്ളക്കടത്തുകാര്‍ക്കും കച്ചവടദല്ലാളര്‍ക്കും

മന്ത്രാലയങ്ങളില്‍ കസേരകള്‍ നല്‍കും.

പൊതുമേഖലാ റെയില്‍വേയെ അവഗണിച്ചു

സ്വകാര്യ റെയില്‍വേ പദ്ധതികളിടും.

വരും തലമുറകളെ കൊള്ളയടിക്കും.


കുഞ്ഞുങ്ങളും സ്ത്രീകളും അക്രമിക്കപ്പെടും.

കുഞ്ഞ് അമ്മയില്‍നിന്നും പിടിച്ചുപറിക്കപ്പെടും

കൊള്ളസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സമിതികളും പൊലീസും കൂട്ടുചേരും.


ഭൂമിയ്ക്കു വേണ്ടിയുള്ള സമരങ്ങള്‍

അടിച്ചമര്‍ത്തപ്പെടും.

തൊഴിലവകാശങ്ങള്‍ നിഷേധിക്കും.

ഒരേ തൊഴിലിന് പല കൂലിയെന്ന

അപമാനം വിതരണം ചെയ്യപ്പെടും.

ജാതിക്കോളനികള്‍ നഗരങ്ങളിലും പണിത് 

പുതിയ തുരുത്തുകളുണ്ടാക്കും.

ആദിവാസികള്‍ എപ്പോഴും വിസ്മരിക്കപ്പെടും.


ഇരകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.

പുറംതള്ളപ്പെടുന്ന അനേകരുണ്ടാവുന്നു.

ആത്മഹത്യകള്‍ പെരുകുന്നു.

അരാജകത്വവും അശാന്തിയും പെരുകുന്നു.

പ്രണയംപോലും കൊലയിലൊടുങ്ങുന്നു.

പൊതുധാര്‍മ്മികതയെപ്പറ്റി മിണ്ടരുത്.

ഓരോരുത്തരും 

അവനവനിലേക്കു ചുരുങ്ങണം.

സര്‍ക്കാറിനെ മാത്രം അനുസരിക്കണം.


അപാരമായ സഹനമാണ് സഹോദരരേ.

ഇത്രമേല്‍ നിശ്ശബ്ദമായി

ഒരു തലമുറയും കടന്നുപോയിട്ടില്ല.

ഇത്രയേറെ വലിയ അടിമക്കൂട്ടങ്ങളെ

ചരിത്രം ഇന്നോളം പ്രസവിച്ചിട്ടില്ല.

സാക്ഷരത ഇതിലുമേറെ

അപമാനിക്കപ്പെടാനില്ല.

ഏതു ഗോത്രത്തിന്റെ ചാപ്പയാണ്

മുതുകിലെന്ന് ആഘോഷിക്കുന്ന

അടിമകളുടെ ഉത്സവങ്ങളാണ് ചുറ്റും.


കൊള്ളുന്ന അടികളെ 

ചെറുക്കാന്‍ കഴിയാത്തവര്‍ക്ക്

വരാനിരിക്കുന്ന വിപത്തുകളെ

എങ്ങനെ തടയാനാവും?


മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Binu M Pallippad 2 years ago
Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Sajeevan Pradeep 2 years ago
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

More
More