കഥാർസിസ് - ബിനു എം പള്ളിപ്പാട്

ഒരിടത്ത് ഒരു തടാകമുണ്ടായിരുന്നു

ആ തടാകം നിറയെ 

ഇരണ്ടകളായിരുന്നു.

കിലുങ്ങുന്ന ശബ്ദമുള്ളവ.

ആ ഇരണ്ടകളുടെ ശബ്ദത്തിൽ നിന്ന്

ഒരു കഥയുണ്ടായി


നിറയെ വാഴവള്ളികൾ

കീറിക്കീറി ഏച്ച് കെട്ടി

നീട്ടിയെടുത്ത് 

പലവിതാനങ്ങളിൽ

കൂട്ടിവച്ചും കുരുക്കിയിട്ടും

കഴിയുന്ന ഒരു ഭ്രാന്തനുണ്ടായിരുന്നു.

അത് അയാളുടെ 

സംഗീതമായിരുന്നു.


അടയാളമറിയാതിരിക്കാൻ

ഇടതു കൈത്തണ്ടയിൽ നിന്ന് അരിവാൾ ചുറ്റിക നക്ഷത്രം

കഠാര കൊണ്ട് അറുത്ത് കളഞ്ഞ

ഒരു ഗ്രാമീണ വില്ലനും.


അയാൾ തടാകത്തിന്റെ

അങ്ങേക്കരയിലായിരുന്നു താമസം


അയാളെ

അന്വേഷിച്ച് കണ്ടെത്തി

കൊന്നുകളയാനായി

ഒരു കുറ്റിക്കാട്ടിൽ കഴിയേണ്ടി വരുന്ന

വാടകഗുണ്ടയിൽ നിന്നാണ്

കഥ തുടങ്ങുന്നത്.


അന്തരീക്ഷം നടുങ്ങും വിധമുള്ള

ശബ്ദത്തിൽ 

ഇരയുടെ വാങ്മയ-

ചിത്രത്തേപ്പറ്റി പ്രതിധ്വനിക്കുന്ന

ഒരു അശരീരി ആയിരുന്നു വാടകഗുണ്ടയുടെ മുതലാളി.


*                     *                       *     


ഓരോ പ്രഭാതത്തിലും

അയാൾ ഒരു കുല ആമ്പലിനുള്ളിൽ

ആയുധമൊളിപ്പിച്ച്

തടാകം നീന്തി അക്കരയിറങ്ങി

കമഴ്ത്തോട് പോലുള്ള

ഓലപ്പുരകൾ താണ്ടി

ഇടവഴികളിലൂടെ കണ്ണുപായിച്ച്

നടക്കുമായിരുന്നു.


ആമ്പൽ കുലകൊണ്ട് കുത്തുമ്പോൾ

പൂവ് ഉടലിൽ തട്ടി

തിരികെ പോവുകയും

ആയുധം അവയവം കണ്ടെത്തുകയും

ചെയ്യുമെന്നായിരുന്നു

ഗുണ്ടയുടെ നിശ്ചയം.


അതേ ഉപായം

ഒരു കോർമ്പൽ മീനിലും

ചെവിടേ ചെത്തിയെടുത്ത

പിടിത്താളിലും അയാൾ 

ആവർത്തിച്ചു..


ഒരു ദിവസം അശരീരിയുടെ

ശബ്ദചിത്രത്തോട്

സാമ്യമുള്ളയാളെ കണ്ടെത്തി.

കാലിന്റെ തള്ളവിരലിലെ

ക്യൂട്ടക്സിന്റെ നിറം വരെ

ശരിയാണ്.

കൈത്തണ്ടയിലെ

അടയാളത്തിന്റെ ഭാഗത്ത്

പച്ച വാടിയ വൃത്തത്തിലുള്ള മുറിവ്..!


ചിലപ്പോൾ

അടയാളം മാറി

മനുഷ്യർ രക്ഷപ്പെടാറില്ലേ..?


ഛെ... ഇല്ല

ഒരിക്കലുമില്ല.


ഉറച്ച താടിയെല്ല്

ബലിഷ്ഠമായ കറുത്ത ശരീരം

ചുരുണ്ട മുടി

മുൻപല്ലകന്ന ചിരി.


പിടയുന്ന മീൻ കോർമ്പലിൽ നിന്ന്

ഊരിയെടുത്ത വാൾ

അയാൾ വെട്ടാനായി ചുഴറ്റി


ചെവിയിൽ

ഇരണ്ടകളുടെ ശബ്ദം വന്ന് നിറഞ്ഞു.

തലക്ക് ചുറ്റും ഇരണ്ടകൾ

വാൾ അന്തരീക്ഷത്തിൽ

പാളിപ്പാളി വീണു.

പൊടുന്നനവേ അതൊരു

നൃത്തമായി മാറി.

കരിമ്പാമ്പുകളുടെ 

മാറാട്ടം പോലെ.

*            *             *         

ഇപ്പോൾ അയാൾ

വാഴവള്ളി കൊണ്ടല്ല

സംഗീതമുണ്ടാക്കുന്നത്


വിരലുകൊണ്ട്

അന്തരീക്ഷത്തിൽ

ഒരു സൂക്ഷ്മ ബിന്ദുവിൽ തുടങ്ങി

വലുതായി വലുതായി വരുന്ന

വലിയ വൃത്തങ്ങളിലാണ്


ബിനു എം. പള്ളിപ്പാട് 

1974 അലപ്പുഴ ഹരിപ്പാടിനടുത്തുള്ള പള്ളിപ്പാട് ജനിച്ചു. പള്ളിപ്പാട് നടുവട്ടം ഹൈസ്കൂളിലും പരുമല ദേവസ്വം കോളജിലുമായി വിദ്യാഭ്യാസം.1991 മുതൽ മലയാളത്തിൽ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു. കവിതയോടൊപ്പം പുല്ലാങ്കുഴലും അഭ്യസിച്ചു. 2006-ലും 2011-ലുമായി ബാവുൽ ഗായകർക്കൊപ്പം കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികൾ അവതരിപ്പിച്ചു. ആദ്യ കവിതാ സമാഹാരം പാലറ്റ് (2009). അവർ കുഞ്ഞിനെ തൊടുമ്പോൾ ( 2013) രണ്ടാമത്തെ സമാഹാരം. എന്‍ ഡി രാജ് കുമാറിന്റെ സമ്പൂർണ്ണ കവിതകൾ ഒലിക്കാതെ ഇളവേനിൽ എന്ന ഇലങ്കൻ പെൺ കവിതകൾ, സി സി ചെല്ലപ്പയുടെ ജല്ലിക്കട്ട് എന്ന നോവലും മലയാളത്തിലേക്ക് (രാജ് കുമാറുമൊത്ത്) മൊഴി മാറ്റി. എം ജി, കേരള, മദ്രാസ് യൂണിവേഴ്സിറ്റികള്‍ കവിതകൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പുറത്തിറക്കിയ South indian dalit anthology യിലും കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ 21 ന് (21-04-2022) കോട്ടയത്ത് നിര്യാതനായി. 

Contact the author

Binu M Pallippad

Recent Posts

Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More
Sajeevan Pradeep 2 years ago
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

More
More