ഡല്‍ഹി: സംസ്ഥാനത്ത് ജൂണ്‍ 14 അര്‍ദ്ധരാത്രി മുതല്‍ മത്സ്യ ബന്ധന ട്രോളിംങ്ങ് നിരോധനം നിലവില്‍ വരും. ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി മത്സ്യ ബന്ധനം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടന്നിട്ടില്ലാത്തതിനാല്‍ ഇത്തവണ ട്രോളിംഗ് നിരോധനം ഒന്നരമാസം (47 ദിവസം) മാത്രമേയുണ്ടാകൂ എന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് ഉത്തരവിറക്കി. സാധാരണ നിലയില്‍ എല്ലാ വര്‍ഷവും രണ്ടുമാസമാണ് (61 ദിവസം) ട്രോളിംഗ് നിരോധനം ഉണ്ടാവാറുള്ളത്.
ഇത്തവണ ദക്ഷിണേന്ത്യ ഉള്‍പ്പെടുന്ന രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ജൂണ്‍ 14 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം. കിഴക്കന്‍ മേഖലയില്‍ നിലവില്‍ ട്രോളിംഗ് നിരോധനം നിലനില്‍ക്കുകയാണ് ഏപ്രില്‍ 15 ന് ആരംഭിച്ച നിരോധനം ഈ മാസം 31 നു അവസാനിക്കും. സംസ്ഥാന ഫിഷറീസ് വകുപ്പുകളുടെയും കേന്ദ്ര റഗുലേറ്ററി സമിതിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ട്രോളിംഗ് നിരോധന കാലയളവ് വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ഉത്തരവിന് ഈ വര്‍ഷത്തെ നിയമ പ്രാബല്യം മാത്രമേ ഉണ്ടാകൂവെന്നു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.