കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരം സന്ദേശ് ജിങ്കാന് ക്ലബ് വിട്ടതായി റിപ്പോര്‍ട്ട്. പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തുവിട്ടത്. വിദേശ ക്ലബിലേയ്ക്കാണ് ജിങ്കാന് പോകുന്നത്. ഇക്കാര്യത്തിൽ ജിങ്കാനും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ധാരണയിൽ എത്തി. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കാനെ ഒഴിവാക്കാൻ കാരണമായതായി പറയുന്നു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികളിലൂടെയാണ് കടന്നുപോകുന്നത്. അതിനിടെ ജിങ്കാന് ക്ലബ് വിടുകയാണെന്ന വാര്‍ത്തകളോട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐഎസ്എല്ലില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് ജിങ്കാൻ. എന്നാൽ ഏത് ക്ലബ്ബിലേക്ക് ആണ് അദ്ദേഹം പോകുന്നത് എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.
ഐഎസ്എല്‍ ആദ്യ സീസണ് മുതല്‍ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ജിങ്കാന് അഞ്ചാം സീസണിൽ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. കാൽമുട്ടിന് ഏറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ സീസണില്‍ അദ്ദേഹം എല്ലാ കളികളിലും പുറത്തായിരുന്നു. ദേശീയ ടീമിന്റെ ഏറ്റവും മികച്ച പ്രതിരോധതാരമാണ് ജിങ്കാന്. ഈവര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് ആള് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് താരത്തെ ശുപാര്‍ശ ചെയ്തിരുന്നു.