റായ്ബറേലിയിലെ പോരാട്ടം; മോദിക്കൊത്ത എതിരാളി രാഹുലാണെന്ന ഉറച്ച പ്രഖ്യാപനമാണ്

രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വം ഒരു യുഗത്തിന്റെ അവസാനവും മറ്റൊന്നിന്റെ തുടക്കവുമാണ്. കഴിഞ്ഞ തവണ സോണിയാ ഗാന്ധിയായിരുന്നു (യുപിയിലെ ഏക കോണ്‍ഗ്രസ് സീറ്റ്) റായ്ബറേലിയില്‍ നിന്നും വിജയിച്ചത്. വീണ്ടും ഒരു മത്സരത്തിനില്ലെന്ന് അവര്‍ വ്യക്തമാക്കിയപ്പോള്‍ പിന്‍ഗാമി ആരായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. രാഷ്ട്രീയ പണ്ഡിറ്റുകളെല്ലാം രാഹുലിനേക്കാള്‍ സാധ്യത കല്‍പ്പിച്ചത് പ്രിയങ്കയ്ക്കാണ്. രാഹുല്‍ കഴിഞ്ഞ തവണ കൈവിട്ട അമേഠിയിലേക്ക് തിരിച്ചുപോകുമെന്നും തട്ടകം തിരികെപ്പിടിക്കുമെന്നും പലരും ആശിച്ചു. എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് റായ്ബറേലിയിലെ ഗാന്ധി കുടുംബ ചരിത്രത്തിന്റെ പിന്‍ഗാമിയാകാനുള്ള നിയോഗം രാഹുല്‍ ഗാന്ധിയിലാണ്‌ എത്തിനില്‍ക്കുന്നത്. 

ലോക്‌സഭയെ ഇരുപത് വര്‍ഷത്തോളം പ്രതിനിധീകരിച്ച പരിചയസമ്പന്നത്തുണ്ട് രാഹുല്‍ ഗാന്ധിക്ക്. അതില്‍ 15 വര്‍ഷവും അമേഠിയെയായിരുന്നു പ്രതിനിധീകരിച്ചത്. അമേഠിയാകട്ടെ പരേതനായ തന്റെ പിതാവിന്റെയും മുത്തശ്ശന്റെയും മണ്ഡലമായിരുന്നു. നെഹ്‌റു-ഗാന്ധി കുടുംബത്തെ സംബന്ധിച്ച് അത്രമേല്‍ തന്നെ ഗാഢബന്ധമുളള മണ്ഡലമാണ് റായ്ബറേലിയും. ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശന്‍ ഫിറോസ് ഗാന്ധി ജയിച്ചുകയറിയ മണ്ഡലമാണത്. രണ്ടും ഗാന്ധി കുടുംബവും ഉത്തര്‍പ്രദേശുമായുമുളള കോണ്‍ഗ്രസിന്റെ ദൃഢബന്ധത്തിന് അടിത്തറ പാകിയ സീറ്റുകളാണ്. ഏറ്റവും കൂടുതല്‍ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന സംസ്ഥാനമാണ് യുപി. അവിടെ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുളളത്. 

2019-ല്‍ അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയാണ് വിജയിച്ചത്. 2024-ലും ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്ന സംസ്ഥാനം ബിജെപിയാണ്. അവിടെ ആഴത്തിലുളള ഒരു പോരാട്ടം നടത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. അത് ബിജെപിയുടെ സര്‍വ്വസംവിധാനങ്ങളെയും നേരിട്ട് വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിലൂടെ, സിഎഎയിലൂടെ, ആര്‍ട്ടിക്കിള്‍ 370-ലൂടെ, യുപിയില്‍ എല്ലാം ഭദ്രമാണെന്ന് വിശ്വസിച്ചുറച്ച് മുന്നോട്ടുപോയ ബിജെപിയെ പിന്‍നടത്തുന്നത് റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമാണ്. യുപിയിലെ പോരാട്ടം  കോണ്‍ഗ്രസ് അവസാനിപ്പിച്ചിട്ടില്ലെന്ന ശക്തമായ സന്ദേശം നല്‍കല്‍ കൂടിയാണത്. 

രാഹുല്‍ അമേഠിയില്‍ മത്സരിക്കാതിരിക്കുന്നതിനെ കുറിച്ച് വിലപിക്കുന്ന വിമര്‍ശകപ്പടയെ കാണാം. വ്യാജപ്രതാപത്തിന്റെ പേരില്‍ അമേഠിയില്‍ ഒരു പോരാട്ടത്തിനു കൂടെ ഇറങ്ങി രാജ്യത്തിന്റെ സകല ശ്രദ്ധയും അമേഠിയിലേക്ക് തിരിക്കുന്നതിനു പകരം അതില്‍ നിന്നും ഒഴിഞ്ഞുമാറിയതിലൂടെ ശക്തമായ രാഷ്ട്രീയ നീക്കമാണ് രാഹുല്‍ നടത്തിയത്. അദ്ദേഹം അമേഠി വിട്ടതോടെ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളെല്ലാം രാജ്യത്തെ അടിസ്ഥാനവര്‍ഗം നേരിടുന്ന വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുളളതാക്കാന്‍ കോണ്‍ഗ്രസിനായി. അമേഠിയില്‍ പ്രചാരണം നേരത്തെ തുടങ്ങിയ സ്മൃതി ഇറാനി തന്റെ പരിപാടികളെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് രാഹുല്‍ ഗാന്ധിയെന്ന പോരാളിയെ മുന്നില്‍ക്കണ്ടായിരുന്നു. പരമാവധി അവഹേളിച്ചും വെറുപ്പുളവാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയും രാഷ്ട്രീയത്തിലെ സകല മാലിന്യങ്ങളും പുറത്തെടുത്തും അവര്‍ രാഹുലിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കെയാണ് രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം വരുന്നത്. എന്നാല്‍ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുളള രാഹുല്‍ പഴയ രാഹുല്‍ അല്ലെന്ന് തിരിച്ചറിയുന്നതില്‍ സ്മൃതി ഇറാനിയും ബിജെപിയും പരാജയപ്പെട്ടു എന്നുവേണം മനസിലാക്കാന്‍. 2019-ലെ രാഷ്ട്രീയ കാലാവസ്ഥയല്ല 2024-ല്‍ എന്ന് തിരിച്ചറിയുന്നതിലും സ്മൃതി ഇറാനിയും ബിജെപിയും പരാജയപ്പെട്ടു എന്നുവേണം മനസിലാക്കാന്‍. വയനാട്ടിലേക്കുളള ഒളിച്ചോട്ടം പറഞ്ഞ്, മുസ്ലീം ലീഗിന്റെ പച്ചക്കൊടി കാണിച്ച്, ഭീരുവായി ചിത്രീകരിച്ച് രാഹുലിനെ അമേഠിയില്‍ തിരിച്ചെത്തിച്ച് പോരാട്ടം സ്മൃതി ഇറാനിയും രാഹുലും തമ്മിലാണെന്ന് വരുത്തിത്തീര്‍ത്ത്, 'കണ്ടോ, നോക്കൂ, നരേന്ദ്രമോദിക്കൊത്ത ഒരു എതിരാളി പോലുമില്ല' എന്ന് 56 ഇഞ്ചിന്റെ വടിവുകള്‍ ചേര്‍ത്ത പ്രചാരണം നടത്താമെന്ന ബിജെപിയുടെ വ്യാമോഹത്തിനാണ് അടികിട്ടിയത്. സകല 'മോഡിയ'കളും 'സ്മൃതി വേഴ്‌സസ് രാഹുല്‍' പോരാട്ടമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റാന്‍ വേണ്ടി പിടിപ്പത് പണിയെടുക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം ഉണ്ടാകുന്നത്. രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നതോടു കൂടി പോരാട്ടം ഇന്ത്യാ ബ്ലോക്കും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും തമ്മിലുളളതാണെന്ന് ഒരിക്കല്‍ക്കൂടെ ഊട്ടിയുറപ്പിക്കുകയാണ്. 

ഒരുഘട്ടത്തില്‍ റായ്ബറേലിയില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ അതൊരു മഹത്തായ സംഭവമായിരുന്നേനെ എന്ന് നിസ്സംശയം പറയാം. ദക്ഷിണേന്ത്യയില്‍ നിന്നുളള ഒരു ദളിത് നേതാവുകൂടിയായ കോണ്‍ഗ്രസിന്റെ അധ്യക്ഷന് കോണ്‍ഗ്രസ് അവരുടെ പിതൃസ്വത്തുപോലെ കൊണ്ടുനടക്കുന്ന സീറ്റ് കൈമാറിയിരുന്നെങ്കില്‍ അതിന് ആഴത്തിലുളള രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നേനെ. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ ഇവിടെ മത്സരിക്കുന്നതിലൂടെ സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് 2019-ലെ പോരാട്ടം വീണ്ടും ആവര്‍ത്തിക്കുകയല്ല, മറിച്ച് 2024-ലെ പോരാട്ടത്തെ വേറെത്തന്നെ കാണുന്നു എന്നാണ്. ഹിന്ദി ഹൃദയഭൂമിയില്‍ തങ്ങള്‍ക്ക് എതിരാളികളേ ഇല്ലെന്ന ബിജെപിയുടെ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന കൗശലവും കണക്കുകൂട്ടലുകളും ആ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാണാം. 2019-ലെ കുത്തൊഴുക്കിലും യുപിയിലെ കോണ്‍ഗ്രസിന്റെ വേരറ്റുപോകരുതെന്ന് ഉറപ്പാക്കിയ മണ്ഡലമാണ് റായ്ബറേലി. ആദ്യ തെരഞ്ഞെടുപ്പിലും 57-ലെ രണ്ടാം തെരഞ്ഞെടുപ്പിലും ഫിറോസ് ഗാന്ധിയായിരുന്നു റായ്ബറേലിയിലെ എംപി. അതിനുശേഷം ഇന്ദിരാഗാന്ധി ആ തട്ടകം ഏറ്റെടുത്തു. 1977-ല്‍ ഇന്ദിര റായ്ബറേലി കൈവിട്ടിരുന്നു എന്നതും ഓര്‍ക്കേണ്ട കാര്യമാണ്. അന്ന് അവരും ദക്ഷിണേന്ത്യയില്‍ സീറ്റുതേടിയിരുന്നു. പിന്നീട് റായ്ബറേലിയിലേക്ക് തന്നെ മടങ്ങിയെത്തി. സോണിയാ ഗാന്ധിയും അതേപാത പിന്തുടര്‍ന്നു. ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനുളള പോരാട്ടത്തിന് റായ്ബറേലിയില്‍ നിന്നുതന്നെ നേതൃത്വം നല്‍കുന്നതു വഴി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തിന് നല്‍കുന്ന സന്ദേശം പ്രതീക്ഷാവഹമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Sufad Subaida

Recent Posts

Web Desk 4 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 4 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 4 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 4 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 4 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 4 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More