ചെന്നൈ: വിവാദ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുളള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ ഐക്യം തകര്‍ക്കുമെന്നും തമിഴ്നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. ജനങ്ങള്‍ തമ്മിലുളള ഐക്യം തകര്‍ക്കുന്ന സിഎഎ പോലുളള ഒരു നിയമങ്ങളും നടപ്പിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപീകരിച്ചതിനുശേഷമുളള വിജയ്യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണിത്.
നാലുവര്‍ഷം മുന്‍പ് പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങളാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. മതാടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വം അംഗീകരിക്കുന്നതാണ് ഈ നിയമത്തെ വിവാദത്തിലാക്കിയത്. പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകള്‍ ഇല്ലാതെ തന്നെ 2014 ഡിസംബര്‍ 31-ന് മുന്‍പ് കുടിയേറിയ മുസ്ലീങ്ങള്‍ ഒഴികെയുളളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതാണ് നിയമം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് പൗരത്വം അനുവദിക്കുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം അപേക്ഷകര്‍ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. ഇത്തരത്തില്‍ പൗരത്വം നല്‍കുന്നതിന്റെ വ്യവസ്ഥകളും നടപടിക്രമങ്ങളുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.