ഡല്‍ഹി: ഉത്തര്‍പ്രദേശിനു പിന്നാലെ ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയകരമായി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ആകെയുളള 7 സീറ്റില്‍ നാലിടത്ത് ആം ആദ്മി പാര്‍ട്ടിയും മൂന്നിടത്ത് കോണ്‍ഗ്രസും മത്സരിക്കാന്‍ ധാരണയായതായാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ്, വെസ്റ്റ്, സൗത്ത് ഡല്‍ഹി മണ്ഡലങ്ങളിലാകും ആം ആദ്മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. കോണ്‍ഗ്രസ് ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളില്‍ നിന്നാകും മത്സരിക്കുക. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹിയില്‍ ധാരണയിലെത്തുന്നത് ഇന്ത്യാ മുന്നണിക്ക് ആത്മവിശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. അടുത്തിടെ ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ സുപ്രീംകോടതി ഇടപെടലോടെ കോണ്‍ഗ്രസ്- എഎപി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. യുപിയിലെ സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയുമായി ധാരണയായതിനുപിന്നാലെ ഇന്ത്യാ മുന്നണിയില്‍ നടക്കുന്ന ശ്രദ്ധേയമായ സീറ്റ് വിഭജനമാണ് ഡല്‍ഹിയിലേത്. അതേസമയം, പഞ്ചാബില്‍ ഇനിയും സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല. പഞ്ചാബിലെ 13 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്റിവാള്‍ നേരത്തെ പറഞ്ഞിരുന്നു.