ഗുവാഹത്തി: തന്നെ അധിക്ഷേപിക്കുകയോ മര്‍ദ്ദിക്കുകയോ ചെയ്താലും സത്യത്തിനുവേണ്ടിയുളള പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കിയത് അസം മുഖ്യമന്ത്രിയാണെന്നും യാത്രയ്ക്കെതിരെ ഹിമന്ത ബിശ്വ ശര്‍മ്മ എന്തൊക്കെ ചെയ്താലും അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തും തോറും ന്യായ് യാത്രയുടെ ശക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'എന്നെ അധിക്ഷേപിച്ചോളൂ, അല്ലെങ്കില്‍ മര്ദ്ദിച്ചോളു. എന്നാല്‍ സത്യത്തിനുവേണ്ടി ഞാന്‍ പോരാടിക്കൊണ്ടേയിരിക്കും. നിങ്ങള്‍ എത്ര ശ്രമിച്ചാലും ഭാരത് ജോഡോ ന്യായ് യാത്രയെ തടയാനാവില്ല. ഞങ്ങള്‍ നിര്‍ഭയമായി യാത്ര തുടരും. ന്യായ് യാത്രയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കിയത് അസം മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ എതിരഭിപ്രായങ്ങളില്ലായിരുന്നെങ്കില് ഇത്രയും പ്രചാരം ലഭിക്കില്ലായിരുന്നു. യാത്രയ്ക്കെതിരെ അസം മുഖ്യമന്ത്രി എന്തുചെയ്താലും അത് യാത്രയ്ക്ക് ഗുണം ചെയ്യും. അവര്‍ യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയാണ്. എന്നാല്‍ യാത്ര തടയുംതോറും അതിന്റെ ശക്തിയേറും'- രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, ന്യായ് യാത്രയ്ക്കിടെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുളള നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രകോപനം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.