ബംഗളുരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനുളള ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) എച്ച് ഡി ദേവഗൗഡയുടെ തീരുമാനത്തെ തളളി ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ സിഎം ഇബ്രാഹിം. പാര്‍ട്ടിയിലെ പിളര്‍പ്പിനെക്കുറിച്ച് സൂചന നല്കിയ അദ്ദേഹം താനാണ് ജെഡിഎസിന്റെ യഥാര്‍ത്ഥ പ്രസിഡന്റെന്നും പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും തനിക്കൊപ്പമാണെന്നും അവകാശപ്പെട്ടു. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായതിനാല്‍ കര്‍ണാടകയിലെ സഖ്യത്തിന്റെ കാര്യം താനാണ് തീരുമാനിക്കുകയെന്നും വ്യക്തമാക്കി. ജെഡിഎസ് നേതാക്കളുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജെഡിഎസ് എന്‍ഡിഎയ്ക്കൊപ്പം പോകില്ല എന്നതാണ് ഞങ്ങളുടെ തീരുമാനം. എന്‍ഡിഎയുമായി സഖ്യമുണ്ടാക്കുന്നതിന് സമ്മതം നല്‍കരുതെന്നാണ് ദേവഗൗഡയോട് അഭ്യര്‍ത്ഥിക്കാനുളളത്. ബിജെപിയുമായി സഖ്യമുണ്ടാക്കുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. കര്‍ണാടകയില്‍ ഞങ്ങള്‍ക്ക് എച്ച് ഡി ദേവഗൗഡയോട് മമതയുണ്ട്. അദ്ദേഹം പാര്‍ട്ടിയുടെ പിതാവാണ്. ബിജെപിയുമായി സഖ്യത്തിലേര്പ്പെടരുതെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറയും'- സി എം ഇബ്രാഹിം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ദേവഗൗഡയും കുമാരസ്വാമിയും നിര്‍ദേശങ്ങള്‍ തളളിയാല്‍ ഭാവി നടപടികള്‍ എന്താവും എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഞാനാണ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഞാനാണ് എടുക്കുന്നത്. ബിജെപിക്കൊപ്പം പോകില്ലെന്ന് ഞാന്‍ തീരുമാനിച്ചതാണ്. അതില്‍ക്കൂടുതല്‍ എന്താണ്? ദേവഗൗഡയും കുമാരസ്വാമിയും ബിജെപിക്കൊപ്പം പോകാന്‍ തീരുമാനിച്ചെങ്കില്‍ അവര്‍ പോകട്ടെ. ജെഡിഎസ് എന്‍ഡിഎ സഖ്യത്തിനൊപ്പം ചേരില്ല'- എന്നായിരുന്നു സി എം ഇബ്രാഹിമിന്റെ മറുപടി.