റായ്പൂര്‍: ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ ബിഹാറിലേതുപോലെ ജാതി സെന്‍സസ് നടത്തുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ജാതി സെന്‍സസ് നടത്തേണ്ടതുതന്നെയാണെന്നും കോണ്‍ഗ്രസ് ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബിജെപി ജനങ്ങളെ അതില്‍ നിന്ന് വഴിതിരിച്ചു വിടുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം കാന്കേര് ജില്ലയിലെ ബസ്താറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
'ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ബിഹാറിലെ പോലെ ഇവിടെയും ജാതി സെന്‍സസ് നടത്തും. നിങ്ങള്‍ ബിഹാറിലെ ജാതി സെന്‍സസ് കണക്കുകള്‍ കണ്ടോ? 84 ശതമാനമാണ് ആ സംസ്ഥാനത്തെ ഒബിസി, എസ് സി, എസ് ടി വിഭാഗത്തിലുളളവര്‍. എന്നാല്‍ സര്‍ക്കാരിന്റെ ഉന്നത പദവികളിലൊന്നും അവരില്ല. അത് അവരുടെ അവകാശമല്ലേ? ജാതി സെന്‍സസ് നടത്തുന്നതില്‍ എന്താണ് തെറ്റ്? ഞങ്ങള്‍ നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ബിജെപി നിങ്ങളെ അതില്‍ നിന്ന് വഴിതിരിച്ചുവിടുകയാണ്'- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, രാജസ്ഥാനിലും ജാതി സെന്‍സസ് നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. കോണ്‍ഗ്രസിന്റെ റായ്പൂര്‍ സെഷനില്‍ രാഹുല്‍ ഗാന്ധി ജാതി സെന്‍സസിനെക്കുറിച്ച് പറഞ്ഞിരുന്നെന്നും അത് രാജസ്ഥാനിലും നടപ്പാക്കുമെന്നുമാണ് ഗെഹ്ലോട്ട് പറഞ്ഞത്.