ഡല്‍ഹി: ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുമെന്ന തരത്തിലുളള അഭ്യൂഹത്തിനിടെ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്റിവാള്‍. ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയുടെ പേരുമാറ്റി നോക്ക് എന്നാണ് അരവിന്ദ് കെജ്റിവാള്‍ പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നിരുന്നെന്നും ഇന്ത്യയെന്ന പേരില്‍ പ്രതിപക്ഷ സഖ്യമുണ്ടാക്കിയതിനുപിന്നാലെയാണ് രാജ്യത്തിന്റെ പേരുമാറ്റാനുളള തീരുമാനമെന്നും കെജ്റിവാള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? ഈ രാജ്യം 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യ ജീവിക്കുന്നത് നമ്മുടെയെല്ലാം ഹൃദയത്തിലാണ്. ഭാരതവും ഹിന്ദുസ്ഥാനും നമ്മുടെ ഹൃദയത്തിലാണുളളത്. പ്രതിപക്ഷ സഖ്യം ഇന്ത്യയെന്ന് പേരിട്ടപ്പോള്‍ അവര്‍ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കുമെന്ന് പറയുന്നു. ഇനി നാളെ ഞങ്ങള്‍ സഖ്യത്തിന് ഭാരത് എന്ന് പേരിട്ടാല്‍ ബിജെപി രാജ്യത്തിന്റെ പേര് വീണ്ടും മാറ്റുമോ '- അരവിന്ദ് കെജ്റിവാള്‍ പറഞ്ഞു. ചത്തീസ്ഗഡില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയുടെ പേര് മാറ്റി നോക്ക് എന്ന് താന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.