ഭോപ്പാല്‍: മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. മധ്യപ്രദേശിലെ നര്‍മ്മദാപുരം ജില്ലയില്‍നിന്ന് രണ്ടുതവണ ബിജെപി എംഎംഎയായി തെരഞ്ഞെടുക്കപ്പെട്ട ഗിരിജ ശങ്കര്‍ ശര്‍മ്മയാണ് അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിയില്‍ ജനാധിപത്യം അവസാനിച്ചതുകൊണ്ടാണ് താന്‍ ആ പാര്‍ട്ടി വിട്ടതെന്നും അവിടെ മുഖസ്തുതി സംസ്കാരം തഴച്ചുവളരുകയാണെന്നും ഗിരിജാ ശങ്കര്‍ ശര്‍മ്മ പറഞ്ഞു. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥാണ് ഗിരിജാ ശങ്കറിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. എഴുപത്തിമൂന്നുകാരനായ ഗിരിജാ ശങ്കര്‍ ശര്‍മ്മയുടെ സഹോദരന് സീതാശരണ്‍ ശര്‍മ്മ ഹോഷംഗാബാദില്നിന്ന് 5 തവണ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സെപ്റ്റംബര്‍ രണ്ടിന് കോലാറസ് എംഎല്‍എ വീരേന്ദ്ര രഘുവംശിയും മുന്‍ എംഎല്‍എ ബന്‍വര്‍ സിംഗ് ഷെഖാവത്തുമുള്പ്പെടെ പത്ത് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരായ മൂന്ന് നേതാക്കളും അടുത്തിടെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയിരുന്നു. സാമന്ദര്‍ പട്ടേല്‍, ബൈജ്നാഥ് സിംഗ്, രാകേഷ് കുമാര്‍ ഗുപ്ത എന്നിവരാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്.