ഇപിയുടെ സവര്‍ക്കര്‍ പരാമര്‍ശം നൂറുശതമാനവും തെറ്റ്- പി എന്‍ ഗോപീകൃഷ്ണന്‍

സ്വാതന്ത്ര്യസമര കാലത്ത് വി ഡി സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കവി പി എന്‍ ഗോപീകൃഷ്ണന്‍. വിപ്ലവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് സവര്‍ക്കര്‍ ജയിലില്‍ പോയതെന്ന പ്രസ്താവന നൂറുശതമാനവും തെറ്റാണെന്നും നാസിക് ജില്ലാ കളക്ടറായിരുന്ന എ എം ടി ജാക്‌സണ്‍ എന്ന ബ്രിട്ടീഷുകാരനെ അനന്ത് ലക്ഷ്മണ്‍ കന്‍ഹാരെ വെടിവെച്ചു കൊന്ന കേസിലെ ഗൂഢാലോചനാക്കുറ്റത്തിനാണ് സവര്‍ക്കര്‍ ജയിലിലാകുന്നതെന്നും പി എന്‍ ഗോപീകൃഷ്ണന്‍ പറഞ്ഞു. 'സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലിലേക്ക് പോകുന്ന കാലത്തൊന്നും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നിട്ടില്ല. ഹിറ്റ്‌ലര്‍ക്ക് നാസിസവും മുസ്സോളിനിക്ക് ഫാസിസവും എന്നപോലെയാണ് മോദിക്ക് സവര്‍ക്കറിസം. അക്കാലത്ത് ഇമ്മാതിരി ഉദാസീന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍നിന്നും വരുന്നു എന്നത് അങ്ങേയറ്റം ദുഖകരമാണ്'- പി എന്‍ ഗോപീകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പി എന്‍ ഗോപീകൃഷ്ണന്റെ കുറിപ്പ്

വി ഡി സവർക്കർ ഒരു കാലത്ത് തീവ്ര ഇടതുപക്ഷ സാഹസിക പ്രവർത്തകൻ ആയിരുന്നു എന്ന മട്ടിൽ ഇ.പി.ജയരാജൻ പ്രസംഗിച്ചതായി ഇന്നത്തെ പത്രങ്ങളിൽ വാർത്ത കണ്ടു. അങ്ങനെയുള്ള വിപ്ലവ പ്രവർത്തനത്തിൽ ഏർപ്പെട്ടതുകൊണ്ടാണ് അദ്ദേഹം ജയിലിൽ പോയതെന്നും.  നൂറു ശതമാനവും തെറ്റായ പ്രസ്താവന ആണത്.

നാസിക് ജില്ലാ കളക്ടറായിരുന്ന ഏ എം ടി ജാക്സൺ എന്ന ബ്രിട്ടീഷുകാരനെ അനന്ത് ലക്ഷ്മൺ കൻഹാരേ വെടിവെച്ചു കൊന്ന കേസിൽ ഗൂഢാലോചനാ കുറ്റത്തിനാണ് സവർക്കർ ജയിലിലാകുന്നത്. സവർക്കർ സ്ഥാപിച്ച അഭിനവ് ഭാരത് എന്ന തീവ്ര വലതുപക്ഷ ബ്രാഹ്മണിക പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനായിരുന്നു കൻഹാരേ. സവർക്കർ ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേയ്ക്ക് കടത്തിയ തോക്കുകളിൽ ഒന്ന് ഉപയോഗിച്ചാണ് കൊല നടത്തിയത്. തൻ്റെ ജ്യേഷ്ഠനായ ഗണേഷ് ദാമോദർ സവർക്കറെ തടവിലാക്കിയത് ജാക്സൺ ആണ് എന്ന വിരോധം ആണ് ജാക്സൺ വധത്തിൽ കലാശിച്ചത്. 1909 ഡിസംബർ 21 ന് നാസിക്കിൽ വെച്ചാണ് കൻഹാരേ , ജാക്സണെ കൊല്ലുന്നത്. തുടർന്ന് 1910 മാർച്ചിൽ സവർക്കർ അറസ്റ്റ് ചെയ്യപ്പെട്ടു. 

1910 ഡിസംബർ 23 ന് ജാക്സൺ കേസിലെ വിധി വന്നു. സവർക്കർക്ക് ആൻഡമാൻ ജയിലിൽ ജീവപര്യന്തം തടവാണ് ശിക്ഷയായി കിട്ടിയത്. ഒപ്പം രാജ്യദ്രോഹ കേസിൽ മറ്റൊരു ജീവപര്യന്തവും. ഇരട്ട ജീവപര്യന്തത്തടവുകാരനായി 1911 ജൂൺ 27 നാണ് സവർക്കർ ആൻഡമാനിലേയ്ക്ക് പോകുന്നത്.

ഇക്കാലത്തൊന്നും കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിലവിൽ വന്നിട്ടില്ല. റഷ്യൻ വിപ്ലവം പോലും നടന്നിട്ടില്ല. 1920 കളിൽ മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യരൂപങ്ങൾ ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങുന്നത്. ഇടതു പക്ഷം, കമ്യൂണിസം തുടങ്ങിയ പരികല്പനകൾ പോലും സവർക്കർ തടവിലാകുന്ന കാലത്ത് ഇന്ത്യയ്ക്ക് അപരിചിതമാണ് എന്നർത്ഥം.

ദാരേക്കർ പോലുള്ള ചില അപവാദങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും അഭിനവ് ഭാരത് ഒരു ബ്രാഹ്മണ വലതുപക്ഷ തീവ്രവാദ പ്രസ്ഥാനമായിരുന്നു. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ തീവ്ര വലതുപക്ഷ ചിത്പാവൻ ബ്രാഹ്മണ പ്രസ്ഥാനം. ജാക്സൺ വധക്കേസിലെ പ്രതിപ്പട്ടിക നോക്കിയാൽ അത് വ്യക്തമാകും. ഭൂരിഭാഗം പേരും ചിത്പാ വൻ ബ്രാഹ്മണർ.

ഹിറ്റ്ലർക്ക് നാസിസവും മുസ്സോളിനിക്ക് ഫാസിസവും എന്ന പോലെയാണ് മോഡിക്ക് സവർക്കറിസം. അക്കാലത്ത് ഇമ്മാതിരി ഉദാസീന പ്രസ്താവനകൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ നിന്നും വരുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More