കോട്ടയം: കോട്ടയം കിടങ്ങൂരില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് തോമസ് മാളിയേക്കലിന് രാജിവെക്കാന്‍ നിര്‍ദേശം നല്കി യുഡിഎഫ്. ബിജെപി പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചതെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെയാണ് തോമസിനോട് യുഡിഎഫ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. കേരളാ കോണ്‍ഗ്രസ് എം- സിപിഎം ധാരണ പ്രകാരം പ്രസിഡന്റ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജോസഫ് വിഭാഗത്തെ ബിജെപി പിന്തുണച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു.
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായിരുന്നു. പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് മൂന്നും ബിജെപിക്ക് അഞ്ചും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫില്‍ നാലുപേര്‍ കേരളാ കോണ്‍ഗ്രസ് എമ്മുകാരും മൂന്നുപേര്‍ സിപിഎമ്മുകാരുമായിരുന്നു. ആദ്യ രണ്ടര വര്‍ഷം കേരളാ കോണ്‍ഗ്രസ് എമ്മിനും അടുത്ത രണ്ടര വര്‍ഷം സിപിഎമ്മിനും എന്നായിരുന്നു ധാരണ. ഇതുപ്രകാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബോബി മാത്യുവും വൈസ് പ്രസിഡന്റ് ഹേമരാജും രാജിവെച്ചു. കേരളാ കോണ്‍ഗ്രസ് എം പ്രസിഡന്റ് രാജിവെച്ചതോടെ സിപിഎം അംഗം പഞ്ചായത്ത് പ്രസിഡന്റ് ആകേണ്ടതായിരുന്നു. അതിനിടെയാണ് നാടകീയ നീക്കത്തിലൂടെ ബിജെപി പിന്തുണയില്‍ കോണ്‍ഗ്രസ് അധികാരം നേടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, കിടങ്ങൂരിലെ യുഡിഎഫ്-ബിജെപി സഖ്യം സംസ്ഥാന നേതൃത്വം അറിയാതെ നടന്നതാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു. പ്രാദേശിക തലത്തില്‍ നടന്ന ധാരണയാകാമിതെന്നും അത് തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബിജെപിക്കൊപ്പം ഭരിക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.