ഖാഇദെമില്ലത്തിനെ അപമാനിക്കരുത്, അപേക്ഷയാണ്! - മുസ്ലീം ലീഗിനോട് കെ ടി ജലീല്‍

മുസ്ലീം ലീഗ് ഡല്‍ഹിയില്‍ നിര്‍മ്മിക്കാനിരിക്കുന്ന ദേശീയ ആസ്ഥാനത്തിനുവേണ്ടി പിരിച്ച ഫണ്ട് വകമാറ്റാനുളള നീക്കം നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. ഡല്‍ഹിയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസലിയാരും എന്‍എസ്എസും എസ് എന്‍ ഡി പിയുമെല്ലാം നിര്‍മ്മിച്ച ആസ്ഥാന മന്ദിരങ്ങളുടെ ഗാംഭീര്യം ലീഗ് നിര്‍മ്മിക്കുന്ന ഖാഇദെ മില്ലത്ത് മന്ദിരത്തിനില്ലെന്നും ഖാഇദെ മില്ലത്തിനെ അപമാനിക്കരുതെന്നാണ് ലീഗിനോടുളള അപേക്ഷയെന്നും കെ ടി ജലീല്‍ പറഞ്ഞു. 'ഡല്‍ഹിയിലെ തട്ടിക്കൂട്ട് മന്ദിരത്തിനായിരുന്നെങ്കില്‍ ലീഗ് പ്രവര്‍ത്തകരും പൊതുജനങ്ങളും സംഭാവന നല്‍കുമായിരുന്നെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഖാഇദെ മില്ലത്തിന്റെ പേരില്‍ പിരിക്കുന്ന പണമെങ്കിലും ലീഗ് യഥാവിധി ചെലവാക്കുമെന്ന് അവര്‍ ന്യായമായും പ്രതീക്ഷിച്ചു. അതുണ്ടാകാതെ വന്നപ്പോഴാണ് വിമര്‍ശനം വേണ്ടിവന്നത്'- ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

കെ ടി ജലീലിന്റെ കുറിപ്പ്

ഖാഇദെമില്ലത്തിനെ അപമാനിക്കരുത്. അപേക്ഷയാണ്!

കേരളത്തിലെ ഏതാണ്ടെല്ലാ സമുദായ സംഘടനകൾക്കും ഡൽഹിയിൽ സ്വന്തമായി നിർമ്മിച്ച ആസ്ഥാനങ്ങളുണ്ട്. എ.പി അബൂബക്കർ മുസ്ല്യാർ എന്ന ധിഷണാശാലി ഡൽഹിയിൽ നിർമ്മിച്ച മർക്കസ് സെൻ്റെർ എത്ര ഗാംഭീര്യമുള്ളതാണ്. കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ സ്വന്തമായി ഡൽഹിയിൽ നിർമ്മിച്ച കെട്ടിടം എത്ര പകിട്ടാർന്നതാണ്. കേരള നായർ സർവീസ് സൊസൈറ്റിയുടെ ഡൽഹി ഓഫീസിന് എന്തൊരു തലയെടുപ്പാണ്. കേരള എസ്.എൻ.ഡി.പിയുടെ ആശിർവാദത്തോടെ ഡൽഹിയിൽ നിർമ്മിച്ച ആസ്ഥാനം എത്ര മനോഹരമാണ്. ഇതോട് ചേർത്ത് വേണം, പത്തൊമ്പത് കോടി കൊടുത്ത് വാങ്ങി തട്ടിക്കൂട്ടുന്ന കൊമേഴ്സ്യൽ ബിൽഡിംഗിന് ഖാഇദെമില്ലത്തിൻ്റെ പേരിടാനുള്ള നീക്കം താരതമ്യം ചെയ്യേണ്ടത്. 

27 കോടിയോളം കേരളത്തിലെ ലീഗ് പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പിരിഞ്ഞുകിട്ടി. അതിൽ എനിക്ക് സന്തോഷമേയുള്ളൂ. ഒരു "ചൊറിച്ചിലു"മില്ല. വിദേശ മലയാളികളിൽ നിന്ന് കെ.എം.സി.സി മുഖേന ശേഖരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് 25 കോടി വേറെയും. അതിനും പുറമെയാണ് ഖാഇദെമില്ലത്തിൻ്റെ ജൻമനാടായ തമിഴ്നാട്ടിൽ നിന്ന് വരുന്ന കോടികൾ. നാമമാത്രമാണെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിഹിതമടക്കം   ചുരുങ്ങിയത് 75 കോടി രൂപയെങ്കിലും സമാഹരിക്കുമെന്നുറപ്പ്.

കേരളത്തിൽ 25 കോടി ടാർജറ്റ് മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ കെ.എം.സി.സി വഴി പിരിക്കുന്ന പണവും ടാർജറ്റ് മറികടക്കുമെന്ന് ലീഗിനെ അറിയുന്നവർക്കറിയാം. തമിഴ്നാടും ടാർജറ്റ് മറികടക്കും. കാരണം ജനങ്ങൾ അത്രകണ്ട് "ഖാഇദെമില്ലത്ത്"എന്ന മഹാനെ സ്നേഹിക്കുന്നു. പല ലീഗ് പ്രാദേശിക കമ്മിറ്റികളും നിശ്ചയിച്ച ക്വോട്ട പൂർത്തിയാക്കാൻ ലീഗല്ലാത്തവരിൽ നിന്നും ധനസമാഹരണം നടത്തിയിട്ടുണ്ട്. അവരും അതിൽ സഹകരിച്ചത് ഇസ്മായിൽ സാഹിബിനോടുള്ള ബഹുമാനം കൊണ്ടാണ്.

കാര്യം പറയുമ്പോൾ "താങ്കൾ" വല്ലതും കൊടുത്തോ എന്നാണ് ലീഗ് സൈബർ പോരാളികൾ ചോദിക്കുന്നത്? അതവിടെ നിൽക്കട്ടെ. ആവശ്യമെങ്കിൽ പിന്നീടു പറയാം. ഡൽഹിയിലെ "തട്ടിക്കൂട്ട്" സൗധത്തിനായിരുന്നെങ്കിൽ ലീഗ് പ്രവർത്തകരും പൊതുജനങ്ങളും സംഭാവന നൽകുമായിരുന്നുവെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഖാഇദെമില്ലത്തിൻ്റെ പേരിൽ പിരിക്കുന്ന പണമെങ്കിലും യഥാവിധി ലീഗ് നേതൃത്വം ചെലവാക്കുമെന്ന് അവർ ന്യായമായും പ്രതീക്ഷിച്ചു. അതുണ്ടാകാതെ വന്നപ്പോഴാണ് വിമർശനം വേണ്ടി വന്നത്.

എ.പി വിഭാഗം സുന്നികൾക്ക് ഡൽഹിയിൽ ''മർക്കസ് സെൻ്റർ" സ്വന്തമായി പണിയാമെങ്കിൽ, കേരള മുസ്ലിം വെൽഫെയർ അസോസിയേഷന് സ്വന്തമായി ഒരാസ്ഥാനം ഉണ്ടാക്കാമെങ്കിൽ, എൻ.എസ്.എസി-ന് ഒരു ഓഫീസ് ഡൽഹിയിൽ നിർമ്മിക്കാമെങ്കിൽ, വെള്ളാപ്പള്ളിയുടെ എസ്.എൻ.ഡി.പിക്ക് ഡൽഹി യൂണിയൻ ഓഫീസ് സ്വന്തമായി കെട്ടാമെങ്കിൽ, 3 ലോക്സഭാ എം പിമാരും ഒരു രാജ്യസഭാ എം.പിയും 15 എം.എൽ.എമാരും നിരവധി തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ ബാങ്കുകളുടെയും സാരഥികളും ഉള്ള ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് മാത്രം സ്വന്തമായി സ്ഥലം സംഘടിപ്പിച്ച് സ്റ്റുഡൻസ് ഹോസ്റ്റൽ, റിസർച്ച് സെൻ്റെർ, ഡിജിറ്റൽ ലൈബ്രറി, ലീഗ് ദേശീയ ഓഫീസ്, യൂത്ത്ലീഗിനും എം.എസ്.എഫിനും ദേശീയ അസ്ഥാനങ്ങൾ, എന്നിവ ഉൾപ്പെടുത്തി വിശാലവും പ്രൗഢഗംഭീരവുമായ ഒരു സമുച്ചയം എന്തുകൊണ്ടാണ് പണിയാൻ കഴിയാത്തത്? 

നേതൃത്വത്തിൻ്റെ വരട്ടുവദങ്ങളുടെ "യുക്തി"ലീഗിൻ്റെ സൈബർ പോരാളികൾക്ക് പോലും ഉൾകൊള്ളാനാവില്ല. ഖാഇദെമില്ലത്തിൻ്റെ പേരിൽ പിരിച്ച പണം വകമാറ്റാനുള്ള ലീഗിൻ്റെ "പതിവുതന്ത്രം" വിലപ്പോവില്ല. വകമാറ്റാനാണ് ഉദ്ദേശമെങ്കിൽ ആ കാര്യം പിരിവിന് മുമ്പേ പറയണമായിരുന്നു. സാധാരണ ലീഗ് പ്രവർത്തകർ വല്ലാതെ മോഹിച്ചു. ആനകൊടുത്താലും അവർക്ക് ആശ കൊടുക്കരുതായിരുന്നു.

മുസ്ലിം ലീഗ് നേതാവും സാത്വികനും പ്രഭാഷകനും ബുദ്ധിജീവിയുമായിരുന്ന മർഹും കൊളത്തൂർ ടി മുഹമ്മദ് മൗലവിയെ ഉദ്ധരിച്ച്‌ ഈ കുറിപ്പ് അവസാനിപ്പിക്കാം. മഹാൻമാരുടെ പേരുകളിട്ട് കെടുകാര്യസ്ഥത കാട്ടുന്ന സ്ഥാപന മേധാവികളോട് അദ്ദേഹം പരസ്യമായി പൊതുയോഗങ്ങളിൽ പറഞ്ഞു: ''താന്തോന്നിത്തം കാട്ടാനാണെങ്കിൽ സൂഫിവര്യൻമാരായ മഹത്തുകളുടെ പേരുകൾക്ക് പകരം അവരവരുടെ വാപ്പാരുടെ പേരിട്ട് സ്ഥാപനം നടത്തുന്നതാണ് നല്ലത്". 

ഖാഇദെമില്ലത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മയിൽ ഉയരുന്ന സൗധത്തിന് അതിൻ്റേതായ ഗാംഭീര്യമില്ലെങ്കിൽ ആ മഹാൻ്റെ പേര് ദയവായി ആ കെട്ടിടത്തിന് മുകളിൽ എഴുതിവെക്കരുത്. ''പ്ലീസ്".........

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More