ഭരണാധിപനായും പ്രജയായും ഒരേസമയം കർമ്മനിരതനായ ഉമ്മന്‍ചാണ്ടി - ആസാദ് മലയാറ്റില്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് കുറിപ്പുമായി ആസാദ് മലയാറ്റില്‍. മനുഷ്യരോട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടുന്ന ജനനേതാക്കളുടെ വംശത്തില്‍ ശേഷിച്ചവരില്‍ ഒരാളാണ് ഇന്നലെ പുതുപ്പളളിയിലെ മണ്‍പാളിയില്‍ മറഞ്ഞതെന്ന് ആസാദ് മലയാറ്റില്‍ പറഞ്ഞു. അമ്പതുവര്‍ഷത്തിലേറെ ഒരേ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ മറ്റൊരാളുണ്ടാവില്ലെന്നും രാഷ്ട്രീയത്തിലെ കാറും കോളുമൊന്നും ഏല്‍ക്കാതെ ആ മണ്ഡലം അയാളെ കാത്തെന്നും ആസാദ് പറയുന്നു. 'ധാര്‍മികതയുടെ, സ്‌നേഹത്തിന്റെ നേര്‍മ്മയാര്‍ന്ന ഇഴകളില്‍ അയാള്‍ അനേക സഹസ്രം ജനങ്ങളെ ഒപ്പം ചേര്‍ത്തു. ഭരണാധിപതനായും പ്രജയായും ഒരേസമയം കര്‍മ്മനിരതനായി. അധികാരത്തിന്റെ കസേരയില്‍ ഇരിക്കുമ്പോഴും കുറ്റാരോപണങ്ങളുടെ കുരിശേറുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയല്ലേ എന്ന ശാന്തത അദ്ദേഹത്തില്‍നിറഞ്ഞു'- ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ആസാദ് മലയാറ്റിലിന്റെ കുറിപ്പ്

രാഷ്ട്രീയത്തിലെ അതികായന്മാരുടെ യുഗം സ്വാതന്ത്ര്യ സമരകാലത്തും പിറകേയുമായി അവസാനിച്ചതാണ്. പിന്നീടു വളർന്നവർ സ്വാതന്ത്ര്യത്തിന്റെ തണൽപറ്റി അധികാരത്തിന്റെ നീക്കുപോക്കുകളിൽ മുഴുകിയവരാണ്. സമരോത്സുകതയുടെയും സമത്വ സ്വപ്നങ്ങളുടെയും അവസാനത്തെ ചാറ്റലുകളും നാം നനയുകയാണ്. മനുഷ്യരോടു സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടുന്ന ജന നേതാക്കളുടെ വംശത്തിൽ ശേഷിച്ചവർ വളരെ കുറവ്. അവരിൽ ഒരാൾ ഇന്നലെ പുതുപ്പള്ളിയുടെ മൺപാളിയിൽ മറഞ്ഞു.

അമ്പതു വർഷത്തിലേറെ ഒരേ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധിയായി മറ്റൊരാളുണ്ടായില്ല. മാറി ചിന്തിക്കാൻ പുതുപ്പള്ളിക്കു കഴിയുമായിരുന്നില്ല. എല്ലാവരുടെയും സ്വന്തമായി ഒരാൾ ഉണ്ടായിരുന്നു. രാഷ്ട്രീയത്തിലെ കാറ്റും കോളുമൊന്നും ഏശാതെ ആ മണ്ഡലം അയാളെ കാത്തു. രാഷ്ട്രീയഭേദമില്ലാതെ എല്ലാവരുടെയും പ്രതിനിധിയാവാൻ അയാൾ ഉത്സാഹിച്ചു. ഒരു കൈകൊണ്ട് രാഷ്ട്രീയത്തിൽ ഇടിമിന്നലുകൾ സൃഷ്ടിക്കാനും മറുകൈകൊണ്ട് ശാന്തമാക്കാനും എത്രപേർക്ക് കഴിഞ്ഞിട്ടുണ്ട്?

സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ നേതാക്കളുടെ പല പരിമിതികളും അയാളിലും ഉണ്ട്. എന്നിട്ടും ധാർമ്മികതയുടെ, സ്നേഹത്തിന്റെ നേർമ്മയാർന്ന ഇഴകളിൽ അയാൾ അനേക സഹസ്രം ജനങ്ങളെ ഒപ്പം ചേർത്തു. ഭരണാധിപനായും പ്രജയായും ഒരേസമയം കർമ്മനിരതനായി. അധികാരത്തിന്റെ കസേരയിൽ ഇരിക്കുമ്പോഴും കുറ്റാരോപങ്ങളുടെ കുരിശ്ശേറുമ്പോഴും ജനങ്ങൾക്കു വേണ്ടിയല്ലേ എന്ന ശാന്തത അയാളിൽ നിറഞ്ഞു. അത് അത്ര സാധാരണമല്ല.

മറഞ്ഞിരുന്നു കൊല്ലാനിറങ്ങിയവരുണ്ട്. വ്യക്തിഹത്യയുടെ കുടിലസൂത്രങ്ങൾ പ്രയോഗിക്കപ്പെട്ടു. വിസ്താരങ്ങൾക്ക് അയാൾ നിന്നുകൊടുത്തു. സ്വന്തം വിധികർത്താവിനെ അയാൾ തെരഞ്ഞെടുത്തു. പക്ഷേ, പ്രതിയോളം നീതിമാനാവാൻ ന്യായാധിപന് ശേഷിയില്ലായിരുന്നു. കടലാസു വിധികൾക്കു മേലെ വാസ്തവമഴ പെയ്യിക്കുന്ന വെളിപ്പെടുത്തലുകൾ വന്നു. അയാൾക്ക് ശാന്തമായി മടങ്ങാമെന്നായി. അപവാദങ്ങൾ തോൽപ്പിക്കപ്പെട്ടു. സ്നേഹവും കാരുണ്യവും നിറഞ്ഞുനിന്നു.

അയാളുടെ രാഷ്ട്രീയ ജീവിതം അത്ര പാവനമായിരുന്നോ എന്ന ചോദ്യമുണ്ട്. അതു ധർമ്മശാസ്ത്രങ്ങൾക്കോ പ്രത്യയശാസ്ത്രങ്ങൾക്കോ മുമ്പിൽ നടത്തേണ്ട അന്വേഷണമാണ്. സ്വാതന്ത്ര്യാനന്തര തലമുറകളിൽ നമുക്കു നഷ്ടപ്പെട്ട ഉരകല്ലാണത്. ഗാന്ധിജിയെ, നെഹ്റുവിനെ, അംബേദ്കറിനെ അയാൾ ഉൾക്കൊണ്ടവിധം ഏതെന്ന് തിരക്കുന്നതിൽ എന്തർത്ഥം? അയാൾതന്നെ പറഞ്ഞു. താൻ പുസ്തകങ്ങൾ വളരെ കുറച്ചേ വായിച്ചുള്ളുവെന്ന്. ജനങ്ങളാണ് തന്റെ പാഠശാലയെന്ന്. ആ പാഠശാലയിൽ നിറഞ്ഞു നിന്നിരുന്നു മാഞ്ഞുപോയ മഹാരഥന്മാർ. ഗാന്ധിയും മാർക്സും ബുദ്ധനും അംബേദ്കറും എല്ലാം. ആ വെളിച്ചം ജനങ്ങളിൽ പ്രസരിച്ചിരുന്നു. അതിന്റെ ഏതൊക്കെയോ അംശങ്ങൾ സ്വാംശീകരിക്കാൻ ചിലർക്കെങ്കിലും കഴിയുന്നു. വായിച്ചതുകൊണ്ട് മാത്രം കിട്ടാത്ത സൗഭാഗ്യമാണത്. ആ അപൂർവ്വം ചിലരിൽ ഒരാളാവാൻ അയാൾക്കും കഴിഞ്ഞിരിക്കണം. അന്ത്യയാത്ര നൽകുന്ന സന്ദേശം അതല്ലേ?

ഉമ്മൻചാണ്ടി എന്ന ജനനായകന് അന്ത്യാഭിവാദനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 16 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 21 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 21 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More