ചെന്നൈ: മതംമാറിയതിനുപിന്നാലെ ഗ്രാമത്തിലെ ഭൂരിപക്ഷ വിഭാഗം വിലക്കേര്‍പ്പെടുത്തിയ കുടുംബങ്ങള്‍ ദയാവധത്തിന് അനുമതി തേടി. തമിഴ്നാട്ടിലെ പൂമ്പുഹാര്‍ ഗ്രാമത്തിലെ ഏഴോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഹിന്ദു മതത്തില്‍നിന്ന് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന് കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഗ്രാമത്തില്‍ വിലക്ക് നേരിടുന്നത്. കഴിഞ്ഞ ദിവസം കളക്ടര്‍ സംഘടിപ്പിച്ച പൊതുജന പരാതി പരിഹാര പരിപാടിക്കിടെയാണ് കുടുംബങ്ങള്‍ തങ്ങള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് പരാതി നല്‍കിയത്. ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്ലക്കാര്‍ഡുകളും ഇവര്‍ ഉയര്‍ത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പതിനഞ്ചുവര്‍ഷം മുന്‍പ് നടന്ന ഗ്രാമപഞ്ചായത്ത് യോഗത്തിലാണ് തങ്ങളെ ഭ്രഷ്ടരാക്കാന്‍ തീരുമാനിച്ചതെന്നാണ് കുടുംബങ്ങളുടെ ആരോപണം. മീന്‍ പിടിക്കാനോ, ഗ്രാമത്തിലെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനോ തങ്ങള്‍ക്ക് അനുമതിയില്ലെന്നും തിരികെ ഹിന്ദുമതത്തിലേക്ക് മാറാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു. തങ്ങളുടെ കുട്ടികള്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിന് വിലക്കുണ്ടെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.