കൂറ് പി വി അൻവറിനോടൊ രക്തസാക്ഷി കുഞ്ഞാലിയോടൊ? - ഡോ. ആസാദ്

ഭൂപരിധി ലംഘിച്ച് പി വി അൻവർ എംഎൽഎയും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനുപിന്നാലെ പ്രതികരണവുമായി ആസാദ് മലയാറ്റിൽ. ഒരു തുണ്ട് ഭൂമിക്കുവേണ്ടി പൊരുതുന്ന നിലമ്പൂരുകാരുടെ സമരനായകനായിരുന്നു സഖാവ് കുഞ്ഞാലിയെന്നും അദ്ദേഹം ഇരുന്ന കസേരയിൽ, അദ്ദേഹമുയർത്തിയ ചെങ്കൊടിച്ചോട്ടിൽ അധികാരപ്രമത്തതയോടെ ഇരിക്കുന്ന നേതാവാണ് പി വി അൻവറെന്നും ആസാദ് മലയാറ്റിൽ പറഞ്ഞു. കുഞ്ഞാലിയെ രക്തസാക്ഷിയാക്കിയ തോക്കിന്റെ നേരവകാശമാണ് വാസ്തവത്തിൽ അൻവറിന്റെ ധൈര്യമെന്നും ആ തോക്ക് പെറ്റുപെരുകി നിലമ്പൂരിലും തിരുവനന്തപുരത്തും പുതിയ അധികാരചിഹ്നമായിട്ടുണ്ടെന്നും ആസാദ് പറഞ്ഞു. കുഞ്ഞാലിയുടെ രക്തം നിലമ്പൂരിലെ മണ്ണിനുവേണ്ടി പൊരുതുന്ന അനേകരിലുണ്ടെന്ന് പറഞ്ഞ ആസാദ്, എംവി ഗോവിന്ദൻ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിനും ആരോടാണ് കൂറെന്നും ചോദിച്ചു.

ആസാദ് മലയാറ്റിലിന്റെ കുറിപ്പ്

ഒരു തുണ്ടു ഭൂമിക്കു വേണ്ടി പൊരുതുന്നവരുടെ നാടാണ് നിലമ്പൂർ. അവരുടെ സമരനായകനും എം എൽ എയുമായിരുന്നു സഖാവ് കുഞ്ഞാലി. അദ്ദേഹം ഇരുന്ന കസേരയിൽ അദ്ദേഹം ഉയർത്തിയ ചെങ്കൊടിച്ചോട്ടിൽ അധികാരപ്രമത്തതയോടെ ഇരിക്കുന്ന ഒരു നേതാവുണ്ട്.  പി വി അൻവർ എം എൽ എ. ഭൂനിയമം ലംഘിച്ചു ഭൂമി വാരിക്കൂട്ടിയ നേതാവാണ്. കോടതി അതു തിരിച്ചു പിടിക്കണമെന്ന് സർക്കാറിനോടു പറയാഞ്ഞിട്ടല്ല. ഉദ്യോഗസ്ഥർക്ക് മുട്ടിടിക്കും അൻവറെന്നു കേട്ടാൽ. സർക്കാർ ആ ചുമലിലല്ലേ കുടികൊള്ളുന്നത്!

കോടതി ഇന്നു വീണ്ടും പറഞ്ഞിരിക്കുന്നു. മിച്ചഭൂമി ഉടൻ തിരിച്ചു പിടിക്കണമെന്ന്. സർക്കാറിനു പക്ഷേ, ഇനിയും സമയം വേണം! അൻവറിനു സാവകാശം കൊടുക്കാൻ ഏറെ പണിപ്പെടുന്നുണ്ട് സർക്കാർ. അനധികൃതമായി കെട്ടിയ തടയണ പൊളിക്കണമെന്നു പറഞ്ഞപ്പോഴും ഈ വെപ്രാളം നാം കണ്ടിട്ടുണ്ട്. അൻവറിനു നിയമം വേറെയാണ്. അയാൾ കുഞ്ഞാലിയല്ല. വെടി കൊണ്ടു വീഴുന്നവനല്ല. വെടി വെക്കാൻ കെൽപ്പുള്ളവനാണ്. മിച്ചഭൂമി കൈവശം വെക്കാൻ ഭൂനിയമം തടസ്സമല്ലാത്തവൻ. നിയമം കൊണ്ടുവന്ന ഇ എം എസ്സിനോടോ ഗൗരിയമ്മയോടോ കമ്യൂണിസ്റ്റ് പാർട്ടിയോടോ കടുത്ത പ്രതിബദ്ധതയുണ്ടാവാൻ അയാൾ കുഞ്ഞാലിയല്ലല്ലോ. അയാളുടെ പാർട്ടി ആ പഴയ എം എൻ ഗോവിന്ദൻനായരോ സി എച്ച് കണാരനോ വിഎസ്സോ നായനാരോ സെക്രട്ടറിയായ കമ്യൂണിസ്റ്റ് പാർട്ടിയുമല്ലല്ലോ.

പാവങ്ങൾ മിച്ചഭൂമിക്കു കാത്തുകാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നിലമ്പൂരിൽ ഇപ്പോഴും മണ്ണിനുവേണ്ടിയുള്ള പാച്ചിൽ അവസാനിച്ചിട്ടില്ല. സർക്കാറിനാകട്ടെ, മിച്ചഭൂമി കണ്ടെത്താൻ കഴിയുന്നില്ല. അൻവറിനോ, വാരിക്കൂട്ടാൻ കഴിയുന്നുണ്ട്. ഒരു വിവരാവകാശ പ്രവർത്തകനായ കെ വി ഷാജി പരാതി നൽകാൻ ധൈര്യം കാണിച്ചതുകൊണ്ടു മാത്രം പ്രശ്നം കോടതിയിലെത്തി. പലവട്ടം കോടതി ഇടപെട്ടാലും അൻവറിലെത്തില്ല. തൊടില്ല ആരും അൻവറിനെ. കുഞ്ഞാലിയെ രക്തസാക്ഷിയാക്കിയ തോക്കിന്റെ നേരവകാശമാണ് വാസ്തവത്തിൽ അയാളുടെ ധൈര്യം. ആ തോക്ക് പെറ്റു പെരുകി നിലമ്പൂരിലും തിരുവനന്തപുരത്തും പുതിയ അധികാരച്ചിഹ്നമായിട്ടുണ്ട്.

കുഞ്ഞാലിയുടെ രക്തം നിലമ്പൂരിലെ പാവങ്ങളുടെ നിലവിളിയിലുണ്ട്. മണ്ണിനു വേണ്ടി പൊരുതുന്ന അനേകരിലുണ്ട്. എം വി ഗോവിന്ദൻ നയിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിക്കും പിണറായി വിജയൻ നയിക്കുന്ന എൽ ഡി എഫ് സർക്കാറിനും ആരോടാണ് കൂറ്? അൻവറിനോടോ കുഞ്ഞാലിയോടോ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

Web Desk

Recent Posts

Web Desk 6 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 6 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 6 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 6 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More