സ്ത്രീകളുടെ അവകാശസമരങ്ങളെ നൂറ്റാണ്ടുകളോളമായി നടക്കുന്ന ലോകവിപ്ലവം എന്നു വിളിക്കുന്നത് വെറുതേയല്ല - ജെ ദേവിക

വാട്ട്സാപ്പിൽ വന്ന ചോദ്യം -- ഉയർന്ന മദ്ധ്യവർഗസ്ത്രീകൾക്കാണ് കേരളത്തിൽ സ്ലീവ് ലെസ്സും ക്രോപ്പ് ടോപ്പും അണിഞ്ഞ് പൊതുസ്ഥലങ്ങളിൽ വിഹരിക്കാൻ സ്വാതന്ത്ര്യം ഉള്ളത്. അതു പരിഗണിക്കാതെയാണ് നിങ്ങളൊക്കെ ബസ്സിലെ ഫ്ളാഷറെപ്പറ്റി പരാതിപറഞ്ഞ സ്ത്രീയെ പിൻതുണയ്ക്കുന്നത്.

സത്യമാണ്, കേരളത്തിലിന്ന് അധികാരശ്രേണിയുടെ കീഴ്ത്തട്ടുകളിലുള്ള മനുഷ്യർക്കിടയിൽ സ്വന്തം ശരീരത്തെ സ്വന്തം ഇഷ്ടത്തിന് കൊണ്ടുനടക്കുന്ന രണ്ടു തരക്കാരാണുള്ളത് -- അത് തങ്ങളുടെ ജന്മാവകാശമായി പിടിച്ചെടുക്കുന്ന, അതിനു വേണ്ടി മരണത്തെപ്പോലും നേരിടുന്ന ട്രാൻസ് മനുഷ്യർ, പിന്നെ സാമാന്യം സാമൂഹ്യ-സാമ്പത്തിക മൂലധനമുള്ള ചെറുപ്പക്കാർ, ആണും പെണ്ണും. രണ്ടാമത്തെ കൂട്ടരിൽ ലിംഗപരമായ വസ്ത്രകോഡുകളെ മറികടക്കുംവിധം വസ്ത്രധാരണം ചെയ്യുന്ന പുരുഷന്മാരും പലതരം സാമൂഹ്യസമ്മർദ്ദങ്ങൾക്കും പീഡനത്തിനും വിധേയരാകുന്നുണ്ട്, പ്രത്യേകിച്ച് അവർ ദലിത് ചെറുപ്പക്കാരാകുമ്പോൾ -- വിനായകൻ എന്ന ദലിത് യുവാവിൻറെ മരണം മറക്കരുത്. ഈ കൂട്ടത്തിലുള്ള സ്ത്രീകളും നല്ലവണ്ണം പോരാടിയ ശേഷം തന്നെയാണ് ഈ അവകാശം പിടിച്ചെടുക്കുന്നത്. അതുകൊണ്ട് ഇത് വളരെ എളുപ്പത്തിൽ കിട്ടുന്ന ക്ളാസ് പ്രിവിലെജ് ആണെന്ന് പെട്ടെന്നങ്ങ് തീരുമാനിച്ചുകളയരുത്.

എന്നാൽ ഇത് തീർച്ചയായും പ്രിവിലെജിന്മേൽ പണിത സമരമാണെന്ന് സമ്മതിക്കാൻ വിഷമമില്ല. കേരളത്തിലെ റിട്ടെയിൽ സെക്ടറിൽ സെയിൽസ് വിഭാഗത്തിൽ പണിയെടുക്കുന്നവരായ സ്ത്രീത്തൊഴിലാളികളെക്കുറിച്ച് നടത്തിയ ഗവേഷണമാണ് എനിക്ക് ഇക്കാര്യത്തെപ്പറ്റി ഉറച്ച ബോധ്യം ഉണ്ടാക്കിയത്. 

ഈ മേഖലയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് മലയാളികുലസ്ത്രീയുടെ ശാരീരിക-വസ്ത്ര-പെരുമാറ്റഭാഷ (  അല്ലെങ്കിൽ  Pierre Bourdieu 'bodily hexis'   എന്നു വിളിക്കുന്നത്) അനിവാര്യമാണെന്ന് സെയിൽസ് വനിതകളുമായുള്ള അഭിമുഖങ്ങളിൽ വ്യക്തമായും കാണാം -- കുലസ്ത്രീവിഷയിത്വം വേണമെന്നല്ല, ആ ആകാരവും പെരുമാറ്റരീതികളും വേണമെന്നാണർത്ഥം. കുലസ്ത്രീവിഷയികൾക്ക് കിട്ടുന്ന പരിഗണനകളും മെച്ചങ്ങളും ഇവർക്കില്ലെന്നർത്ഥം -- മാത്രമല്ല, അഭിനവ ഭൃത്യ എന്ന നവബ്രാഹ്മണ പിതൃമേധാവിത്വസംവർഗത്തിലാണ് ഇവരെ തൊഴിലിടങ്ങൾ എണ്ണുന്നതെന്നും തീർച്ചതന്നെ (10-12 മണിക്കൂർ നിന്ന നിൽപ്പിൽ ജോലി, നവബ്രാഹ്മണകുലസ്ത്രീകളെ പോലെയല്ലാതെ ഇരുട്ടിയശേഷം മാത്രം വീട്ടിലെത്തുന്ന പതിവ്, മുതലായ അവസ്ഥകൾ ഓർക്കുക). കുലസ്ത്രീഭാവം ഇവരുടെ അദ്ധ്വാനചൂഷണത്തെ തീവ്രതരമാക്കുന്നുവെന്ന് ചുരുക്കം. എങ്കിലും ഈ മേഖലയിൽ തൊഴിൽ ലഭിക്കണമെങ്കിൽ ആ ഭാവം സ്വീകരിക്കാതെവയ്യതാനും. 

ചെറുപ്പക്കാരും അഭ്യസ്തവിദ്യരുമായ സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ തീരെ കുറഞ്ഞുതന്നെയിരിക്കുന്ന നാടാണ് കേരളം ഇന്നുമെന്നാണ് തൊഴിൽരംഗത്തെ പഠിക്കുന്ന കെ പി കണ്ണനെപ്പോലുള്ള സാമ്പത്തികശാസ്ത്രജ്ഞർ പറയുന്നത്. അപ്പോൾ തൊഴിൽ നേടാൻ കാര്യമായ മത്സരം നിലനിൽക്കുന്നിടം എന്നർത്ഥം. കുലസ്ത്രീവേഷഭാവാദികൾ സ്വീകരിക്കാത്ത തൊഴിലന്വേഷകർ പിന്നിലായിപ്പോകുമെന്നും. 

എന്താണ് ഈ കുലസ്ത്രീവേഷവും ഭാവവും? ശരീരത്തെ മൂടുന്നുവെന്ന് പൊതുവെ സമ്മതിക്കപ്പെടുന്നതും സെക്യുലർ എന്ന് തിരിച്ചറിയപ്പെടുന്നതും അടക്കമൊതുക്കം സ്ഫുരിക്കുന്നതുമായ വസ്ത്രം സ്വീകരിക്കുക,  ആകർഷകത്വവും കാര്യശേഷിയും തോന്നിക്കുന്ന, എന്നാൽ സ്വൈരിണീഭാവമെന്ന് യാഥാസ്ഥികകണ്ണുകൾക്ക് തോന്നാത്ത വസ്ത്രധാരണം, പെരുമാറ്റം, എന്നിവ പാലിക്കുക, ഇതൊക്കെ കുലസ്ത്രീയുടെ ശാരീരികഭാഷയുടെ ഭാഗമാണ്. പൊതുവെ പിതൃമേധാവിത്വത്തിനോടുള്ള വിധേയത്വം വിളിച്ചുപറയുന്ന ഭാഷയാണിത്. അതാണ് ഇന്ന് തൊഴിൽവിപണി സ്ത്രീത്തൊഴിലാളികളോട് ആവശ്യപ്പെടുന്നത്.

മാത്രമല്ല, പ്രതികരിച്ച സ്ത്രീ ഏതു വർഗക്കാരിയാണെങ്കിലും അവർക്കുണ്ടായ അപമാനം, മാനസിക ആഘാതം, അതൊക്കെ പരിഗണിക്കുകതന്നെ വേണം. തൊഴിലാളിസ്ത്രീകൾക്ക് ഇതൊന്നും പ്രശ്നമല്ലെന്നു പറയുന്ന ചിലരുണ്ട്. മുൻപു പറഞ്ഞതു പോലെ, തൊഴിലാളിസ്ത്രീകൾ കുലസ്ത്രീവേഷ-ഭാവ-പെരുമാറ്റങ്ങൾ  പാലിക്കേണ്ടവരാണെന്ന അലിഖിതനിയമം അവരിൽ അടിച്ചേൽപ്പിക്കുന്ന തൊഴിൽവിപണിയാണുള്ളത് -- ഉള്ള പ്രതിഷേധം പ്രകടിപ്പിക്കാനാവാത്തതുകൊണ്ടുണ്ടാകുന്ന നിശബ്ദതയെ പ്രശ്നരഹിതസാഹചര്യമായി വായിച്ചുകളയരുത്.

അങ്ങനെ നോക്കിയാൽ ഈ ശരീരഭാഷ സ്വീകരിക്കേണ്ടിവരുന്ന സ്ത്രീത്തൊഴിലാളികളാണ് ബസ്സുകളിലും മറ്റിടങ്ങളിലും പിതൃമേധാവിത്വസാഡിസ്റ്റുകളുടെ ഇരകളാകാൻ കൂടുതൽ സാധ്യതയുള്ളവർ.  അത്തരം അക്രമങ്ങളോട് തൊഴിലിടത്തിൽ പ്രതികരിക്കാൻ സാധ്യത കുറഞ്ഞവരും അവർ തന്നെ. ബസ്സിൽ പോലും പ്രതികരിക്കാൻ സ്ത്രീകൾ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഉന്നയിക്കുന്നവർ ഓർക്കണം -- ഇന്ന് ബസ്സുകളെ എന്നും ആശ്രയിക്കുന്നവർ അധികവും ദരിദ്രരോ താണ ഇടത്തരക്കാരോ ആണ്, അതിൽ വലിയൊരു ശതമാനവും സ്ത്രീത്തൊഴിലാളികൾ ആണ്. അവർക്ക് അത് പ്രയാസം തന്നെയാണ്.

 സ്വന്തമിഷ്ടപ്രകാരം ശരീരത്തെ മൂടിവയ്ക്കാൻ നോക്കാതെ പൊതുവിടങ്ങളിലേക്കു കടന്നുവരുന്ന മദ്ധ്യവർഗ-ഉയർന്ന മദ്ധ്യവർഗക്കാരികളും സാമൂഹ്യമൂലധനം താരതമ്യേന കൂടുതലുള്ളവരുമായ  സ്ത്രീകൾക്ക് ഇപ്പറഞ്ഞ മെച്ചങ്ങളെ ആശ്രയിച്ചുകൊണ്ട് പ്രതിരോധം പണിയാനുള്ള സാധ്യതയുണ്ട്. പക്ഷേ അത് സമരംതന്നെയാണ്, പ്രതിരോധം തന്നെയാണ്, എളുപ്പതതിൽ കിട്ടുന്ന സൌകര്യമൊന്നുമല്ല. കഴിഞ്ഞ ദിവസം പ്രതികരിച്ച യുവതി എടുത്തത് ഒരു നല്ല റിസ്ക് തന്നെയാണെന്ന് സമ്മതിച്ചേ പറ്റൂ. അവർ അവരുടെ പ്രിവിലെജിനെ ശക്തമായ രീതിയിൽ പ്രയോഗിച്ചു, അതുണ്ടാക്കാനിടയുള്ള പ്രത്യാഘാതത്തെ കണക്കിലെടുത്തുകൊണ്ടു തന്നെ.

 ഇങ്ങനെയുള്ള ചെറിയ ചെറിയ തലയിടിക്കലുകളിലൂടെയാണ് കൂടുതൽ വിശാലമായ ലോകത്തേയ്ക്കുള്ള വാതിലുകൾ തുറക്കുന്നത്.  അതിനുള്ള സാധ്യത അല്പമെങ്കിലും ഉള്ള സ്ത്രീകൾ അതിനു തുനിയുന്നതിനെ അഭിനന്ദിക്കുകയാണു വേണ്ടത്. സ്ത്രീകളുടെ അവകാശസമരങ്ങളെ ഏറ്റവും നീണ്ട , നൂറ്റാണ്ടുകളോളമായി നടക്കുന്ന ലോകവിപ്ളവം എന്നു വിളിക്കുന്നത് വെറുതേയല്ല.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 6 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 6 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 6 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More