ദക്ഷിണേന്ത്യ ബിജെപി മുക്തമാകുന്നു

ബംഗളുരു:  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനവുമായി കോണ്‍ഗ്രസ്. ആദ്യ ഫലസൂചനകള്‍ (10. 30 am) പുറത്തുവരുമ്പോള്‍ 116 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 77 സീറ്റുകളിലേക്ക് ചുരുങ്ങി. കിംഗ് മേക്കറാകുമെന്ന് കരുതിയ ജെഡിഎസ് 25 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

രണ്ടുപതിറ്റാണ്ടോളമായി കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും 113 എന്ന (കേവല ഭൂരിപക്ഷം) മാന്ത്രിക സംഖ്യ കീഴടക്കാനായിട്ടില്ല. കേരളത്തിലെപ്പോലെ ഓരോ തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷി മാറിവരുന്ന പ്രതിഭാസമുളള സംസ്ഥാനമാണ് കർണാടക.  എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കേവലഭൂരിപക്ഷവും മറികടന്ന് ബിജെപിയുടെ ഉരുക്കുകോട്ടകളെല്ലാം തകര്‍ത്താണ് എന്നതാണ് പ്രത്യേകത. ബിജെപിക്കൊപ്പം എക്കാലവും അടിയുറച്ച് നിന്നിരുന്ന തീരദേശ മേഖലകളില്‍പ്പോലും ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രഗത്ഭരായ നേതാക്കളെല്ലാം തോല്‍ക്കാന്‍ പോവുകയാണ്. കര്‍ണാടകയിലെ ഏറ്റവും വലിയ  ആര്‍എസ്എസ് നേതാവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി ടി രവി ചിക്കമംഗലൂർ മണ്ഡലത്തില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ എല്ലാ പ്രമുഖ നേതാക്കളും വിജയമുറപ്പിച്ച നിലയിലാണ്.  ബിജെപി വിട്ട് കോണ്‍ഗ്രസില്‍വന്ന ജഗദീഷ് ഷെട്ടാറൊഴികെ എല്ലാവരുടെയും നില ഭദ്രമാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയ എല്ലാ നേതാക്കളും തോല്‍ക്കുമെന്നാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കര്‍ണാടകയില്‍ തെരഞ്ഞടുപ്പ് വന്നത്.  ഈ സാഹചര്യത്തില്‍ ബിജെപിക്ക്  സംസ്ഥാന ഭരണം കൈവിട്ടുപോകുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ നരേന്ദ്രമോദിയും അമിത് ഷായും അടക്കമുളള ബിജെപിയുടെ ദേശീയ നേതാക്കള്‍ ആഴ്ച്ചകളോളം സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണം നടത്തിയതോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ബിജെപി അനുകൂല മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. മോദിയുടെ റോഡ് ഷോകള്‍ക്കെല്ലാം വലിയ പ്രാധാന്യമാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കിയത്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയേക്കാള്‍ ജനപങ്കാളിത്തമുണ്ടെന്നുവരെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ തുടക്കംമുതല്‍ അടിത്തട്ടുകേന്ദ്രീകരിച്ചുളള പ്രചാരണപദ്ധതിയായിരുന്നു കോണ്‍ഗ്രസിന്റേത്. 

ഭാരത് ജോഡോ യാത്ര ഏറ്റവും കൂടുതല്‍ കടന്നുപോയ സംസ്ഥാനമാണ് കര്‍ണാടകം. യാത്ര കര്‍ണാടക വിടുന്നതോടെ കോണ്‍ഗ്രസിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാകുമെന്ന് സംഘടനാ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അന്നുതന്നെ പറഞ്ഞിരുന്നു. അത് വിജയം കണ്ടുവെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. തീരദേശ മേഖലകളിലും മൈസുരു, ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക എന്നീ മേഖലകളിലും കോണ്‍ഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ വോട്ട് ബാങ്കായ വോക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുളള സീറ്റുകളിലെല്ലാം കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. പ്രാദേശിക തലങ്ങളില്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പ്രചാരണ പദ്ധതികള്‍ വിജയം കണ്ടുവെന്നതിന്റെ വ്യക്തമായ സൂചനയാണത്. ഇതുവരെ കോണ്‍ഗ്രസിന് കടന്നുചെല്ലാന്‍ പറ്റാത്ത ബിജെപി ശക്തികേന്ദ്രങ്ങളില്‍പ്പോലും കോണ്‍ഗ്രസിന് മിന്നിക്കൊടി പാറിക്കാന്‍ സാധിക്കുമെന്നാണ് നിലവിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ നേതൃത്വത്തിന്റെ ശക്തമായ പ്രചാരണ മികവും അതിനൊപ്പിച്ച് കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങളെ സമന്വയിപ്പിച്ച്  പ്രചാരണം നടത്തുന്നതില്‍ കാണിച്ച മികവുമാണ് മറ്റൊരു പ്രധാന ഘടകം. എന്തായാലും ഈ വിജയം കോണ്‍ഗ്രസന് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കുക. കഴിഞ്ഞ ഗുജറാത്ത്- ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ ഹിമാചലില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുപോലും കോണ്‍ഗ്രസിന്റെ മുഖത്ത് തെളിച്ചമുണ്ടായില്ല.  ഗുജറാത്തിലെ കാലാവസ്ഥ അത്രമേല്‍ അനുകൂലമായിട്ടുപോലും കോണ്‍ഗ്രസിന് സംസ്ഥാന ഭരണം പിടിച്ചെടുക്കാനായില്ല എന്ന നിരാശയായിരുന്നു.  അതുകൊണ്ടുതന്നെ 2014-ന് ശേഷം ഒരു പ്രധാന തെരഞ്ഞെടുപ്പുപോലും വിജയിക്കാനാവാത്ത കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വേകുന്ന വിധിയാകും കര്‍ണാടകയിലേത്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് മാത്രമേയുളളു എന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന വിധിയായിരിക്കും ഇത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തുക എന്നത് ബിജെപിക്ക് അത്ര എളുപ്പമാകില്ല എന്ന സൂചന നല്‍കുന്ന വിധിയായിരിക്കും ഇത്. ഇതര സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്ന വിധിയായിരിക്കും.ഇത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More