ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് നോട്ടീസ് അയച്ച് സിബിഐ. റിയലന്‍സ് ഇന്‍ഷൂറന്‍സ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സത്യപാല്‍ മാലിക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, വിമര്‍ശനം ഉന്നയിക്കുന്നവരെയെല്ലാം ദേശിയ അന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പുൽവാമ ആക്രമണത്തിനു കാരണം സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിര്‍ദേശിച്ചെന്നുമാണ് സത്യപാല്‍ മാലിക് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കരണ്‍ ഥാപ്പറിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞത്.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികരായിരുന്നു പുല്‍വാമ വഴി ആ ദിവസം പോയിരുന്നത്.