കെ കെ രമ: വഴിമാറിയ രാഷ്ട്രീയ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന പെൺശബ്ദം - ആസാദ്‌ മലയാറ്റില്‍

കെ കെ രമ വഴിമാറിയ രാഷ്ട്രീയ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന പെൺശബ്ദമാണെന്ന് ആസാദ്‌ മലയാറ്റില്‍. കെ കെ രമയ്ക്കെതിരെ എന്തും പറയാം എന്ന് ആരൊക്കെയോ കരുതുന്നുണ്ട്. രാഷ്ട്രീയമായ വിയോജിപ്പ് തികച്ചും വ്യക്തിപരമായ അവഹേളനവും അതിക്രമവുമാവുന്നത് ശരിയല്ല. പുറത്തിറങ്ങി സംസാരിക്കുന്ന പെൺപോരാളികളോടു ഭീരുക്കൾക്കുള്ള പൊട്ടിയൊലിക്കുന്ന അസഹിഷ്ണുതയ്ക്ക് മരുന്നു കാണില്ലെന്നും ആസാദ്‌ മലയാറ്റില്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കെ കെ രമയ്ക്കെതിരെ എന്തും പറയാം എന്ന് ആരൊക്കെയോ കരുതുന്നുണ്ട്. രാഷ്ട്രീയമായ വിയോജിപ്പ് തികച്ചും വ്യക്തിപരമായ അവഹേളനവും അതിക്രമവുമാവുന്നത് ശരിയല്ല. അൽപ്പം ആദരവോടെ ഞാൻ കണ്ടുപോന്ന ചില വ്യക്തികളും ഈ അധിക്ഷേപത്തിൽ പങ്കുചേരുന്നത് കണ്ടു. ഏത് ധാർമ്മികതയാണ്, ഏത് രാഷ്ട്രീയമാണ് അവരെ നയിക്കുന്നത്?

നിയമസഭയിലും പുറത്തും സമരങ്ങൾ ധാരാളം നാം കണ്ടിട്ടുണ്ട്. സമരങ്ങൾ അതീവ ശാന്തമായോ സമാധാനപരമായോ മാത്രമല്ല നടന്നിട്ടുള്ളത്. പക്ഷേ, അതിന്റെ പേരിൽ നുണകൾ പ്രചരിപ്പിച്ചു വ്യക്തിഹത്യ നടത്തുക പതിവില്ല. പ്രത്യേകിച്ചും പൊതുരംഗത്തിറങ്ങുന്ന സ്ത്രീകളെ അങ്ങനെ ഒറ്റപ്പെടുത്തി നേരിടുന്നത് കണ്ടിട്ടില്ല. സമീപകാലത്ത് പക്ഷേ, അത് വർദ്ധിച്ചിട്ടുണ്ട്. നുണകളുടെ ഊന്നുകാലിൽ മാത്രം നിവർന്നു നിൽക്കാൻ കഴിയുന്ന ചില അവശ ജന്മങ്ങളുടെ അതിജീവന ഉത്സാഹമാണത്. പരാജിത രാഷ്ട്രീയത്തിന്റെ അവസാന അഭയമാണ് നുണനിർമ്മാണം.

കെ കെ രമയുടെ കൈയ്ക്ക് ക്ഷതമുണ്ടായത് സമരരംഗത്തു വാച്ച് ആന്റ് വാർഡും ഭരണപക്ഷ എം എൽ എമാരും നടത്തിയ ബലപ്രയോഗം കാരണമാണ്. അങ്ങനെയുണ്ടായില്ലെന്ന് സ്ഥാപിക്കാനും രമയെ ആക്ഷേപിക്കാനും നുണകൾകൊണ്ടു സാദ്ധ്യമാവും എന്നു സൈബർ സേന കരുതുന്നു. കൈകൾക്കു പ്ലാസ്റ്ററിടും മുമ്പുള്ള ഫോട്ടോ പ്ലാസ്റ്ററിട്ട ശേഷമുള്ള ഫോട്ടോയോടൊപ്പം പ്രദർശിപ്പിച്ചു പൂർവ്വാപരക്രമം മാറ്റി സത്യത്തെ അസത്യമാക്കാനാണ് സൈബർഗീബൽസുമാർ ശ്രമിച്ചത്. അതു ചില മാന്യസുഹൃത്തുക്കളും പങ്കുവെച്ചതു കണ്ടു. 'ഞങ്ങൾ പറയുന്നതേ സത്യമാകൂ' എന്ന സൈബർഗീബൽസ് തത്വത്തെ ഉറപ്പിച്ചെടുക്കാൻ ആരൊക്കെയാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്! കഷ്ടം!

കെ കെ രമ നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടാവും. വഴിമാറിയ രാഷ്ട്രീയ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന പെൺശബ്ദമാണത്. നിങ്ങൾ കഴുത്തറുത്തിട്ടും ജീവൻ വെടിയാതെ പൊരുതി നിൽക്കുന്ന സമരവീറിന്റെ ജീവിതമാണത്. തീർച്ചയായും നിങ്ങളറിയാതെ വരില്ല, ആർത്തി തീരാത്ത ആണധികാര ഏമ്പക്കങ്ങളിൽ അടിപതറി വീഴുന്ന പെണ്ണുടലല്ല അവരെന്ന്. അതുകൊണ്ട് ആ നുണക്കളിയും കൂവിയാർക്കലും നിർത്തിയേക്കണം. പുറത്തിറങ്ങി സംസാരിക്കുന്ന പെൺപോരാളികളോടു ഭീരുക്കൾക്കുള്ള പൊട്ടിയൊലിക്കുന്ന അസഹിഷ്ണുതയ്ക്ക് മരുന്നു കാണില്ല. പക്ഷേ, ജനങ്ങൾക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് അതു മാറ്റാൻ കഴിയും.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More