ഇടതുപക്ഷക്കാര്‍ ചാക്കേ ഉടുക്കാവു എന്ന ധാരണമാറ്റണം - ചിന്തയെ പിന്തുണച്ച് വിധു വിന്‍സെന്‍റ്

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി സംവിധായിക വിധു വിന്‍സെന്‍റ്. ഇടതുപക്ഷത്തെ കുറിച്ച്, 'അവർ ചാക്കേ ഉടുക്കാവു. ചാരം പൂശിയേ നടക്കാവൂ' എന്ന് ചില നിർബന്ധങ്ങൾ നമുക്കുണ്ട്. സോഷ്യൽ ഓഡിറ്റിംഗ് എന്ന ഉമ്മാക്കി കാണിച്ച് ചിന്തയെ പേടിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിനുള്ള വെള്ളമങ്ങ് ഇറക്കി വച്ചേക്കുക... ചിന്ത ഇവിടെത്തന്നെയുണ്ടാകും, ഇപ്പോൾ യുവജന കമ്മീഷന്റെ അധ്യക്ഷയായി, ചിലപ്പോൾ എം എല്‍ എയോ, എം പിയോ ഒക്കെയായി... മന്ത്രിയായി ... തെറ്റുപറ്റിയെങ്കിൽ അങ്ങനെ സംഭവിച്ചു എന്ന് സത്യസന്ധതയോടെ സമ്മതിക്കുന്ന നേതാവായി - വിധു വിന്‍സെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ചിന്താ ജെറോമിന്റെ താമസസ്ഥലവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലത്തെ നേതൃത്വത്തെ ഉദാഹരിച്ചു കൊണ്ടൊക്കെ പലരും എഴുതിയത് കണ്ടു. ലോകവും ജീവിതവും മാറിയെന്നും സാമൂഹ്യ- രാഷ്ട്രീയാന്തരീക്ഷങ്ങൾ പരിണമിച്ചിട്ടുണ്ടെന്നും ദാരിദ്ര്യത്തിനെയും സമ്പത്തിനെയും കുറിച്ചുള്ള സങ്കല്പങ്ങൾ വ്യത്യാസപ്പെട്ടിട്ടുണ്ടെന്നും പൊതുവിൽ ആളുകൾ മനസിലാക്കുമ്പോൾ പോലും ഇടതുപക്ഷത്തെ കുറിച്ച്, 'അവർ ചാക്കേ ഉടുക്കാവു. ചാരം പൂശിയേ നടക്കാവൂ' എന്ന് ചില നിർബന്ധങ്ങൾ നമുക്കുണ്ട്. അതുകൊണ്ടാണ് ചിന്ത താമസിക്കുന്ന സ്ഥലത്തെ കുറിച്ച് കേൾക്കുമ്പോൾ നമുക്കിത്ര കണ്ണ് തള്ളൽ. സ്വന്തം കയ്യിൽ നിന്ന് കാശ് മുടക്കി ചിന്തയും പെൻഷനുള്ള അമ്മയും കൂടി ചികിത്സാ സൗകര്യങൾക്കും അമ്മയെ ഒറ്റയ്ക്കാക്കാതിരിക്കാനും ഒരു സ്ഥലം തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ ആർക്കാണിത്ര ചൊറി ? അത് തികച്ചും അവരുടെ വ്യക്തിപരവും സ്വകാര്യവുമായ കാര്യമാണ്.

രണ്ടാമത്തെ സിനിമ ചെയ്യുന്ന സമയത്ത് എന്നോടൊപ്പം താമസിച്ചിരുന്ന മകളെ ബോർഡിംഗ് സ്കൂളിൽ നിർത്തേണ്ടി വന്ന ഒരു സാഹചര്യമുണ്ടായി. സിനിമയുടെ പ്രീപ്രൊഡക്ഷനും മറ്റും വേണ്ടിയുള്ള തിരക്കുകൾക്കിടയിൽ അവൾ ഒറ്റക്കാവാതെ നോക്കണമായിരുന്നു. സേഫ് ആയ സ്ഥലത്താണ് അവൾ താമസിക്കുന്നത് എന്നുറപ്പിക്കണമായിരുന്നു. മാത്രവുമല്ല പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അവളെ സഹായിക്കാനുള്ള സംവിധാനങ്ങളുണ്ടെന്ന് എനിക്ക് ബോധ്യപ്പെടണമായിരുന്നു. മതപരമായ നിർബന്ധങ്ങൾക്ക് അവൾ വിധേയമാകുന്നില്ല എന്ന് നോക്കണമായിരുന്നു. ഒടുവിൽ അത്തരമൊരു സ്ഥലത്താണ് അവളെ ചേർത്തത്. പക്ഷേ അവിടുത്തെ ഫീസ് എനിക്ക് താങ്ങാൻ പറ്റാത്തതായതിനാൽ ഒരു ലോണെടുക്കേണ്ടി വന്നു.  സിനിയുടെ ജോലികൾ സമാധാനമായി പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞത് അവൾ സന്തോഷത്തോടെ ബോർഡിംഗിലുണ്ട് എന്നുറപ്പു വരുത്താൻ കഴിഞ്ഞതു കൊണ്ട് മാത്രമാണ്.

പിന്നീട് പലരും ചോദിച്ചു ലോണെടുത്ത് കുട്ടിയെ പഠിപ്പിക്കേണ്ടിയിരുന്നോ? വലിയ ഫീസുള്ള സ്കൂളിൽ കുട്ടിയെ ചേർത്തത് നിങ്ങളുടെ നിലപാടിന് വിരുദ്ധമല്ലേ ? അവരോട് ഇത്രയേ ചോദിക്കാനുണ്ടായിരുന്നുള്ളൂ.. കുട്ടിയെ ചേട്ടന്റെ വീട്ടില് നിർത്തി പഠിപ്പിക്കുമായിരുന്നോ? ലോണടക്കുന്നത് ചേട്ടനല്ലല്ലോ.. ഞാനല്ലേ ?  ഇത്രയും ബുദ്ധിമുട്ടി സിനിമ ചെയ്യണമെന്ന് എന്താ ഇത്ര നിർബന്ധം എന്ന് ചോദിച്ചവരോട് പറഞ്ഞതിതാണ്. അതാണിവിടെ പ്രസക്തവും.

ഞങ്ങൾ സിനിമ ചെയ്യും, ജോലിക്ക് പോവും, രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും നടത്തും. ചിലപ്പോൾ ഞങ്ങളുടെ ഒക്കത്ത് കുട്ടികളും മറ്റ് ചിലപ്പോൾ കൂടെ പ്രായം ചെന്ന അമ്മമാരും ഉണ്ടാവും. ഇവിടുത്തെ ആൺ പെറന്നോൻമാർക്ക് വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന പോലെ സൗകര്യമായിരിക്കില്ല ഞങ്ങളുടെ വരവ്. പക്ഷേ അങ്ങനെ ഇറങ്ങി വരാനുള്ള മാർഗ്ഗങ്ങൾ ഞങ്ങള്‍ കണ്ടെത്തുക തന്നെ ചെയ്യും. കാരണം ചിന്തയും ഞാനും അടക്കം പൊതു ഇടങ്ങളിലേക്ക് പുറപ്പെട്ടു പോന്ന സ്ത്രീകളെല്ലാം തന്നെ ഒരുപാട് സങ്കടകടലുകൾ താണ്ടി തന്നെയാണ് ഇവിടെ നില്ക്കുന്നത്.. അലച്ചിലുകൾക്കൊടുവിൽ ദിവസവും വീട്ടിൽ ചെന്ന് കയറുമ്പോൾ ഒരു കപ്പ് ചൂടുള്ള ചായ തരാൻ ഞങ്ങളിൽ പലർക്കും വീട്ടിൽ വേറെ ആരും ഉണ്ടായി കൊള്ളണമെന്നില്ല. അപ്പോൾ വലിയ വില കൊടുത്തിട്ടാണെങ്കിലും ഒരു കോഫി മേക്കർ വാങ്ങി വയ്ക്കാൻ ആലോചിക്കും. ഭക്ഷണം കഴിച്ചതും ഉണ്ടാക്കിയതുമായ പാത്രങ്ങൾ വൃത്തിയാക്കാൻ ഒരു ഡിഷ് വാഷർ വേണമെന്ന് ആഗ്രഹിക്കും. കാരണം ഞങ്ങളുടെ ഇടങ്ങളിൽ കോഫി മേക്കറും ഡിഷ് വാഷറും ഒക്കെ ഞങ്ങള്‍ തന്നെയാണേ... ഇനിയുമിത് ചെയ്തു കൊണ്ടിരിക്കാൻ സമയവും സൗകര്യവുമില്ല ... ആയതിനാൽ സോഷ്യൽ ഓഡിറ്റിംഗ് എന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിനുള്ള വെള്ളമങ്ങ് ഇറക്കി വച്ചേക്കുക... അവൾ ഇവിടെത്തന്നെയുണ്ടാകും, ഇപ്പോൾ യുവജന കമ്മീഷന്റെ അധ്യക്ഷയായി, ചിലപ്പോൾ MLA യോ MP യോ ഒക്കെയായി... മന്ത്രിയായി ... തെറ്റുപറ്റിയെങ്കിൽ അങ്ങനെ സംഭവിച്ചു എന്ന് സത്യസന്ധതയോടെ സമ്മതിക്കുന്ന നേതാവായി....

മാധ്യമ സുഹൃത്തുക്കളോട് ഒരു കാര്യം.. ചിന്ത ചോദിച്ചതുപോലെ നിങ്ങളിത്രനാളും ആ വീട്ടിൽ ചെന്നല്ലേ അവളെ കണ്ടിരുന്നത്? അഭിമുഖങ്ങൾ എടുത്തിരുന്നത്? അപ്പോൾ നിങ്ങൾക്ക് സ്വബുദ്ധിയിൽ തോന്നേണ്ട കാര്യം ഏതെങ്കിലുമൊരു കോൺസ്കാരൻ എറിഞ്ഞു തന്ന എല്ലിൻ കഷ്ണത്തിന് പിറകേ പോയിട്ട് വേണമായിരുന്നോ തോന്നാൻ?

ചിന്തക്കൊപ്പം

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 2 hours ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 5 hours ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 1 day ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 2 days ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More