കേരളത്തിന് 40,000 കോടി നികുതി കുടിശികയെന്നത് കള്ളം - തോമസ്‌ ഐസക്ക്

കേരള കൗമുദി നല്‍കിയ വാര്‍ത്തക്കെതിരെ വിമര്‍ശനമുന്നയിച്ച് മുന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്. 40,000 കോടി നികുതി കുടിശിക പിരിച്ചെടുക്കാൻ ഉണ്ടെന്ന സംഭ്രമജനകമായ റിപ്പോർട്ടാണ് കേരളകൗമുദി നൽകുന്നത്. ഇതിൽ 13,395 കോടി രൂപ ജി.എസ്.ടി കുടിശികയാണ്. ഇത് ശുദ്ധഅസംബന്ധമാണ്. കാരണം ജി.എസ്.ടി ഒരു കാരണവശാലും ഇതുപോലെ കുടിശികയാവില്ല. രജിസ്ട്രേഷൻ നഷ്ടപ്പെടും. കച്ചവടം മതിയാക്കേണ്ടി വരും. വാറ്റ് / വിൽപ്പന നികുതി കുടിശികയെക്കുറിച്ചായിരിക്കും പരാമർശിക്കുന്നത്. രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാത്ത ആരോ ആണ് ഇത് എഴുതി പിടിപ്പിച്ചിരിക്കുന്നത് - തോമസ്‌ ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

40,000 കോടി നികുതി കുടിശിക പിരിച്ചെടുക്കാൻ ഉണ്ടെന്ന സംഭ്രമജനകമായ റിപ്പോർട്ടാണ് കേരളകൗമുദി നൽകുന്നത്. “ഇതു സംസ്ഥാനം വാശിപിടിച്ച് (കേന്ദ്രത്തിൽ നിന്ന്) വാങ്ങാൻ ഒരുങ്ങുന്ന വായ്പയേക്കാൾ കൂടുതലാണ്.” എത്ര നിരുത്തരവാദപരമായിട്ടാണ് സംസ്ഥാന സർക്കാർ പെരുമാറുന്നതെന്നല്ലേ കേട്ടാൽ തോന്നുക.

ഇതിൽ 13,395 കോടി രൂപ ജി.എസ്.ടി കുടിശികയാണ്. ഇത് ശുദ്ധഅസംബന്ധമാണ്. കാരണം ജി.എസ്.ടി ഒരു കാരണവശാലും ഇതുപോലെ കുടിശികയാവില്ല. രജിസ്ട്രേഷൻ നഷ്ടപ്പെടും. കച്ചവടം മതിയാക്കേണ്ടി വരും. എനിക്ക് തോന്നുന്നു വാറ്റ് / വിൽപ്പന നികുതി കുടിശികയെക്കുറിച്ചായിരിക്കും പരാമർശിക്കുന്നത്. രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാത്ത ആരോ ആണ് ഇത് എഴുതി പിടിപ്പിച്ചിരിക്കുന്നത്.

അകൗണ്ടന്റ് ജനറലിന്റെ 2021 മാർച്ചിലെ റിപ്പോർട്ടിൽ 2019 മാർച്ച് 31 വരെയുള്ള നികുതി കുടിശിക വിവരങ്ങളുണ്ട്. അതുപ്രകാരം വിൽപ്പന/വാറ്റ് നികുതി കുടിശിക 13305.88 കോടി രൂപയാണ്. ഇതിൽ 51 ശതമാനവും റവന്യൂ റിക്കവറി നടപടികളിൽ കുടുങ്ങി കിടക്കുന്നതാണ്. 36 ശതമാനം വിവിധ കോടതികൾ സ്റ്റേ നൽകിയിരിക്കുന്നതും. ഇതിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശിക 1166.41 കോടി രൂപയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശിക 436.68 കോടി രൂപയുമാണ്.

2020-21-ലെ ബജറ്റ് പ്രസംഗത്തിൽ വാറ്റ്/വിൽപ്പന നികുതി കുടിശികയെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തിയതിൽ നിന്നും ലഭിച്ച വിവരം നൽകിയിരുന്നു. മേൽപ്പറഞ്ഞ കണക്കുമായി ഒത്തുപോകുന്നതാണ് ബജറ്റ് പ്രസംഗത്തിലെ വിവരവും.

കുടിശികയായി ഉണ്ടായിരുന്നത് 14,000 കോടി രൂപയാണ്. ഇതു കേരള സംസ്ഥാനം രൂപീകൃതമായ നാൾമുതലുള്ള കുടിശികയാണ്. 3000-ത്തിൽപ്പരം കോടി രൂപ ജില്ലാ കളക്ടർമാർ തന്നെ ഈടാക്കാനാവില്ലായെന്നു പറഞ്ഞ് മടക്കിയതാണ്. എന്നാൽ ഇവയൊന്നും ഔപചാരികമായി എഴുതിത്തള്ളിയിട്ടില്ല. 4500 കോടി രൂപ കോടതിയിൽ കേസിലാണ്. കേസ് തീരാതെ പിരിക്കാനാവില്ല. ബാക്കി 6000-ത്തിൽപ്പരം കോടി രൂപയുടെ പകുതിയിലേറെ പെനാൽറ്റിയും പലിശയും പിഴപ്പലിശയുമാണ്. ഇവ ഇളവു ചെയ്ത് കുടിശിക ഈടാക്കാനുള്ള ആംനസ്റ്റിയുണ്ട്. പ്രളയവും തുടർന്ന് കോവിഡുംമൂലം ജപ്തി തുടങ്ങിയ നടപടികൾ സാധ്യമല്ലാത്തതുകൊണ്ട് സ്വമേധയാ വരുന്നവരുടെ കുടിശിക മാത്രമേ ഈടാക്കാൻ കഴിഞ്ഞുള്ളൂ. ഒരു വർഷം മുമ്പു വരെ 3000 കോടി രൂപ ഇങ്ങനെ സെറ്റിൽ ചെയ്തിട്ടുണ്ട്. ഇനിയും എത്ര ബാക്കിയുണ്ടെന്ന് കണക്ക് കൂട്ടിക്കോളൂ. അതുകൊണ്ട് കുടിശിക പിരിച്ച് പരിഹരിക്കാമെന്ന സാമ്പത്തിക ഞെരുക്കമല്ല ഇന്നുള്ളത്. കൂടുതൽ ഗൗരവമായ നടപടികൾ വേണം.

മോട്ടോർ വാഹന നികുതി കുടിശിക 2457.16 കോടി രൂപയിൽ കെഎസ്ആർടിസി നൽകേണ്ട കുടിശിക 1796.75 കോടി രൂപ വരും. പ്രതിമാസം 121 കോടി രൂപ സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസിയിൽ നിന്ന് എങ്ങനെയാണ് 1796.75 കോടി രൂപ നികുതി കുടിശിക ഈടാക്കുക?

ഇലക്ട്രിസിറ്റി ഡ്യൂട്ടി കുടിശികയുടെ 1486.5 കോടി രൂപയിൽ 1461.37 കോടിയും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെതാണ്.

രജിസ്ട്രേഷനിൽ ലഭിക്കേണ്ട 1401.62 കോടി രൂപ കുടിശികയ്ക്ക് ആംനസ്റ്റി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെയും കോവിഡിന്റെയും കാലത്ത് ഇത് ഈടാക്കുന്നതിനു കർശന നടപടിയെടുക്കാൻ കഴിഞ്ഞില്ല. 

കൗമുദിയുടെ കണക്കു പ്രകാരം 40000 കോടി രൂപയാണ് ഇപ്പോൾ പിരിച്ചെടുക്കാനുള്ളത്. 2019-ൽ എജിയുടെ കണക്ക് പ്രകാരം മൊത്തം കുടിശിക 20146 കോടി രൂപയാണ്. മൂന്നുവർഷംകൊണ്ട് കുടിശിക എങ്ങനെ ഇരട്ടികണ്ട് വർദ്ധിച്ചുവെന്നതിന്റെ വിവരം കേരളകൗമുദി വെളിപ്പെടുത്തിയിട്ടില്ല. എജിക്കോ ധനവകുപ്പിനോപോലും ലഭ്യമല്ലാത്ത കുടിശികയുടെ കണക്ക് എങ്ങനെ കേരളകൗമുദിക്കു ലഭിച്ചൂവെന്നതും വെളുപ്പെടുത്തിയിട്ടില്ല.

വെളിപ്പെടുത്താനാവില്ല. കാരണം അങ്ങനെയൊരു കണക്ക് ഇല്ല. ഇല്ലാ കണക്കുകൾകൊണ്ട് നാട്ടുകാരെ വിഭ്രമിപ്പിക്കുകയാണ് കേരളകൗമുദി പോലുള്ള മാധ്യമങ്ങൾ. എന്തിന് ഇത്തരം അഭ്യാസങ്ങൾ? കേരളത്തിൽ ഒരു സാമ്പത്തിക അട്ടിമറിക്ക് കരുക്കൾ നീക്കുകയാണ് കേന്ദ്ര ബിജെപി സർക്കാർ. അതിനു കളമൊരുക്കുകയാണ് ചില മാധ്യമങ്ങളും വിദഗ്ദരും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 4 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 4 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More