ഗാഡ്ഗിലില്‍ പാളിച്ചകളുണ്ട്- ടി ടി ശ്രീകുമാർ

കർഷകരുടെ പ്രശ്നങ്ങള്‍ അവഗണിക്കുന്നതിനെതിരെ നിരവധി ലേഖനങ്ങള്‍ ഞാന്‍ ഗാഡ്ഗില്‍ റിപ്പോർട്ട് പുറത്തുവന്ന സമയത്ത് എഴുതിയിരുന്നു. കർഷകരെ മുഴുവന്‍ മാഫിയാകളുടെ പിണിയാളുകളായി ചിത്രീകരിക്കുന്ന അന്നത്തെ പൊതുസമീപനം, ഉയർന്നുവരുന്ന ഒരു പ്രധാന സാമൂഹികവൈരുധ്യത്തെ കാണാതിരിക്കലായിരുന്നു. ഇതുമായി ബന്ധപെട്ട് പത്തുവർഷം മുന്‍പ്, 2013 -ല്‍ ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണിത്. കർഷകസമീപനത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒറ്റപ്പെട്ട ശബ്ദമായിരുന്നു അന്ന് ഇത്. ചില വിശദാംശങ്ങള്‍ തിരുത്താമെങ്കിലും എന്റെ അടിസ്ഥാന സമീപനം ഇപ്പോഴും ഇത് തന്നെയാണ്. കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപെട്ടു ഇപ്പോഴുണ്ടായിട്ടുള്ള ചേരിതിരിവ്‌  നിർഭാഗ്യകരമാണ്. കർഷകരുടെ പ്രശ്ങ്ങള്‍ അവരുടെ ഭാഗത്തുനിന്നുകൂടി മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ദുസ്ഥിതി ഒഴിവാക്കാമായിരുന്നു. ഇക്കാര്യം പത്തു വർഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

PESA, FRA, FCA, WLPA തുടങ്ങിയ നിയമങ്ങളുടെ കാര്യവും ഞാന്‍ പരാമർശിക്കുന്നുണ്ട്. ഇവയെല്ലാം പുനര്‍ വിചിന്തനം ആവശ്യപ്പെടുന്നുണ്ട് എന്നത് പരിസ്ഥിതി വിരുദ്ധമായ കാര്യമല്ല. മാത്രമല്ല, ഇതില്‍ മൂന്നാംലോക രാജ്യങ്ങളും വികസിത മുതലാളിത്ത രാജ്യങ്ങളും തമ്മില്‍ കാർബണ്‍ എമിഷന്‍ പ്രശ്നത്തില്‍ തൊണ്ണൂറുകള്‍ മുതല്‍ നടക്കുന്ന സംവാദത്തിന്റെ അനുരണനമുണ്ട്. ആന്ത്രോപോസീന്‍ കാലത്തിന്റെ കുറ്റബോധം മുഴുവന്‍ നമ്മുടെ തലയില്‍ ഇടാനുള്ള അവരുടെ ശ്രമം ചെറുക്കുന്നവരല്ലേ നമ്മള്‍? ഒരു വലിയ സാമൂഹിക വൈരുധ്യം രൂപപ്പെടുമ്പോള്‍ വൈകാരികമായല്ലാതെ വിശകലനപരമായി അതിനെ മനസ്സിലാക്കുന്നതാണ് പ്രധാനം. മാത്രമല്ല, ഇപ്പോഴാവട്ടെ ഞാന്‍ അന്ന് ചൂണ്ടിക്കാട്ടിയ സാമൂഹിക വൈരുധ്യങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുന്നു. നാം നേരിടുന്ന മുഖ്യവൈരുധ്യം, കർഷകരും അവരുടെ അതിജീവനത്തെ അസാധ്യമാക്കുന്ന നിയമ – ഭരണ സംവിധാനവും തമ്മിലാണ്. (ഈ ലേഖനത്തിന്റെ പിഡിഎഫ് പ്രിയ സുഹൃത്ത്‌ പി കെ ശ്രീകുമാര്‍ അയച്ചുതന്നത് എന്റെ കൈവശമുണ്ട്). ആ പഴയ ലേഖനം ഒരിക്കല്‍ കൂടി: 

ഗാഡ്ഗിലില്‍ പാളിച്ചകളുണ്ട്, എതിർപ്പില്‍ ചില ശരികളും -ടി ടി ശ്രീകുമാര്‍ 

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോർട്ടുകള്‍ സമർപ്പിക്കപ്പെട്ടതിനെ തുടർന്ന് വളരെ പെട്ടെന്ന് കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിർണ്ണയിച്ചുകൊണ്ടും പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മേല്‍ നടപടികള്‍ നിർദേശിച്ചുകൊണ്ടും വിജ്ഞാപനം പുറപ്പെടുവിക്കുകയും അത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു കാരണമാവുകയും ചെയ്തു. അങ്ങേയറ്റം അപലപനീയമായ ചല സംഭവങ്ങള്‍ സമരത്തിന്റെ തുടക്കത്തില്‍ ഉണ്ടായി. ഇതിനു പിന്നില്‍ ഈ വിജ്ഞാപനത്തെ എതിർക്കുന്നതില്‍ നിക്ഷിപ്ത താല്പ്പര്യമുള്ള ക്വാറി-വനം മാഫിയകള്‍ ആണെന്ന് തിരിച്ചറിയപ്പെടുകയും തുടർന്ന് സമരത്തിന്റെ മറവില്‍ അക്രമം നടത്താന്‍ ശ്രമിക്കുന്നവരെ സമരത്തിന്റെ മുഖ്യധാരയില്‍ പ്രവേശിപ്പിക്കുന്നതില്‍ തടയാന്‍ കഴിയുകയും ചെയ്തു.

പക്ഷെ സമരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും മുദ്രാവാക്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും താല്പ്പര്യപൂര്വ്വം  ചർച്ചചെയ്യാന്‍ വിമുഖത കാണിക്കുന്ന ക്ഷമാരഹിതമായ സമീപനമാണ് തുടക്കം മുതല്‍ കാണുന്നത്. ഈ റിപ്പോർട്ടുകള്‍ സമർപ്പിക്കപ്പെട്ടപ്പോള്‍ അവ മലയാളത്തില്‍ ലഭ്യമാക്കുന്നതിന് ഈ കമ്മിറ്റികള്‍  ആവട്ടെ, സർക്കാരുകള്‍ ആവട്ടെ യാതൊന്നും ചെയ്തില്ല എന്നത് നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ചില സംഘടനകളും വ്യക്തികളും അവരുടെ താല്പ്പര്യങ്ങള്‍ക്കനുസരിച്ച് തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചതാണ് വളരെ മാസങ്ങള്‍ക്കുശേഷം പോലും നിലവില്‍ കിട്ടാനുള്ളത്. ഇത്തരം സംഘടനകളുടെയോ വ്യക്തികളുടെയോ വിവർത്തനങ്ങളെ ആണോ സാധാരണ ജനങ്ങള്‍ ആശ്രയിക്കേണ്ടത്? അങ്ങേയറ്റത്തെ ഈ നിരുത്തരവാദത്തെ അപലപിക്കെണ്ടതല്ലെ?  

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോർട്ടുകള്‍ നടപ്പിലാക്കുന്നതില്‍ മലയോര നിവാസികളുടെ ഭാഗത്തുനിന്നുകൊണ്ട് ചിന്തിക്കാനുള്ള വിസമ്മതം തുടക്കം മുതല്‍ തന്നെ വ്യക്തമായിരുന്നു. എന്ന് മാത്രമല്ല, ഈ റിപ്പോർട്ടുകളെക്കുറിച്ച്, വിശേഷിച്ച് ഗാഡ്ഗില്‍ റിപ്പോർട്ടിനെ കുറിച്ച് യാതൊരു ചർച്ചയും ആവശ്യമില്ല, അതങ്ങ് അക്ഷരാർത്ഥത്തില്‍ നടപ്പിലാക്കിയാല്‍ മതി എന്ന തീവ്രനിലപാടാണ് പലരും വച്ചുപുലർത്തിയത്‌. ക്രിയാത്മക ചർച്ചകളെപ്പോലും മാഫിയകളെയും പള്ളിയേയും മാത്രം സഹായിക്കുന്ന നിലപാട് എന്ന നിലയിലേക്ക് ചുരുക്കിക്കാണുന്ന സമീപനമാണ് ഉണ്ടായത്. പെട്ടെന്ന് നടപ്പിലാക്കണമെന്നത് കൊണ്ട് ചർച്ചകളേയും ജനാധിപത്യപരമായ സമവായ രീതികളെയും അക്ഷമയോടെ കാണുകയും നിരസിക്കുകയും ചെയ്യുന്ന തികച്ചും ദൌർഭാഗ്യകരമായ നിലപാടിലേക്ക് പൊതുസമൂഹം നീങ്ങുകയായിരുന്നു. 

പരിസ്ഥിതിയുടെ പേരില്‍ വിദഗ്ധ സമിതികള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ സാമ്പത്തിക നിലനില്‍പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന് അവര്‍ സന്ദേഹിക്കുന്നതിന്റെ യുക്തിതന്നെ ചോദ്യംചെയ്യപ്പെട്ടത് ഇതിന്റെ അടിസ്ഥാനത്തില്‍ വളരെ ഗൌരവകരമായ കാര്യമായാണ് എനിക്ക് തോന്നിയത്. സമരത്തിനെതിരെ ഉണ്ടായ നുണപ്രചരണങ്ങള്‍ അവർണ്ണനീയവും അവിശ്വസനീയവുമായിരുന്നു. സമരക്കാര്‍ മുഴുവന്‍ മാഫിയകള്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നും മലയോര നിവാസികള്‍ കുടിയേറ്റക്കാരാണ് എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ പരിസ്ഥിതി ചൂഷകരാണ് എന്നും നിരന്തരം പ്രചരിപ്പിക്കപ്പെടുകയായിരുന്നു. ഒരു ജനകീയ പ്രശ്നത്തെ മുന്‍ വിധികളുടെ അടിസ്ഥാനത്തില്‍ അപഹസിച്ച്‌ തള്ളുന്നത് സിവില്‍ സമൂഹത്തിനു ചേർന്ന സമീപനരീതി ആയിരുന്നില്ല. 

തീരദേശത്തെ മണല്‍ മാഫിയക്കെതിരെ സമരം ചെയുന്ന ജസീറയുടെ സമരത്തെരുവില്‍ ഒരിക്കല്‍ പോലും കാണാത്ത ഇടനാടു-തീരദേശ നിവാസികള്‍ ഒരു പ്രഭാതത്തില്‍ പരിസ്ഥിതിവാദികളും മലയോര നിവാസികള്‍ മുഴുവന്‍ പരിസ്ഥിതി വിരുദ്ധരുമായി മാറുന്ന മന്ത്രവാദം വെറും ഫലിതം മാത്രമാണ്. മണല്‍- ക്വാറി- വനം മാഫിയകള്‍ എല്ലായിടത്തും അഴിഞ്ഞാടുന്നു. നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് അവരെ തടയാന്‍ ആരും തയ്യറാവുന്നില്ല. എന്നാല്‍ കുടിയേറ്റത്തിന്റെ രാഷ്ട്രീയവും അതിനുശേഷം കുടിയേറ്റക്കാരും ആദിവാസികളും തമ്മിലുണ്ടായിട്ടുള്ള വൈരുധ്യങ്ങളും അവിടുത്തെ ഭൂപ്രശ്നങ്ങളും എല്ലമാടങ്ങുന്ന ഒരു ചരിത്രത്തെ വളരെ ലളിതമായി  കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന അഹംഭാവപൂർണ്ണമായ സമീപനത്തിന് മാത്രമാണ് ചർച്ചകളില്‍ നിഷ്പ്രയാസം മുന്‍കൈ ലഭിച്ചത്. 

സഭയുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തെ ഇതിനകം തന്നെ കീഴ്‌പ്പെടുത്തിയിട്ടുള്ള ഹൈന്ദവ ദുർബോധം അതിന്റെ പാരമ്യത്തിലെത്തുക ആയിരുന്നു ഈ സമരത്തിന്റെ ആദ്യഘട്ടം മുതല്തതന്നെ എന്നതും വിസ്മരിച്ചുകൂടാ. ഇടനാട്ടിലെയും തീരദേശത്തേയും പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്ന് വേറിട്ട് എങ്ങനെയാണ് കേരളത്തില്‍ മലയോര പരിസ്ഥിതി പ്രശനം ചർച്ചചെയുക എന്ന അടിസ്ഥാന ചോദ്യം പോലും ഉന്നയിക്കാന്‍ കഴിയാത്ത രീതിയിലാണ് സമരം ചില മുന്‍‌കൂര്‍ നിർമ്മിതമായ കളങ്ങളിലേക്ക് തള്ളിനിർത്തപ്പെട്ടത്. പശ്ചിമഘട്ടത്തിനു ആഘാതമേല്‍ക്കുന്ന എന്തെല്ലാം പ്രവർത്തനങ്ങള്‍ ഇടനാട്ടിലും തീരദേശത്തും നടക്കുന്നുണ്ട് എന്ന് ആലോചിക്കെണ്ടേ? കുടിയേറ്റം ഉണ്ടായതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ തന്നെ ഇവിടെയാണ് തിരയേണ്ടത്. ഈ കുടിയേറ്റത്തിന്റെ ദോഷഫലങ്ങള്‍ എറ്റവും കൂടുതല്‍ അനുഭവിച്ച ആദിവാസികളോട് യാതൊരു അനുഭാവവും കാട്ടാതിരിക്കുകയും കുടിയേറ്റം സൃഷ്ടിച്ച സാമ്പത്തികാഭിവൃധിയുടെ മുഴുവന്‍ ഗുണഫലങ്ങളും ആഗോളവല്‍ക്കരണ കാലത്തുകൂടി അനുഭവിക്കുകയും ചെയ്ത പൊതുസമൂഹമാണ് ഹൈന്ദവ അജണ്ടക്ക് കീഴടങ്ങി മലയോരവാസികളുടെ സമരത്തെ എതിർക്കാന്‍ ഇറങ്ങിയത്. 

സമവായത്തിനെതിരെ? 

നഗരവാസികളെല്ലാം ഗാഡ്ഗില്‍ റിപ്പോർട്ട്  നടപ്പിലാക്കണം എന്ന് വിളിച്ചുപറഞ്ഞു പരിസ്ഥിതിവാദികളാവുന്ന കാഴ്ച കൌതുകകരമായിരുന്നു. ഇതേക്കുറിച്ച് ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോട്ടില്‍ പരിസ്ഥിതി സംരക്ഷണത്തിനു സഹായകമായ ഒട്ടേറെ നിർദേശങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അവയില്‍ പലതും നടപ്പിലാക്കുകയും വേണം എന്നകാര്യത്തിലും തർക്കമില്ല. എന്നാല്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോർട്ടുകള്‍ അടിസ്ഥാനപരമായി ഉപയോഗിക്കുന്ന അന്തർദേശീയ സാങ്കേതിക പദങ്ങളില്‍ പലതും - ഉദാഹരണത്തിന് പരിസ്ഥിതിലോലപ്രദേശം തുടങ്ങിയവ- ജനാധിവാസ കേന്ദ്രങ്ങളില്‍ അടിച്ചേല്‍പ്പിച്ചാല്‍ അതിന്റെ ഫലമായുണ്ടാവുന്ന സാമ്പത്തിക പ്രവർത്ത നങ്ങളുടെ ക്രമീകരണം മനുഷ്യജീവിതം എങ്ങനെ ദുസ്സഹമാക്കുമെന്നതിനെക്കുറിച്ച് ചർച്ചപോലും ആവശ്യമില്ലെന്നും ഇതിനെ കുറിച്ചുള്ള ഏതു സൂചനയും മാഫിയാകളുടെ ഇടപെടലിന്റെ ഫലമാണെന്നുമുള്ള മുന്വിുധിയോടെ ആണു സമരത്തോടുള്ള എതിർപ്പിനു മൂർച്ച കൂട്ടിയത്. 

ഏതു സാഹചര്യത്തിലാണ് ഒരു പ്രദേശം പരിസ്ഥിതിലോലമാണ് എന്ന് പ്രഖ്യാപിക്കുക, അങ്ങനെ ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്,  അതിനു നഷ്ടപരിഹാര പാക്കേജുകളും സബ്‌സിഡികളും പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്, ഇതിനു മുന്‍പ് അത്തരം പ്രദേശത്തുള്ളവരുമായി ഏതു തരത്തിലുള്ള നഷ്ടപരിഹാരമാണ് അവര്‍ സ്വീകരിക്കുക എന്നതിനെ കുറിച്ച് ചർച്ച നടത്തേണ്ടതല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ തൊണ്ടയില്‍ വച്ച് ഞെക്കിക്കളയാം എന്ന് വിചാരിക്കുന്നത് ശരിയായ രീതിയല്ല. ഇതൊക്കെ തുടക്കത്തില്‍ തന്നെ ചെയ്യേണ്ടതായിരുന്നു. അതിനു സർക്കാരുകള്‍ കാണിച്ച അലംഭാവത്തെ കുറിച്ച് ചർച്ചകള്‍ പോലും ഉണ്ടാവുന്നില്ല. പരിസ്ഥിതി ശാസ്ത്രമായാലും പരിസ്ഥിതി സമ്പദ് ശാസ്ത്രമായാലും ചില ആപേക്ഷിക സങ്കല്പ്പങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്ക്കുന്നവയാണ്. അവ എല്ലാ സ്ഥലങ്ങളിലും ഒരുപോലെ പ്രയോഗിക്കാവുന്ന നിത്യസത്യങ്ങള്‍ അല്ല. 

ഗാഡ്‌ഗില്‍ റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ ഒരു സമവായത്തില്‍ എത്തുന്നതിനു കാത്തിരിക്കേണ്ടതായിരുന്നു. എന്നാല്‍ അതിനു മുന്‍പ് ഏകപക്ഷീയമായി കസ്‌തൂരിരംഗന്‍ കമ്മിറ്റി രൂപീകരിച്ചു. അതിന്റെ പ്രവർത്തനങ്ങള്‍ക്ക് വളരെ ചെറിയ ഒരു കാലാവധിയും ടേംസ് ഓഫ് റെഫറന്സുമാണ് നല്കിയിരുന്നത്. മൂന്നു നൂറ്റാണ്ടു കാലത്തെ ചൂഷണസ്വഭാവ ചരിത്രമുള്ള പ്രദേശമാണ് പശ്‌ചിമഘട്ടം. തിരുവിതാംകൂര്‍- ബ്രിട്ടീഷ് സർക്കാരുകള്‍ ഉണ്ടായിരുന്ന കാലം മുതല്‍ പശ്ചിമഘട്ടത്തിന്റെ മുഖച്ഛായ മാറ്റിയ സാമ്പത്തിക പ്രവർത്തനങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷ് മൂലധനം തോട്ടങ്ങളില്‍ മുതല്‍ മുടക്കുകയും വനവിഭവങ്ങള്‍ വലിയ തോതില്‍ ചൂഷണം ചെയ്യുകയും ചെയ്തപ്പോള്തവന്നെ വലിയ കോലഹലത്തോടെ സാധാരണ കർഷകരുടെയും ആദിവാസികളുടെയും മലങ്കൃഷിയെ നിരുല്സാഹപ്പെടുത്തുകയും ചെയ്തു. ആദിവാസികള്‍ മാത്രമല്ല ചരിതകാലങ്ങളായി കേരളത്തില്‍ മലങ്കൃഷിയില്‍ ഏർപ്പെട്ടിട്ടുള്ളത് എന്ന് തിരുവിതാംകൂറിന്റെയും  മലബാറിന്റെയും സാമ്പത്തികചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. കുടിയേറ്റം പില്‍ക്കാല സംഭവമാണെങ്കിലും തീരദേശത്തുനിന്നും ഇടനാട്ടില്‍ നിന്നും സാധാരണ കർഷകര്‍ തന്നെ പശ്ചിമഘട്ടത്തില്‍ കാടെരിച്ചുള്ള കൃഷിയില്‍ പത്തൊന്പതാം  നൂറ്റാണ്ടില്‍ തന്നെ വളരെ വ്യാപകമായിട്ടായിരുന്നു ഏർപ്പെട്ടിരുന്നത്. അന്നുമുതല്‍തന്നെ  ഇടനാടിലെയും തീരദേശത്തെയും സാമ്പത്തിക സമ്മർദ്ദങ്ങള്‍ ആണു കർഷ കരെ ഇതിലേക്ക് നിർബന്ധിച്ചിരുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ ആയിരുന്നത് ഈ സമൂഹം മുഴുവനുമാണ്. അതുകൊണ്ട് തന്നെ സമവായ വിരുദ്ധമായ, അനുരഞ്ജനപൂര്‍വമല്ലാത്ത ഒരു സമീപനം കൈക്കൊള്ളുന്നത് സ്വീകരിക്കാന്‍ കഴിയില്ല. 

ഗ്രാമീണ ജനതയും ബ്യൂറോക്രസിയും 

കേരളത്തിലെ പരിസ്ഥിതിവാദികളുടെ സമീപനത്തെക്കുറിച്ച് ഞാന്‍ ഇവിടെ ചർച്ച ചെയ്യുന്നില്ല. അവരുടെ ആകുലതകള്‍ ദീർഘകാലമായി ഞാനും പങ്കുവയ്ക്കുന്നതാണ്. ഇക്കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായി തികച്ചും ഉത്തരവാദിത്തപൂർണ്ണമായ നിലപാടുകളാണ് കേരളത്തിലെ പരിസ്ഥിതി വാദത്തിന്റെ കൈമുതല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സർക്കാരിന്‌ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കാതിരിക്കുന്നതിന് എന്ത് നീതീകരണം ആണുള്ളത് എന്നറിയാന്‍ താല്പ്പര്യമുണ്ട്. 

കേരളത്തിനായി ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ നിർദേശങ്ങളുടെ പ്രായോഗികത പരിശോധിക്കുന്നതിന് ഒരു പുതിയ അന്വേഷണം എന്തുകൊണ്ട്‌ ആരംഭിച്ചുകൂടാ? അതില്‍ എന്തുകൊണ്ട്‌ കർഷക പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂടാ? ദളിത്‌-ആദിവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂട? ആദിവാസികളും കർഷകരാണ്‌. ദളിത്‌ വിഭാഗങ്ങളെപ്പോലെ ഭൂമി സ്വന്തമായി ഇല്ലാത്തത്‌ കൊണ്ടാണ്‌ അവരും കർഷക തൊഴിലാളികളായി ജീവിക്കുന്നത്‌. കർഷകർക്കും  കത്തോലിക്കാസഭക്കും പരിസ്‌ഥിതി നശിപ്പിച്ച്‌ ഭൂമിയെ ഇല്ലാതാക്കുന്നതില്‍ സവിശേഷ താല്പ്പര്യമുണ്ടെന്ന മട്ടില്‍ ചർച്ചകള്‍ കൊണ്ട്‌ പോകുന്നത്‌ എന്തിനാണ്‌? ഒരു മാറ്റവും ആവശ്യമില്ലാത്ത വേദപുസ്തകമായി ഒരു റിപ്പോർട്ടിനെ കാണണം എന്ന് ശഠിക്കുന്നത് എന്തിനാണ്? 

ഗാഡ്ഗില്‍ റിപ്പോർട്ട്  ജനാധിപത്യപരമായ ചർച്ചയ്ക്കുശേഷം മാറ്റങ്ങള്‍ വരുത്തി സമയബന്ധിതമായി നടപ്പിലാക്കണം എന്നകാര്യത്തില്‍ ആർക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ കൃഷിരീതിയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം സാമ്പത്തിക പുനര്‍ ക്രമീകരണത്തിനു തയ്യാറാവുന്നവർക്ക് അർഹമായ സബ്‌സിഡികള്‍ പ്രഖ്യാപിക്കണം എന്നത് തുടങ്ങി നിരവധി കാര്യങ്ങള്‍ സമവായം ആവശ്യമുള്ളവ ആയി അവശേഷിക്കുന്നു. ഇതിനെകുറിച്ചൊക്കെ ഗാഡ്ഗില്‍ റിപ്പോർട്ടില്‍ ചില സൂചനകള്‍ ഉണ്ട് എന്ന് നമുക്കറിയാം.  അവയുടെ സാധ്യതകളെയും പരിമിതികളേയും കുറിച്ച് ചർച്ച പോലും ഉണ്ടാകുന്നതിനു മുന്‍പാണ് കസ്തുരിരംഗന്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. സി ആര്‍ സോണ്‍ നിയമങ്ങളടക്കം നിരവധി പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കൊണ്ടുവരാനും നടപ്പിലാക്കാനും ദശാബ്ദങ്ങള്‍ എടുത്തിട്ടുള്ള നാട്ടില്‍ മിന്നല്‍ വേഗത്തിലാണ് കേന്ദ്രസർക്കാര്‍ പശ്ചിമഘട്ട സംരക്ഷണത്തിനിറങ്ങിയത്. ഗ്രാമ സഭകള്‍ക്ക്  ചർച്ച ചെയ്യാം എന്നത് റിപ്പോർട്ട്  അംഗീകരിക്കുന്നതിനു മുന്‍പ് നടക്കേണ്ടതാണ്. അല്ലാതെ റിപ്പോർട്ട് വഴി കിട്ടേണ്ട ഔദാര്യമല്ല. പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ഭൂമിയുടെ ക്രയവിക്രയം ഏതാണ്ട് അസാധ്യമായി തീരുന്ന സാഹചര്യമുണ്ടാവും എന്ന് ചൂണ്ടികാട്ടിയപ്പോള്‍ അതിനു പിന്നിലെ സാമാന്യ യുക്തി പോലും അംഗീകരിക്കാന്‍ പലരും കൂടാക്കിയില്ല എന്നതാണ് വാസ്തവം. തങ്ങളേക്കാള്‍ അറിവുള്ളവര്‍ അല്ല ഗ്രാമീണര്‍ എന്ന ധിക്കാരപൂർണമായ സമീപനം വച്ച് പുലർത്തുന്ന ബ്യൂറോക്രസിയുടെ നിലവാരത്തിലേക്ക് പരിസ്ഥിതിവാദികള്‍ പോകരുത് എന്നത് അടിവരയിട്ടു ഓർക്കേണ്ട കാര്യമാണ്.

ഭൂമിയുടെ ക്രയവിക്രയം

എന്താണ് ഭൂമിയുടെ ക്രയ വിക്രയവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം? ഭൂമി വില്‍ക്കാന്‍ അനുവാദമില്ല എന്ന് എങ്ങും പറഞ്ഞിട്ടില്ല എന്ന വാദം കൊണ്ട് ഗ്രാമീണരുടെ ഉല്‍ണ്ഠകളെ തൃപ്തിപ്പെടുത്താന്‍ സാധിക്കുമോ എന്ന് ആലോചിക്കേണ്ടതല്ലേ? കാരണം അവിടെ ഭൂമി വില്‍ക്കാന്‍ അനുവാദം ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരു പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കപെട്ടു കഴിഞ്ഞാല്‍ അവിടെ ഭൂമിയുടെ വിപണിവില താഴുകയും അത് തദ്ദേശവാസികളുടെ സാമ്പത്തികനില അപകടത്തിലാവുകയും ചെയ്യും. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നത് അടക്കുമുള്ള കാര്യങ്ങള്‍ അവതാളത്തിലാവും. ദൈനംദിന സാമ്പത്തിക പ്രവർത്തനങ്ങള്‍ ചില മേഖലകളില്‍ നിർത്തിവയ്ക്കണം എന്ന് പൊതുസമൂഹത്തിനു താല്‍പ്പര്യമുണ്ടെങ്കില്‍ ഏകപക്ഷീയമായി നിയമങ്ങള്‍ അവിടുത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല ജനാധിപത്യപരമായ രീതി. 

തീരദേശ നഗരങ്ങളിലും ഇടനാടുകളിലും താമസിക്കുന്നവര്‍ ഉണ്ടാക്കുന്ന പരിസ്ഥിതി വിനാശത്തിന്റെ കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് മലയോര നിവാസികളെ ഒറ്റപ്പെടുത്തുന്ന സമീപനം ഒരു ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല. അതിരൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതുകൊണ്ട് ഏകപക്ഷീയമായി കുട്ടനാട് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുമോ? 

വിവിധ ദളിത് വിഭാഗങ്ങളില്‍ പെട്ടവരും ഭൂരഹിത ആദിവാസികളും ഭൂരിപക്ഷവും ഇപ്പോള്‍ കർഷക തൊഴിലാളികളാണ്. അത് അവര്‍ കാർഷികവൃത്തിയില്‍ ഏർപ്പെടാന്‍ വൈമനസ്യമുള്ളവരായതുകൊണ്ടല്ല. മറിച്ച് അവർക്ക്  ഇപ്പോള്‍ ഭൂമി ഇല്ലാത്തതുകൊണ്ടാണ്. അതിന്റെ സംഘർഷങ്ങള്‍, ഭൂമി കയ്യേറ്റങ്ങള്‍, ആദിവാസി ഭൂമിയുടെ ഭൂമിയുടെ അന്യവല്‍ക്കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇന്നത്തെ ധ്രുവീകരണത്തിന് ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. പക്ഷെ രണ്ടാം ഭൂപരിഷ്‌കരണം എന്ന അജണ്ടയുടെ പ്രസക്തി ചുരുക്കുന്നതാണ് ഭൂമിയുടെ മേല്‍ കൊണ്ടുവരുന്ന പുതിയ നിയമങ്ങള്‍. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കും എന്നത് ഉറപ്പാണ്. മാത്രമല്ല, ഏതു പ്രദേശവും ഒരിക്കല്‍ പരിസ്ഥിതി ലോല പ്രദേശമായി നിര്‍വചിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്ത് നിയമം ഉണ്ടാവും എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല എന്നും അന്ന് അത് തടയാന്‍ കഴിഞ്ഞേക്കില്ല എന്നും കൂടി മനസ്സിലാക്കേണ്ടതാണ്.

കുടിയേറ്റവും കാരണങ്ങളും പില്‍ക്കാല  രാഷ്ട്രീയവും 

കുടിയേറ്റം കൂടുതലും തുടങ്ങിയത് മുപ്പതുകളിലാണ്. മുസ്ലീങ്ങളും ഈഴവരും ക്രിസ്ത്യാനികളും കൂടിയാണ് തിരുവിതാംകൂര്‍ സർക്കാരിനെതിരെ നിവർത്തന പ്രക്ഷോഭം നടത്തിയതെങ്കിലും ഏറ്റവും കൂടുതല്‍ അധികാരികളുടെ പീഡനം നേരിട്ടത് സിറിയന്‍ ക്രിസ്ത്യാനികള്‍‍ ആയിരുന്നു. സി. പി. യെ എതിർത്തതിനു അവർക്ക് വലിയ വില നല്‍കേണ്ടി വന്നു.

സിറിയന്‍ ക്രിസ്ത്യാനികളും ദളിത്‌ ക്രിസ്തവരുമായി ഉള്ള വൈരുധ്യത്തിനു നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. എല്ലാ ചർച്ചകളിലെയും അടിസ്ഥാന വൈരുദ്ധ്യമായി ഇത് സ്വീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ദളിത്‌ ക്രൈസ്തവർക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ ആര്യസമാജത്തില്‍ ചെന്ന് ശുദ്ധി വാങ്ങി ഹൈന്ദവവേദങ്ങളുടെ പ്രാമുഖ്യം അംഗീകരിച്ചു ജീവിച്ചാലേ സംവരണത്തിന്റെ ആനുകൂല്യം കിട്ടൂ എന്ന് പറയുന്ന നീതികേട്‌ അംഗീകരിക്കാന്‍ പറ്റില്ല. എന്ന് മാത്രമല്ല, അങ്ങനെ ശുദ്ധി വാങ്ങി ഹിന്ദുക്കളായവര്‍ യഥാർത്ഥത്തില്‍ ‘ഹിന്ദുധർമ്മം ’ അനുസരിച്ചാണോ ജീവിക്കുന്നത് എന്ന് അവരുടെ അടുക്കളയില്‍ പോലും കയറി അന്വേഷിച്ചു അധികൃതർക്ക്  റിപ്പോർട്ട് ചെയ്യുന്ന ഹിന്ദുത്വവാദികളുടെ നിരന്തര ഭീഷണിയും അവര്‍ നേരിടുന്നുണ്ട്. അത് പാലിക്കാന്‍  മതം മാറിയവര്‍ നിർബന്ധിതരാവുന്ന സാഹചര്യം ഉണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്ന ഒരു പരാമർശമുള്ള  ഒരു കോടതി വിധി ഈ അടുത്ത കാലത്താണ് ചെന്നൈ ഹൈക്കൊടതിയില്‍ നിന്ന് ഉണ്ടായത്. 

സങ്കീർണ്ണമായ ചേരി പ്രശ്നങ്ങള്‍ ഒറ്റയടിക്ക് മാറ്റിനിർത്താന്‍ കഴിയുന്നതല്ല. ലളിതമായ സമവാക്യങ്ങള്‍ മാത്രം തിരയുന്നവർക്കും  ഗൃഹപാഠം ചെയ്യാന്‍ കൂട്ടാക്കാത്ത രാഷ്ട്രീയ വിശാരദന്മാർക്കും ആവശ്യമായ ഉത്തരങ്ങള്‍ എളുപ്പത്തില്‍ തയ്യാര്‍ ചെയ്തുനല്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഉണ്ടാവാം. എന്നാല്‍ കൂടുതല്‍ അവധാനപൂർണ്ണമായ വിശകലനങ്ങള്‍ ആവശ്യമുള്ള പ്രശ്നങ്ങളെ അങ്ങനെതന്നെ സമീപിക്കണം എന്ന നിലപാടാണ് എനിക്ക് സ്വീകാര്യമായി തോന്നുന്നത്.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തുടങ്ങിയ കുടിയേറ്റം എഴുപതുകള്‍ വരെ തുടർന്നിരുന്നു. ഇന്ന് അതിന്റെ രാഷ്ട്രീയം മാറിയിരിക്കുന്നു. മാത്രമല്ല മാറുന്ന ജനസംഖ്യയും തീരദേശത്തെയും ഇടനാട്ടിലെയും ജനസാന്ദ്രതയും കൃഷിഭൂമിയുടെ ചുരുങ്ങലും കിഴക്കന്‍ മേഖലകളിലേക്കുള്ള കുടിയേറ്റത്തിനു കാരണമായിട്ടുണ്ട്. അതായത്, രാഷ്ട്രീയ കാരണങ്ങള്‍ കൂടാതെ തീരദേശത്തും ഇടനാട്ടിലുമുള്ള ജീവിതരീതിയുടെയും, ഉപഭോഗവല്‍ക്കരണതിന്റെയും പരിസ്ഥിതി വിരുദ്ധമായ ജീവിതരീതിയുടെയുംകൂടി ഒരു ഉപ ഉല്‍പ്പന്നമാണ്‌ കിഴക്കന്‍ മേഖലകളിലെക്കുണ്ടായ കുടിയേറ്റമെന്നത് പെട്ടെന്ന് വിസ്മരിക്കുന്നതെങ്ങനെ? 

വയനാട്ടിലേക്കും മറ്റുമുള്ള കുടിയേറ്റത്തില്‍ ആദിവാസികള്‍ ഭൂമി നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ മുത്തങ്ങ സമരം ഒക്കെ നമ്മുടെ മുന്നിലുണ്ട്. എന്റെ അഭിപ്രായത്തില്‍ മുപ്പതുകളിലെ കുടിയേറ്റത്തിനു പിന്നിലെ രാഷ്ട്രീയ സാമ്പത്തിക കാരണങ്ങള്‍ സവിശേഷ പരിഗണന അർഹിക്കുന്നു. വലിയൊരു ചരിത്രത്തെ മറച്ചുവച്ച് ഇക്കാര്യം ചർച്ച  ചെയ്യാന്‍ കഴിയില്ല. കർഷകരെല്ലാം പരിസ്ഥിതി വിരുദ്ധരും കേന്ദ്ര സർക്കാര്‍ പരിസ്ഥിതി സംരക്ഷകരും എന്ന സമീപനം ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞത്.

ആദിവാസികളും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ രാഷ്‌ട്രീയ നേതൃത്വത്തിനു കഴിഞ്ഞില്ല. ആദിവാസികള്‍ക്ക് ഭൂമി തിരികെ നല്കാനുള്ള കോടതി നിർദേശം നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല. ഇനിയൊരിക്കലും അതിനു കഴിയാത്ത രീതിയില്‍ നിരവധി നിയമങ്ങള്‍ കൊണ്ടുവന്ന്‌ ആ പ്രശ്‌നത്തെ ഇല്ലാതാക്കുക കൂടി ചെയ്‌തു ഇവിടുത്തെ രാഷ്‌ട്രീയ നേതൃത്വം. വനം കൊള്ളയ്‌ക്കെതിരേയുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ അവർക്കു കഴിയില്ല. പക്ഷേ തീ കത്തിക്കാന്‍ വിറകുശേഖരിക്കുന്ന ആദിവാസികളെ പിടിച്ചു പീഡിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ ഗാഡ്‌ഗില്‍ കസ്‌തൂരിരംഗന്‍ റിപ്പോട്ടുകള്‍ നടപ്പിലാക്കിയാല്‍ കർഷകരുടെ ചെറിയ പ്രവർത്തനങ്ങള്‍ തടയാനും അവരെ പീഡിപ്പിക്കാനും നടക്കുന്ന ഉദ്യോഗസ്‌ഥവൃന്ദത്തിന്‌ വലിയ പരിസ്‌ഥിതി നാശം ഉണ്ടാക്കുന്നവരെ തൊടാന്‍ കഴിയില്ല. ഇക്കാര്യങ്ങള്‍ എല്ലാം മറന്നുകൊണ്ട്‌ ഈ സമരത്തെ പൂർണ്ണമായും അധിക്ഷേപിക്കാന്‍ ഞാന്‍ ഒരുക്കമല്ല.

മലയോര ഗ്രാമഘടന

കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ ഘടനയും അവിടുത്തെ സാമ്പത്തിക ജീവിതത്തിന്റെ സവിശേഷതകളും മനസിലാക്കാതെയുള്ള വിമർശനങ്ങളാണ് സമരത്തിനെതിരെ ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ കേരളവുമായി താരതമ്യപെടുത്തുന്നതില്‍ അർത്ഥമില്ല. കേരളത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ അധിവാസ മാതൃകയോ സാമ്പത്തിക പ്രവർത്തനങ്ങളോ അല്ല അവിടെ ഉള്ളത്. കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വീകാര്യമല്ല. അറുപതു ദിവസത്തിനുള്ളില്‍ ആർക്കും അഭിപ്രായം എഴുതി അറിയിക്കാം, സൌകര്യമുണ്ടെങ്കില്‍ പരിഗണിക്കും എന്ന രീതിയിലാണ് ഏറ്റവും ഒടുവില്‍ പോലും സർക്കാര്‍ വക്താവ് സംസാരിച്ചത്. സ്വന്തം ഭൂമിയുടെ മേലുള്ള അവകാശം കേവലം ഒരു ആശയം മാത്രമായി മാറുന്ന സാഹചര്യമുള്ളപ്പോള്‍ മലയോര നിവാസികളുമായി തുറന്ന ചർച്ചക്കാണ് കേന്ദ്ര സർക്കാര്‍ തയ്യാറാവേണ്ടത്. പശ്ചിമഘട്ടത്തിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെ ഒരുപോലെ കാണാന്‍ കഴിയില്ല. 

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ‘ശാസ്ത്രബോധ’ത്തിന്റെ സാമാന്യ യുക്തിയാണ് ഈ രണ്ടു റിപ്പോര്ടുകളുടെയും അടിസ്ഥാനം. ഇതില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിജ്ഞാനം നിലവിലുള്ള പരികല്‍പ്പനകളുടെ പ്രയോഗം മാത്രമാണ്. എന്നാല്‍ പരിസ്ഥിതിലോല പ്രദേശം തുടങ്ങിയ ലേബലുകള്‍ ഭരണനിയമ സങ്കേതങ്ങളുടെകൂടി അടിത്തറയുള്ളതാണ്. അവ സാമ്പത്തിക പ്രവർത്തനങ്ങളെ പരിമിതിപ്പെടുത്തുന്നു എന്ന് പറഞ്ഞാല്‍ അത് നിത്യജീവിതത്തെ ബാധിക്കും എന്ന് തന്നെയാണ് അർത്ഥം . ഗാഡ്ഗില്‍ റിപ്പോർട്ടില്‍ ഗ്രാമസഭ കൂടി തീരുമാനിക്കാം എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ സ്ഥലത്തെ ചില ഭരണ ക്രമീകരണങ്ങളെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. പുതിയ പരികല്‍പ്പനകളോ, അല്ലെങ്കില്‍ പഴയ പരികല്‍പ്പനകള്‍ക്ക്  പുതിയ നിര്വചപനമോ കൊണ്ടുവരാതെ ഈ രണ്ട് റിപ്പോർട്ടുകളും നടപ്പിലാക്കാം എന്ന് കരുതുന്നുത് മൌഢ്യമാണ്. കർഷകര്‍ ഉയർത്തിയ പ്രശ്നങ്ങള്‍ക്ക്  യാതൊരു അടിസ്ഥാനവും ഇല്ല എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കൃഷി എങ്ങനെ ഭാവിയില്‍ മാറ്റണം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ചില നിർദേശങ്ങള്‍ റിപ്പോർട്ടില്‍ ഉണ്ട്. കൃഷി മാത്രമല്ല, നിരവധി സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ വിവിധ സന്ദർഭങ്ങളിലായി റിപ്പോർട്ടി ല്‍ കടന്നുവരുന്നു. ഇവയെക്കുറിച്ച് അഭിപ്രായം പറയാനുള്ള കർഷകരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല. 

മലയോര പരിസ്ഥിതിയും ഭരണകൂടവും 

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അഭിപ്രായ വ്യത്യാസമില്ല. കേന്ദ്ര സർക്കാര്‍ ഗാഡ്ഗില്‍- കസ്തുരിരംഗന്‍ റിപ്പോർട്ടു കള്‍ സ്വീകരിക്കുകയും അതിന്റെ മേല്‍ നടപടികള്‍ മിന്നല്‍ വേഗത്തില്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. മുന്‍പെങ്ങുമില്ലാത്ത ഒരാവേശത്തോടെ പരിസ്ഥിതി സംരക്ഷണത്തിനിറങ്ങുന്നു. കേരളത്തിലെ പശ്ചിമഘട്ടത്തിലെ ആവാസരീതികളും സാമ്പത്തികപ്രവർത്തനങ്ങളും വ്യത്യസ്തമായതിനാല്‍ അവിടുത്തെ മനുഷ്യരുമായി കൂടുതല്‍ ചർച്ചകളും സമാവായങ്ങള്‍ക്കുമുള്ള ശ്രമങ്ങള്‍ ആവശ്യമാണ്‌. എത്ര സമ്മർദ്ദം ചെലുത്തിയാണ് CRZ എന്ന തീരദേശ നിയമം കൊണ്ടുവരാനും നാമമാത്രമായെങ്കിലും നടപ്പിലാക്കാനും കഴിഞ്ഞത് എന്ന് ഓർക്കേണ്ടതാണ്. അതുപോലെ ഓരോ നിയമങ്ങളും. പലരും ഇവിടെ ചർച്ചയില്‍ സൂചിപ്പിച്ചിട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങളോട് എനിക്ക് യോജിപ്പാണ് ഉള്ളത്. എന്നാല്‍ ഗാഡ്ഗില്‍ ‍ റിപ്പോർട്ട്  നടപ്പിലാക്കാന്‍ സാവകാശം ആവശ്യമുണ്ടെന്നതിനാല്‍ , അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ജനവിഭാങ്ങളുമായി നേരിട്ട് ചർച്ച നടത്തുകയും അവരുടെ ആശങ്കകള്‍ പരിഹരിക്കുകയും വേണം. തങ്ങള്‍ ജീവിക്കുന്ന നഗരങ്ങള്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചാല്‍ നഗരവാസികള്‍ എന്ത് ചെയ്യുമോ അത് തന്നെയേ ഇവിടെയുo ജനങ്ങള്‍ ചെയ്യുന്നുള്ളൂ. അപ്പോള്‍ ആ സമരത്തെ തന്നെ ലേബല്‍ ചെയ്യുക, പുരാതന ശത്രുതകള്‍ക്കു വേണ്ടി ഉപയോഗിക്കുക, വളർന്നു വരുന്ന കർഷക പരിസ്ഥിതി അവബോധത്തെ കാണാതിരിക്കുക, ജൈവകൃഷിക്ക് വേണ്ടി മതസംഘടനകള്‍ അടക്കം സിവില്സമൂഹം എടുത്തിട്ടുള്ള നിലപാടുകളെ പിന്തുണച്ചുപോരുന്ന കർഷക പാരമ്പര്യത്തെ അവഗണിക്കുക എന്നിവ ശരിയായ സമീപനമല്ല. കർഷകരുമായി ചർച്ച ചെയ്യാന്‍ ബാധ്യത കേന്ദ്ര സർക്കാരിനാണ്. 

എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ സമരമില്ല എന്ന് ചോദിക്കുന്നുണ്ട്. ഒന്നാമതായി അധിവാസ മേഖലകളിലെ ജനസാന്ദ്രത കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. അതിലെല്ലാം ഉപരി, അവകാശ സമരങ്ങളില്‍ ഇപ്പോഴും മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളം എന്ന് പറഞ്ഞു നടന്നിട്ട് ഇപ്പോള്‍ ഈ സമരത്തിന്റെ കാര്യത്തില്‍ മാത്രം എന്താണ് കേരളത്തിനു ഒരു പ്രത്യേകത പറയാനുള്ളത്? പത്തൊന്പ്താം  നൂറ്റാണ്ട് മുതല്‍ ഇവിടെ ഇങ്ങനെയാണ് എന്ന് അറിയാത്തവര്‍ ഇനിയും ഉണ്ടോ? സമവായം ആവശ്യമുള്ള ഒരു പ്രശ്നത്തില്‍ അവധാനത കാട്ടാതിരിക്കുന്നത് ഇപ്പോള്‍ കേന്ദ്ര സർക്കാര്‍ അല്ലെ? അവരുടെ പരിസ്ഥിതി സംരക്ഷണ വ്യഗ്രത അത്ര സുതാര്യവുമല്ല. എന്ന് മാത്രവുമല്ല, പരിസ്ഥിതി കാര്യങ്ങളില്‍ ഇന്ത്യയിലെമ്പാടും കേന്ദ്രഭരണകൂടങ്ങള്‍ ഇത്രകാലവും ആരുടെ കൂടെയാണ് നിലകൊണ്ടിട്ടുള്ളത്? ഇപ്പോള്‍ നിലകൊള്ളുന്നത്? 

ഗാഡ്ഗില്‍ റിപ്പോര്ട്ടും  ഭൂവുടമസ്ഥതയും. 

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ടിലെ പുരോഗമനപരമായ ഒരു നിലപാടായി അതിലെ ഭൂവുടമസ്ഥതയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ മനസ്സിലാക്കപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു. ഇത് എത്ര മാത്രം ശരിയാണ് എന്നത് നിശിതമായ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. ഗാഡ്ഗില്‍ റിപ്പോർട്ടിനെ അമിതമായി ആദർശ വല്‍ക്കരിക്കുന്ന സമീപനം വിമർശനാത്മകതയെ തളർത്തുകയും രാഷ്ട്രീയ വിശകലനത്തെ മരവിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് കൂടുതല്‍ ചർച്ച അനിവാര്യമാകുന്നത്. ചിലയിടത്ത് ഒസ്ട്രോമിന്റെയും (Ostrom) ചിലയിടത്ത് നിയോ ക്ലാസ്സിക്കല്‍ ധനശാസ്ത്രത്തിന്റെയും സ്മീപനങ്ങള്‍ കൈക്കൊള്ളുന്ന ഒരു എക്ല്ക്റ്റിക് സമീപനം ആണു റിപ്പോർട്ടിനുള്ളത്. അക്കദമിക് തലത്തില്‍ ഇത് സ്വീകാര്യമാണെങ്കിലും ഇതിനെ വളരെ പെട്ടെന്ന് ഒരു സമര മാനിഫെസ്റ്റോ ആക്കി ഉദാത്തവല്ക്കരിക്കുന്നത് ഗുണം ചെയ്യും എന്ന് തോന്നുന്നില്ല.  ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാന പ്രശ്നം രണ്ടാം ഭൂപരിഷ്കരണം എന്ന ദളിത്‌-ആദിവാസി അജണ്ടയെ അത് പിന്നോട്ടടിക്കുന്നു എന്നതാണ് എന്ന് ഞാന്‍ മുന്‍പ് ചൂണ്ടികാണിച്ചിട്ടുണ്ട്. ഉടമസ്ഥതയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ യഥാർത്ഥത്തില്‍ ഈ നിഗമനത്തിന് അടിവരയിടുകയാണ് ചെയ്യുന്നത്. 

മൂന്നു പ്രധാന സന്ദർഭങ്ങളിലാണ് റിപ്പോർട്ടില്‍ ഉടമസ്ഥതയെക്കുറിച്ചുള്ള ചർച്ചകള്‍ കടന്നു വരുന്നത് (ഭാഗം രണ്ടില്‍). ചെറുകിട വനോല്‍ന്നങ്ങളുടെ സഹായത്തോടെ ആദിവാസി സമൂഹത്തിന്റെ ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്ന സന്ദർഭമാണ് ഒന്ന്. അവിടെ റിപ്പോർട്ട്  പറയുന്നത് സാമൂഹിക വനപരിപാലനമോ സംയുക്ത വനപരിപാലനമോ ഇല്ലാത്ത നിരവധി വനപ്രദേശങ്ങള്‍ ഇപ്പോഴുമുണ്ടെന്നും അവിടങ്ങളിലെ ചെറുകിട വനോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വർധിപ്പിക്കുന്നതിന് കേവലം ഉടമസ്ഥത പോരെന്നും ബോധപൂർവ്വമായ വനനവീകരണം ആവശ്യമുണ്ടെന്നുമാണ്. കമ്യൂണിറ്റി ഉടമസ്ഥത നിലനില്‍ക്കുന്നു എന്ന് കമ്മിറ്റി പറയുന്ന മേഖലകളിലെ കാര്യമാണിത്. PESA (Panchayath Extension of Scheduled areas), FRA (Forest Rights Act)തുടങ്ങിയ നിയമങ്ങളും, ഇവിടുത്തെ സാമൂഹിക ഉടമസ്ഥതയും വനവ്യവസ്ഥയുടെ തകര്ച്ചയെ തടയുന്നില്ലെന്നാണ് റിപ്പോര്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ PESA, FRA, Forest Conservation Act (FCA) തുടങ്ങിയവയെ കുറിച്ചുള്ള അടിസ്ഥാന വിമര്ശ്നങ്ങളെ  റിപ്പോര്ട്ട്  കണ്ടില്ലെന്നു നടിക്കുന്നു. 2002 ലെ സർക്കുലര്‍ അനുസരിച്ച് ആദിവാസികളെ കയ്യേറ്റക്കാരായി കാണുന്ന സമീപനമാണ് കേന്ദ്ര വനം മന്ത്രാലയം സ്വീകരിച്ചിരുന്നത്. വന്‍കിട ചൂഷകർക്ക് പുറംവാതിലിലൂടെ വനം കൊള്ളക്ക് അവസരം ഉണ്ടാക്കുന്നതും എന്നാല്‍ ആദിവാസികളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതുമായ സമീപനമായിരുന്നു അവരുടേത്. 

വന സംരക്ഷണ നിയമം വന-ഇതര ഉപയോഗത്തിനുള്ള വന ഭൂവിനിയോഗം തടയുന്നെണ്ടെങ്കിലും മുന്‍‌കൂര്‍ അനുവാദത്തോടെ ഇതാകാം എന്ന നിബന്ധന അത്തരം വിനിയോഗങ്ങള്‍ ഫലത്തില്‍ അംഗീകരിക്കുകയാനുണ്ടായത്. മാത്രമല്ല വന്കിടക്കാര്ക്ക്  വനഭൂവിനിയോഗം എളുപ്പമാവുകയും ആദിവാസികള്‍ സംബന്ധിചെടത്തോളം അവരെ വനമേഖലകളില്‍ നിന്ന് ഇറക്കിവിടുന്നതിനു പോലും കഴിയുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. Protected Area Network എന്ന നിയമം വന്നതോടെ ഈ ദുരവസ്ഥ അതിന്റെ പാരമ്യത്തിലെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍, യാതൊരു പ്രത്യക്ഷാവകാശങ്ങളും നിർവചിക്കപ്പെട്ടിട്ടില്ലാത്ത മേഖലകളില്‍ നിന്ന് ആദിവാസികളെ പുറത്താക്കുന്നത് ഭരണകൂടത്തിനു എളുപ്പമായി തീർന്നു. അവരുടെ അധിവാസ അവകാശംപോലും ചോദ്യം ചെയ്യപ്പെട്ടു. എന്ന് മാത്രമല്ല, 2002-ലെ വന്യജീവി സംരക്ഷണ നിയമം (Wildlife Protection Act , WLPA) PESA-യെ കുറിച്ച് മിണ്ടുന്നില്ല എന്ന് മാത്രമല്ല, സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും അവകാശങ്ങള്‍ പിന്വലിക്കുകയാണ് ഉണ്ടായിട്ടുള്ളത്.  ഇതിനോടൊപ്പം അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ് വനസംരക്ഷണ നിയമവും വന്യജീവി സംരക്ഷണ നിയമവും ഭരണഘടനാപരമായ PESA പോലെയുള്ള നിയമങ്ങളെക്കാള്‍ കൂടുതല്‍ കർക്കശമാണ്‌ എന്നുള്ളത്. കൂടാതെ PESA പോലുള്ള നിയമങ്ങളുടെ പരിമിതികളെയും റിപ്പോർട്ട് ഒരു വലിയ പരിധിവരെ കണ്ടില്ലെന്നു നടിക്കുന്നു. 

സാമൂഹിക ഉടമസ്ഥതയെ സംബന്ധിച്ചുള്ള ഇത്തരം സങ്കീർണ്ണമായ പ്രശ്നങ്ങളെ ഗാഡ്ഗില്‍ റിപ്പോർട്ട്  അവഗണിക്കുകയാണ് ചെയ്യുന്നത് എന്ന് കാണാം. വനംവകുപ്പിനെ കുറിച്ചുള്ള കേവല വിമർശനങ്ങളില്‍ റിപ്പോർട്ട്  ഒതുങ്ങിപ്പോവുകയും ആദിവാസി മേഖലകളിലെ ഭരണപരമായ വലിയ വെല്ലുവിളികളെ അത് അവഗണിക്കുകയും ചെയ്യുന്നു. ആദിവാസി സ്വയം ഭരണത്തിന്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനു ഗാഡ്ഗില്‍ റിപ്പോർട്ടിലെ ടെക്നോക്രട്ടിക് സമീപനം മതിയാവാതെ വരുമെന്നും അതിനേക്കാള്‍ അടിസ്ഥാനപരമായ മുദ്രാവാക്യങ്ങള്‍ ആദിവാസി വിഭാഗങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്.  ഇക്കാര്യത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ടിനെ ഉടമസ്ഥതയുടെ കാര്യത്തിലുള്ള മുന്നോട്ടുപോക്കായി കാണാന്‍ സാധ്യമല്ല എന്നതാണ് യാതാർത്ഥ്യം. വനാവകാശ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളില്‍ നിന്ന് ചില വശങ്ങള്‍ മാത്രം ആണു ഗാഡ്ഗില്‍ റിപ്പോർട്ട്  സ്വീകരിച്ചിട്ടുള്ളത്. 

രണ്ടാമതായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ടില്‍ ഉടമസ്ഥതയുടെ പ്രശ്നം ചർച്ച ചെയ്യുന്നത് ജീവിതരീതിയും ഉടമസ്ഥതയും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്ന സന്ദർഭത്തിലാണ്. ഇവിടെ സാമൂഹികമായ ഉടമസ്ഥതയെ കുറിച്ചല്ല, സ്വകാര്യ ഉടമസ്ഥതയെ കുറിച്ചാണ് പറയുന്നത്. ഗ്രാമവാസികള്‍ /നഗരവാസികള്‍ എന്നൊരു ലളിതമായ dichotomy ആണ് ഗാഡ്ഗില്‍ സ്വീകരിച്ചിട്ടുള്ളത്. ഗ്രാമവാസികള്‍ നഗരജീവിതം ആസ്വദിക്കാന്‍ ഇഷ്ടപെടുന്നതുകൊണ്ട് ഭൂമി വിട്ടു നഗരത്തിലേക്ക് പോകുന്നുവെന്നും നഗരവാസികളാവട്ടെ ഗ്രാമജീവിതം ഇഷ്ടപ്പെട്ടു ഭൂമിവാങ്ങുകയും ചെയ്യുന്നു എന്നുമാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.  ‘ഉടമസ്ഥത’ ഭൂവിനിയോഗത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള കമ്മിറ്റിയുടെ വിലയിരുത്തലിന്റെ സന്ദർഭം ഇതാണ് എന്ന് ഓർക്കേണ്ടതുണ്ട്. കാർഷികവൃത്തിയില്‍ നിന്ന് കാർഷികേതര വൃത്തിയിലേക്ക് ഭൂമിമാറുന്നതിനു ഇത്തരം ഭൂമി വില്‍പ്പനയാണ് കാരണമെന്ന എന്ന ഒരു നിരീക്ഷണം മാത്രമാണ് കമ്മിറ്റി നടത്തുന്നത്. ഇതില്‍ പുതുതായി ഒന്നുമില്ലെന്ന് നമുക്കറിയാം. 

ഇത് ഉല്‍പ്പാദന ബന്ധംമാറുന്നതിനെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടല്ല. ഭൂവിതരണത്തിന്റെ  പ്രശ്നത്തെ ഇത് അഭിസംബോധന ചെയുന്നുപോലുമില്ല. ഇതിനുള്ള പരിഹാരത്തിലാവട്ടെ പൊതു ഉടമസ്ഥതിയിലുള്ള ഭൂമി ഒരു കാരണവശാലും സ്വകാര്യ ഉടമസ്ഥതയിലാക്കരുത് എന്ന് പറയുന്നത് ഭൂപുനര്‍ വിതരണത്തിന്റെ അജണ്ടയെ നിർവീര്യമാക്കുന്നതാണ് എന്നതും മനസ്സിലാക്കപ്പെടെണ്ടതുണ്ട്. ഉടമസ്ഥാവകാശത്തിന്റെ ഉടച്ചു വാർക്കല്‍ എന്ന രണ്ടാം ഭൂപരിഷ്കരണത്തിന്റെ അടിസ്ഥാന പരിസരത്തെ റിപ്പോർട്ട് അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. ഭൂ പുനർ വിതരണത്തിനായുള്ള സമരത്തിന്റെ മുദ്രാവാക്യത്തെ മുന്നോട്ടുകൊണ്ട് പോകാന്‍ ഗാഡ്ഗില്‍ റിപ്പോർട്ട്  ഒരു ആയുധമാകുന്നില്ല എന്നു മാത്രമല്ല അത് ആ മുദ്രാവാക്യത്തെ പരിമിതപെടുത്തുകയുമാണ് ചെയ്യുന്നത്. ഭൂമിയുടെ ഉടമസ്ഥതയുടെ രീതികളെക്കുറിച്ചുള്ള ഗാഡ്ഗില്‍ നിരീക്ഷണങ്ങള്‍ അല്ല, മറിച്ച്, ഉടമസ്ഥാവകാശം അതില്ലാത്തവർക്ക് നല്കുന്നതിനുള്ള ദളിത്‌-ആദിവാസി മുദ്രാവാക്യമാണ് മുന്നോട്ടുകൊണ്ട് പോകേണ്ടത്. ഗാഡ്ഗില്‍ നിരീക്ഷണം കേവല ധനശാസ്ത്രയുക്തിയുടെ ആവർത്തനം മാത്രമാണ്.   

എന്നാല്‍ ഏറ്റവും ശക്തമായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ട് രണ്ടാം ഭൂപരിഷ്കരണ അജണ്ടയെ ചോദ്യംചെയ്യുന്നത് വന സംരക്ഷണത്തിനുള്ള പ്രതിഫലത്തെ കുറിച്ച് ചർച്ച ചെയ്യുന്ന സന്ദർഭത്തിലാണ്. ഇവിടെ ഉടമസ്ഥതയെ സംബന്ധിച്ച് തികച്ചും യാഥാസ്ഥിതികവും, മൂലധന താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതുമായ ഒരു സമീപനമാണ് റിപ്പോർട്ട്  വികസിപ്പിക്കുന്നത്. പ്രതിഫലം നല്കാനുള്ളവരുടെ കൂട്ടത്തില്‍ വന്‍കിട തോട്ടങ്ങളെയും ഉ ള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട്  അവിടെ അത് അവസാനിപ്പിക്കുന്നില്ല.  സ്വകാര്യ കമ്പനികളെയും തോട്ടങ്ങളെയും ഇതിന്റെ പരിധിയില്‍ കൊണ്ട് വരുന്നതിനുള്ള റിപ്പോർട്ടിന്റെ ആഭിമുഖ്യം എന്തെങ്കിലും നിക്ഷിപ്ത താല്പ്പര്യം കൊണ്ടാണ് എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു കമ്മിറ്റി എടുത്തിട്ടുള്ള നിലപാടുകള്‍ ഫലത്തില്‍ കേരളത്തിലെ ഭൂസമരങ്ങളുടെ യുക്തിയെത്തന്നെ ചോദ്യംചെയ്യുന്നതാണ് എന്നത് വിസ്മരിച്ചുകൂടാ. തോട്ടങ്ങളെ പൂർണ്ണമായ സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ളതും സര്‍ക്കാർ ഭൂമി പാട്ടത്തിനെടുത്തവയും എന്നാണു കമ്മിറ്റി വേർതിരിക്കുന്നത്. ഇതില്‍ സർക്കാർ ഭൂമി പാട്ടത്തിനെടുത്ത കമ്പനികളോടുള്ള സമീപനത്തെ കുറിച്ചു പ്രധാനപ്പെട്ട ചില നിർദേശങ്ങളാണ് റിപ്പോർട്ട്  നല്കുന്നത്. കേരളത്തിലെ ദളിത്‌-ആദിവാസി സമൂഹത്തെ സംബന്ധിച്ചെടത്തോളം ഗാഡ്ഗില്‍ റിപ്പോർട്ടിലെ ഏറ്റവും യാഥാസ്ഥിതികവും അസ്വീകാര്യവുമായ ഭാഗങ്ങളില്‍ ഒന്നാണിത് എന്നാണ് എന്റെ അഭിപ്രായം. ഉടമസ്ഥതയെക്കുറിച്ചുള്ള ഗാഡ്ഗില്‍ സമീപനത്തിന്റെ കാതല്‍ നമുക്കിവിടെ കാണാം. 

ഇന്ന് കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങളില്‍ തോട്ടങ്ങളിലെ ഹാരിസന്റെ അടക്കം പാട്ട ഭൂമി പിടിച്ചെടുക്കുന്നത് സംബന്ധിച്ച മുദ്രാവാക്യങ്ങള്‍ ശക്തമായി ഉയർന്നിട്ടുണ്ട് എന്ന് നമുക്കറിയാം.  ഇതേ കുറിച്ച് റിപ്പോർട്ട് തികച്ചും അസ്വീകാര്യമായ ഒരു നിലപാടാണ് മുന്നോട്ടു വയ്ക്കുന്നത്. ഇത് വിസ്മരിച്ചുകൊണ്ട്‌ ഉടമസ്ഥതയെക്കുറിച്ചുള്ള ഗാഡ്ഗില്‍ ദർശനം ചർച്ച ചെയ്യാന്‍ കഴിയില്ല എന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ യാതൊരു സന്ദിഗ്ധതയും റിപ്പോർട്ടിലില്ല.  തോട്ടമുടമകള്‍ പാട്ടത്തിനു എടുത്തിട്ടുള്ള ഭൂമി കാലയളവ് അവസാനിക്കുന്നതോടെ തിരിച്ചെടുക്കണമെന്നും  ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും ഇതിനകം ആവശ്യം ഉയർന്നിട്ടുള്ളതാണ്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ അഭിപ്രായത്തില്‍ ‘പ്രകൃതി സംരക്ഷകരുടെ’ ഈ വാദം തള്ളിക്കളയേണ്ടതാണ്. അതിനുള്ള കാരണങ്ങളും കമ്മിറ്റി നിരത്തുന്നുണ്ട്‌. ഒന്ന് ഇത്തരം പാട്ടങ്ങളെ കുറിച്ചുള്ള ശരിയായ കണക്കുകള്‍ ലഭ്യമല്ല. രണ്ട്, കണക്കുകള്‍ ലഭ്യമല്ലെങ്കിലും തോട്ടങ്ങളുടെ പാട്ട ഭൂമി താരതമ്യേന നിസ്സാരമാണ് എന്ന് അഭ്യൂഹിക്കവുന്നതാണ്. തോട്ടങ്ങളിലെ തൊഴിലാളികളുടെ ജോലി സാധ്യതയെ ബാധിക്കും എന്നുള്ളതുകൊണ്ട് ഇത്തരം ഭൂമി പിടിച്ചെടുക്കുന്നത് ശരിയല്ല. നാല്, അത്തരം ഭൂമിയില്‍ കൃഷിയല്ല, വനവല്‍ക്കരണം ആണ് നടക്കേണ്ടത്‌. അതുകൊണ്ട് അവ പിടിച്ചെടുക്കുന്നതോ കാർഷിക ഭൂമിയായി പുനര്‍ വിതരണം ചെയ്യുന്നതോ ശരിയല്ല. അഞ്ച്, ഏറ്റവും കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സംരക്ഷണം നിർവഹിക്കാന്‍ കഴിയുന്നത്‌ സ്വകാര്യ മേഖലക്കായതിനാല്‍ ആ ചുമതല തോട്ടമുടമകളെ തന്നെ ഏല്‍പ്പിക്കുന്നതാണ് നല്ലത്! 

ഇത്തരത്തില്‍ പലരീതിയിലും പ്രതിലോമകരമായതും കേരളത്തിലെ ചെങ്ങറ അടക്കമുള്ള ഭൂസമരങ്ങളുടെ യുക്തിയെത്തന്നെ ചോദ്യംചെയ്യുന്നതുമായ ഒരു സമീപനമാണ് ഗാഡ്ഗില്‍ കമ്മിറ്റി ഭൂവുടമസ്ഥതയുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് കാണുവാന്‍ കഴിയും. ഗാഡ്ഗില്‍ കമിറ്റിയുടെ നല്ല വശങ്ങള്‍ സ്വീകരിക്കുന്നതോടോപ്പം തന്നെ അതിനെ അമിതമായി ആദർശവല്‍ക്കരിക്കാതിരിക്കുകയും വിമർശ നാത്മകമായി വീക്ഷിക്കുകയും ചെയുക എന്നത് പ്രധാനമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്. തീർച്ചയായും കൂടുതല്‍ ചർച്ചകള്‍ ഉണ്ടാവേണ്ടതുണ്ട് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

ഇനി എന്ത്? 

കേരളത്തിലെ കർഷകര്‍ പരിസ്ഥിതി വിരുദ്ധരും സർക്കാരുകള്‍ പരിസ്ഥിതി സംരക്ഷകരുമാണോ? അതാണോ നാം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ കാണുന്നത്? കേരളത്തിലെ കർഷകരുടെ ചെലവില്മാവത്രം ലോക പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ മുന്‍പ്  സൂചിപ്പിച്ചിട്ടുണ്ട്. നമുക്ക് ചെയ്യുവാന്‍ കഴിയുന്നത് ചെയ്യാനുള്ള പ്രചാരണത്തെയും പ്രായോഗിക പ്രവർത്തനങ്ങളെയും ആരും എതിർക്കുന്നില്ല.  റിപ്പോർട്ടിന്റെ അന്ത:സത്ത സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് കര്‍ഷകർ സമരം ചെയ്യുന്നതെന്ന് വാദിച്ചാല്‍ അതിന്റെ മറുപുറം എന്താണ്? വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ പരിസ്ഥിതി സംരക്ഷണത്തിന്റെ കാവല്‍ മാലാഖയാണെന്നോ? പശ്ചിമഘട്ടം സംരക്ഷിക്കുന്നത് കൊണ്ട് ഇന്ത്യയില്‍ എല്ലാ0വർക്കും ഗുണമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കാർഷികരീതികളും ജീവിതരീതികളും മാറ്റാന്‍ കേരളത്തിലെ കർഷകരോട് മാത്രം ആവശ്യപ്പെടുമ്പോള്‍ ഉണ്ടാവേണ്ട സമവായ സന്നദ്ധതയും സംഭാഷണ തല്‍പ്പരതയുമൊന്നും ഇവിടെ ഒരിക്കലും കണ്ടില്ല എന്നത് നിർഭാഗ്യകരമായ കാര്യമാണ്. എന്റെ അഭിപ്രായത്തില്‍ ഗാഡ്ഗില്‍ സമിതിയുടെ നിർദേശങ്ങളില്‍ നിന്ന് കർഷ കരുമായി ചർച്ച ചെയ്തു നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മിനിമം പരിപാടി ആദ്യം ഉണ്ടാക്കാനാണ് സർക്കാർ തയ്യാറാവേണ്ടത്. ആദ്യമായി ഈ റിപ്പോർട്ടുകളും വിജ്ഞാപനങ്ങളുമെല്ലാം മലയാളത്തില്‍ പ്രസിദ്ധീക്കരിക്കാനുള്ള സന്നദ്ധതയില്‍ നിന്ന് സര്‍ക്കാർ ആരംഭിക്കട്ടെ! 

ഇതുമായി ബന്ധപ്പെട്ടു ഞാന്‍ മുന്‍പ് ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇവിടെ ആവർത്തിക്കാന്‍ ആഗ്രഹിക്കുന്നു. കസ്തൂരി രംഗന്‍ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ഇറക്കിയ രണ്ടു വിജ്ഞാപനങ്ങളും പിന്‍വലിക്കുക, ഭൂമിയുടെ പുനർ വിതരണവുമായി ബന്ധപ്പെട്ടു ആദിവാസികള്‍ ഉയർത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം കുടിയേറ്റ പ്രദേശങ്ങളിലെ ഭൂപ്രശ്‌നം അടിയന്തിര അജണ്ട ആയി ഏറ്റെടുക്കുക, പരിസ്ഥിതി ചൂഷണം തടയുന്നതിന് –ക്വാറീയിംഗ് അടക്കം- നിലവിലുള്ള നിയമങ്ങള്‍ കർശനമായി നടപ്പാക്കുക. അതിനെക്കുറിച്ചുള്ള ഒരു സ്റ്റാറ്റസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുക, സമരസമിതിയുമായും ഒപ്പം ദളിത്-ആദിവാസി സംഘടനകളുമായും ചർച്ച നടത്തുക, പരിസ്ഥിതി ലോല പ്രദേശം തുടങ്ങിയ പഴയ പരികല്പ്പനകള്ക്ക് പകരം ജനസാദ്രതയുള്ള പശ്ചിമഘട്ട പ്രദേശങ്ങളുടെ സംരക്ഷണത്തിനു അനുയോജ്യമായ പുതിയ സങ്കേതിക സമീപനം കൈക്കൊള്ളുക, സാമ്പത്തിക മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അതിനുള്ള സാമ്പത്തിക പാക്കേജുകള്‍ ചർച്ച ചെയ്യുക, പശ്ചിമഘട്ടത്തെ ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ കണ്ടുകൊണ്ടു വിവിധ സംസ്ഥാനങ്ങള്‍ക്ക് പശ്ചിമഘട്ട പരിസ്ഥിതി നയ രൂപീകരണത്തില്‍ സ്വയം ഭരണം നല്കുക എന്നീ കാര്യങ്ങള്‍ എന്നെ സംബന്ധിച്ചെടത്തോളം അടിയന്തിര പ്രാധാന്യമുള്ളവയാണ്. 

ജനാധിപത്യവിരുദ്ധമായ ആക്രമണത്തിലൂടെ മലയോര നിവാസികളെ ഒറ്റപ്പെടുത്തി അവരുടെ  ആവശ്യങ്ങളെ നിരസിച്ചു തള്ളാമെന്നു കരുതുന്നത് തികച്ചും അസ്വീകാര്യമാണ്. അങ്ങനെയുള്ള ആവശ്യങ്ങള്‍ മുഴുവന്‍ മാഫിയ പ്രവർത്തനമായി വ്യാഖ്യാനിച്ചു സമരത്തെ വിമർശി ക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. മലയോര നിവാസികള്‍ പരിസ്ഥിതി ചൂഷകരും മാഫിയാകളുടെ തടവുകാരും മറ്റെല്ലാവരും ഗാഡ്ഗില്‍ വിദഗ്ദരും കേരള സംരക്ഷകരുമാണെന്നു സ്വയം വിശ്വസിക്കുന്ന അങ്ങേയറ്റത്തെ കാപട്യം ഉപേക്ഷിക്കാന്‍ പൊതുസമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ടു അഭിപ്രായ രൂപീകരണത്തിന് ഇറങ്ങിയവര്‍ ശ്രദ്ധിക്കണമെന്നാണ് എനിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്. ആരാണ് കർഷകർ, ഇവർക്കെന്തറിയാം, ഇവര്‍ പള്ളിയുടെയും മാഫിയകളുടെയും ഇടപെടലില്‍ വഞ്ചിതരായവര്‍, തുടങ്ങിയ വാചാടോപങ്ങള്‍ അവസാനിപിച്ചു യാഥാർത്ഥ്യങ്ങള്‍ തുറന്നു ചർച്ചചെയ്യാന്‍ എല്ലാവരും തയ്യാറാവേണ്ടതാണ്. റിപ്പോർട്ടിനെക്കുറിച്ചുള്ള അവസാന വാക്കുകള്‍ പ്രഖ്യാപിക്കുന്നതിനേക്കാള്‍ ഉചിതമാവുക സംഭാഷണത്തിന്റെ വാതിലുകള്‍ തുറന്നിടുക എന്നത് തന്നെയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 6 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 6 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 6 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 6 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More