പാരിസ്: ഫ്രാന്‍സിനെ ലോകക്കപ്പ് കിരീടത്തിലേക്ക് നയിച്ച ഫുട്ബോള്‍ ഇതിഹാസം സിനദിന്‍ സിദാനെ ബ്രസീല്‍ കോച്ച് ആയേക്കുമെന്ന് സൂചന. സെമി ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ നിലവിലെ കോച്ച് ടിറ്റെ രാജിവെച്ച ഒഴിവിലാണ് ബ്രസീല്‍ ഫുട്ബോള്‍ ടീം സിദാനെയെ തേടുന്നത്. എന്നാല്‍ സിനദിന്‍ സിദാനെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. സിദാനെയെ കോച്ചായി ലഭിക്കാന്‍ ബ്രസീല്‍ പരിശ്രമിക്കുന്നു എന്ന വാര്‍ത്ത ഒരു ഫ്രഞ്ച് പത്രമാണ് പുറത്തുവിട്ടത്.
ലോകക്കപ്പ് സ്വപ്നവുമായി ഖത്തറിലെത്തിയ ബ്രസീല്‍ ടീം ലോകത്താകെയുള്ള ആരാധകരെ നിരാശരാക്കിക്കൊണ്ട് സെമി ഫൈനലില്‍ ക്രോയേഷ്യയോട് പരാജപ്പെട്ട് കളിക്കളം വിടുകയായിരുന്നു. ഈ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ പുറത്തുകടന്നിട്ടില്ല. അടുത്ത യു എസ് എ ലോകക്കപ്പിലെങ്കിലും ഫൈനലിലെത്താനും കപ്പടിക്കാനും കഴിയണമെന്ന ലക്ഷ്യബോധത്തോടെയാണ് ബ്രസീല്‍ ഇപ്പോള്‍തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒരിക്കല്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സിനദിന്‍ സിദാനെയെതന്നെ പരിശീലക സ്ഥാനത്തെത്തിക്കാന്‍ രാജ്യം ശ്രമിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഫ്രഞ്ച് ടീമിന്റെ കോച്ചാകാനാണ് സിനദിന്‍ സിദാനെ ആഗ്രഹിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മുന്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ ദിദിയെർ ദെഷാംപ്സാണ് ഫ്രഞ്ച് ടീമിന്റെ കോച്ച്. ഫ്രഞ്ച് ടീമിന് നിരവധി വിജയങ്ങൾ നേടിക്കൊടുത്ത ദെഷാംപ്സ് കോച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ സിദാൻ ബ്രസീലിന് മുൻഗണന നൽകുമെന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബായ റിയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തുനിന്ന് 2019-ൽ ഒഴിഞ്ഞ ശേഷം സിദാൻ മറ്റു ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ല. തുടർച്ചയായി മൂന്നുതവണ റിയൽ മാഡ്രിഡിന് യുവേഫ കീരിടം നേടിക്കൊടുത്താണ് സിദാൻ ആ സ്ഥാനം ഒഴിഞ്ഞത്.
എന്നാല്‍ നിര്‍ണ്ണായക ലോകക്കപ്പ് മത്സരങ്ങളില്‍ ബ്രസീലിനെ തകര്‍ത്ത ഫ്രഞ്ച് ടീമിന്റെ നായകനായിരുന്നു സിനദിന്‍ സിദാനെ. ഇത് ബ്രസീല്‍ കളിയാരാധകര്‍ക്ക് അങ്ങനെ എളുപ്പം മറക്കാന്‍ കഴിയില്ല എന്നതാണ് ഈ വാര്‍ത്തയിലെ വൈരുധ്യം. 2006-ലെ ലോകക്കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സിദാനെ നല്കിയ മികച്ച പാസിലാണ് തിയറി ഹെന്രി ബ്രസീലിന്റെ ലോകക്കപ്പ് സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയത്. 1998- ലെ ലോകകപ്പ് ഫൈനലിൽ ബ്രസീലിനെ ഫ്രാന്‍സ് പരാജയപ്പെടുത്തിയത് സിദാനെയുടെ ഹെഡ്ഡറുകളില്‍ പിറന്ന രണ്ടു ഗോളുകളടക്കം മൂന്ന് ഗോളിനാണ്. 1998 ലോകകപ്പിലെ മാന്‍ ഓഫ് ദി മാച്ചും ബാലന്‍ദ്യോര്‍ പുരസ്കാരം നേടിയ താരവും സിനദിന്‍ സിദാനെ തന്നെയായിരുന്നു.