മെസിയുടെ അനശ്വരതയിലേക്കുളള മുന്നേറ്റത്തെ തടയാന്‍ ഫ്രാന്‍സിനാകുമോ?- യു പി നരേന്ദ്രന്‍

ചില ഫുട്ബോൾ വിചാരങ്ങൾ : 24

2021-ൽ അർജന്റീന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ വിജയിച്ചപ്പോൾ ഒരു മീം (meme) അവരുടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. "ലാ സ്‌കലോനിറ്റ" എന്നെഴുതിയ ബസ്സിൽ ഡ്രൈവർ സീറ്റിൽ സ്കലോണി, മുൻ സീറ്റിൽ മെസ്സി, അതിനു പിന്നിൽ ഡി മരിയ പിന്നെ ബാക്കിയുള്ളവരും. കോപ്പ ജയിച്ചതോടുകൂടി സ്‌കലോനിറ്റ അർജന്റീന ടീമിന്റെ വിളിപ്പേരായി. അർജന്റീനയിലെ കർഷകകുടുംബത്തിൽ ജനിച്ച്, സ്പെയിന്‍, ഇംഗ്ലണ്ട് (ആറു മാസം മാത്രം), ഇറ്റലി എന്നീ രാജ്യങ്ങളിലെ പ്രീമിയർ ക്ലബ്ബുകളിൽ കളിച്ച്, ഇറ്റലിയിൽ നിന്ന് കോച്ചിങ് പഠിച്ച്, സ്പെയിനിൽ ഫിഫ പ്രൊ ലൈസൻസ് ഉള്ള കോച്ചായി തുടങ്ങുമ്പോൾ തന്നെ സാമ്പവോളിയുടെ കൂടെ സേവിയയിലും പിന്നീട് അദ്ദേഹത്തിന്റെ കൂടെ 2017 -ൽ അസി. കോച്ചായി അർജന്റീന ടീമിലും എത്തി.

2018 ൽ ലോകകപ്പ് പരാജയത്തിന് ശേഷം പലരും മടിച്ചു നിന്നപ്പോൾ രണ്ട് മത്സരങ്ങൾക്കായാണ് സ്കലോണിയെ കോച്ച് ആയി നിയമിച്ചത്. സാക്ഷാൽ മറഡോണ പോലും അയാൾ ആ കുപ്പായത്തിന് ചേരില്ല എന്ന് പറഞ്ഞു കളിയാക്കി. രണ്ട് കഴിഞ്ഞു, വീണ്ടും രണ്ട്, വീണ്ടും രണ്ട്, അങ്ങനെ മെല്ലെ മെല്ലെ സ്കലോണി അവിടെ ഉറച്ചു. ബ്രസീലിനെ തോൽപ്പിച്ച് കോപ്പ അമേരിക്കയും ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസ്മോ കപ്പും നേടി. ഇപ്പോൾ ഖത്തർ ലോകകപ്പിലെ ഏറ്റവും ചെറുപ്പമായ കോച്ചായി മെസ്സിയുടെ ദൗത്യം നേടാൻ എത്തിയിരിക്കുന്നു. മെസ്സിയെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് എല്ലാ കോച്ചുകളുടെയും പ്രശ്നമായിരുന്നു. മെസ്സിയുടെ പ്രാധാന്യം നിലനിർത്തികൊണ്ട് തന്നെ മറ്റു കളിക്കാരെയും പ്രാധാന്യത്തിൽ നിർത്തി കൊണ്ട് സ്കലോണി കളി മെനഞ്ഞു.

ഈ ലോകകപ്പിലെ സ്കലോണിയുടെ പ്രത്യേകത അവരുടെ കളി ആദ്യത്തെ തോൽവിക്ക് ശേഷം പരിണമിച്ചു വന്നതാണ്. വ്യത്യസ്ത ഫോർമേഷനുകൾ ടീമുകൾക്കനുസരിച്ചു മാറ്റി സ്കലോണി, കളികൾക്കിടയിലും മാറ്റി. അങ്ങനെ പരീക്ഷണം നടത്തിയ കോച്ചുമാർ ഇല്ല തന്നെ. ചിലപ്പോൾ ആദ്യ തോൽവി അതിനു പ്രചോദനമായിരിക്കാം. പുതിയ കളിക്കാരെ പരീക്ഷിച്ചു, എല്ലാം വിജയിച്ച പരീക്ഷണങ്ങൾ. സ്കലോണിയുടേത് അർജന്റീനയിലെ പാരമ്പര്യത്തിൽ നിന്ന് വന്ന് സപാനിഷ് ടീം ഗെയ്മും ഇറ്റാലിയൻ പ്രതിരോധതന്ത്രങ്ങളും ചേർന്നു രൂപപ്പെടുത്തിയ കളി.

ഇന്ന് എന്താവും സ്കലോണിയുടെ തന്ത്രം. 3-5-2 എന്ന നെതർ ലാന്റ്സിനെതിരെ പ്രയോഗിച്ചതോ. അതോ കഴിഞ്ഞ കളിയിലെ 4-4-2, അതോ തുടക്കത്തിലെ 4-3-3. 3-5-2 ആണെങ്കിൽ ലിസാൻഡ്രോ മാർട്ടിനെസ് റൊമേറോയ്ക്കും, ഓട്ടാമെന്റിക്കും ഒപ്പം ഇറങ്ങും. വിങ്ങിലൂടെയുള്ള വേഗമേറിയ ഫ്രഞ്ചു മുന്നേറ്റങ്ങളെ തടയാൻ അതിനു കഴിഞ്ഞേക്കും. അക്കുന, മോളിന എന്നിവർ വിംഗ് ബാക്ക് സ്ഥാനത്തുണ്ടാകും. മധ്യനിരയിൽ എൻസോ, റോഡ്രിഗോ, അലിസ്റ്റർ, മുന്നേറ്റത്തിൽ മെസ്സി, ആൽവരെസ് ഗോളി പതിവ് പോലെ മാർട്ടിനെസ്സും. കോമ്പിനേഷൻ മാറുകയാണെങ്കിൽ ഡി മരിയയോ, പരദേശോ വരും. എന്തായാലും മധ്യനിരയിലെ കൃത്യതയും ഒതുക്കവും ഈ ലോകകപ്പിലെ കളികളെ നിർണ്ണയിക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം. അത് കാരണം ഗോളുകൾ കൂടുതൽ വന്നത് ക്രോസ്സുകളിലൂടെയാണ്, കഴിഞ്ഞ ലോകകപ്പിലേക്കാൾ ഇരട്ടിയോളം ക്രോസ്സ് ഗോളുകൾ.

ഫ്രാൻസും പലപ്പോഴും തുടക്കത്തിൽ ഗോൾ നേടി തങ്ങളുടെ പകുതി കേന്ദ്രീകരിച്ചു പ്രതിരോധം മെനയുന്നു. എമ്പാപ്പെ ഒഴികെ എല്ലാവരും താഴെക്കിറങ്ങുന്നു. അവസരം വരുമ്പോൾ മിന്നൽ മുന്നേറ്റങ്ങളിലൂടെ എതിർ ഗോൾ മുഖം വിറപ്പിക്കുന്നു. എമ്പാപ്പെയുടെ വേഗത്തെ വെല്ലാൻ അർജന്റീനയുടെ താരങ്ങൾക്കാവുമോ. ഫ്രാൻസ് എല്ലാ കളിയിലും പരീക്ഷണങ്ങളെ ഉപേക്ഷിച്ച് 4-2-3-1 ഫോർമേഷൻ ആണ് ഉപയോഗിച്ചത്. ദിദിയർ ദെഷാംബ്സ് പറയുന്നത് മോശം ഫോമുള്ള സമയത്തും തെറ്റുകൾ വരാതെ നോക്കിയാൽ മതി എന്നാണ്. തികച്ചും പ്രായോഗികമതി. ആറോളം നല്ല കളിക്കാരെ നഷ്ടപ്പെട്ടിട്ടും അവരെ ഉള്ള കളിക്കാരെ ഉപയോഗിച്ച് പിടിച്ചു നില്കാൻ പ്രാപ്തരാക്കിയതും ഈ സമീപനമാണ്.

മെസ്സിയെ അവരും നന്നായി പേടിക്കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിൽ മെസ്സിയെ പിടിച്ചു കെട്ടിയത് എൻഗോളോ കാന്റെ എന്ന സമർത്ഥനായ പോരാളിയാണെന്നു ദെഷാംബ്സിനു നന്നായറിയാം. ഇപ്രാവശ്യം ആര് തടയും. കാന്റെയുടെയും പോഗ്ബയുടെയും ഒരു ചെറുകലർപ്പായ ചൗവാമേനിക്ക് അതിനാവുമോ, അതോ മെസ്സിയുടെ സപ്ലൈ റൂട്ടുകൾ അടക്കുമോ, കാത്തിരുന്നു കാണാം.

ലോറിസ് ഈ ലോകകപ്പിൽ നല്ല ഫോമിലാണ്. ഫ്രാൻസിന്റെ ചില കളിക്കാർ വൈറൽ പനിയുടെ പിടിയിൽ ആണെന്ന് റിപ്പോർട്ടുണ്ട്. പനി മാറി വരാനെയും, ഉപമകാനെയും കളിക്കുമെന്ന് കരുതാം. കോണ്ടേ പുതിയ വിംഗ് ബാക്ക് പൊസിഷനിൽ അധികം മുന്നോട്ടു കയറാതെ തന്റെ പ്രതിരോധ മികവ് തെളിയിച്ചതാണ്. അതിനാൽ തന്നെ ഡെമ്പെലെ കുറച്ചിറങ്ങിവന്ന് കളിക്കുന്നുണ്ട്. തന്റെ ദിവസങ്ങളിൽ ഡെമ്പലെയെ പിടിക്കാൻ ആരും ബുദ്ധിമുട്ടും. അത്രയും ടാലന്റ് ഉള്ള കളിക്കാരനാണ് ,എല്ലാ ദിവസവും ഒരേ ഫോമിൽ എത്താറില്ലെങ്കിലും. റബിയട്ട് കളിച്ചില്ലെങ്കിൽ ഫൊഫാന തന്നെ ഇറങ്ങും. ഗ്രീസ്മാന്റെ നേതൃത്വത്തിൽ എമ്പാപ്പേയും ജിറൗഡും കൂടി ചേരുമ്പോൾ ഈ ടൂർണമെന്റിലെ ഏറ്റവും ശക്തമായ മുന്നേറ്റനിരയാകും. ജിറൗഡ് നേരിയ പരിക്കിനാൽ കളിച്ചില്ലെങ്കിൽ മാർക്കസ് തുറാം ഇറങ്ങും.

തന്റെ വേഗത കൊണ്ട് ആരെയും കടന്നു മുന്നോട്ട് പോകാൻ കഴിയുന്ന എമ്പാപ്പെയെ തടയാൻ മോളിനക്കും, റൊമേറോക്കും കഴിയുമോ. അതുപോലെ ഏതു പ്രതിരോധത്തെയും വട്ടത്തിലാക്കി സ്വയം ഗോളടിക്കാനും സഹകളിക്കാർക്ക് തളികയിൽ എന്നോണം പന്തെത്തിക്കാനും കഴിയുന്ന മെസ്സിയെ ഉപമെക്കാനൊക്കും, തിയോ ഹെർണാൻണ്ടസിനും തടഞ്ഞു നിർത്താനാകുമോ. സാധാരണ എമ്പാപ്പെക്കൊപ്പം കയറിപ്പോയി ഗോൾ നേടുക വരെ ചെയ്ത തിയോ കയറുമ്പോൾ ലഭിക്കുന്ന ഗ്യാപ് മെസ്സിക്ക് ഗുണകരമാകുമോ. ഫ്രാൻസ് എതിർ നിരയിൽ സമ്മർദ്ദം ചെലുത്തി കളിക്കാറില്ല. എതിർ ടീമിന്റെ ഒന്നിച്ചുള്ള മുന്നേറ്റങ്ങൾ പൊലിയുന്ന നിമിഷത്തിനായി കാത്തിരുന്നു, ചീറ്റപ്പുലികളെ പോലെ വേഗത്തിൽ അഞ്ചോ ആറോ പേർ ചേർന്നു നടത്തുന്ന അക്രമണങ്ങൾ, ബോക്സിനുള്ളിലായാലും, പുറത്തായാലും എമ്പാപ്പെയുടെ ഗോളിലേക്കുള്ള കൃത്യത, എമ്പാപ്പെയെ കുരുക്കുമ്പോൾ ജിരൗഡും മറ്റുള്ളവരും ആ സ്ഥാനത്തേക്ക് ഉയർന്നു വരുന്നു.

അർജന്റീന എതിർ നിരയിലും ചിലപ്പോൾ സമ്മർദ്ദം ചെലുത്തും, മധ്യനിരയും വിംഗ് ബാക്കുകളും കൂടി വരച്ചു, വരച്ചു, ചിലപ്പോൾ പെട്ടെന്ന് മുന്നോട്ട് നീട്ടി പാസ്സുകളുടെ പരമ്പര തീർക്കുന്നു. ഒരു ചെറിയ അശ്രദ്ധയെ പോലും മുതലെടുക്കുന്ന മിനി എമ്പാപ്പേയാണ് ആൽവരെസ്. മെസ്സിയുടെ കുറുക്കൻ പാസ്സുകൾ കൂടി ചേരുമ്പോൾ ആൽവരെസ് ഈ ലോകകപ്പിലെ യുവതാരമാകുമോ. അഞ്ചു ഗോളുമായി മെസ്സിയും, എമ്പാപ്പേയും ഒപ്പത്തിനൊപ്പം, അസിസ്റ്റുകളിൽ മെസ്സി മുന്നിലാണ്. മിക്കവാറും ഇന്ന് ഗോളടിക്കുന്നയാൾ സുവർണ പന്തും, സുവർണ പാദുകവും നേടും. മികച്ച ഗോളിയായി എമിലിയാനോ മാർട്ടിനെസ് വരുമോ. കാത്തിരുന്നു കാണാം.

കേരളത്തിലെ തെരുവുകളിലും ഇന്ന് മെസ്സിക്കോലങ്ങൾ നിറഞ്ഞാടും. മെസ്സിക്കൊമ്പൻ ലോകകപ്പ് തിടമ്പേറ്റുന്ന ചരിത്രനിമിഷത്തിനായി കണ്ണിലെണ്ണയൊഴിച്ചു ഒരു മാസമായി കാത്തിരിക്കുകയാണവർ. അനശ്വരതയിലേക്കുള്ള ആ മുന്നേറ്റങ്ങളെ തടഞ്ഞു നിർത്താൻ ലോറിസ്സിനും കൂട്ടർക്കും കഴിയുമോ!

പോരാത്തതിന് ഇന്ന് ലോകകപ്പ് വേദിയിൽ പത്താൻ താരങ്ങൾ അരങ്ങിൽ എത്തും. ട്രോഫി അവതരിപ്പിക്കുന്ന ദൗത്യം ഫിഫ ഏൽപ്പിച്ചിരിക്കുന്നത് ദീപികാ പദുക്കോണിനെയാണ്. പോരാത്തതിന്, ഷാരൂഖ് ഖാൻ വെയിൻ റൂണിയോടൊപ്പം കമന്ററി ബോക്സിൽ ഇരുന്ന് കളി നേരിൽക്കണ്ട് നമ്മോട് സംവദിക്കും. പത്താനെ തടയാനാവില്ല, മക്കളേ!

കളി കാണുക തന്നെ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Narendran UP

Recent Posts

J Devika 1 week ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 2 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mehajoob S.V 1 month ago
Views

മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

More
More
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 2 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More