നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ദേശിയപാത വികസനത്തിന് ഇടങ്കോലിടാനുള്ള കുത്സിതനീക്കം - തോമസ്‌ ഐസക്ക്

നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന എൻഎച്ച് 66-ന് ഇടങ്കോലിടാനുള്ള കുത്സിതനീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്. കേരളത്തിലെ ഭൂമിയുടെ വിലയാ മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ ഉയർന്നതാണ് രാജ്യത്ത് കൊടുക്കുന്ന നഷ്ടപരിഹാരം കേരളത്തിൽ കൊടുത്താൽ ഭൂമി ഏറ്റെടുക്കാനാവില്ല. ഈ കാരണം കൊണ്ടാണ് ഭൂമി ഏറ്റെടുക്കലിനെതിരെ വലിയ എതിർപ്പ് പ്രാദേശികവാസികളിൽ നിന്ന് ഉണ്ടാകുന്നതെന്ന് തോമസ്‌ ഐസക്ക് പറഞ്ഞു. കേരളത്തിൽ മാത്രം ദേശീയപാത വികസനത്തിന് കിലോമീറ്ററിന് 100 കോടി രൂപ ചെലവു വരുന്നൂവെന്നും ഭൂമി ഏറ്റെടുക്കലിനു വേണ്ടിവരുന്ന ചെലവിന്റെ 25 ശതമാനത്തിൽ നിന്നും സംസ്ഥാനം ഒഴിഞ്ഞുമാറുകയാണെന്ന് പാർലമെന്റിൽ ഗഡ്കരി പ്രസ്താവിച്ചു. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാത്ത ഒരു സന്ദർഭത്തിൽ ഇത്തരമൊരു പരാമർശം എന്തിനു നടത്തിയെന്നത് വലിയൊരു ചോദ്യമാണ്. അസാദ്ധ്യമെന്നു കരുതിയിരുന്ന എൻഎച്ച് 66 വികസനം അതിവേഗം പൂർത്തിയാകുകയാണ്. അതിന് ഇടങ്കോലിടാനുള്ള എന്തെങ്കിലും കുത്സിതനീക്കമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ദേശീയപാത നിർമ്മാണത്തിന്റെ മുഴുവൻ ചെലവും എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. കേരളം മാത്രം അതിൽ ഉൾപ്പെടില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെ റോഡുകളുടെ ഇരുവശത്തും റിബൺ പോലെ വീടുകളും കടകളും നിരന്നു നിൽക്കുകയാണ്. മാത്രമല്ല, ഭൂമിയുടെ വിലയാകട്ടെ മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ ഉയർന്നതുമാണ്. രാജ്യത്ത് കൊടുക്കുന്ന നഷ്ടപരിഹാരം കേരളത്തിൽ കൊടുത്താൽ ഭൂമി ഏറ്റെടുക്കാനാവില്ല. ഈ കാരണം കൊണ്ടാണ് ഭൂമി ഏറ്റെടുക്കലിനെതിരെ വലിയ എതിർപ്പ് പ്രാദേശികവാസികളിൽ നിന്ന് ഉണ്ടാകുന്നത്. ഇതിനു സംഘടിതരൂപം നൽകാൻ കേരളത്തിന് എന്തിന് ആറുവരി പാത അല്ലെങ്കിൽ നാലുവരി പാത എന്നൊക്കെ ചോദിക്കുന്ന സംഘങ്ങളും കേരളത്തിലുണ്ട്. അങ്ങനെയാണ് കേരളത്തിലെ ദേശീയപാത വികസനം യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഔദ്യോഗികമായിതന്നെ ഉപേക്ഷിക്കപ്പെട്ടത്.

ഈയൊരു സ്തംഭനാവസ്ഥയെ മുറിച്ചുകടക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചു. രാജ്യത്ത് ശരാശരി ദേശീയപാത വികസനത്തിന് കിലോമീറ്ററിന് ശരാശരി 25-26 കോടി രൂപയാണ് ചെലവ്. പൊതുമണ്ഡലത്തിൽ ലഭ്യമായ കണക്കു പ്രകാരം കേരളത്തിൽ ഇതിനു ശരാശരി 45-50 കോടി രൂപ ചെലവു വരും. ഈ അധികച്ചെലവിൽ നല്ലപങ്കും ഭൂമിയുടെ ഉയർന്നവിലമൂലം വരുന്നതാണ്. എൻഎച്ച് 66-ന്റെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടപ്രകാരം ഈ പാതയിൽ ഭൂമി ഏറ്റെടുക്കുന്നതിനു ചെലവിന്റെ 25 ശതമാനം കേരളം വഹിക്കാമെന്നു സമ്മതിച്ചു. 

ഇതിനു കൃത്യമായ ഉത്തരവും ഇറക്കി. 2019 നവംബർ 22-ന് ഇറക്കിയ ഉത്തരവു പ്രകാരം എൻഎച്ച് 66-ന് ഭൂമി ഏറ്റെടുക്കാൻ 21496 കോടി രൂപ വരും. അതിന്റെ 25 ശതമാനം വരുന്ന 5374 കോടി രൂപ കേരളം നാഷണൽ ഹൈവേ അതോറിറ്റിക്കു നൽകുമെന്നു വ്യക്തമാക്കുന്നുണ്ട്. പിന്നീട് പ്രതീക്ഷിത ചെലവ് 27,076.04 കോടി രൂപയും സംസ്ഥാന വിഹിതം 6769.01 കോടി രൂപയുമായി ഉയരുമെന്നു കണക്കാക്കപ്പെട്ടു. ദേശീയപാത അതോറിറ്റി നൽകുന്ന ബില്ലുകൾക്ക് ഒരു മുടക്കവുമില്ലാതെ സംസ്ഥാനം പണം കൈമാറിയിട്ടുണ്ട്. ഇതുവരെ 5580.74 കോടി രൂപ നൽകിക്കഴിഞ്ഞു.

എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ സമീപനം എല്ലാ ദേശീയപാതകളുടെ വികസനത്തിനും ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് സംസ്ഥാനം വഹിക്കണമെന്നാണ്. സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ ദേശീയപാത 66-നെക്കുറിച്ചു മാത്രമാണ്. അത് ഏകപക്ഷീയമായി എല്ലാ ദേശീയപാതയ്ക്കും ബാധകമാക്കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ചു മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. 

കേരളത്തിൽ മാത്രം ദേശീയപാത വികസനത്തിന് കിലോമീറ്ററിന് 100 കോടി രൂപ ചെലവു വരുന്നൂവെന്നും ഭൂമി ഏറ്റെടുക്കലിനു വേണ്ടിവരുന്ന ചെലവിന്റെ 25 ശതമാനത്തിൽ നിന്നും സംസ്ഥാനം ഒഴിഞ്ഞുമാറുകയാണെന്ന് പാർലമെന്റിൽ ഗഡ്കരി പ്രസ്താവിച്ചു. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാത്ത ഒരു സന്ദർഭത്തിൽ ഇത്തരമൊരു പരാമർശം എന്തിനു നടത്തിയെന്നത് വലിയൊരു ചോദ്യമാണ്. അസാദ്ധ്യമെന്നു കരുതിയിരുന്ന എൻഎച്ച് 66 വികസനം അതിവേഗം പൂർത്തിയാകുകയാണ്. അതിന് ഇടങ്കോലിടാനുള്ള എന്തെങ്കിലും കുത്സിതനീക്കമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 

ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ വളരെ വ്യത്യസ്തമാണ്. എല്ലാം ഒരളവ് കോലുകൊണ്ട് അളക്കുന്നതു ശരിയല്ല. വിദ്യാഭ്യാസ-ആരോഗ്യ-ക്ഷേമ മേഖലകളിൽ കേരളം ഏറ്റവും മുന്നിലാണ്. ഇതിന്റെ പേരിൽ ജനസംഖ്യയിൽ 2.7 ശതമാനമുള്ള കേരളത്തിന്റെ ഫിനാൻസ് കമ്മീഷൻ ധനവിഹിതം 1.9 ശതമാനമായി കുറച്ചു. ഇതിനെ ന്യായീകരിക്കുന്നവരാണ് ദേശീയപാത വികസനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന കേരള സംസ്ഥാനത്തെ ഉയർന്ന നിർമ്മാണച്ചെലവു ചൂണ്ടിക്കാട്ടി മറ്റൊരു സംസ്ഥാനത്തിനും ബാധകമല്ലാത്ത മാനദണ്ഡം സംസ്ഥാനത്തിനുമേൽ അടിച്ചേൽപ്പിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തിലെ ബിജെപിയുടെ നിലപാട് എന്താണെന്ന് അറിയാൻ അതീവ താൽപ്പര്യമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 4 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 4 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 4 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 5 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More