ലോകകപ്പ്: നാല് വർഷത്തിലൊരിക്കൽ കോസ്മോപൊളിറ്റനാകുന്ന നമ്മുടെ അനാഥബാല്യം- എ പ്രതാപന്‍

കളികൾ നമ്മളെ ബാല്യത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. വലിയ കൊമ്പൻ മീശക്കാരനായ, ഗൗരവക്കാരനായ നിങ്ങളുടെ സഹയാത്രികൻ ബാലരമ വായിച്ച് പൊട്ടിച്ചിരിക്കുമ്പോൾ പരക്കുന്ന ഹൃദയ ലാഘവം പോലൊന്ന്.

ജീവികൾക്ക് പലതിനും കളികൾ കാര്യങ്ങളിലേക്കുള്ള പ്രവേശികകളാണ്. നാളെ ഇര തേടാനുള്ള പരിശീലനങ്ങൾ. മനുഷ്യരുടെ കളികൾ പലതും നമ്മൾ കടന്നുപോന്ന അതിജീവനത്തിന്റെ വിദൂരമായ ഓർമ്മകളാണ്. കൈകളും കാലുകളുമെല്ലാം അതിന്റെ അടിയന്തിരമായ ദുഷ്ക്കര കർമ്മങ്ങളിൽ നിന്ന് പിൻവലിച്ച് പുതിയ ചലന നിയമങ്ങളിലേക്ക് സന്നിവേശിക്കപ്പെടുന്ന, ആയാസങ്ങളിൽ നിന്ന് ലാഘവങ്ങളിലേക്കുള്ള ആനന്ദ മുഹൂർത്തങ്ങൾ. ഈ പരിണാമങ്ങൾക്ക് പൊതുവേ സംസ്ക്കാരമെന്ന് പേർ പറയും. ഒരു മൺകലത്തിൽ കുശവന്റെ വിരൽപാടുകൾ പോലെ സൂക്ഷിച്ചുനോക്കിയാൽ കാണാം നമുക്ക് കാൽപന്തിലും ചരിത്രത്തിന്റെ വിരൽ പാടുകൾ, ചിലപ്പോൾ ഉരുളുന്ന തലയോട്ടികൾ.

ഉൽപന്നങ്ങളൊന്നും പക്ഷെ ഉൽപത്തികളിലേക്ക് നേരെ മിഴി തുറക്കുന്ന വാതായനങ്ങളല്ല. എത്രയോ മാധ്യമീകരണങ്ങൾ അതിനിടയിൽ പ്രവർത്തിച്ചുകഴിഞ്ഞു. ഒരു ഫുട്ബോളിൽ എത്രമാത്രം ഫുട്ബോളുണ്ട്, എത്ര മൂലധനമുണ്ട്, എത്ര ദേശീയതയുണ്ട്, എത്ര ഭാവനകളുണ്ട്, എത്ര സ്വപ്നങ്ങളുണ്ട്. മനുഷ്യരുടെ എല്ലാ ആനന്ദങ്ങളും അങ്ങനെയാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട് , പക്ഷെ ചരിത്രം നിങ്ങൾക്കായി നൽകിയ തിരഞ്ഞെടുപ്പുകളിൽ നിന്ന് മാത്രം.

യുക്തികൊണ്ടു മാത്രം ഒരു കളിയെ അറിയാൻ, അനുഭവിക്കാൻ കഴിയില്ല. മനുഷ്യഭാവനകളിൽ യുക്തിയോടൊപ്പം തന്നെ അയുക്തിയും പ്രവർത്തിക്കുന്നുണ്ട്. നിങ്ങൾ കോടാനുകോടി മനുഷ്യരിൽനിന്ന് ഒരാളെ പ്രേമിക്കാൻ ഇടയാകുകയും പിന്നെ അയാൾ ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളായി നിങ്ങൾക്ക് മാറുകയും ചെയ്യുന്നതുപോലെ ഒന്ന്. നിങ്ങളുടെ ഇഷ്ടപ്പെട്ട ടീം, കളിക്കാരൻ എല്ലാം അതുപോലെ. ആദ്യം നിങ്ങൾ സ്നേഹിക്കാൻ തുടങ്ങുന്നു, പിന്നെ അതിനുള്ള കാരണങ്ങൾ കണ്ടുപിടിക്കുന്നു. രാഗം പോലെ തന്നെ വൈരാഗ്യവും. ആദ്യം വെറുക്കാൻ തുടങ്ങുന്നു, കാരണങ്ങൾ പിറകെ വരുന്നു.

കേരളത്തിലെ ലോകകപ്പ് ഫുട്ബോൾ കാണിയുടെ ബാല്യം ഒരു അനാഥ ബാല്യത്തെ ഓർമ്മിപ്പിക്കുന്നു. ലോകകപ്പ് ദേശങ്ങളുടെ ഒരു പൂരമാണ്. നമ്മുടെ ദേശം അവിടെയില്ല. ആ പൂരപ്പറമ്പിലേക്ക് കടക്കാൻ കേരളത്തിലെ കാണി ഏതെങ്കിലും ദേശത്തെ ദത്തെടുക്കുന്നു. അഥവാ ഏതെങ്കിലും ദേശത്തിലേക്ക് സ്വയം ദത്ത് നൽകുന്നു. നാല് വർഷത്തിലൊരിക്കൽ കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളൊക്കെ കോസ്മോപൊളിറ്റനാകുന്നത്, കേരളം ഒരു ബഹു ദേശീയ സമൂഹമാകുന്നത് അങ്ങനെയാണ്. ഇല്ലാത്തവർക്ക് സഹജമായ ഉദാരതകൾ, ഹൃദയ വിശാലത കേരളീയ മനസ്സുകളെ കീഴടക്കുന്നു. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് നേടാനുള്ള പുതിയ ലോകങ്ങളെ നമ്മൾ തേടുന്നു. ബ്രസീൽ, അർജന്റ്റ്റീന, ഫ്രാൻസ്, ജർമ്മനി...

പെട്ടെന്ന് മാഞ്ഞുപോകുന്നതാണെങ്കിലും നമ്മുടെ സങ്കുചിത നിത്യയാഥാർത്ഥ്യങ്ങളിൽ നിന്ന് നമ്മുടെ ഭാവനകളിലെ ഇഷ്ടങ്ങളെ സ്വതന്ത്രമായി, ആനന്ദത്തോടെ മനുഷ്യർ തിരഞ്ഞെടുക്കുന്ന ഇത്തരം മുഹൂർത്തങ്ങളെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ഇത്തരം തിരഞ്ഞെടുപ്പുകൾ മനുഷ്യർക്ക് സ്വന്തം ജീവിതത്തിലും സാദ്ധ്യമാകുന്ന ഒരു കാലത്തെ കുറിച്ചുള്ള പ്രതീക്ഷ.

അവസാനമായി, നമ്മൾ കാണുന്നത് ഫുട്ബോളല്ല, ആ കളിയുടെ കാഴ്ചയാണ്. Sports as spectacle. ജീവിതത്തിൽ ഒരിക്കലും കാൽപന്ത് കളിക്കാത്ത, കാൽപന്തുകളി നേരിട്ട് കാണാത്ത മനുഷ്യർ, കാലുകൊണ്ട് കളിക്കുന്ന ഒരു കളിയെ ഇന്ന് കണ്ണുകൾകൊണ്ട് കളിക്കുന്നു, മറ്റെല്ലാ കളികളെയും പോലെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

എ പ്രതാപന്‍

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More