പാറ്റ്ന: ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ലാലു പ്രസാദ് യാദവിന്റെ മകനാണ് എന്നതല്ലാതെ തേജസ്വിക്ക് സ്വന്തമായി ഒരു വ്യക്തിത്വമില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ശിവസേന നേതാവ് ആദിത്യ താക്കറെ നിതീഷ് കുമാറിനെയും തേജസ്വി യാദവിനെയും സന്ദര്‍ശിച്ചതിനുപിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം.
'വിദ്യാഭ്യാസം, കായികം, സാമൂഹിക പ്രവര്‍ത്തനം അല്ലെങ്കില്‍ മറ്റേതെങ്കിലും ശ്രദ്ധേയമായ മേഖലകളില്‍ തേജസ്വി മാതൃകാപരമായ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ലാലു പ്രസാദ് യാദവിന്റെ മകനാണ് എന്നതൊഴിച്ചാല്‍ അദ്ദേഹം മറ്റൊന്നുമല്ല'- പ്രശാന്ത് കിഷോര്‍ പറഞ്ഞു. കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിതീഷ് കുമാറും ലാലു പ്രസാദ് യാദവും പരസ്പരം സഹകരിച്ച് ആവശ്യങ്ങള്‍ നിറവേറ്റുന്നവരാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 'ചോട്ടെ ഭായിയും (നിതീഷ് കുമാര്‍) ബഡേ ബായിയും (ലാലു പ്രസാദ് യാദവ്) നല്ല സഹകരണത്തിലാണ്. രണ്ടുപേരും കഴിഞ്ഞ 30 വര്‍ഷമായി സംസ്ഥാനം മാറിമാറി ഭരിക്കുന്നു. ബിഹാര്‍ ഇതില്കൂടുതല് വികസിക്കാനില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. മരിച്ചാലും ബിജെപിയിലേക്ക് പോകില്ലെന്ന് പറഞ്ഞ നിതീഷ് 2017-ല്‍ അങ്ങോട്ടുതന്നെ പോയി. ഇനിയും സാഹചര്യം വന്നാല്‍ നിതീഷ് അവര്‍ക്കൊപ്പം ചേരും'- പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.