വംശീയാധിക്ഷേപത്താൽ അപമാനിതരായ അവർ തിരിച്ചു വന്നിരിക്കുന്നു- പ്രസാദ് വി ഹരിദാസന്‍

യൂറോ കപ്പ് (2020) ഫൈനലില്‍ ഇറ്റലിക്കെതിരായ പെനാൽട്ടി ഷൂട്ടൗട്ട് ഓർമ്മ വരികയാണ്. അന്ന് നിർണ്ണായക പെനാൽട്ടി കിക്ക് നഷ്ടപ്പെടുത്തിയ ബുക്കായോ സാക്കയും റാഷ് ഫോർഡുമാണ്  ഇംഗ്ലീഷ് വിജയത്തിലെ പ്രധാന കണ്ണികൾ. വംശീയാധിക്ഷേപത്താൽ അപമാനിതരായ അവർ തിരിച്ചുവന്നിരിക്കുന്നു. ഇംഗ്ലീഷ് വിജയത്തിന്റെ ചുക്കാൻ പിടിച്ചുകൊണ്ട്... അതുപോലെ ജൂഡ് ബെല്ലിങ്ങാമിന്റെയും റഹീം സ്റ്റർലിംഗിന്റെയും ഗോളുകൾ വംശവെറിയന്മാരായ ഗുണ്ടകളുടെ തലക്ക് കിട്ടിയ അടിയാണ്. ഇറാൻ ഗോൾ കീപ്പർ അലിറിസ ബെയ്റാൻവന്ദിന് കളിയുടെ തുടക്കത്തിൽ പറ്റിയ പരിക്ക് ഇറാന് ശുഭ സൂചകമായിരുന്നില്ല. ആദ്യ പകുതിയിൽ ഇംഗ്ലീഷ് ആധിപത്യം തന്നെയായിരുന്നു. പ്രത്യേകിച്ച് ബെല്ലിങ്ങാം, സാക, റൈസ് എന്നിവരടങ്ങിയ ഇംഗ്ലീഷ് മധ്യനിര അനുസ്യൂതം പന്തുകൾ ഇറാന്റെ ഹാഫിലേക്കെത്തിച്ചുകൊണ്ടിരുന്നു.

1 - 4 - 3 - 3 എന്ന ശൈലിയിൽ മഗ്വയറിന്റെ നേതൃത്വത്തിൽ പ്രതിരോധം ശക്തമാക്കിക്കൊണ്ട് ഇംഗ്ലണ്ട് വ്യാപകമായ ആക്രമണം അഴിച്ചുവിട്ടൂ. ഈ സമയത്ത് ഇംഗ്ലണ്ടിന്റെ ഗ്രൗണ്ട് പാസുകളെ നിർവീര്യമാക്കാനാണ് ഇറാൻ ശ്രമിച്ചത്. അതിൽ ഏറെക്കുറെ അവർ വിജയിച്ചു. പക്ഷെ, അതിലേറെ പ്രതിഭാ സമ്പന്നരായ ഇംഗ്ലീഷുകാർക്ക് മറുപടിയുണ്ടായിരുന്നു. അവർ സെറ്റ് പീസുകളിൽ കൂടി വിദഗ്ധരാണല്ലോ. ഇടതു വിംഗിൽ നിന്ന് ലൂക്ക് ഷോ നൽകിയ കൃത്യമായ ക്രോസിന് തല വെച്ച് 19 വയസ്സുള്ള ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ടിന് ലീഡ് നൽകി.

ഇംഗ്ലണ്ടിന്റെ സാങ്കേതികത്തികവിന് മുന്നിൽ നിർവീര്യരായ ഇറാനെയാണ് പിന്നീട് കണ്ടത്. ഫസ്റ്റ് ഗോൾ കീപ്പർ അലിറിസക്ക് പകരക്കാരനായി വന്ന ഹൊസൈനിയുടെ പരിചയക്കുറവും ഇറാനെ പ്രതികൂലമായി ബാധിച്ചു. ഒരു കോർണറിൽ നിന്ന് ഹാരി മഗ്വയറുടെ തലക്ക്  കണക്കായി വന്ന പന്ത് അദ്ദേഹം സാകക്ക്  നൽകിയപ്പോൾ കിട്ടിയ പന്ത്  ബുള്ളറ്റ് ഷോട്ടോടെ സാക, ഇറാന്റെ വലയിൽ തുളച്ചു കയറ്റി. 21 വയസ്സുകാരൻ സാകയുടെ കളി കാണുമ്പോൾ ഈ ലോകകപ്പിന്റെ താരമാകാൻ സാധ്യതയുള്ളവരുടെ പട്ടികയിലേക്ക് അനായാസം കടന്നു ചെല്ലാവുന്ന കളിക്കാരനായിട്ടാണ് തോന്നിയത്. മൈതാനത്ത് അദ്ദേഹത്തിന്റെ പന്തിന്മേലുള്ള അസാധ്യ നിയന്ത്രണവും, നർത്തകനെ അനുസ്മരിപ്പിക്കുന്ന നീക്കങ്ങളും കാണുമ്പോൾ അങ്ങനെ തോന്നുന്നു. അതുപോലെ ബെല്ലിങ്ങാമും. എന്തൊരു അനായാസമായാണ് ഈ പത്തൊൻപതുകാരൻ കളിക്കുന്നത്.

യുവ താരങ്ങളാൽ സമ്പന്നമാണ് ഇംഗ്ലണ്ട് ടീം. ഇന്നലെ ഗോളടി വീരനായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോളടിക്കുന്നതിന് പകരം ഗോളടിക്കാനുള്ള അവസരങ്ങളുണ്ടാക്കുന്നതിനാണ് ശ്രദ്ധിച്ചത്. റഹീം സ്റ്റർലിംഗിന്റെ മൂന്നാം ഗോൾ ക്യാപ്റ്റന്റെ മികവുറ്റ ഒരു ക്രോസിൽ നിന്നായിരുന്നു. രണ്ടാം പകുതിയിൽ സാക നേടിയ നാലാം ഗോൾ അദ്ദേഹത്തിന്റെ എല്ലാ ക്വാളിറ്റിയും വിളിച്ചോതുന്നതായിരുന്നു. വലതു വിംഗിൽ നിന്ന് കിട്ടിയ ബോളിനെ തന്റെ വരുതിയിലാക്കിയ ശേഷം പെനാൽട്ടി ബോക്സിലേക്ക് പ്രവേശിച്ച് ഇറാൻ കളിക്കാരുടെ ഇടയിലുള്ള വിള്ളൽ കണ്ടെത്തിയ ശേഷം ഗോൾ കീപ്പറുടെ വലത് ഭാഗത്തേക്ക് പ്ലേസ് ചെയ്തത് അതി ഗംഭീരമായിട്ടായിരുന്നു. ഇതിനിടെ ഇറാൻ നടത്തിയ അതിവേഗ മുന്നേറ്റത്തിൽ, നല്ലൊരു നീക്കത്തിലൂടെ മെഹ്ദി തരേമി ഇറാന്റെ ആദ്യ ഗോൾ നേടിയിരുന്നു. പക്ഷെ അതൊന്നും ഇംഗ്ലണ്ടിനെ കുലുക്കിയിരുന്നില്ല. പിന്നീട് പകരക്കാരനായി വന്ന റാഷ്ഫോഡിന്റെ ഗോളിന്റെ സൂത്രധാരൻ ക്യാപ്റ്റൻ കെയ്ൻ തന്നെയായിരുന്നു. കെയ്ൻ വലത് വിംഗിലേക്ക് നീട്ടി നൽകിയ പാസ് , തന്റെ വേഗം ഉപയോഗിച്ച് പന്ത് നിയന്ത്രിച്ച ശേഷം, തടയാൻ വന്ന ഇറാൻ പ്രതിരോധക്കാരനെ കബളിപ്പിച്ച് ഗോളിയുടെ വലത് ഭാഗത്തേക്ക് പ്ലേസ് ചെയ്യുകയായിരുന്നു. (5-1). 89-ാം മിനുട്ടിൽ ഇംഗ്ലണ്ട് നേടിയ ആറാം ഗോളിന്റെ ആസൂത്രണം നിർവ്വഹിച്ചത് ജൂഡ് ബെല്ലിങ്ങാമായിരുന്നു. വലതു ഭാഗത്തേക്ക് പകരക്കാരനായി വന്ന വിൽസണ് നൽകിയ ത്രൂ ബോൾ അത് ഗോളാക്കാനുള്ള അവസരമുണ്ടായിട്ടും, സ്വാർത്ഥതയില്ലാതെ, തന്നെക്കാളും ഗോളടിക്കാൻ പാകത്തിൽ നിൽക്കുന്ന ഗ്രീലീഷിന് മറിച്ചു നൽകുകയായിരുന്നു. ഗ്രീലിഷ് അത് ഗോളാക്കി മാറ്റുകയും ചെയ്തു. ഇംഗ്ലണ്ട് ടീമിന്റെ ഒത്തൊരുമക്കുള്ള മികച്ച ഉദാഹരണമായി ഇതിനെ കാണാം. ഇറാന് വാർ സഹായത്തോടെ രണ്ടാം പകുതിയുടെ അധിക സമയത്ത് അനുവദിക്കപ്പെട്ട പെനാൽട്ടി തരേമി ഗോളാക്കി മാറ്റി പരാജയ ഭാരം കുറക്കാൻ ശ്രമിച്ചു. മുന്നോട്ടുള്ള ഈ യാത്രയിൽ ഈ വിജയം ഇംഗ്ലണ്ട് ടീമിന് നൽകുന്ന ആത്മ വിശ്വാസം ചെറുതൊന്നുമല്ല. ഫിൽ ഫോഡനെ പോലെ അതി പ്രഗത്ഭരായ നിരവധി യുവതാരങ്ങൾ റിസർവ്വ് ബഞ്ചിലാണെന്നോർക്കണം. ഇംഗ്ലണ്ട് ഫോമിലായിരിക്കുന്നു. ഗ്രൂപ്പിലെ മറ്റു ടീമുകളായ അമേരിക്കക്കും, വെയിൽസിനും നല്ലൊരു മുന്നറിയിപ്പ് കൊടുക്കാൻ ഈ വിജയത്തിലൂടെ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Prasad V. Haridasan

Recent Posts

Web Desk 11 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 12 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 17 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 17 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More