സിംല: ഇന്ന് പോളിംഗ് നടക്കുന്ന ഹിമാചല്‍ പ്രദേശിലെ താഷിഗാങ്ങിലാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പോളിംഗ് സ്റ്റേഷന് ഒരുക്കിയിട്ടുള്ളത് എന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 15,256 അടി ഉയരത്തിലാണ് ലാഹൗള്‍ സ്പിതി ജില്ലയിലെ താഷിഗാങ്ങില്‍ ഒരുക്കിയിട്ടുള്ള ഈ ബൂത്ത്. വെറും 52 വോട്ടര്‍മാര്‍ക്കായാണ് ഈ പോളിംഗ് ബൂത്ത് ഒരുക്കിയിട്ടുള്ളത്.
ഹെലികോപ്റ്ററിലാണ് താഷിഗാങ്ങില്‍ പോളിങ് സാമഗ്രികള്‍ എത്തിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ പാലിച്ച് പ്രായമായവര്‍ക്കും ശാരീരിക വിഷമതകള്‍ ഉള്ളവര്‍ക്കും പ്രത്യേക സൌകര്യങ്ങള്‍ പോളിങ് ബൂത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റ ഘട്ടമായാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 55 ലക്ഷത്തിലധികം വോട്ടര്‍മാരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തുക. ഭരണ കക്ഷിയായ ബിജെപിയും കോണ്‍ഗ്രസ്സും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് എ.എ.പിക്കും സി.പി.എമ്മിനും ഒന്ന് മുതല്‍ മൂന്നുവരെ സീറ്റ് ലഭിക്കുമെന്ന പ്രവചനവുമുണ്ട്.
മുഖ്യമന്ത്രി ജയറാം ടാക്കൂറും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച വീര്‍ഭദ്ര സിങ്ങിന്റെ മകന് വിക്രമാദിത്യ സിങ്ങുമാണ് ഇരു മുന്നണികള്‍ക്കും നേതൃത്വം നല്‍കുന്നത്. ആകെ 412 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന ഹിമാചലില്‍ തൂക്കുസഭയാണ് പ്രീ പോള്‍ സര്‍വ്വേകള്‍ പലതും പ്രവചിക്കുന്നത്.