അഗര്‍ത്തല: അടുത്തവര്‍ഷമാദ്യം നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് നേതാക്കളുടെയും എം എല്‍ എമാരുടെയും കൊഴിഞ്ഞുപോക്ക് തുടരുന്നു. കര്ബുക്ക് മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ബാര്‍ബ മോഹന്‍ ത്രിപുരയാണ് ഏറ്റവും ഒടുവില്‍ രാജിവെച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് ബാര്‍ബ മോഹന്‍. നിയമസഭാ അംഗത്വവും ബിജെപിയില്‍ നിന്നുള്ള പ്രാഥമിക പാര്‍ട്ടി അംഗത്വവും ബാര്‍ബ മോഹന്‍ രാജിവെച്ചിട്ടുണ്ട്.
ഭരണരംഗത്തെ പിടിപ്പുകേടും സ്വജനപക്ഷപാതവും മൂലം ബിജെപിയുടെ സംസ്ഥാനത്തുള്ള ജനപിന്തുണ നഷ്ടപ്പെടുകയാണ് എന്നാരോപിച്ചാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 4 എം എല്‍ എമാര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയത്. അടുത്തകാലത്തായി ബിജെപിയുടെ മുന്നൂറിലധികം പ്രവര്‍ത്തകര്‍ മറ്റു പാര്‍ട്ടികളിലേക്ക് മാറിയതായി തൊട്ടുമുന്‍പ് രാജിവെച്ചൊഴിഞ്ഞ സുദീപ് റോയ് ബര്മന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികള്‍ യോജിച്ചുപ്രവര്‍ത്തിക്കണമെന്നും അല്ലാത്ത പക്ഷം മതേതര വോട്ടുകള്‍ ഭിന്നിക്കാനും അത് ബിജെപിക്ക് ഗുണം ചെയ്യാനും സാധ്യതയുണ്ടെന്നും സുദീപ് റോയ് ബര്മന് സംസ്ഥാന സിപിഎം, കോണ്‍ഗ്രസ് നേതൃത്വങ്ങളെ താക്കീത് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ അംഗം മണിക്ക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പരാജയപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലാണ് ബിപ്ലവ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ കുറഞ്ഞ കാലം കൊണ്ടുതന്നെ വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് ബിപ്ലവ് കുമാര്‍ സ്ഥാനമൊഴിയുകയും പകരം മണിക് സാഹ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷവും എം എല്‍ എ മാരുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ബാര്‍ബ മോഹന്‍ ത്രിപുര, സുദീപ് റോയ് ബര്മന്, ആഷിസ് ദാസ്, ആഷിസ് കുമാര്‍ സാഹ എന്നീ നാല് എം എല്‍ എ മാരാണ് ഇതുവരെ ബിജെപി വിട്ടത്.