കൊളംബിയ അഭിശപ്തമായ നാളുകളെ പിന്നിട്ടിരിക്കുന്നു - സ്പീക്കര്‍ എം ബി രാജേഷ്‌

മാഫിയ  സംഘങ്ങൾ അരങ്ങുവാണിരുന്ന, സായുധ സംഘർഷങ്ങളും അശാന്തിയും സ്വാസ്ഥ്യം കെടുത്തിയിരുന്ന അഭിശപ്തമായ നാളുകളെ പിന്നിട്ട്  കൊളംബിയയിൽ നീതിയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പുതുയുഗപ്പിറവിക്ക് ഈ ഇടതുപക്ഷ വിജയം കാരണമാകുമെന്ന് പ്രത്യാശിക്കാമെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്‌. കൊളംബിയയിലെ ഇടതുപക്ഷ വിജയത്തോടെ പത്താമത്തെ ലാറ്റിനമേരിക്കൻ രാജ്യം ഇടതുപക്ഷ ഭരണത്തിലായിരിക്കുന്നു. കൊളംബിയയിലെ വിശാല ഇടതുപക്ഷ സഖ്യത്തിന്റെ നേതാവായ ഗുസ്താവോ പെത്രോ 50.88  ശതമാനം വോട്ട് നേടി അധികാരത്തിലെത്തിയതോടെ കൊളംബിയയിലെ പുതുചരിത്രത്തിന്റെ ഉദയവും ലാറ്റിനമേരിക്കയിലെ സമീപകാല ഇടതുപക്ഷ മുന്നേറ്റങ്ങളുടെ പരമ്പരയിലെ ഏറ്റവും തിളങ്ങുന്ന അധ്യായവുമായി - എം ബി രാജേഷ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കൊളംബിയ ഭൂമിയുടെ മറുപകുതിയിലാണെങ്കിലും മലയാളികൾക്ക് ഏറെ പരിചിതമായ നാടാണ്. മലയാളികൾ ഏറെ വായിച്ചിട്ടുള്ള ഏകാന്തതയുടെ നൂറ്  വർഷങ്ങൾ, കോളറക്കാലത്തെ പ്രണയം  തുടങ്ങിയ കൃതികളിലൂടെ നമുക്ക് പ്രിയങ്കരനായ ഗബ്രിയേൽ  ഗാർഷ്യ മാർക്കേസിലൂടെ കൊളംബിയയും  മലയാളികൾക്ക് സുപരിചിതമാണ്. ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ, വിശേഷിച്ച് അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരായിരിക്കുമ്പോഴും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഹിഗ്വിറ്റയുടെയും എസ്കോബാറിന്റെയും വാൾഡറാമയുടെയും നാട്. സെൽഫ്  ഗോളിന്റെ പേരിൽ മാഫിയയുടെ വെടിയുണ്ടക്കിരയായി രക്തസാക്ഷിയായ എസ്കോബാറിന്റെ നഷ്ടത്തിൽ വേദനിച്ചവരാണ് നാം. എൻ എസ്  മാധവൻ കഥയിലൂടെ അനശ്വരമാക്കിയ ഹിഗ്വിറ്റ നമ്മളിൽ ഒരാളായി മാറി. പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന, ഗോൾമുഖത്തെ ഹിഗ്വിറ്റയുടെ ഏകാന്തത എൻ എസ്  മാധവന്റെ കഥ വായിച്ച ഓരോ മലയാളിയും അനുഭവിച്ചതാണ്. ആ കൊളംബിയ ഇപ്പോൾ  ചരിത്രം കുറിച്ചിരിക്കുന്നു; രണ്ട്  നൂറ്റാണ്ടിലേറെക്കാലത്തിനിടയിലെ ആദ്യത്തെ ഇടതുപക്ഷ വിജയത്തിലൂടെ.  ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ  വിജയങ്ങൾക്കൊപ്പം കൊളംബിയ കൂടി അണിചേരുമ്പോൾ അത് മലയാളികളും  കൗതുകപൂർവ്വം വീക്ഷിക്കുക സ്വാഭാവികം.

കൊളംബിയയിലെ ഇടതുപക്ഷ വിജയത്തോടെ പത്താമത്തെ ലാറ്റിനമേരിക്കൻ രാജ്യം ഇടതുപക്ഷ ഭരണത്തിലായിരിക്കുന്നു. കൊളംബിയയിലെ വിശാല ഇടതുപക്ഷ സഖ്യത്തിന്റെ നേതാവായ ഗുസ്താവോ പെത്രോ 50.88  ശതമാനം വോട്ട് നേടി അധികാരത്തിലെത്തിയതോടെ കൊളംബിയയിലെ പുതുചരിത്രത്തിന്റെ ഉദയവും ലാറ്റിനമേരിക്കയിലെ സമീപകാല ഇടതുപക്ഷ മുന്നേറ്റങ്ങളുടെ പരമ്പരയിലെ ഏറ്റവും തിളങ്ങുന്ന അധ്യായവുമായി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് കൊളംബിയ. അതിനാൽ ഈ വിജയത്തിന്റെ മാനങ്ങൾ വളരെ വലുതാണ്. 2018  മുതൽ ലാറ്റിനമേരിക്കയിൽ അലയടിക്കുന്ന ഇടതുപക്ഷ തരംഗമാണ് കൊളംബിയയിൽ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷത്തെ വിജയത്തിലെത്തിച്ചത്. 2018 ൽ മെക്സിക്കോ, 2019 ൽ അർജന്റീന, 2020 ൽ ബൊളീവിയ, 2021 ൽ പെറു, നികരാഗ്വ, ഹോണ്ടുറാസ്, ചിലി എന്നിവിടങ്ങളിലും ഇടതുപക്ഷം അധികാരത്തിലെത്തി. ക്യൂബയിൽ 1959  മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലാണ്. 1999 ൽ ഹ്യൂഗോ ഷാവേസിലൂടെ അധികാരം പിടിച്ചെടുത്ത വെനിസ്വേലയിലും ഇടതുപക്ഷം അധികാരത്തിൽ തുടരുകയാണ്. 

ലോകത്തുതന്നെ നവ ഉദാരവൽകരണ നയങ്ങളുടെ  പരീക്ഷണശാലയായിരുന്നു ചിലി. എന്നാൽ ചിലിയിൽ കഴിഞ്ഞ വർഷം  ഇടതുപക്ഷം അധികാരത്തിലേറിയ ശേഷം പ്രസിഡന്റ് ഗബ്രിയേൽ ബോറിക് പ്രഖ്യാപിച്ചത്, നവ ഉദാരവൽകരണ നയങ്ങളുടെ ശവപ്പറമ്പായിരിക്കും ചിലി എന്നാണ്. കൊളംബിയയിലെ ഇടതുപക്ഷ വിജയവും നവ ഉദാരവൽകരണ നയങ്ങൾക്കെതിരെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉയർത്തിയ മുദ്രാവാക്യങ്ങൾക്കുള്ള സാധൂകരണമാണ്. ലോകത്ത് നവ ഉദാരവൽകരണത്തിന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ വിജയം 

ഇനി ഈ വർഷം  നടക്കാനിരിക്കുന്ന ബ്രസീലിലെ തെരഞ്ഞെടുപ്പിൽ ജൈർ  ബോൾസനാരോ( 2020  ലെ റിപ്പബ്ലിക്ക് ദിനത്തിൽ ബോൾസനാരോയെ മുഖ്യ അതിഥിയായി ഇന്ത്യയിലേക്ക് ക്ഷണിച്ചത് വിവാദമായിരുന്നു)  എന്ന തീവ്ര  വലതുപക്ഷ നേതാവിന്റെ ഭരണകൂടത്തെ കടപുഴക്കിയെറിയുമെന്നും മുൻ പ്രസിഡന്റും  ഇടതുപക്ഷ നേതാവുമായ ലുല  ഡിസിൽവ അധികാരത്തിലെത്തുമെന്നുമുള്ള പ്രവചനങ്ങൾ ശരിയാവുമെന്ന് കൊളംബിയയിലെ ഇടതുപക്ഷ വിജയത്തോടെ ഉറപ്പായിരിക്കുന്നു. അമേരിക്കയുടെ പിന്മുറ്റമെന്നറിയപ്പെട്ടിരുന്ന ലാറ്റിനമേരിക്കയിൽ ഇടതുപക്ഷത്തെ തകർക്കാനും തെരഞ്ഞെടുക്കപ്പെടുന്ന ഇടതുപക്ഷ സർക്കാരുകളെ അട്ടിമറിക്കാനും അമേരിക്ക നേരിട്ടുതന്നെ എക്കാലത്തും നേതൃത്വം കൊടുത്തിട്ടുണ്ട്. തങ്ങളുടെ പരിസരത്ത് ഇടതുപക്ഷം ഉയർന്നുവരുന്നത് അമേരിക്കക്ക് സഹിക്കാവുന്നതല്ല. എന്നാൽ സാമ്രാജ്യത്വ ഗൂഢാലോചനകളെ അതിജീവിക്കുന്ന ജനകീയ ഇച്ഛയുടെ വിജയമാണ് ഇപ്പോൾ ലാറ്റിനമേരിക്കയിൽ കാണുന്നത്. 

മാഫിയ  സംഘങ്ങൾ അരങ്ങുവാണിരുന്ന, സായുധ സംഘർഷങ്ങളും അശാന്തിയും സ്വാസ്ഥ്യം കെടുത്തിയിരുന്ന അഭിശപ്തമായ നാളുകളെ പിന്നിട്ട്  കൊളംബിയയിൽ നീതിയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പുതുയുഗപ്പിറവിക്ക് ഈ ഇടതുപക്ഷ വിജയം കാരണമാകുമെന്ന് പ്രത്യാശിക്കാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 6 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 6 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 6 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 6 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More